പുറവാസികളും ഗള്‍ഫും മറക്കില്ല, ഈ മനുഷ്യനെ

ഡല്‍ഹി ഫിറോസ് ഷാ റോഡിലെ 18ാം നമ്പര്‍ വസതി. എം.പിയായിരിക്കെ, ഏറെക്കാലം ഇ. അഹമ്മദിന്‍െറ താമസകേന്ദ്രം. വസതിക്കു മുന്നിലെ ഒൗട്ട്ഹൗസിലായിരുന്നു അക്കാലത്ത് ചന്ദ്രികയുടെ ഓഫിസ്. പ്രിയസുഹൃത്ത് മുഹമ്മദ് കുട്ടിയായിരുന്നു പത്രത്തിന്‍െറ ഡല്‍ഹി ലേഖകന്‍. പല ദിവസങ്ങളിലും മുഹമ്മദ് കുട്ടിയെ കാണാനും കൂടെ കറങ്ങാനും ഇവിടെയത്തെും. അങ്ങനെ എളുപ്പത്തില്‍ അഹമ്മദുമായും ഏറ്റവും നല്ല ബന്ധം. തൊട്ടപ്പുറം ബല്‍വന്ത് റായ് മത്തേ ലൈനിലാണ് ഇബ്രാഹിം സുലൈമാന്‍ സേട്ടിന്‍െറ വസതി. ശരിക്കും ഒരു വിളിപ്പാടകലെ.

ബാബരി മസ്ജിദ് തകര്‍ച്ചയത്തെുടര്‍ന്ന് ലീഗ് രാഷ്ട്രീയം പ്രക്ഷുബ്ധമായ നാളുകള്‍. ഡല്‍ഹിയിലെ ഈ ഇരുവസതികളും ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകരുടെ പ്രധാന കേന്ദ്രങ്ങളായി മാറിയത് സ്വാഭാവികം. സത്യത്തില്‍ അന്നുമെന്നും സേട്ടിനോടായിരുന്നു കൂടുതലടുപ്പം. അത് അഹമ്മദിനും അറിയാമായിരുന്ന സത്യം. അതുകൊണ്ട് കാണുമ്പോഴൊക്കെ അദ്ദേഹം പകുതി കാര്യമായും പകുതി തമാശയായും പറയും ‘‘അയാള്‍ നല്ളൊരു മനുഷ്യനാണ്. കൂടെയുള്ളവരുടെ വലയില്‍ വീഴരുതെന്ന് നിങ്ങളൊക്കെ ഒന്ന് പറഞ്ഞു കൊടുക്കണം പ്ളീസ്’’.

വിയോജിപ്പുകള്‍ മറച്ചുപിടിക്കുന്ന പ്രകൃതമായിരുന്നില്ല അഹമ്മദിന്‍േറത്. ചിലപ്പോഴൊക്കെ പരുഷമായിത്തന്നെ അത് പ്രകടിപ്പിക്കും. അതാകട്ടെ, ഏകപക്ഷീയമായിരിക്കണമെന്ന വാശിയൊന്നുമില്ല. നമുക്കും എതിര്‍പ്പുകള്‍ തുറന്നു പ്രകടിപ്പിക്കാം. റാവു മന്ത്രിസഭ ലോക്സഭയില്‍ വിശ്വാസവോട്ട് നേടിയ ഘട്ടത്തില്‍ അഹമ്മദാണ് ആദ്യം അഭിനന്ദിക്കാനത്തെിയത് എന്ന വാര്‍ത്ത കൗതുകകോളത്തില്‍ നല്‍കിയപ്പോള്‍ അദ്ദേഹം കൂടുതല്‍ ക്ഷുഭിതനായി. പിന്നീട് ദിവസങ്ങള്‍ കഴിഞ്ഞിരിക്കില്ല. കണ്ടപ്പോള്‍ അതേക്കുറിച്ചൊന്നും ചോദിച്ചതുപോലുമില്ല. വലിയൊരു ക്ഷോഭം പ്രതീക്ഷിച്ചിരുന്ന എനിക്കാണ് തെറ്റിയത്. കലഹത്തിനിടയിലും സൗഹൃദം തകരാതെ കാത്തതിന്‍െറ ക്രെഡിറ്റും അദ്ദേഹത്തിനുതന്നെ സ്വന്തം.

