‘അഞ്ചു വർഷം നിന്ന് തിരിച്ചുപോകണമെന്ന് വിചാരിച്ച് വന്നതാണ്. ഇപ്പോൾ 50ാം വർഷത്തിലേക്ക് കടന്നു പ്രവാസം.’ ബാവഹാജി ഇത് പറഞ്ഞത് നിരാശബോധത്തോടെയല്ല. പൂർണ സംതൃപ്തിയോടെതന്നെയായിരുന്നു. കാരണം ഇൗ മലപ്പുറത്തുകാരെൻറ പ്രവാസം അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടി മാത്രമായിരുന്നില്ല. അബൂദബിയിലെ പ്രവാസി സമൂഹത്തിന് മൊത്തം വേണ്ടിയായിരുന്നു. അതിന് അവർ തിരിച്ചുനൽകുന്ന സ്നേഹവും ബഹുമാനവുമാണ് ഇൗ സന്തോഷത്തിെൻറ കാതൽ.പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കുന്ന ഇൗ മെലിഞ്ഞ രൂപം അരനൂറ്റാണ്ടോളമായി അബൂദബി മലയാളികളുടെ ഹൃദയ സ്പന്ദനമറിഞ്ഞ് അവർക്കിടയിൽ നിറഞ്ഞുനിൽക്കുന്നു.
മലപ്പുറം ജില്ലയിൽ ആലംകോട് പഞ്ചായത്തിലെ കക്കിടിപ്പുറത്തെ ഒരു സാധാരണ കുടുംബത്തിൽ 11 മക്കളിൽ മൂത്തവനായി ജനിച്ച ബാവയെ പ്രാരാബ്ധങ്ങളുടെ മാറാപ്പ് തന്നെയാണ് പ്രവാസിയാക്കിയത്. പിതാവ് പന്തലിങ്ങൽ അബ്ദുഹാജി കച്ചവടക്കാരനായിരുന്നു. പഠിക്കാൻ ആഗ്രഹമുണ്ടായിട്ടും സാമ്പത്തിക പ്രയാസം കാരണം പഠിക്കാൻ സാധിക്കാതിരുന്ന ആളാണ്. അതുകൊണ്ട് മൂത്ത മകനെ നന്നായി പഠിപ്പിക്കാൻ തീരുമാനിച്ചു. ബാവ മിടുക്കനുമായിരുന്നു. മുഹമ്മദ് എന്നായിരുന്നു യഥാർഥ പേര്. സ്കൂളിൽ ചേർക്കുേമ്പാൾ വീട്ടിലെ വിളിപ്പേരാണ് പറഞ്ഞത്. അതോടെ അത് രേഖകളിലെ പേരുമായി. കെ.വി.യു.പി സ്കൂളിൽ എട്ടാം ക്ലാസ് (അന്നത്തെ ഇ.എസ്.എൽ.സി) പൊതു പരീക്ഷയിൽ സ്കൂളിൽ ഒന്നാമനായി. എസ്.എസ്.എൽ.സിക്ക് പകരമുള്ള 11ാം ക്ലാസിൽ (ഫോർത്ത് േഫാം) കുമരനെല്ലൂർ ഗവ. ഹൈസ്കൂളിൽ നിന്ന് ഒന്നാമനായി വിജയിച്ചു. ആ ഗ്രാമത്തിൽ െമട്രിക്കുലേഷൻ പാസാകുന്ന ആദ്യ മുസ്ലിമായിരുന്നു.
