അറുപതിന്‍റെ നിറവില്‍ ഔട്ടായ മനുഷ്യര്‍

അറുപതിന്‍െറ നിറവിലുള്ള കേരളത്തെ കുറിച്ച വായ്ത്താരികള്‍ തുടരുകയാണ്. ഇന്നലെകളില്‍നിന്ന് കേരളം നടത്തിയ മുന്നേറ്റത്തെ കുറിച്ചാണ് ചര്‍ച്ചകളും കുറിമാനങ്ങളും പഠനങ്ങളും. ഇതൊക്കെ കാണ്‍കെ, സത്യത്തില്‍ കേരളമെന്ന് കേള്‍ക്കുമ്പോള്‍ ശരിക്കും ചോര തിളക്കുന്നുണ്ട്. പച്ചപ്പിന്‍െറ മണ്ണില്‍ ജന്മം കൊള്ളാന്‍ കഴിഞ്ഞതിന്‍െറ ഹൃദ്യത അനുഭവിച്ചറിയുകയാണ്. ഏതൊരു മലയാളിയും സ്വകാര്യമായി അഹങ്കരിച്ചുപോകും അറുപതിന്‍െറ സുവിശേഷങ്ങള്‍ വായിച്ചു തീര്‍ക്കുമ്പോള്‍. ആകെയുള്ള സങ്കടം പുറപ്പെട്ടുപോയ മനുഷ്യര്‍ക്കു മാത്രം. പരദേശികള്‍ രൂപപ്പെടുത്തിയ ഒരു കേരളത്തെക്കുറിച്ച് എവിടെയും ആരും പറയുന്നില്ല. ചരിത്ര വസ്തുതകള്‍ നിരത്തിയുള്ള പരമ്പരകളില്‍ പേരിനുപോലും അവരുടെ മുദ്രകള്‍ കടന്നുവരുന്നില്ല.

ദേശീയ പ്രസ്ഥാനവും കമ്യൂണിസ്റ്റ് മൂവ്മെന്‍റും നവോത്ഥാന സംരംഭങ്ങളും മനുഷ്യപ്പറ്റുള്ള ചില നേതാക്കളും ചേര്‍ന്ന് മാറ്റിയെടുത്ത ഒന്നുമാത്രമായി കേരളം ചുരുങ്ങുകയാണോ? ഉപജീവനം തേടി അതിര്‍ത്തിയും കടലും കടന്നവര്‍, അവരുടെ പിന്‍തലമുറകള്‍ ഒന്നും എവിടെയും അടയാളപ്പെടുത്തിയില്ലെന്ന് പറയാന്‍ നമുക്ക് കഴിയുമോ? അസമിലേക്കും മറ്റുമായിരുന്നിരിക്കണം ഉപജീവനം തേടിയുള്ള മലയാളിയുടെ ആദ്യ പലായനം. പിന്നീട് സിലോണും കറാച്ചിയുമൊക്കെയായി യാത്രാകേന്ദ്രങ്ങള്‍. ചിലരൊക്കെ തിരിച്ചെത്തി. കുറെ പേര്‍ ചെന്നുചേര്‍ന്ന ആ നാടിന്‍െറതന്നെ ഭാഗമായി. ഉപജീവനം മാത്രമായിരുന്നു ലക്ഷ്യം. അതുകൊണ്ടുതന്നെ എഴുത്തിന്‍െറയും ചരിത്രത്തിന്‍െറയും വഴിയില്‍ അവര്‍ക്ക് തങ്ങളെ അടയാളപ്പെടുത്താന്‍ കഴിഞ്ഞില്ല. വിരഹത്തിന്‍െറയും അകല്‍ച്ചയുടെയും നൊമ്പരങ്ങളില്‍ ചാലിച്ചെഴുതിയ സുദീര്‍ഘമായ കത്തുകള്‍ ഒഴികെ.