പലപ്പോഴും തോന്നിയിട്ടുണ്ട്, ഒരു മാധ്യമപ്രവര്‍ത്തകന്‍െറ മനസ്സുള്ളതു കൊണ്ടാകും എതിര്‍പ്പുകള്‍ക്കിടയിലും ഈ സ്നേഹം ബാക്കിനിര്‍ത്താന്‍ അഹമ്മദിന് കഴിഞ്ഞിരുന്നതെന്ന്. രാഷ്ട്രീയവിരോധം കത്തിനില്‍ക്കുമ്പോഴും ‘മാധ്യമം’ പത്രം സൂക്ഷ്മമായി വായിക്കാനും എതിര്‍പ്പ് മറയില്ലാതെ പ്രകടിപ്പിക്കാനും അദ്ദേഹം മറന്നില്ല. ചിലപ്പോള്‍ തിരുത്തല്‍ നടത്താന്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലക്ക് എന്നെയും പ്രേരിപ്പിച്ച സന്ദര്‍ഭങ്ങളുണ്ട്. അഹമ്മദും ഒരു ടെലിഫോണും ഉണ്ടെങ്കില്‍ ഡല്‍ഹിയില്‍ നടക്കാത്തതായി ഒന്നുമില്ളെന്ന് അക്കാലത്ത് ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ അടക്കംപറയുമായിരുന്നു. അത്രക്കും ശക്തമായിരുന്നു ആ ഇടപെടല്‍. സാധാരണ എം.പിയായിരിക്കെ തന്നെ പലവുരു അതിന് സാക്ഷിയായിട്ടുമുണ്ട്. ഗള്‍ഫ് മേഖലയില്‍നിന്നുള്ള പരാതികളായിരുന്നു അഹമ്മദിനെ തേടിവന്നതില്‍ കൂടുതലും. സഹായികളായി പറയത്തക്ക ആരുമില്ലാത്ത ഡല്‍ഹികാലം. പരാതികള്‍ നോട്ട് ചെയ്താലുടന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഗള്‍ഫ് സെല്ലിലെ നമ്പറിലേക്ക് വിളിപോകും.

‘‘ഇ. അഹമ്മദ് സ്പീക്കിങ്. മെംബര്‍ ഓഫ് പാര്‍ലമെന്‍റ്...’’
ആവശ്യത്തിന് ആ സ്വരത്തില്‍ ഏറ്റക്കുറച്ചില്‍ സംഭവിക്കും. അപ്പുറത്ത് ഉദ്യോഗസ്ഥന്‍ സാങ്കേതികതടസ്സം ഉന്നയിച്ചാല്‍ പിന്നെ രക്ഷയില്ല.
‘‘ഡോണ്ട് മേക്ക് എ സ്പീച്ച്. ഐ വാണ്ട് ഇമ്മീഡിയറ്റ് ആക്ഷന്‍’’
അര്‍ധോക്തിയില്‍ ഫോണ്‍ കട്ട് ചെയ്തെന്നിരിക്കും. നിരവധിതവണ അതിനും സാക്ഷി. പക്ഷേ, വൈകാതെ കാര്യം നടന്നിരിക്കും. അനുനയരീതിയല്ല, കമാന്‍ഡിങ് പവറാണ് ഉദ്യോഗസ്ഥരെ മെരുക്കാന്‍ ഉതകുകയെന്ന പാഠവും അഹമ്മദില്‍നിന്നാണ് ലഭിച്ചത്. എം.പിയുടെ ലെറ്റര്‍ഹെഡില്‍ വെറും കത്തുകളെഴുതി കാലം കഴിച്ചതുകൊണ്ടായില്ളെന്ന് പ്രയോഗതലത്തില്‍ തെളിയിക്കുക കൂടിയായിരുന്നു അഹമ്മദ്. ഗള്‍ഫ് എംബസികളിലും കോണ്‍സുലേറ്റുകളിലും അഹമ്മദിന്‍െറ ഫോണത്തൊത്ത ദിവസങ്ങള്‍ തന്നെയുണ്ടാകില്ല. അതിന്‍െറ ഗുണം കൂടുതല്‍ ലഭിച്ചത് ഗള്‍ഫിലെ പരേതര്‍ക്കായിരിക്കും. മയ്യിത്തുകള്‍ നാട്ടിലത്തെിക്കാന്‍ അത്രമാത്രം ഇടപെടലായിരുന്നു അദ്ദേഹം നടത്തിയത്.

