അടിയന്തരാവസ്ഥ പ്രഖ്യാപനത്തിെൻറ 45ാം വാർഷികം കടന്നുപോയി. ഭരണഘടനയും പൗരസ്വാതന്ത്ര്യവും എങ്ങനെ അധികാരശക്തികളാൽ അട്ടിമറിക്കപ്പെടാം എന്നതിെൻറ ചരിത്രപരമായ പാഠമാണ്, അടിയന്തരാവസ്ഥ നൽകുന്നത്. പുതിയ കോവിഡ്കാലത്ത് ഇന്ത്യയിൽ വെല്ലുവിളിക്കപ്പെടുന്ന മനുഷ്യാവകാശങ്ങളും പൗരസ്വാതന്ത്ര്യങ്ങളും നിതാന്തമായ ജാഗ്രതയാണ് പൗരന്മാരിൽനിന്നും മാധ്യമങ്ങളിൽനിന്നും ആവശ്യപ്പെടുന്നത്.
കോവിഡിനു മുമ്പുതന്നെ ലോകത്തെ പല ജനാധിപത്യരാജ്യങ്ങളിലും സമഗ്രാധിപത്യത്തിെൻറയും വലതുപക്ഷവത്കരണത്തിെൻറയും നിഴൽ പരന്നിരുന്നു. പടിഞ്ഞാറൻ ജനാധിപത്യങ്ങൾ നേരിട്ട വൻ പ്രതിസന്ധിയെക്കുറിച്ച് ‘ഒടുവിലത്തെ വോട്ട്’ (The Last Vote) എന്ന ഗ്രന്ഥത്തിൽ ഫിലിപ്പ് കോഗൻ വിലയിരുത്തുകയുണ്ടായി. ഹാർവഡ് സർവകലാശാലയിലെ സ്റ്റീവൻ ലെവിറ്റ്സ്കിയും ഡാനിയൽ സിബ്ലാറ്റും ചേർന്നെഴുതിയ ‘ജനാധിപത്യം എങ്ങനെയാണ് മരിക്കുന്നത്’ (How Democracies Die) എന്ന പുസ്തകവും പ്രസിദ്ധമാണ്. യേൽ സർവകലാശാലയിലെ പ്രഫസർ ഫ്രാങ്ക് എം. സ്നോഡൻ മഹാമാരികൾ സമൂഹത്തെയും രാഷ്ട്രീയഘടനകളെയും എങ്ങനെയെല്ലാമാണ് സ്വാതന്ത്ര്യരഹിതമോ സ്വാതന്ത്ര്യവിരുദ്ധമോ ആക്കിത്തീർക്കുന്നതെന്ന് 2019ലെ ഒരു പഠനത്തിലൂടെ വിശദീകരിക്കുന്നുണ്ട്.
കോവിഡിനു മുമ്പുതന്നെ ഇന്ത്യയിൽ വ്യക്തിസ്വാതന്ത്ര്യം ഭയാനകമായവിധത്തിൽ ചോദ്യംചെയ്യപ്പെട്ടിരുന്നു. എന്തിനും ഏതിനും എഫ്.െഎ.ആർ എന്ന അവസ്ഥ വന്നു. സമാധാനപരമായ രാഷ്ട്രീയസമരങ്ങളെയും പ്രതിഷേധങ്ങളെയുംപോലും ക്രിമിനൽകുറ്റമായി മുദ്രയടിച്ച് അടിച്ചമർത്തുന്ന അവസ്ഥയുണ്ടായി. നിഷ്കളങ്കമായ ഒരു ട്വീറ്റിെൻറ പേരിൽ അഥവാ മുദ്രാവാക്യംവിളിയുടെ പേരിൽ ആരെയും അറസ്റ്റ് ചെയ്ത് തടവിലിടാം എന്ന അവസ്ഥ വന്നു. കോവിഡിനുശേഷവും ഇൗ അവസ്ഥ കൂടുതൽ ഭീതിജനകമായ നിലയിൽ തുടരുകയാണ്. ഒപ്പം, വിരലിലെണ്ണാവുന്ന ചില അതിസമ്പന്നർക്കുവേണ്ടി മാത്രമായി പല നയവ്യതിയാനങ്ങളും പ്രഖ്യാപിക്കപ്പെട്ടു. ഇങ്ങനെയുംകൂടിയാണ് ഭരണഘടന വെല്ലുവിളിക്കപ്പെടുന്നത്.
