ഖരമായതെല്ലാം ഉരുകുമ്പോള്‍

തിരുവനന്തപുരത്തെ ലോ അക്കാദമി ലോ കോളജില്‍ ഉണ്ടായ സംഭവങ്ങള്‍ നമ്മുടെ രാഷ്ട്രീയ ശരീരത്തിലെ ചില നിഷേധാത്മക പ്രവണതകളെ ശക്തമായി കാട്ടിത്തരുന്നതായിരുന്നു. അത് കേവലം സ്വാശ്രയ കോളജ് എന്ന പ്രശ്നത്തില്‍ മാത്രം ഒതുങ്ങുന്നതല്ല എന്ന കാര്യം എത്രപേര്‍ ശ്രദ്ധിച്ചിട്ടുണ്ടാവും. കോളജിലെ ആഭ്യന്തരപ്രശ്നങ്ങളില്‍നിന്ന് ആരംഭിച്ചു മറ്റു പല നിയമസാങ്കേതിക പ്രശ്നങ്ങളിലേക്കും വിരല്‍ചൂണ്ടുന്ന ഒന്നായി വിദ്യാര്‍ഥികളുടെ സമരം  മാറി എന്നതുകൊണ്ടുതന്നെ അവരുടെ അക്കാദമിക് ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിഞ്ഞു എന്ന വലിയ സമരവിജയത്തിന്‍െറ പരിധിക്ക് പുറത്തേക്ക് ഈ പ്രശ്നം ചര്‍ച്ചാവിഷയമാക്കേണ്ടതുണ്ട്.

കാരണം, വിദ്യാഭ്യാസമേഖലയിലെ മാത്രമല്ല, നമ്മുടെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിലെ വിവിധ മേഖലകളില്‍ കാണുന്ന വ്യത്യസ്ത മാനങ്ങളുള്ള ജീര്‍ണതകളാണ് സ്വാശ്രയ മേഖലയില്‍ പൊതുവെയും ലോ അക്കാദമി ലോ കോളജ്  പ്രശ്നത്തില്‍ സവിശേഷമായും ഉയര്‍ന്നുവന്നത്. ഇത് ഒരിക്കലും ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ല.

നമ്മുടെ സാമൂഹിക സംവിധാനത്തിനുള്ളില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. പാര്‍ട്ടികളും ട്രേഡ് യൂനിയനുകളും ഭരണകൂടവും മാത്രമല്ല, സന്നദ്ധസംഘടനകളും കൂടി ചേരുന്നതാണ് പൊതുമണ്ഡലം. അതില്‍ തന്നെ ജാതി-മത സംഘടനകള്‍ അടക്കം വ്യത്യസ്ത സ്വത്വവര്‍ഗ താല്‍പര്യങ്ങളുള്ള പ്രസ്ഥാനങ്ങള്‍ തങ്ങളുടേതായ സന്നദ്ധപ്രവര്‍ത്തന ശൃംഖലകള്‍ തന്നെ സൃഷ്ടിക്കുകയും അവയിലൂടെ വിദ്യാഭ്യാസ ആരോഗ്യമേഖലകള്‍ ഉള്‍പ്പെടെയുള്ള രംഗങ്ങളില്‍ ശക്തമായി ഇടപെടുകയും ചെയ്യുന്നുണ്ട്.

സ്വാതന്ത്ര്യത്തിനു മുമ്പു തന്നെ സേവനമേഖലകളിലും ചിലപ്പോള്‍ ഉല്‍പാദന മേഖലകളില്‍ തന്നെയും സന്നദ്ധപ്രവര്‍ത്തനത്തിന്‍െറ സാന്നിധ്യം ഉണ്ടായിരുന്നതാണ്. ഒരു വലിയ പരിധിവരെ കേരളത്തിന്‍െറ ചരിത്രഗതിയെ നിര്‍ണയിക്കുന്നതില്‍ ഇത്തരം സന്നദ്ധപ്രവര്‍ത്തനങ്ങള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇരുപതുകളിലും മുപ്പതുകളിലും സന്നദ്ധസംഘങ്ങള്‍, ആഴത്തിലുള്ള സാമൂഹികചലനങ്ങള്‍ സൃഷ്ടിക്കുകയും അതിന്‍െറ അനിവാര്യ ഭാഗമായിത്തന്നെ ചില സംഘര്‍ഷങ്ങള്‍ക്ക് കാരണമാവുകയും ചെയ്തിട്ടുണ്ട്.

