??.??.?? ??????? ????? ?????? ?????? ????? ?????? ??????????

മഹാരാഷ്​ട്ര നൽകുന്ന മഹാപാഠം

മഹാരാഷ്​ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി-ശിവസേന സഖ്യം പ്രതീക്ഷിച്ചതുപോലെ ഭൂരിപക്ഷം നേടി. പക്ഷേ, ഫലം വന്ന് മൂന്നാഴ്ച കഴിഞ്ഞിട്ടും സഖ്യത്തിന് സർക്കാറുണ്ടാക്കാൻ കഴിഞ്ഞില്ല. തന്മൂലം സംസ്ഥാനം ഇപ്പോൾ കേന്ദ്രഭരണത്തിനു കീഴിലും നിയമസഭ ത്രിശങ്കുവിലുമാണ്.അഞ്ചുകൊല്ലം കേന്ദ്രത്തിലും മഹാരാഷ്​ട്രയിലും അധികാരം പങ്കിട്ട കക്ഷികളാണ് ബ ി.ജെ.പിയും ശിവസേനയും. ഹിന്ദു വർഗീയതയെ ആശ്രയിച്ച് നിലനിൽക്കുന്ന കക്ഷികളാണ് രണ്ടും. ആ നിലക്ക്​ അവ സ്വാഭാവിക സഖ്യ കക്ഷികളാണ്. അതേസമയം, ഒരേ ജനവിഭാഗത്തി​​െൻറ പിന്തുണ തേടുന്ന കക്ഷികളെന്ന നിലയിൽ അവക്കിടയിൽ മത്സരവുമുണ്ട്. യോജിപ ്പിക്കുന്ന ഘടകങ്ങൾക്ക് പ്രാമുഖ്യം നൽകി കക്ഷിനേതാക്കൾ കൈകോർത്താണ് രാജ്യത്തെ മുൻനിര സംസ്ഥാനങ്ങളിലൊന്നായ മഹാര ാഷ്​ട്രയിൽ മതനിരപേക്ഷചേരിയെ പിന്നിലാക്കിയത്.

സഖ്യം നഷ്​ടക്കച്ചവടമാണെന്ന് ശിവസേന നേര​േത്ത തിരിച്ചറിഞ്ഞ ിരുന്നു. അതുകൊണ്ട് ഒപ്പം ഭരിച്ചപ്പോഴും ബി.ജെ.പിയെ വിമർശിക്കാനുള്ള ഒരവസരവും അത്‍ പാഴാക്കിയില്ല. കഴിഞ്ഞ അഞ്ചു വ ർഷക്കാലം ശിവസേനയുടെ മുഖപത്രമായ ‘സാമ്​ന’യോളം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തി​​െൻറ സർക്കാറിനെയ ും ആക്ഷേപിച്ച മറ്റൊരു പത്രമുണ്ടാവില്ല. പക്ഷേ, ലോക്​സഭ തെരഞ്ഞെടുപ്പുംനിയമസഭ തെരഞ്ഞെടുപ്പും വന്നപ്പോൾ അതെല്ലാം മറന്നു രണ്ടു കക്ഷികളും ഒന്നിച്ച്​ തെരഞ്ഞെടുപ്പിനെ നേരിട്ടു.

പുതിയ സർക്കാറി​െൻറ കാലാവധിയുടെ പകുതികാലം മുഖ്യമന്ത്രിസ്ഥാനം തങ്ങൾക്കുവേണമെന്ന ശിവസേനയുടെ ആവശ്യം ബി.ജെ.പി നിരാകരിച്ചതാണ് കൂട്ടുമന്ത്രിസഭ ഉണ്ടാക്കാൻ തടസ്സമായത്. രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ട ശിവസേന ക്രമേണ ക്ഷയിച്ച് ഇല്ലാതാകുമെന്ന ഭയം നേതാക്കൾക്കുണ്ട്. അതുകൊണ്ടാണ് മുഖ്യമന്ത്രിപദത്തിനുവേണ്ടി കടുംപിടിത്തം പിടിക്കുന്നത്. ചേട്ടൻ ബാവയും അനിയൻ ബാവയും തമ്മിലുള്ള ഈ തർക്കത്തിൽ മറ്റുള്ള കക്ഷികളെയോ സംസ്ഥാനത്തെയോ ബാധിക്കുന്ന ഒരു വിഷയവും അടങ്ങിയിട്ടില്ല.