എംബസി നമ്പറുകളിലേക്കാവും ആദ്യവിളി പോവുക. തുടര്‍ന്ന് സ്ഥലത്തെ കെ.എം.സി.സി നേതാക്കളെ വിളിച്ച് എംബസിയുമായി അവരെ ബന്ധിപ്പിക്കും. രണ്ടിടങ്ങളെയും ബന്ധിപ്പിക്കുക മാത്രമല്ല, മറുതലക്കല്‍ ജാഗ്രതയോടെ കാവലിരിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ നേതാവിന്‍െറ ചിത്രം. അതാണ് ഡല്‍ഹി വിടുന്ന 2002 വരെയും അഹമ്മദിനെക്കുറിച്ച് ഉള്ളിലുണ്ടായിരുന്നത്. പിന്നീട് മന്ത്രിപദവിയിലും അല്ലാതെയും പലതവണ അഹമ്മദ് ഗള്‍ഫില്‍ വന്നു. ഞാന്‍ തിരികെ വീണ്ടും ഡല്‍ഹിയിലത്തെി. അപ്പോഴൊക്കെ ലഭിച്ചു, പഴയ സൗഹൃദത്തിന്‍െറ ഊഷ്മളത നന്നായി തന്നെ. എല്ലാവരുമായും സ്വന്തം നിലപാടിലുറച്ച സൗഹൃദം, അതു തന്നെയായിരിക്കണം അഹമ്മദിന്‍െറ വിജയവും. വാജ്പേയി മന്ത്രിസഭയുടെ കാലത്ത് യു.എന്നില്‍ ഇന്ത്യക്കായി നിയോഗിക്കപ്പെട്ട ഘട്ടത്തില്‍ ഉള്ളിലെ നീരസം മറച്ചുവെച്ചില്ല. അതേക്കുറിച്ചും അഹമ്മദിന് പക്ഷേ, നിലപാടുണ്ടായിരുന്നു.

‘‘ഭരിക്കുന്നത് അവരാണോ ഇവരാണോ എന്ന് നോക്കേണ്ട കാര്യമില്ല. രാജ്യത്തിന്‍െറ ആളായി യു.എന്നില്‍ പ്രസംഗിക്കുക. ചെറിയ നേട്ടമല്ല ഇത്. ലീഗിന്‍െറ അസ്തിത്വം തന്നെ ചോദ്യം ചെയ്യുന്നവര്‍ക്ക് ഇതിലപ്പുറം എന്തു മറുപടിയാണ് എനിക്ക് നല്‍കാന്‍ കഴിയുക’’?
അറബ് ലോകവുമായി അടുപ്പം പുലര്‍ത്താനും ബന്ധം അരക്കിട്ടുറപ്പിക്കാനും കിട്ടിയ അവസരങ്ങളൊന്നും അഹമ്മദ് നഷ്ടപ്പെടുത്തിയില്ല. അതിന്‍െറ പ്രയോജനം നേര്‍ക്കുനേരെ ലഭിച്ചതാകട്ടെ, പുറവാസികള്‍ക്കും.

ഒരുപക്ഷേ, ഇന്ത്യ-അറബ് ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിച്ചതും അഹമ്മദ് തന്നെ. ഇന്ത്യയെ പ്രതിനിധാനം ചെയ്ത് ആറുതവണ യു.എന്നില്‍, നാലുതവണ അറബ് ലീഗില്‍, നാലുതവണ ജി 7 സമ്മേളനത്തില്‍. ലോകം ഒറ്റപ്പെടുത്തിയ ഘട്ടത്തില്‍ ഇറാനുമായി സംസാരിക്കാന്‍ പ്രധാനമന്ത്രി നിയോഗിച്ചതും അഹമ്മദിനെ. കേരളത്തില്‍നിന്നുള്ള മറ്റൊരു ജനപ്രതിനിധിക്കും ലഭിക്കാത്ത മികച്ച നേട്ടങ്ങള്‍. സൗദി ഭരണാധികാരികളുള്‍പ്പെടെ ഗള്‍ഫ് നേതാക്കളുമായൊക്കെ മികച്ച സൗഹൃദബന്ധം. അതിന്‍െറ പ്രയോജനം സാധാരണക്കാരായ എത്രയോ മനുഷ്യര്‍ക്കു കിട്ടി. ഇന്ത്യ-ഗള്‍ഫ് ബന്ധം കൂടുതല്‍ വികസിച്ച ഒരുഘട്ടം കൂടിയാണിത്.

തന്ത്രപ്രധാന തലത്തിലേക്കുപോലും ബന്ധം ചുവടുവെക്കുന്നതിന്‍െറ ആഹ്ളാദത്തിലാണ് ഇരു കൂട്ടരും. ഈ ബന്ധവികാസം രൂപപ്പെട്ടത് വെറുതെയല്ല. ഗൃഹപാഠവും പ്രായോഗിക നടപടിയും തന്നെയാണ് കാരണം. ഏതെങ്കിലുമൊരു ജനപ്രതിനിധിക്ക് ആ ക്രെഡിറ്റ് നല്‍കാന്‍ പറ്റുമോ? ഉണ്ടെങ്കില്‍ ഒരു പേര് മാത്രമേ അവിടെ കാണൂ, ഇ. അഹമ്മദ്.

Tags:    
News Summary - memories of former union ministe and muslim league leader e ahamed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.