ഈ സന്നദ്ധപ്രവര്‍ത്തനങ്ങള്‍, അവയില്‍ പല തരത്തിലുള്ള വൈരുധ്യങ്ങള്‍ കടന്നുവരുമ്പോള്‍പോലും  സ്വാതന്ത്ര്യത്തിന്‍െറയും ജനാധിപത്യത്തിന്‍െറയും പുതിയ തുറസ്സുകള്‍ കൂടി തുറക്കുന്നവയായിരുന്നു. അതിനാല്‍തന്നെ, അവക്ക് കേരളചരിത്രത്തില്‍ വഹിക്കാനുണ്ടായിരുന്നത് പുരോഗമനപരമായ പങ്കായിരുന്നു എന്നത് തള്ളിക്കളയാനാവില്ല. ജാത്യാധീശത്വ ശക്തികള്‍ അടക്കിവാണിരുന്ന ഫ്യൂഡല്‍ വ്യവസ്ഥയില്‍പോലും പ്രതിരോധത്തിന്‍െറ ചെറിയ തീനാളങ്ങള്‍ കൊളുത്താന്‍ ഇവയില്‍ ചില പ്രസ്ഥാനങ്ങള്‍ക്കെങ്കിലും കഴിഞ്ഞിരുന്നു എന്നതും യാഥാര്‍ഥ്യമാണ്. അത്തരത്തില്‍ വൈരുധ്യങ്ങള്‍ നിറഞ്ഞതും എന്നാല്‍ സാമൂഹികമായ മാറ്റങ്ങള്‍ക്കു കാരണമാവുകയും ചെയ്തവയാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനവും.

മുപ്പതുകളിലും മറ്റും നിരന്തരം ജാതിസംഘര്‍ഷത്തിന്‍െറ ഒരു മേഖലകൂടിയായി അതുകൊണ്ടുതന്നെ, ഒരു വശത്ത് ജാത്യാധീശത്വത്തെ ഊട്ടിയുറപ്പിക്കുന്ന സമീപനമുണ്ടാവുമ്പോള്‍ മറുവശത്ത് ആ പ്രവണതയെ തുറന്നുകാട്ടി പൊതുസമൂഹത്തിലെ ജാതിസമത്വരാഷ്ട്രീയത്തിന് ഉണര്‍വുപകരുന്ന മേഖലകൂടിയായി സഹകരണപ്രസ്ഥാനം കേരളത്തില്‍ വേരുറപ്പിക്കുന്നുണ്ട്.

ആ പാരമ്പര്യം സ്വാതന്ത്ര്യാനന്തര കാലത്തും കുറച്ചുകാലം തുടര്‍ന്നു. എന്നാല്‍, വളരെ പെട്ടെന്നാണ് ഈ മേഖലയില്‍ നിരവധി അസ്വീകാര്യമായ ജീര്‍ണതകള്‍ പിടിമുറുക്കിയത്. അതില്‍ ഏറ്റവും പ്രധാനം സ്വജനപക്ഷപാതമായിരുന്നു. ട്രസ്റ്റുകളെയും സഹകരണ സംഘങ്ങളെയും അവയുടെ നിലനില്‍പിന്‍െറ അടിസ്ഥാനമായ സാമൂഹിക പ്രക്രിയകളെ തന്നെ അട്ടിമറിക്കുന്ന മാഫിയകളാക്കി മാറ്റുന്ന പ്രവണത ശക്തമാവുകയായിരുന്നു. സഹകരണ ബാങ്കുകളെക്കുറിച്ച് സംഘ്പരിവാര്‍ ഉയര്‍ത്തുന്ന ആരോപണങ്ങളെ കുറിച്ചല്ല ഞാന്‍ സൂചിപ്പിക്കുന്നത്.