പിന്നീട് കോഴിക്കോട് പോയി സിവിൽ എൻജിനീയറിങ് ഡിപ്ലോമക്ക് ചേർന്നു. മെഡിക്കലിന് പോകണമെന്നായിരുന്നു എല്ലാവരുടെയും ആഗ്രഹമെങ്കിലും ബാവ, അഞ്ചു സഹോദരിമാർ കൂടി അടങ്ങുന്ന കുടുംബത്തിന് താങ്ങാവാൻ വേണ്ടി എത്രയും പെെട്ടന്ന് ജോലി ലഭിക്കുന്ന പഠനമാണ് തെരഞ്ഞെടുത്തത്. ബാപ്പയുടെ സാമ്പത്തിക പ്രയാസം മറ്റു സഹോദരങ്ങളെയും ബാധിക്കുമെന്ന് മുൻകൂട്ടി കണ്ടായിരുന്നു ആ തീരുമാനം. അങ്ങനെ നാട്ടിലെ ആദ്യ മുസ്ലിം സിവിൽ എൻജിനീയറായി. ഇപ്പോഴും നാട്ടുകാർ എൻജിനീയർ ബാവഹാജി എന്നാണ് വിളിക്കുക.
പരീക്ഷ പാസായ ഉടനെ കേരളം വിട്ടു. ബാപ്പയെ സഹായിക്കാൻ ഒരു ജോലി അത്യാവശ്യമായിരുന്നു. ബന്ധുവഴി ഒഡിഷ റൂർേക്കലയിലെ കൺസ്ട്രക്ഷൻ കമ്പനിയിൽ ചേർന്നു. രണ്ടു കമ്പനികളിലായി മൂന്നു വർഷം അവിടെ ജോലി ചെയ്തു. ശേഷം നാട്ടിൽ വന്ന് മാവൂർ ഗ്വോളിേയാർ റയോൺസിെൻറ നിർമാണത്തിൽ പങ്കാളിയായി. മൂന്നുവർഷം മാവൂരിലുണ്ടായിരുന്നു. ആ പണി പൂർത്തിയായപ്പോൾ കൊച്ചിൻ റിഫൈനറിയുടെ നിർമാണത്തിൽ ചേർന്നു. ഒരു അമേരിക്കൻ കമ്പനിക്കായിരുന്നു അതിെൻറ നിർമാണ ചുമതല. അതുകഴിഞ്ഞ് മുംബൈയിലേക്ക്. അവിടെ മറ്റൊരു അമേരിക്കൻ പെട്രോ കെമിക്കൽ കമ്പനിയിൽ ഒരു വർഷം. നിർമാണ മേഖലയിലായതുെകാണ്ട് ഒാരോ പ്രോജക്ട് കഴിയുേമ്പാഴും അടുത്ത താവളം തേടി പോവുക എന്നതായിരുന്നു രീതി. യാത്ര ഗൾഫിലേക്ക് തിരിച്ചുവിട്ടത് അനുജൻ അലിക്കുട്ടിയായിരുന്നു. അവൻ 1966ൽ തന്നെ ലോഞ്ച് കയറി അബൂദബിയിെലത്തിയിരുന്നു. പാസ്പോർട്ട് എടുക്കാൻ അവൻ ഉപദേശിച്ചു. മുംബൈയിലെത്തിയപ്പോൾ ബാവക്കും ഗൾഫിലേക്ക് പോകണമെന്ന് തോന്നലുണ്ടായിരുന്നു. നാട്ടിൽ നിന്ന് വളരെ കുറച്ചുപേരെ ഗൾഫിലുണ്ടായിരുന്നുള്ളൂ.