ഒറ്റനോട്ടത്തിൽ ഗവർണർ ഭഗത്​സിങ് ഹോഷിയാരി നീതിപൂർവമാണ്​ പെരുമാറിയതെന്ന് തോന്നാം. അദ്ദേഹം ആദ്യം ഏറ്റവും വലിയ കക്ഷിയായ ബി.ജെ.പിയെ മന്ത്രിസഭ ഉണ്ടാക്കാൻ ക്ഷണിച്ചു. സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന്​ അറിയാവുന്നതുകൊണ്ട്‌ പിൻവാങ്ങി. അതിനുശേഷം ഗവർണർ രണ്ടാമത്തെ കക്ഷിയായ ശിവസേനക്കും പിന്നീട് മൂന്നാമത്തെ കക്ഷിയായ ശരദ്​പവാറി​​െൻറ നാഷനൽ കോൺഗ്രസ് പാർട്ടിക്കും ക്ഷണം നൽകി. അവരും സർക്കാറുണ്ടാക്കാൻ കഴിയില്ലെന്ന് അറിയിച്ചതിനെ തുടർന്ന് അദ്ദേഹം രാഷ്​ട്രപതിഭരണം ശിപാർശ ചെയ്തു.

ഈ രണ്ടു കക്ഷികൾക്കും 24 മണിക്കൂർ സമയം വീതമാണ് ഗവർണർ നൽകിയത്. കൂടുതൽ സമയം നൽകിയാൽ അവർ ബി.ജെ.പിക്കെതിരെ ഒന്നിക്കുമെന്ന ഭയം അദ്ദേഹത്തിനുണ്ടായിരുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വേണ്ടത്ര സമയം നൽകിയില്ലെന്ന ആക്ഷേപം ഈ കക്ഷികൾ കോടതിയുടെ മുന്നിൽ ഉയർത്തിയിട്ടുണ്ട്. കോടതികളുടെ സമീപകാലത്തെ നിലപാടുകൾവെച്ച് നോക്കുമ്പോൾ ഈ നീക്കം വിജയിക്കുമെന്ന് കരുതാൻ ന്യായം കാണുന്നില്ല.

നിയമസഭയിൽ 288 സീറ്റുകളാണുള്ളത്. തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 105 സീറ്റും ശിവസേനക്ക്​ 56ഉം ആണ് കിട്ടിയത്. ശിവസേന ഇടഞ്ഞപ്പോൾ കേവല ഭൂരിപക്ഷത്തിനു ബി.ജെ.പിക്ക് 40 അംഗങ്ങളുടെകൂടി പിന്തുണ ആവശ്യമായി. ഗോവ മുതൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ വരെ തെരഞ്ഞെടുപ്പിൽ കിട്ടാതെപോയ ഭൂരിപക്ഷം കണ്ണടച്ചുതുറക്കുംമുമ്പ് കുതിരക്കച്ചവടത്തിലൂടെ നേടിയ പാരമ്പര്യമുള്ള കക്ഷിയാണത്. മൂന്നാഴ്ച കിട്ടിയിട്ടും മഹാരാഷ്​ട്രയിൽ ആ ചരിത്രം അതിന് ആവർത്തിക്കാനായില്ല. വലിയ പ്രേരണ കൂടാതെ തന്നെ കൂറുമാറാൻ തയാറുള്ളവരുള്ള കോൺഗ്രസിൽനിന്നുപോലും ആരെയും അടർത്തിയെടുക്കാൻ അതിനു കഴിഞ്ഞില്ല. ഇത് ആശക്ക്​ വകനൽകുന്ന ഒരു വസ്തുതയാണ്.

നിയമസഭ പിരിച്ചുവിട്ടിട്ടില്ലാത്തതിനാൽ കുതിരക്കച്ചവടത്തിന്​ ഇനിയും സമയമുണ്ട്. അതിലാവണം ബി.ജെ.പി പ്രതീക്ഷ അർപ്പിച്ചിരിക്കുന്നത്. സഭയിൽ ചെറിയ കക്ഷികളിൽപെട്ട 16 പേരും 13 സ്വതന്ത്രരുമുണ്ട്. ആശയപരമായ ഭിന്നതമൂലം ബി.ജെ.പിക്കൊപ്പം പോകാനാവാത്ത ചെറിയ കക്ഷികളുണ്ട്. സ്വതന്ത്രരിൽ പകുതിയോളം ശിവസേനക്കൊപ്പമാണെന്നു പറയപ്പെടുന്നു. അധികാരവും പണവുമുള്ള ബി.ജെ.പിക്ക് ഇവരിൽ ഒരു നല്ല വിഭാഗത്തെ കൈയിലെടുക്കാനായേക്കും. പ​േക്ഷ, അവരെ മുഴുവൻ കിട്ടിയാലും കേവലഭൂരിപക്ഷമാകില്ല. ഈ സാഹചര്യത്തിൽ ശിവസേനയിൽനിന്നോ എൻ.സി.പിയിൽ നിന്നോ കോൺഗ്രസിൽനിന്നോ കൂടി അംഗങ്ങളെ റാഞ്ചാതെ ഭൂരിപക്ഷം തല്ലിക്കൂട്ടാനാകില്ല. അത് തടയാൻ ആ പാർട്ടികളുടെ നേതാക്കൾക്കാകുമോ? സംസ്ഥാനഭരണം കേന്ദ്രം ഏറ്റെടുത്തത് സർക്കാർ രൂപവത്​കരണശ്രമങ്ങൾക്ക് തടസ്സമല്ല. ഒരു പുതിയ സഖ്യം കൂട്ടുമന്ത്രിസഭ രൂപവത്​കരിക്കാനുള്ള അംഗബലം തങ്ങൾക്കുണ്ടെന്നു തെളിയിച്ചാൽ അതിന്​ അവസരം നൽകാനുള്ള ഭരണഘടനാപരമായ ചുമതല ഗവർണർക്കുണ്ട്.

