കുൽഭൂഷൺ സുധീർ ജാദവ് കേസ് ഇപ്പോൾ സാർവദേശീയ ശ്രദ്ധ ആകർഷിച്ചിരിക്കുന്നു. കുൽഭൂഷണിനെ തൂക്കിലേറ്റാനുള്ള വിധി അന്തിമവിധി പ്രഖ്യാപിക്കുംവരെ നിർത്തിവെക്കണമെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ (െഎ.സി.ജെ) വ്യാഴാഴ്ചത്തെ ഉത്തരവ് ഇന്ത്യക്ക് അനൽപമായ സമാശ്വാസമാണ് പകർന്നിട്ടുള്ളത്. ഇത് ഇന്ത്യയുടെ വൻ നയതന്ത്ര വിജയമായി വിലയിരുത്തപ്പെടുന്നു. ഇൗ നേട്ടത്തിെൻറ വിജയത്തിമിർപ്പിലാണ് ഇന്ത്യ. അന്യദേശത്തെ ഒരു സൈനിക കോടതി നമ്മുടെ ഒരു പൗരന് വധശിക്ഷ വിധിച്ചാലുണ്ടാകാവുന്ന നൈരാശ്യം എത്ര ശക്തമാണെന്ന് ഗ്രഹിക്കാൻ പ്രയാസമില്ല. നാം ശത്രുതയോടെ കാണുന്ന പാകിസ്താനിലാണ് അത് സംഭവിച്ചത് എന്നത് നമ്മുടെ രോഷത്തിെൻറ ആഴം വർധിപ്പിക്കാൻ ഇടയാക്കുന്നതിലും അതിശയിക്കാനില്ല.
പക്ഷേ, തെറ്റായ വീക്ഷണങ്ങളെ ആധാരമാക്കിയുള്ള വിജയോന്മാദം നമ്മെ വ്യാജ പ്രതീക്ഷകളിലേക്കാകും നയിക്കുക എന്ന പരമാർഥം ഇൗ സന്ദർഭത്തിൽ ഒാർമിക്കേണ്ടിയിരിക്കുന്നു. അതിനാൽ നമ്മുടെ ആഭ്യന്തര രംഗെത്ത ചില അപ്രിയസത്യങ്ങൾ കൂടി നാം പുനഃപരിശോധിക്കേണ്ടതുണ്ട്. കുൽഭൂഷണിെൻറ വധശിക്ഷ ജീവപര്യന്തമായി ചുരുക്കണമെന്ന് നാം െഎ.സി.ജെക്ക് മുന്നിൽ ഹരജി നൽകിയിട്ടില്ല. കുൽഭൂഷണിനെ ഇന്ത്യക്ക് വിട്ടുകിട്ടാൻ െഎ.സി.ജെ ഇടപെടണമെന്ന ആവശ്യവും നാം ഉന്നയിച്ചിരുന്നില്ല. െഎ.സി.ജെയുടെ വിധികൾ പ്രാവർത്തികമാക്കാൻ സാധ്യമാകാറില്ല എന്നതാണ് മറ്റൊരു വിചിത്ര യാഥാർഥ്യം. പാക് കോടതികൾക്കും പാക് പീനൽകോഡിനും മീതെ െഎ.സി.ജെക്ക് ഒരുവിധത്തിലുള്ള നിയമാധികാരവും ഇല്ല എന്ന വസ്തുതയും ഒാർമിക്കുക. ചുരുക്കത്തിൽ മിഥ്യാപ്രതീക്ഷകൾ നെയ്യാതിരിക്കാൻ നാം തയാറായേ മതിയാകൂ.
ഇടക്കാല ഉത്തരവ് മാത്രമാണ് െഎ.സി.ജെയുടേത്. കുൽഭൂഷണിനെ കാണാൻ ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾക്ക് അവസരം ലഭിക്കാതിരുന്ന പ്രശ്നത്തിൽ തീർപ്പുണ്ടാകുന്നതുവരെ വധശിക്ഷ നിർത്തിവെക്കണം എന്നുമാത്രമാണ് സാരം. കുൽഭൂഷണിനെ പോലെ ചാരക്കേസിൽ കുരുങ്ങിയ വ്യക്തികളെ കാണാൻ നയതന്ത്ര വൃത്തങ്ങൾക്ക് അനുമതി നൽകുന്ന പ്രശ്നം അടുത്ത സിറ്റിങ്ങിൽ മാത്രമേ കോടതിയുടെ പരിഗണന വിഷയമാകൂ. ചുരുക്കത്തിൽ കുൽഭൂഷണിനെ കാണാൻ നയതന്ത്ര പ്രതിനിധികൾക്ക് അനുവാദം ലഭിക്കുമോ എന്ന തർക്കം ദീർഘനാൾ തുടരും.