അങ്ങനെ നാട്ടിൽ വന്ന് പാസ്പോർെട്ടടുത്തു. അനുജൻ എൻ.ഒ.സി അയച്ചുതന്നു. മുംബൈയിലെ ബ്രിട്ടീഷ് ഹൈകമീഷനിൽ പോയി വിസയടിച്ചു. തുടർന്ന് ഒരു മാസം മുംബൈയിൽ തങ്ങിയ ശേഷമാണ് കപ്പൽ പുറപ്പെട്ടത്. ആയിരത്തോളം യാത്രക്കാരുണ്ടായിരുന്നു കപ്പലിൽ. രാവിലെ വരി നിന്നിട്ട് വൈകിട്ടാണ് കപ്പലിൽ കയറാനായത്. 1968 ജൂലൈ 21ന് കാറ്റും കോളും നിറഞ്ഞ കടലിലേക്കാണ് കപ്പൽ നീങ്ങിത്തുടങ്ങിയത്. ശരിക്കും ഭയന്നുപോയി. ലോഞ്ചിൽ വരാൻ പേടിയായതിനാലാണ് കപ്പൽ തെരഞ്ഞെടുത്തത്. ജൂലൈ 29ന് ദുബൈയിലെത്തി. ദുബൈയിൽ തുറമുഖം വരുന്നേയുള്ളൂ. കപ്പൽ കരയിൽ നിന്ന് മൂന്നു മൈൽ അകലെയാണ് നങ്കൂരമിട്ടത്. എമിഗ്രേഷൻ ഉദ്യോഗസ്ഥർ കപ്പലിൽ വന്നാണ് നടപടികൾ പൂർത്തിയാക്കിയത്. തുടർന്ന് ബോട്ടിൽ തീരത്തേക്ക്. ദുബൈയിൽ നിന്ന് അബൂദബിക്ക് ലാൻഡ്റോവർ ടാക്സി കാറിൽ. അന്ന് അബൂദബിക്ക് േറാഡില്ല. വഴിയറിയാവുന്ന അറബികളുടെ വണ്ടിയിലാണ് യാത്ര. അനുജൻ അബൂദബിയിലായതിനാലാണ് അവിടേക്ക് പോന്നത്. അന്നു മുതൽ യു.എ.ഇ തലസ്ഥാനത്ത് തന്നെയാണ് ബാവഹാജിയുടെ ജീവിതം.
ഗൾഫിൽ വരുന്നതിന് അഞ്ചു വർഷം മുമ്പ് തന്നെ ബാവ വിവാഹം കഴിച്ചിരുന്നു. ഒറീസയിൽനിന്ന് മടങ്ങിവന്നശേഷമായിരുന്ന ബാപ്പയുടെ സുഹൃത്തിെൻറ മകൾ ഖദീജയുമായുള്ള വിവാഹം. ഭാര്യയെയും രണ്ടു മക്കളെയും നാട്ടിൽ നിർത്തിയാണ് 25ാം വയസ്സിൽ ബാവ അബൂദബിയിലെത്തുന്നത്. എ.സിയില്ലാത്ത കാലം. ഫാനുണ്ടെങ്കിലും പക്ഷേ വൈദ്യുതി മുഴുസമയം ഇല്ല. പവർക്കട്ടാണ്. രാത്രി ചൂട് കാരണം മുറിയിൽ കിടക്കാൻ പറ്റാതാകുേമ്പാൾ വിരിപ്പുമെടുത്ത് കടപ്പുറത്തേക്ക് പോയി ഉറങ്ങും. പുലരാൻ നേരം മഞ്ഞുവരും. വിരിപ്പിൽ നനവ് തട്ടുേമ്പാൾ എഴുന്നേറ്റ് മുറിയിലേക്ക് മടങ്ങും. 1970 ൽ തന്നെ കുടുംബത്തെ കൊണ്ടുവന്നു.
അന്നത്തെ അബൂദബി തീർത്തും ചെറുതായിരുന്നുവെന്ന് ബാവഹാജി ഒാർക്കുന്നു. നല്ല ഒരു റോഡ് പോലുമില്ല. രണ്ടോ മൂന്നോ മരുപാതകളാണ് ഉണ്ടായിരുന്നത്. കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥർ ഹെലികോപ്റ്ററിലാണ് സഞ്ചരിച്ചിരുന്നത്.അന്ന് അഞ്ഞൂറോളം മലയാളികളേ അബൂദബിയിലുള്ളൂ. കൂടുതൽ മലയാളികളും ദുബൈയിലായിരുന്നു. അബൂദബിയിലേക്ക് വരാൻ അതിർത്തിയിൽ പരിശോധനയും മറ്റുമുണ്ടായിരുന്നു. അബൂദബിയിലേക്ക് വിമാന, കപ്പൽ സർവിസ് നേരിട്ടുണ്ടായിരുന്നുമില്ല.1966 ആഗസ്റ്റ് ആറിന് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ ഭരണമേറ്റതോടെയാണ് അബൂദബിയുടെ ചക്രവാളങ്ങളിൽ വികസനത്തിെൻറ കുതിപ്പ് ദൃശ്യമായത്. പിന്നീട് അതിവേഗമായിരുന്നു വളർച്ച.