ശിവസേനയും എൻ.സി.പിയും കോൺഗ്രസും ഇപ്പോൾ ചർച്ചകളിലാണ്. ചർച്ചകൾ ശരിയായ ദിശയിൽ നീങ്ങുകയാണെന്ന്​ സേനാനേതാവ് ഉദ്ധവ് താക്കറെ പറയുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം മുഖ്യമന്ത്രിപദമാണ് കാതലായ പ്രശ്നം. എന്നാൽ, ആര് എത്രകാലം മുഖ്യമന്ത്രിയാകും എന്നല്ല, മന്ത്രിസഭയുടെ നയപരിപാടികൾ എന്തായിരിക്കും എന്നാണ്‌ ജനങ്ങൾക്ക് അറിയേണ്ടത്. ശിവസേനയുമായി കൈകോർക്കുന്നതിനോട് എതിർപ്പുള്ളവർ എൻ.സി.പിയിലും അതി​​െൻറ സഖ്യകക്ഷിയായ കോൺഗ്രസിലുമുണ്ട്. ജനവിധി എൻ.സി.പി പ്രതിപക്ഷത്തിരിക്കണമെന്നാണെന്ന്‌ ശരദ്‌ പവാർ നേര​േത്ത പറഞ്ഞിരുന്നു. ബി.ജെ.പി-ശിവസേന സഖ്യത്തിനു ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടിയിരുന്നു എന്നത് തർക്കമറ്റ സംഗതിയാണ്. പക്ഷേ, ആ ജനവിധിയിൽനിന്ന് സഖ്യത്തി​​െൻറ ജനപിന്തുണ കുറഞ്ഞിട്ടുണ്ടെന്നും മനസ്സിലാക്കാം. രണ്ടു കക്ഷികളുടെയും വോട്ടുവിഹിതത്തിൽ അഞ്ചു ശതമാനത്തി​​െൻറ ഇടിവുണ്ടായിട്ടുണ്ട്. ഏതായാലും ആ സഖ്യം തകർന്ന സ്ഥിതിക്ക് ജനവിധി തങ്ങൾക്ക് അനുകൂലമാണെന്ന് അവകാശപ്പെടാവുന്ന ഒരു കൂട്ടായ്മ നിലവിലില്ല.

ഒരു പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ യോജിച്ചുപ്രവർത്തിക്കാനാകുമോ എന്നാണ്​ ശിവസേനയും എൻ.സി.പിയും കോൺഗ്രസും ഇപ്പോൾ ആലോചിക്കേണ്ടത്. അങ്ങനെ യോജിച്ച് ഉറച്ച ഭരണം കാഴ്ചവെക്കാനായാൽ സംസ്ഥാനത്ത് ബി.ജെ.പിയുടെ വളർച്ചക്ക്​ തടയിടാനായേക്കും. മഹാരാഷ്​ട്ര നൽകുന്ന മഹാപാഠം ബി.ജെ.പി പൊയ്​ക്കാലിൽ നിൽക്കുന്ന പാർട്ടിയാണെന്നതാണ്. ഏറെ വർഗീയവത്കരിക്കപ്പെട്ടുകഴിഞ്ഞ അഞ്ചോ ആറോ സംസ്ഥാനങ്ങളിൽ മാത്രമാണ് അതിനു സ്വന്തം കാലിൽ നിൽക്കാനാകുന്നത്. ആ സംസ്ഥാനങ്ങളിൽതന്നെയും അതി​​െൻറ അടിത്തറ ഉറച്ചതല്ല. ഈ വസ്തുത കണക്കിലെടുത്തുകൊണ്ട് യാഥാർഥ്യബോധത്തോടെ നീങ്ങാൻ മറ്റു കക്ഷികൾക്കായാൽ അതി​​െൻറ ജനാധിപത്യവിരുദ്ധ ജൈത്രയാത്ര അവസാനിപ്പിക്കാനാകും.

Tags:    
News Summary - Maharastra Govt Formation -Malayalam Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.