രണ്ടോ മൂന്നോ വർഷം വരെ ഇൗ കേസ് നീണ്ടുപോയേക്കാം. ശിക്ഷ വിധിച്ച തീയതിക്കുശേഷം 150 ദിവസമെങ്കിലും പൂർത്തിയാകാതെ വധശിക്ഷ നടപ്പാക്കാൻ പാടില്ലെന്ന് പാക് നിയമാവലികൾ അനുശാസിക്കുന്നതിനാൽ ആഗസ്റ്റ് 10നുമുമ്പ് ശിക്ഷ നടപ്പാക്കില്ലെന്ന് തീർച്ചയായും അനുമാനിക്കാം. അതിനിടെ, ദയാഹരജി നൽകാനുള്ള അവകാശവും കുൽഭൂഷണിനുണ്ട്. ദയാഹരജിയിൽ വിധി പ്രസ്താവിക്കാനുള്ള അധികാരം പാക് പ്രസിഡൻറിൽ നിക്ഷിപ്തമാണ്.
വിധി പാകിസ്താൻ മാനിക്കുമോ?
അന്താരാഷ്ട്ര കോടതിവിധി പാകിസ്താന് എത്രമാത്രം സ്വീകാര്യമാവും? പാകിസ്താൻ മാനിച്ചാലും ഇല്ലെങ്കിലും ഇൗ വിധി ഇന്ത്യക്ക് താൽക്കാലികമായെങ്കിലും വലിയ വിശ്രാന്തി പകരാതിരിക്കില്ല. കേസിെൻറ വിവിധ വശങ്ങൾ പരിശോധിക്കാൻ ഇത് ഇന്ത്യക്ക് സാവകാശം നൽകുന്നു. കുൽഭൂഷൺ കേസ് ഒരു നിയമവ്യവഹാര തർക്കമല്ല. തീർച്ചയായും ഇതൊരു രാഷ്ട്രീയ പ്രശ്നമാണ്. ഇന്ത്യ-പാക് ബന്ധങ്ങളിൽ കരിനിഴൽ വീഴ്ത്തിക്കൊണ്ടിരിക്കുന്ന മർമപ്രധാന സംഭവവികാസം. പാക് പ്രധാനമന്ത്രി നവാസ് ശരീഫുമായി ഇക്കാര്യത്തിൽ രഞ്ജിപ്പുണ്ടാക്കാൻ രഹസ്യ ചർച്ചകൾക്കുവരെ പദ്ധതി ആലോചിക്കുന്നതായി സൂചനകൾ വന്നുകഴിഞ്ഞു.
ജൂൺ എട്ടിന് അസ്താനയിൽ ആരംഭിക്കുന്ന ഷാങ്ഹായ് സുരക്ഷ സഹകരണ ഉച്ചകോടിയിൽ പെങ്കടുക്കുന്ന പ്രധാനമന്ത്രിമാരായ നരേന്ദ്ര മോദിയും നവാസ് ശരീഫും കുൽഭൂഷൺ വിഷയത്തിൽ പരിഹാര സംഭാഷണം നടത്തിയേക്കും. എന്തായിരിക്കും പാകിസ്താെൻറ കളിതന്ത്രങ്ങൾ? ഒരു പരമാധികാര രാജ്യമെന്ന നിലയിൽ അന്താരാഷ്ട്ര കോടതിവിധിയെ ധിക്കരിക്കാൻ പാകിസ്താന് സ്വാതന്ത്ര്യമുണ്ട്. അതേസമയം, കോടതിയെ മാനിച്ചുകൊണ്ട് സാർവദേശീയ തലത്തിൽ സൽപേരുണ്ടാക്കാനും ഇത് ഇസ്ലാമാബാദിന് അവസരമാക്കാം. കുൽഭൂഷൺ കേസുമായി ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചത് പരോക്ഷമായി പാകിസ്താനെ സന്തോഷിപ്പിച്ചിരിക്കണം. ഉഭയകക്ഷി പ്രശ്നങ്ങൾ പരിഹരിക്കാൻ മൂന്നാം കക്ഷിയുടെ മാധ്യസ്ഥ്യം ആവശ്യമില്ലെന്ന പതിവ് നയത്തിൽനിന്നുള്ള ഇന്ത്യയുടെ വ്യതിയാനമായി ഇസ്ലാമാബാദ് ഇതിനെ വിലയിരുത്തുന്നു. ചരിത്രപരമായ ഇൗ നയംമാറ്റം ഭാവിയിൽ ആഴത്തിലുള്ള മാറ്റങ്ങൾക്കുള്ള നാന്ദിയായി മാറിയേക്കാം.