നഗരത്തിെൻറ വളർച്ച തുടങ്ങുേമ്പാഴാണ് ബാവ എത്തുന്നത്. അക്കാലത്ത് തന്നെ സാമൂഹിക പ്രവർത്തന രംഗത്ത് സജീവമായി. മലയാളികൾ കൂടുതലായി വന്നു തുടങ്ങിയ കാലമാണ്. അവരെ സഹായിക്കാൻ വേണ്ടി ബാവയും കൂട്ടുകാരും രംഗത്തിറങ്ങി. ലോഞ്ചിൽ വരുന്ന മലയാളികൾക്ക് വിസയും പാസ്പോർട്ടുമൊന്നുമുണ്ടാകില്ല. രേഖകൾ ശരിയാക്കാൻ അവരെ സഹായിക്കും. മസ്കത്തിലാണ് അന്ന് ഇന്ത്യൻ എംബസി. അവിടെ നിന്ന് ഉദ്യോഗസ്ഥർ വന്ന് ഇടക്ക് ദുബൈയിൽ കോൺസുലർ സേവനം നൽകും. അവിടെ ചെന്ന് പാസ്പോർട്ട് എടുക്കാൻ ആവശ്യമായ നിർദേശം നൽകും. സൗകര്യങ്ങൾ ചെയ്തുകൊടുക്കും. പുതുതായി ഒരു മലയാളി അബൂദബിയിൽ വന്നുവെന്നറിഞ്ഞാൽ എല്ലാവരും അയാളെ പോയികണ്ട് സഹായം വാഗ്ദാനം ചെയ്യുമായിരുന്നു. തൊഴിലവസരങ്ങൾ അറിയിക്കും. ഭക്ഷണം നൽകും. മൂന്നു മണിവരെയാണ് ബാവയുടെ ജോലി. അതുകഴിഞ്ഞാൽ പൊതു പ്രവർത്തനത്തിനുള്ളതാണ് സമയം. 1974ൽ സർക്കാർ പൊതുമരാമത്ത് വകുപ്പ് തുടങ്ങി. അതോടെ ബ്രിട്ടീഷ് കമ്പനി പൂട്ടി. ബാവ സർക്കാറിലേക്ക് മാറി. അവിടെ രണ്ടുവർഷം ജോലി ചെയ്തു.