ഇത്തരം സന്ദർഭങ്ങളിൽ നമ്മുടെ മാധ്യമങ്ങൾ എന്താണ് ചെയ്യുന്നത്? മാധ്യമസ്വാതന്ത്ര്യസൂചികയുടെ കാര്യത്തിൽ ഇൗ വർഷം ഇന്ത്യ 142ാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയതായി ‘റിപ്പോർേട്ടഴ്സ് വിതൗട്ട് ബോർഡേഴ്സ്’ എന്ന സംഘടന വ്യക്തമാക്കിയിരുന്നു. ശ്രീലങ്കയിലെയും ഭൂട്ടാനിലെയുംപോലും സ്ഥിതി ഇവിടത്തേക്കാൾ ഭേദമാണെന്നും റിപ്പോർട്ട് പറഞ്ഞിരുന്നു. വർഗീയശക്തികളും അമിതാധികാര പ്രവണതകളുമാണ് ഇൗ ദുഃസ്ഥിതിക്ക് കാരണമെന്നും വിലയിരുത്തലുണ്ടായി.
മാധ്യമസ്വാതന്ത്ര്യം കുറയുേമ്പാൾ വ്യക്തിസ്വാതന്ത്ര്യവും കുറയും എന്ന് പൊതുവെ പറയാമെങ്കിലും മാധ്യമസ്വാതന്ത്ര്യത്തിനായി നിലപാടെടുത്താൽ മാത്രമേ പൗരസ്വാതന്ത്ര്യത്തിനൊപ്പം നിൽക്കാനാകൂ എന്നതാണ് ചരിത്രം നൽകുന്ന പാഠം. അധികാരശക്തികൾക്കു മുന്നിൽ അടിയറവു പറയുന്ന മാധ്യമങ്ങൾ ജനങ്ങളാൽ വിചാരണ ചെയ്യപ്പെടും. അടിയന്തരാവസ്ഥക്കുമപ്പുറം, മാധ്യമസ്വാതന്ത്ര്യത്തിനായി നടന്ന പരിശ്രമങ്ങളുടെ സവിശേഷചരിത്രം ഇന്ത്യക്കുണ്ട്. 1823ൽ ബ്രിട്ടീഷുകാർ കൊണ്ടുവന്ന മാധ്യമവിരുദ്ധ ഒാർഡിനൻസിനെതിരെ രാജാറാം മോഹൻറോയ് നൽകിയ നിവേദനം പ്രസിദ്ധമാണ്. സ്വാതന്ത്ര്യത്തിനുശേഷം മാധ്യമസ്വാതന്ത്ര്യത്തിന് അനുകൂലമായ രണ്ടു സുപ്രധാന വിധികൾ സുപ്രീംകോടതിയിൽനിന്നുണ്ടായി. റൊമേഷ് ഥാപ്പറിെൻറ കേസിൽ (1950) ഇടതുപക്ഷ പ്രസിദ്ധീകരണമായ ‘ക്രോസ് റോഡ്സ്’ അച്ചടിച്ച് വിതരണം ചെയ്യുന്നതിനെ അന്നത്തെ മദിരാശി സർക്കാർ നിയന്ത്രിക്കാൻ ശ്രമിച്ചപ്പോൾ ആ നിയന്ത്രണങ്ങൾ ഭരണഘടനവിരുദ്ധമാണെന്ന് സുപ്രീംകോടതി പറഞ്ഞു. കൗതുകകരമെന്നു പറയെട്ട, ഹിന്ദുത്വവാദ പ്രസിദ്ധീകരണമായ ‘ദ ഒാർഗനൈസറി’ലെ ഉള്ളടക്കത്തിെൻറ പേരിൽ സെൻസർഷിപ് ഏർപ്പെടുത്താൻ ശ്രമിച്ച സർക്കാറിെൻറ നടപടി സുപ്രീംകോടതി റദ്ദാക്കിയതും അതേ വർഷത്തെ ബ്രിജ്ഭൂഷൺ കേസിലായിരുന്നു.