കുൽഭൂഷൺ ജാദവിനെ തൂക്കിലേറ്റുന്നതിലൂടെ പാകിസ്താൻ സൈന്യം ആഗ്രഹിക്കുന്ന നേട്ടങ്ങൾ എന്താകും? ഒരുപക്ഷേ ഇന്ത്യയോടുള്ള പകതീർക്കുക എന്നതാകാം ലക്ഷ്യം. സത്യത്തിൽ ഇതുവഴി ഇന്ത്യയുടെ കൂടുതൽ രോഷത്തിന് പാത്രമാകും എന്നതല്ലാതെ പാകിസ്താന് ഇതുവഴി യഥാർഥത്തിൽ കാര്യമായ നേട്ടങ്ങൾക്ക് സാധ്യത കാണുന്നില്ല. ഉഭയകക്ഷി സംഭാഷണങ്ങൾക്കായി തുറന്നുകിടക്കുന്ന വാതായനങ്ങളെ അടച്ചുകളയാനും അത് നിമിത്തമാകും. പാക് സൈന്യത്തെ സംബന്ധിച്ച് ഇന്ത്യയിൽ പലർക്കുമുള്ള സ്റ്റീരിയോ ടൈപ് വീക്ഷണങ്ങൾ വെച്ചുപുലർത്തുന്ന വ്യക്തിയല്ല ഞാൻ. യുദ്ധത്തെ ഗൗരവപൂർവം സമീപിക്കുന്നവർ തന്നെയാണ് പാക് ജനറൽമാർ.
ഒരുപക്ഷേ ഇന്ത്യക്കെതിരെ വിലപേശാനുള്ള ഉപാധിയായി ജാദവിനെ പാകിസ്താൻ ഉപയോഗപ്പെടുത്തിയേക്കാം. എന്നാൽ, അത്തരം തുറുപ്പുശീട്ട് ഒരിക്കൽ ഇറക്കിയാൽ അടുത്ത കളിയിൽ അത് ഉപകാരപ്രദമാകില്ല എന്ന പ്രതിസന്ധിയും പാക് അധികൃതർ മനസ്സിലാക്കേണ്ടതുണ്ട്. ഇന്ത്യയുമായി സംഭാഷണങ്ങൾ നടത്താൻ സാധിക്കുമെന്ന പ്രതീക്ഷ പാകിസ്താനുണ്ട്. യു.പി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകൾ അവസാനിച്ചാൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയ സമ്പർക്കങ്ങൾക്ക് ഒരുങ്ങുമെന്ന കണക്കുകൂട്ടലിലായിരുന്നു ഇസ്ലാമാബാദ്. എന്നാൽ, കശ്മീരിലെ അസ്വാസ്ഥ്യങ്ങൾ ശക്തിപ്രാപിച്ചതുൾപ്പെടെ നിരവധി കാരണങ്ങളാൽ സംഭാഷണങ്ങൾ ന്യൂഡൽഹിക്ക് വൈകിപ്പിക്കേണ്ടിവന്നു.
കുൽഭൂഷൺ പ്രശ്നത്തിൽ ഇന്ത്യ ചർച്ചക്കൊരുങ്ങുന്നപക്ഷം അതിനെ ശുഭാവസരമാക്കാമെന്ന കണക്കുകൂട്ടലും പാകിസ്താനുണ്ടായിരുന്നു. സമ്പർക്കത്തിെൻറ പുതിയൊരു വാതിൽ തുറന്നിടുന്നത് ഇരുദേശങ്ങൾക്കും ഗുണകരമാകുമായിരുന്നു. ശറമുശൈഖിൽ അന്നത്തെ പ്രധാനമന്ത്രിമാരായ മൻമോഹൻ സിങ്ങും യൂസുഫ് റസ ഗീലാനിയും നടത്തിയ സംഭാഷണം ബന്ധങ്ങളിൽ മഞ്ഞുരുക്കത്തിന് വഴിവെച്ചിരുന്നു. പക്ഷേ, അന്ന് പ്രതിപക്ഷമായിരുന്ന ബി.ജെ.പി ആ ഉൗഷ്മള ചുവടുവെപ്പിനെ തള്ളിപ്പറഞ്ഞു. ‘ഏഴു സമുദ്രങ്ങളിലെ ജലമുപയോഗിച്ച് കഴുകിയാലും പാകിസ്താനു മുന്നിൽ സംഭാഷണത്തിനിരുന്നതിെൻറ നാണക്കേട് മായ്ക്കാനാകില്ല’ എന്നായിരുന്നു ബി.ജെ.പിയുടെ നിലപാട്.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.