പി.ഡബ്ല്യു.ഡി ജോലിയിൽ സാമൂഹിക പ്രവർത്തനത്തിന് മതിയായ സമയം ലഭിക്കുന്നില്ലെന്ന് കണ്ടപ്പോൾ മാക് എന്ന സ്വകാര്യ കമ്പനിയിലേക്ക് മാറി. അതിന് ഏതാനും വർഷം മുമ്പ് തന്നെ അബൂദബിയിലെ ഇന്ത്യക്കാരുടെ ആദ്യ സംഘടനയായി യൂനിറ്റി ക്ലബ് പിറന്നിരുന്നു. എണ്ണ കമ്പനിയിലും ബാങ്കുകളിലുമൊക്കെ പ്രവർത്തിക്കുന്ന മേൽത്തട്ടിലുള്ള ഇന്ത്യക്കാരുടെ നേരേമ്പാക്കിനുള്ള ക്ലബായിരുന്നു അത്. യൂണിറ്റി ക്ലബാണ് പിന്നീട് ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെൻററായി മാറിയത്. പക്ഷേ ഇൗ കൂട്ടായ്മയിൽ മലയാളികൾക്ക് പ്രാതിനിധ്യം കുറവായിരുന്നു. അതിന് പരിഹാരമായാണ് ബാവ ഉൾപ്പെടെയുള്ളവർ ചേർന്ന് അബൂദബി മലയാളി സമാജം രൂപവത്കരിക്കുന്നത്. മലയാളി സമാജത്തിന് ശേഷം കേരള സോഷ്യൽ സെൻറർ എന്ന മറ്റൊരു കൂട്ടായ്മ വന്നു. എല്ലാറ്റിലും ബാവ ഉണ്ടായിരുന്നെങ്കിലും സജീവമായിരുന്നില്ല. മുകളിൽ പറഞ്ഞ സാമൂഹിക പ്രവർത്തനങ്ങളിലായിരുന്നു കൂടുതൽ ശ്രദ്ധ. ഇതിനിടെയാണ് പിന്നീട് ബാവഹാജിയുടെ സ്വന്തം തട്ടകമായി മാറിയ അബൂദബി ഇസ്ലാമിക് സെൻറർ രൂപംകൊള്ളുന്നത്. 1971 ൽ. കേരള മുസ്ലിം ജമാഅത്ത് എന്നായിരുന്നു ആദ്യ പേര്. അധികൃതരുടെ അനുമതി ലഭിക്കാനായാണ് ഇന്ത്യൻ ഇസ്ലാമിക് സെൻറർ (െഎ.െഎ.സി) എന്നാക്കിയത്. 1973ലാണ് രജിസ്ട്രേഷൻ കിട്ടിയത്.
അബൂദബിയിലെ എല്ലാ ഇന്ത്യൻ സംഘടനകളും ഏതാണ്ട് ഒരേ കാലഘട്ടത്തിലാണ് രൂപവത്കരിക്കപ്പെട്ടത്. ഇസ്ലാമിക് സെൻററിന് ശേഷം ഇന്ത്യൻ ലേഡീസ് ക്ലബ് എന്ന സംഘടനക്കും കൂടിയേ അനുമതി ലഭിച്ചുള്ളൂ. പിന്നീട് ഒരു ഇന്ത്യൻ സംഘടനക്കും അബൂദബി അധികൃതർ അനുമതി നൽകിയിട്ടില്ല. ഇസ്ലാമിക് സെൻററിൽ തുടക്കം മുതൽ സജീവമായിരുന്ന ബാവഹാജി പിന്നീട് അതിെൻറ പര്യായമായി മാറി. മുസ്ലിം യുവാക്കൾ വഴിതെറ്റുന്നതിൽ നിന്ന് തടയുകയായിരുന്നു പ്രഥമ ലക്ഷ്യം. സാമൂഹിക ജീവകാരുണ്യ രംഗങ്ങളിലും സജീവമായി. ആദ്യ കമ്മിറ്റിയിൽ തന്നെ വൈസ് പ്രസിഡൻറായി. അതിനുശേഷം ഭാരവാഹിത്വത്തിൽ നിന്ന് മാറിനിന്നിട്ടില്ല.ജന.സെക്രട്ടറിയും പ്രസിഡൻറും ട്രഷററുമെല്ലാമായി. ഇപ്പോൾ ദീർഘകാലമായി പ്രസിഡൻറ് പദവിയിൽ ബാവ ഹാജിയാണ്. 800 ലേറെ അംഗങ്ങളുള്ള സെൻറർ ഇപ്പോൾ എല്ലാ വിഭാഗക്കാർക്കുമായുള്ള സംഘടനയായാണ് പ്രവർത്തിക്കുന്നത്. 1977ൽ ഹജ്ജ് ചെയ്തതോടെ ബാവ,ബാവ ഹാജിയായി. 1979 ൽ അബൂദബിയിലെ കണ്ണായ സ്ഥലത്ത് തന്നെ സംഘടനക്ക് അബൂദബി സർക്കാർ സ്ഥലം നൽകി. പിന്നീട് കുറെ കഴിഞ്ഞിട്ടാണ് ഇപ്പോഴത്തെ സ്ഥിരം കെട്ടിടമായത്. 1981 ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് കെട്ടിടത്തിന് തറക്കല്ലിട്ടത്. പണി പൂർത്തിയാകാൻ കുറെ സമയമെടുത്തു.