എന്നാൽ, മാധ്യമസ്വാതന്ത്ര്യം സംബന്ധിച്ച നിയമതത്ത്വങ്ങൾക്ക് അടിയന്തരാവസ്ഥക്കാലത്ത് ഭരണകൂടം ഒരു വിലയും കൽപിച്ചില്ല. 1975ൽ കൊണ്ടുവന്ന മൂന്ന് മാധ്യമവിരുദ്ധ ഒാർഡിനൻസുകൾ പിേറ്റത്തെ കൊല്ലം നിയമങ്ങളായി. പ്രസിദ്ധീകരണം തടയാനായി ഡൽഹിയിലെ പ്രമുഖ മാധ്യമസ്ഥാപനത്തിെൻറ ഒാഫിസിലെ വൈദ്യുതിബന്ധംപോലും വിച്ഛേദിക്കാൻ ‘മുകളിൽനിന്ന്’ ഉത്തരവുണ്ടായ വിവരം അടിയന്തരാവസ്ഥക്കാലത്തെ അതിക്രമങ്ങളെക്കുറിച്ചു പഠിച്ച ഷാ കമീഷൻ വിവരിക്കുകയുണ്ടായി. സെൻസർഷിപ്പും മാധ്യമങ്ങളുടെ മേലുള്ള നിയമനടപടികളും മാധ്യമപ്രവർത്തകരുടെ അറസ്റ്റും തടങ്കലുമെല്ലാം തുടർക്കഥകളായി. ഒഴിച്ചിട്ട മുഖപ്രസംഗ ഭാഗങ്ങൾ ജനാധിപത്യപ്രതിരോധത്തിെൻറ വാചാല മൗനങ്ങളായി.
ഇപ്പോൾ അടിയന്തരാവസ്ഥ സ്മരണകളുടെ പശ്ചാത്തലത്തിൽ ദേശീയരാഷ്ട്രീയത്തെയും മാധ്യമപരിതസ്ഥിതിയെയും വിലയിരുത്തുേമ്പാൾ ഉത്കണ്ഠപ്പെടാനേ കഴിയൂ. അന്യഥാ തന്നെ അച്ചടിമാധ്യമങ്ങൾ വെല്ലുവിളി നേരിട്ട കാലത്ത് ഭരണകൂടത്തിന് മാധ്യമ ആശ്രിതത്വം ഉറപ്പാക്കുക പ്രായേണ എളുപ്പമായി. സർക്കാറിനെ എതിർക്കുന്ന മാധ്യമങ്ങളെ പരസ്യങ്ങൾ നൽകാതെയും വരിഞ്ഞുമുറുക്കാനുള്ള ശ്രമങ്ങളുണ്ടായി. റിപ്പോർട്ടുകളുടെ പേരിൽ മാധ്യമപ്രവർത്തകർക്കെതിരെ കേസെടുക്കുക എന്നത് മറ്റൊരുതരം സെൻസർഷിപ്പിനു തുല്യമാണ്. സർക്കാർ സംവിധാനങ്ങളെ സ്വതന്ത്രമാധ്യമങ്ങൾക്കെതിരെ പ്രയോഗിച്ച അടിയന്തരാവസ്ഥയുടെതന്നെ രീതികളെ പുതിയ കാലഘട്ടത്തിൽ മറ്റൊരു രൂപത്തിൽ വ്യാപകമായും ശക്തമായും നടപ്പാക്കുന്ന അവസ്ഥയുമുണ്ടായി. മൂലധനത്തിെൻറയും സുരക്ഷിതത്വത്തിെൻറയും പ്രലോഭനങ്ങൾ കാരണം പല മുഖ്യധാരാ മാധ്യമങ്ങളും വിധേയത്വത്തിെൻറ പര്യായങ്ങളായി മാറിക്കഴിഞ്ഞു. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല.
എന്നാൽ, ദേശീയതലത്തിലും സംസ്ഥാനതലങ്ങളിലും സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങൾക്കും ഭരണഘടനാമൂല്യങ്ങൾക്കും നിലകൊള്ളുന്ന കുറച്ചു പ്രസിദ്ധീകരണങ്ങളെങ്കിലും ഉണ്ടെന്നത് ആശ്വാസകരമാണ്. അച്ചടിമാധ്യമങ്ങളായും ഡിജിറ്റൽ മാധ്യമങ്ങളായും നിലനിൽക്കുന്ന ഇൗ സംരംഭങ്ങൾതന്നെയാണ് അന്യഥാ ദുർബലമായ പ്രതിപക്ഷത്തിെൻറകൂടി പങ്കുവഹിക്കുന്നത്. ശക്തമായ പ്രതിപക്ഷം ഭരണപരമായ ആവശ്യം മാത്രമല്ല, ഭരണഘടനാപരമായ ആവശ്യംകൂടിയാണ്.
(ലേഖകൻ സുപ്രീംകോടതിയിലും
കേരള ഹൈകോടതിയിലും അഭിഭാഷകനാണ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.