കാര്‍ഷിക ഭൂപരിഷ്കരണം കേരളത്തെ അടിമുടി മാറ്റിമറിച്ചുവെന്ന് അറുപതിന്‍െറ ആവേശത്തില്‍ നാം ഓര്‍ത്തെടുക്കുന്നു. ശരിതന്നെ. എന്നാല്‍, അതിലും എത്രയോ ശക്തമായിരുന്നില്ലേ, നാടുവിട്ട മലയാളികള്‍ കേരളത്തിന് നല്‍കിയ വലിയ സംഭാവന. ഇന്ന് കാണുന്ന കേരളത്തെ പാകപ്പെടുത്തിയതും നിലനിര്‍ത്തുന്നതും പുറപ്പെട്ടുപോയ ആ മനുഷ്യരുടെ അധ്വാന മുദ്രകള്‍തന്നെയാണ്. ഭൂപരിഷ്കരണത്തേക്കാള്‍ കേരളത്തിന്‍െറ തീവ്രമാറ്റത്തിന് നിമിത്തമായത് പ്രവാസമാണെന്ന് കമ്യൂണിസ്റ്റ് പക്ഷത്തോട് ചേര്‍ന്നുനില്‍ക്കെത്തന്നെ, പി.ടി. കുഞ്ഞുമുഹമ്മദ് നിരീക്ഷിക്കുന്നു. പക്ഷേ, സ്വന്തം രാഷ്ട്രീയ പക്ഷത്തുള്ളവര്‍ പോലും അത് എത്രമാത്രം ഉള്‍ക്കൊള്ളുന്നുണ്ട്?

ഭൂമിയുടെ ജനകീയവത്കരണം മധ്യവര്‍ഗത്തിന്‍െറ പിറവിക്ക് വഴിയൊരുക്കിയ ഘടകമാണ്. എഴുപതുകളോടെ ശക്തമായ ഗള്‍ഫ് പ്രവാസവും അതിലൂടെ ഉണ്ടായ സാമ്പത്തിക വികേന്ദ്രീകരണവുമാണ് കേരളത്തെ ശരിക്കും മാറ്റിയെടുത്തത്. ഉടമ-അടിയാന്‍ വേര്‍തിരിവിനെ മലയാളിയുടെ പുറവാസധനം അടിമുടി തകര്‍ത്തു. പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് സ്വന്തം കാലില്‍ നിവര്‍ന്നുനില്‍ക്കാന്‍ അത് ഭൂമികയൊരുക്കി. വലിയ വിലയൊടുക്കിയാണ് നാടുവിട്ട മലയാളി അത് നേടിയെടുത്തത്. ഖോര്‍ഫുകാന്‍ സമുദ്രത്തിലെ അടയാളപ്പാറ കാണ്‍കെ, മയ്യഴിപ്പുഴയിലെ വെള്ളിയാംകല്ലിന്‍െറ ചുറ്റും പറക്കുന്ന തുമ്പി മിത്തല്ല ഉള്ളില്‍ നിറയുക. പകരം, ഉറ്റവരുടെ പട്ടിണി മാറ്റാന്‍ ഇവിടെ വരെയെത്തിയിട്ടും മറുകര വരെ നീന്തിയത്തൊന്‍ കഴിയാതെ കടലില്‍ ആഴ്ന്നുപോയ അജ്ഞാത മനുഷ്യരുടെ പിടഞ്ഞുതീര്‍ന്ന നോവുകളാണ്.