പ്രമുഖ വ്യവസായി എം.എ. യൂസഫലി സംഘടനയുടെ മുഖ്യരക്ഷാധികാരിയായിരുന്നു. അദ്ദേഹത്തിെൻറ ശ്രമഫലമായാണ് കെട്ടിടത്തിന് ലൈസൻസ് കിട്ടിയത്. അദ്ദേഹം മുഖേന സർക്കാറിൽ നിന്ന് കെട്ടിട നിർമാണത്തിനുള്ള വലിയ തുക സംഭാവനയായി ലഭിക്കുകയും ചെയ്തു. 2010ൽ രാഷ്്ട്രപതി പ്രതിഭാ പാട്ടീലാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. നാട്ടിൽ നിന്ന് അബൂദബിയിലെത്തുന്ന എല്ലാ പ്രമുഖ നേതാക്കളും ഭരണകർത്താക്കളും ഇസ്ലാമിക് സെൻററിൽ ബാവഹാജിയുടെയും സഹപ്രവർത്തകരുടെയും ആതിഥ്യം ലഭിക്കാതെ പോകില്ല. ബാവഹാജിയുടെ സാന്നിധ്യമില്ലാതെ അബൂദബിയിൽ മലയാളി പരിപാടികൾ നടക്കുന്നതും അപൂർവം. െഎ.െഎ.സി 28 വർഷത്തോളം പ്രവാസികൾക്കായി സി.ബി.എസ്.ഇ സ്കൂൾ നടത്തിയിരുന്നു. സാധാരണക്കാരുടെ മക്കൾക്ക് ഏറെ ഉപകാരമായിരുന്നു സ്കൂൾ. വില്ലയിലാണ് അത് പ്രവർത്തിച്ചിരുന്നത്. ഏതാനും വർഷം മുമ്പ് വില്ല സ്കൂളുകൾ അടച്ചുപൂട്ടാൻ സർക്കാർ തീരുമാനിച്ചതോടെയാണ് അത് നിന്നത്. കരാെട്ട, കമ്പ്യൂട്ടർ, സ്പോക്കൺ ഇംഗ്ലീഷ്, അറബി ഭാഷ എന്നിവയിൽ സെൻററിൽ ക്ലാസുകൾ നടത്തുന്നുണ്ട്. ഭാരതിയാർ സർവകലാശാലയുടെ വിദൂര പഠന കേന്ദ്രമാണ് െഎ.െഎ.സി.