അത് തികച്ചും വ്യത്യസ്തമായ ഒരു വിഷയമാണ്. മറിച്ചു, സഹകരണസംഘങ്ങളും ട്രസ്റ്റുകളും അതുപോലെയുള്ള സിവില്‍ സമൂഹ ഇടപെടലുകളും സ്വകാര്യവ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ഒക്കെ സ്വകാര്യതാല്‍പര്യങ്ങളും അജണ്ടകളും നടപ്പാക്കി ലാഭം കൊയ്യാനുള്ള മേഖലകളാക്കി അധ$പതിപ്പിക്കുന്ന കുറ്റകൃത്യം ഇവിടെ ഒരു കണക്കെടുപ്പും പ്രതിബദ്ധതകളും ഇല്ലാതെ മേല്‍ക്കൈ നേടി എന്നതാണ് ശ്രദ്ധേയം.
ഇതിന്‍െറ പശ്ചാത്തലത്തില്‍ കൂടിയാണ് സഹകരണ സംഘങ്ങളുടെയും ട്രസ്റ്റുകളുടെയും മറവില്‍ സ്വകാര്യ സ്വത്തുസമ്പാദനവും അഴിമതിയും പൊതുമുതല്‍ മോഷണവും നടത്തുന്ന ചെറുസംഘങ്ങള്‍ പെരുകുന്നു എന്ന വിമര്‍ശനം പലകോണുകളില്‍ നിന്നും ഉയരാന്‍ തുടങ്ങിയത്.

ലോ അക്കാദമി ലോ കോളജില്‍ നടന്നതും സമാനമായ കാര്യമാണ് എന്ന് പത്രവാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. സമര്‍ഥമായി ഒരു ഇടതുപക്ഷ സര്‍ക്കാറിന്‍െറ കാലത്ത് സ്ഥലവും മറ്റു ആനുകൂല്യങ്ങളും പറ്റി ആരംഭിച്ച ഈ കോളജിന്‍െറ ബൈലോ പ്രകാരം ഗവര്‍ണര്‍, മുഖ്യമന്ത്രി, ചീഫ് ജസ്റ്റിസ് എന്നിവര്‍ രക്ഷാധികാരികളായും പ്രമുഖ നിയമജ്ഞര്‍ ഭരണസമിതി അംഗങ്ങളായും വിദ്യാഭ്യാസ, നിയമ മന്ത്രിമാര്‍, അഡ്വക്കറ്റ് ജനറല്‍, യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍, ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാര്‍ എന്നിവരൊക്കെ ഭാരവാഹിത്വം വഹിക്കുന്നവരായും ആരംഭിച്ച ഒരു ട്രസ്റ്റ് കാലക്രമത്തില്‍ ഒരു കുടുംബത്തിന്‍െറ കൈയിലേക്ക് കൈകാര്യ കര്‍തൃത്വം ഏതാണ്ട് മുഴുവനായിതന്നെ മാറുന്ന സ്ഥിതിവിശേഷത്തിലേക്കാണ് നീങ്ങിയതത്രേ.

ഈ വലിയ അധാര്‍മികതയുടെ പരികര്‍മികളില്‍ സി.പി.എമ്മിന്‍െറ ഒരു എം.എല്‍.എയും സംസ്ഥാനസമിതി അംഗവുമായ നേതാവും ഉണ്ടായിരുന്നു എന്നത് എത്ര അലംഭാവമാണ് ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുതന്നെ ഉള്ളത് എന്ന് ചൂണ്ടിക്കാണിക്കുന്നു. കോണ്‍ഗ്രസും സി.പി.ഐയും ബി.ജെ.പിയുമൊക്കെ ശക്തമായി സമരരംഗത്തേക്ക് കടന്നുവന്നിട്ടും സി.പി.എം ഒരു നിഷേധഭാഷയില്‍  സംസാരിച്ചുകൊണ്ടിരുന്നത് ഈ അഴിമതിയെ അഴിമതിയായി കണ്ടുകഴിഞ്ഞാല്‍ അത് പാര്‍ട്ടിയുടെ ഈ അലംഭാവത്തെ തുറന്നുകാട്ടും എന്നതുകൊണ്ടാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സ്ഥാപനത്തിന്‍െറ ഡയറക്ടര്‍ക്ക് സി.പി.ഐയുമായി ബന്ധമുണ്ടായിരുന്നു എന്നത് ഈ പ്രശ്നത്തില്‍ ശക്തമായ നിലപാട് കൈക്കൊള്ളുന്നതില്‍നിന്ന് സി.പി.ഐയെ തടഞ്ഞില്ല എന്നത് കൗതുകമുയര്‍ത്തിയ കാര്യമായിരുന്നു.