എന്തിനായിരുന്നു ആ ബലി? ആര്‍ക്കുവേണ്ടിയായിരുന്നു? ഒന്നുമില്ലാതിരുന്ന ദുബൈക്കും ഷാര്‍ജക്കും റിയാദിനും മനാമക്കും ജീവന്‍ നല്‍കാന്‍ ഇറങ്ങിത്തിരിച്ച എത്രയോ മലയാളികള്‍. കേരളത്തില്‍ അവരുടെ ബന്ധുക്കള്‍ ആത്മാഭിമാനത്തോടെ നെഞ്ചും തലയും ഉയര്‍ത്തിനിന്നത് ഇവിടെനിന്ന് ലഭിച്ച ആ ധനം കൊണ്ടാണ്. കൊച്ചുകൊച്ചു നഗരങ്ങളുടെ തുടരന്‍ ശൃംഖലകളിലേക്ക് അത് കേരളത്തെ വളര്‍ത്തി. നമ്മുടെ ബജറ്റ് വിഹിതത്തിന്‍െറ മൂന്നിരട്ടിയോളമാണ് ഇന്നും വന്നത്തെുന്ന ആ വരുമാനം.

ജീവകാരുണ്യത്തിന്‍െറ വഴിയില്‍ ഏറ്റവും ശക്തമായ എന്‍.ജി.ഒ സംവിധാനമായി ഇന്നും പരദേശികളുടെ വിയര്‍പ്പുധനം മാറുന്നു. നാട്ടിലെ വീണുപോയ എത്രയോ മനുഷ്യര്‍ക്ക് അത് തുണയാകുന്നു. ബത്ഹയും അബ്ബാസിയയും ശറഫിയയും ദേരയും പോലെ മലയാളിക്ക് മാത്രം സ്വന്തമായ ഗള്‍ഫ് തടത്തില്‍നിന്ന് ചുരത്തുന്ന നന്മയുടെ തുടര്‍ച്ചകള്‍ അവസാനിക്കുന്നില്ല. പകരമായി ഒന്നും തിരികെ വേണ്ട. പക്ഷേ, മണല്‍ നഗരങ്ങളില്‍ എവിടെയും എത്താതെ പോയ കുറെ മനുഷ്യരുണ്ട്. അവര്‍ക്കുവേണ്ടി നല്ളൊരു പുനരധിവാസ പദ്ധതി, മികച്ച ഇന്‍ഷുറന്‍സ്-പെന്‍ഷന്‍ ആനുകൂല്യം എന്നിവയെങ്കിലും ആലോചിച്ചു കൂടേ? ഇതൊന്നും അറിയാത്തവരല്ല അറുപതിന്‍െറ നിറവില്‍ ഇപ്പോള്‍ കേരളം ഭരിക്കുന്നത്.

മുഖ്യമന്ത്രിയാകും മുമ്പ് പിണറായി പലവുരു ഗള്‍ഫില്‍ വന്നതാണ്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ദുബൈ ഗള്‍ഫ് മോഡല്‍ സ്കൂളില്‍ ഏതാണ്ട് മണിക്കൂര്‍ നേരം സംസാരിച്ചതാണ്. പുറപ്പെട്ടുപോയ മനുഷ്യരുടെ ആധികള്‍ക്കായിരുന്നു ആ പ്രസംഗത്തില്‍ ഊന്നല്‍. കേരളത്തിന്‍െറ കരുതല്‍ പുറപ്പെട്ടുപോയ മലയാളിക്ക് ഏറ്റവും ആവശ്യമായ ഘട്ടം ഇതാണെന്നും പിണറായി അന്നു പറഞ്ഞിരുന്നു. അതുകൊണ്ട് പ്രവാസലോകത്തിന് പ്രതീക്ഷയുണ്ട്. ആവശ്യമെങ്കില്‍ എ.പി.എല്‍, ബി.പി.എല്‍ വേര്‍തിരിവ് ഇവിടെയും ഏര്‍പ്പെടുത്താം. പുറപ്പെട്ടുപോയ മനുഷ്യരിലെ പതിതര്‍ക്ക് നേരെ സാന്ത്വനത്തിന്‍െറ ഒരു കരുതല്‍. അതുമാത്രം മതി. അതോടെ, അറുപതിന്‍െറ വിശേഷഗാനങ്ങള്‍ നമുക്കും സംഘംചേര്‍ന്ന് ആലപിക്കാമല്ലോ.

Tags:    
News Summary - keralam at 60th anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.