എല്ലാ ആവശ്യങ്ങൾക്കും പ്രവാസികൾ സെൻററിനെ സമീപിക്കുന്നു. തൊഴിൽ തേടിവരുന്നവും ചികിത്സ സഹായം ആവശ്യമുള്ളവരുമെല്ലാം അപേക്ഷയുമായി വരും. കഴിയുന്നപോലെ സഹായിക്കും. ശമ്പളം കിട്ടാതെ വിഷമിക്കുന്നവർക്ക് നിയമ സഹായവും എംബസി മുഖേനയുള്ള സഹായവും നൽകുന്നുണ്ടെന്ന് ബാവഹാജി പറയുന്നു. സാമൂഹിക പ്രവർത്തനം വിശ്വാസത്തിെൻറ ഭാഗമാണ് ഹാജിക്ക്. പ്രയാസം പറഞ്ഞ്വരുന്നവരെ മടക്കിയയക്കാറില്ല. പിന്നീട് എവിടെയങ്കിലുംവെച്ച് കാണുേമ്പാൾ അവരത് ഒാർക്കുേമ്പാൾ വലിയ സന്തോഷം തോന്നും. ബാവഹാജിയുടെ സാമൂഹിക സേവനം ഇന്ത്യാ സർക്കാറും അംഗീകരിച്ചിട്ടുണ്ട്. 2013ൽ പ്രവാസി ഭാരതീയ ദിവസ് പുരസ്കാരം അദ്ദേഹത്തിന് സമ്മാനിച്ചത് കൊച്ചിയിൽ നടന്ന സമ്മേളനത്തിൽ രാഷ്ട്രപതി പ്രണബ് മുഖർജിയായിരുന്നു.
സാമൂഹിക രംഗത്ത് സജീവമായ കാലത്ത് തന്നെയാണ് 1994ൽ റാപ്പിഡ് ജനറൽ കോൺട്രാക്ടിങ് എന്ന പേരിൽ സ്വന്തം കൺസ്ട്രക്ഷൻ കമ്പനി ബാവഹാജി തുടങ്ങുന്നത്. ഇപ്പോഴും ചെറിയ പദ്ധതികളും കരാറുമായി സ്ഥാപനം മുന്നോട്ടു പോകുന്നു. നാട്ടിൽ കുടുംബം രക്ഷപ്പെട്ടത് ബാവ ഗൾഫിൽ വന്നിട്ടാണ്. സഹോദരങ്ങളുടെ വിദ്യാഭ്യാസവും വിവാഹവുമെല്ലാം ബാവയുടെ മേൽനോട്ടത്തിലായിരുന്നു. എല്ലാവരും അബൂദബിയിലുണ്ടായിരുന്നു. ഇപ്പോൾ ഒരു അനുജൻ മാത്രമാണ് അബൂദബിയിലുള്ളത്. ഒരാൾ അബൂദബിയിൽവെച്ച് മരിച്ചു. ബാക്കിയെല്ലാവരും തിരിച്ചുപോയി. 1970 മുതൽ കുടുംബം കൂടെയുണ്ട്. നാലു മക്കളുടെയും പ്ലസ് ടുവരെയുള്ള വിദ്യാഭ്യാസം അബൂദബിയിലായിരുന്നു. മകൻ അഷ്റഫ് ടെലികോം കമ്പനിയായ ഇത്തിസാലാത്തിൽ എൻജിനീയറാണ്. മൂത്തത് മകൾ റസിയ റഫീഖ്. മറ്റു മക്കളായ അയിഷ അഷ്റഫും അസ്മ ഹാഷിഫും ദന്ത ഡോക്ടർമാരാണ്. അഷ്റഫും അസ്മയും അബൂദബിയിൽ തന്നെയുണ്ട്. കുടുംബം കൂടെയുള്ളതുകൊണ്ട് മാത്രമാണ് പ്രവാസം തുടർന്നതെന്ന് ബാവഹാജി. അല്ലെങ്കിൽ നേരത്തെ തീരുമാനിച്ചപോലെ അഞ്ചു വർഷം കൊണ്ട് തിരിച്ച് നാട്ടിലെത്തിയേനെ.