ആര്‍ക്കും ഒന്നും ചെയ്യാനാവില്ല എന്ന് കരുതിയിരുന്ന ഒരു കോട്ടയുടെ പ്രവേശനകവാടമാണ് ഇടിച്ചുനിരത്തപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്‍െറ വാര്‍ത്തസമ്മേളനത്തിലെ വാക്കുകള്‍ അപ്രസക്തമാക്കിയും അദ്ദേഹത്തെ തന്നെ ഇക്കാര്യത്തില്‍ അസംഗതനാക്കിയും മറ്റും നിയമനടപടികളുമായി റവന്യൂമന്ത്രി മുന്നോട്ടു പോവുകയാണ്. ഖരമായതെല്ലാം വായുവില്‍ ഉരുകിച്ചേരുമെന്നും പരിശുദ്ധമായതെല്ലാം നിന്ദിക്കപ്പെടുമെന്നും മാര്‍ക്സ് പറഞ്ഞത് വെറുതെയല്ല.

എന്നാല്‍, ഈ സംഭവത്തില്‍നിന്ന് ആരും ഒന്നും ഗൗരവമായി പഠിച്ചിട്ടില്ല എന്ന് സംശയിക്കാന്‍ തോന്നുന്ന വിധമാണ് പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കാനുള്ള പരസ്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിസ്സാരമായ കരാര്‍ ജോലികള്‍ക്കും താല്‍ക്കാലിക നിയമനങ്ങള്‍ക്കുമൊക്കെ നടത്തുന്നതുപോലെ ഒരു തല്‍ക്ഷണ മുഖാമുഖത്തിനാണ് ‘യോഗ്യത’ ഉള്ളവരെ (അവ എന്താണ് എന്ന് വ്യക്തമാക്കുക കൂടി ചെയ്യാതെ) വെറും രണ്ടാഴ്ചത്തെ കാലാവധി നല്‍കി മലയാളത്തില്‍ പ്രാദേശികമായ ഒരു പരസ്യത്തിലൂടെ ക്ഷണിച്ചിരിക്കുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. രാജ്യത്തെ നിയമപണ്ഡിതര്‍ക്കു യു.ജി.സി നിര്‍ദേശിച്ച യോഗ്യതകളുണ്ടെങ്കില്‍ അപേക്ഷിക്കാവുന്ന തസ്തികയിലേക്കാണ് ഇത്തരത്തില്‍ ഏറ്റവും നിരുത്തരവാദപരമായി അപേക്ഷകരെ ക്ഷണിക്കുന്നത്.

യൂനിവേഴ്സിറ്റിയാവട്ടെ, സര്‍ക്കാറാവട്ടെ ഇത് കണ്ടില്ളെന്നു നടിക്കുകയാണ്. എം.എക്കു 55 ശതമാനം മാര്‍ക്കും പിഎച്ച്.ഡിയും അസോസിയേറ്റ് പ്രഫസറോ പ്രഫസറോ ആയി 15  വര്‍ഷത്തെ പ്രവൃത്തിപരിചയവും യു.ജി.സിയുടെ നിശ്ചിത അക്കാദമിക് പെര്‍ഫോമന്‍സ് സ്കോറുകളും ഉള്ള വ്യക്തികള്‍ക്ക് മാത്രം അപേക്ഷിക്കാന്‍ കഴിയുന്ന ഒരു തസ്തികയിലേക്കുള്ള നിയമനത്തിനാണ് ഇത്രയും അലംഭാവപൂര്‍ണമായ സമീപനം കൈക്കൊണ്ടത് എന്നത് തീര്‍ച്ചയായും നടുക്കമുണ്ടാക്കുന്നു. വിദ്യാര്‍ഥികളെ പഠിക്കാന്‍ വിട്ട്, ഈ സമരം കൂടുതല്‍ ശക്തിയായി പൊതുസമൂഹം ഏറ്റെടുക്കേണ്ടി വരും എന്നതിന്‍െറ സൂചന കൂടിയാണിത് എന്ന് പറയേണ്ടിയിരിക്കുന്നു.

 

Tags:    
News Summary - melting the solid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.