നാട്ടിലും സാമൂഹിക, ജീവകാരുണ്യ പ്രവർത്തനമുണ്ട്. രണ്ടു സ്കൂളുകൾ നടത്തുന്നു. സ്വന്തം ഗ്രാമമായ കക്കിടിപ്പുറത്ത് ഒരു ഒാഡിറ്റോറിയം നിർമിച്ചിട്ടുണ്ട്. നാട്ടുകാർക്ക് വിവാഹവും മറ്റും നടത്താനായി നിർമിച്ച ഒാഡിറ്റോറിയം പാവങ്ങൾക്ക് കുറഞ്ഞ വാടകക്കാണ് നൽകുന്നത്. മാത്രമല്ല പാവങ്ങളുടെ വിവാഹമാണെങ്കിൽ കുറച്ച് സ്വർണം ബാവഹാജിയുടെ വക നൽകും. 13 പേരക്കുട്ടികളുടെ വല്യൂപ്പക്ക് 74 വയസ്സ് കഴിഞ്ഞു. നാട്ടിലേക്ക് തിരിച്ചുപോകണമെന്ന് ആഗ്രഹമുണ്ട്. അവിടെ സ്ഥലവും കൃഷിയുമൊക്കെയുണ്ട്. എന്നാൽ അബൂദബിയിലുള്ള മക്കൾ തിരിച്ചുപോകാൻ സമ്മതിക്കുന്നില്ല. അതുകൊണ്ട് ഇടക്കിടെ നാട്ടിൽ പോയിവരും. ഗൾഫിൽ ജോലി സാധ്യത കുറയുന്നുണ്ടെന്നാണ് ബാവഹാജി പുതിയ തലമുറയോട് പറയുന്നത്. സ്വദേശികൾ പഠനത്തിലും തൊഴിൽ രംഗങ്ങളിലുെമല്ലാം മിടുക്കരായിക്കഴിഞ്ഞു. അവർക്ക് ജോലി കൊടുക്കേണ്ടത് സർക്കാറിെൻറ ഉത്തരവാദിത്തമാണ്. പണ്ടത്തെപോലെ ആർക്കും ജോലി കിട്ടുന്ന അവസ്ഥയല്ല ഗൾഫിൽ. നല്ല വിദ്യാഭ്യാസവും പ്രവർത്തന പരിചയവുമെല്ലാം ഉണ്ടെങ്കിലേ അവസരമുള്ളൂ. മലയാളികളെക്കുറിച്ച് അറബികൾക്കും മറ്റു വിദേശികൾക്കും നല്ല അഭിപ്രായമാണ്. വിശ്വസ്തരാണ് എന്നതാണ് മലയാളിയുടെ പ്രധാന പ്ലസ് പോയൻറായി മറ്റുള്ളവരുടെ പ്രതികരണത്തിൽ നിന്ന് മനസ്സിലായത്.
ജീവിതത്തിൽ ഹാജി സംതൃപ്തനാണ്. സമൂഹത്തിനും വലിയൊരു കുടുംബത്തിനും താങ്ങായി, മക്കൾക്ക് നല്ല വിദ്യാഭ്യാസവും ജീവിതവും ഒരുക്കിക്കൊടുത്തു എന്നതെല്ലാം േനട്ടമായി പറയാം. അമിത മോഹങ്ങളൊന്നുമില്ല. കൂടുതൽ പണമുണ്ടാക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടായിരുന്നു. അതിന് പോയില്ല. വലിയ എൻജിനീയറിങ് കൺസൾട്ടൻസി തുടങ്ങാൻ നിക്ഷേപവുമായി പലരും സമീപിച്ചിരുന്നു. ജീവിക്കാൻ അത്രയധികമൊന്നും വേണ്ടെന്നായിരുന്നു ബാവഹാജിയുടെ നിലപാട്. ‘സമൂഹം നൽകുന്ന അംഗീകാരവും ആദരവുമാണ് ഏറ്റവും വലുത്. എല്ലാവരും തിരിച്ചറിയുന്നു. എല്ലാവരുമായും നല്ല ബന്ധമാണ്. തന്നെക്കുറിച്ച് ആരും മോശം പറയുന്നില്ലെങ്കിൽ അതല്ലേ ഏറ്റവും സന്തോഷമുള്ള കാര്യം’ ^സർവസമ്മിതിയുടെ വിനയഭാവത്തിൽ ബാവഹാജി ചോദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.