സെൻറർ ഫോർ മീഡിയ സ്റ്റഡീസിെൻറ പഠനമനുസരിച്ച് 2014ലെ പൊതുതെരഞ്ഞെടുപ്പിൽ 500 കോടി ഡോളറാണ് ചെലവഴിച്ചത്. 2009ലെ തെരഞ്ഞെടുപ്പിന് ചെലവഴിച്ചത് 200 കോടി ഡോളറായിരുന്നു. 150 ശതമാനം വർധനയാണ് ഇത്. ഇത് സൂചിപ്പിക്കുന്നത് വൻ സാമ്പത്തിക പിൻബലമുള്ള പാർട്ടികൾക്കും വ്യക്തികൾക്കും മാത്രമേ തെരഞ്ഞെടുപ്പ് ജയിക്കാനാവൂ എന്നാണ്. രാഷ്ട്രീയക്കാർക്ക് സാമ്പത്തികസഹായത്തിന് വൻ കോർപറേറ്റ് ഭീമന്മാരെ ആശ്രയിക്കേണ്ടിവരുന്നു. പകരം അവർ രാഷ്ട്രീയക്കാരിൽനിന്ന് ഭീമമായ ഭരണകൂട ആനുകൂല്യങ്ങൾ പിന്നീട് നേടിയെടുക്കുന്നു. അങ്ങനെ അഴിമതിയുടെ ദൂഷിതവലയം രൂപംകൊള്ളുന്നു.
രാഷ്ട്രീയ പാർട്ടികളുടെ കേഡർ സ്വഭാവവും സംഘടനാരൂപവും നഷ്ടപ്പെടുകയും പാർട്ടികൾ വ്യക്തി, കുടുംബകേന്ദ്രീകൃതമോ ആവുകയും ചെയ്തതോടെ നേതാക്കൾ പാർട്ടി ഫണ്ടിനപ്പുറം സ്വകാര്യദാതാക്കളെ ആശ്രയിക്കാൻ തുടങ്ങി. ഇന്ത്യപോലുള്ള വികസ്വര രാജ്യങ്ങളിൽ തെരഞ്ഞെടുപ്പിലെ പണസ്വാധീനം നിയന്ത്രിക്കാൻ കാര്യക്ഷമമായ സംവിധാനങ്ങളില്ല. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമീഷൻ ലോകത്തിലെതന്നെ ഏറ്റവും ശക്തവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് നിയന്ത്രണ ഏജൻസിയാണെങ്കിലും രാഷ്ട്രീയ ധനകാര്യത്തിന് മൂക്കുകയറിടാൻ വേണ്ട ഭരണഘടനാപരവും നിയമപരവുമായ അധികാരങ്ങൾ അതിനില്ല.
ഇന്ത്യയിലെ രാഷ്ട്രീയ ധനകാര്യത്തെ ആഴത്തിൽ പരിശോധിക്കുന്ന ഒരു പഠനമാണ് ദേവേഷ് കപൂറും മിലാൻ വൈഷ്ണവും എഡിറ്റ് ചെയ്ത ‘കോസ്റ്റ്സ് ഓഫ് ഡെമോക്രസി: പൊളിറ്റിക്കൽ ഫിനാൻസ് ഇൻ ഇന്ത്യ’ (ഓക്സ്ഫഡ് യൂനിവേഴ്സിറ്റി പ്രസ്, 2018) എന്ന കൃതി. ഇന്ത്യയിലെ രാഷ്ട്രീയ ധനകാര്യത്തിെൻറ ഉറവിടം, തെരഞ്ഞെടുപ്പുകളെ പണം എങ്ങനെ സ്വാധീനിക്കുന്നു?, രാഷ്ട്രീയ ധനകാര്യത്തെ നിയന്ത്രിക്കുന്ന ഭരണപരവും നിയമപരവുമായ സംവിധാനം എന്തൊക്കെ?, ഭരണത്തിെൻറ വിവിധ തലങ്ങളിൽ പണം എങ്ങനെ സ്വാധീനം ചെലുത്തുന്നു? തുടങ്ങിയ വിഷയങ്ങളാണ് ഈ ലേഖനസമാഹാരത്തിൽ പഠനവിധേയമാക്കുന്നത്.
1952-1967 കാലത്ത് കോൺഗ്രസ് മേധാവിത്വത്തിെൻറയും ലൈസൻസ്രാജിെൻറയും കാലമായിരുന്നു. ഇന്ത്യയിൽ വൻകിട സമ്പന്നർ പാർട്ടി ഫണ്ടിങ് തുടങ്ങിയതും ഇക്കാലത്തുതന്നെ. 1969ൽ ഇന്ദിര ഗാന്ധി സർക്കാർ, കോർപറേറ്റുകൾ രാഷ്ട്രീയ പാർട്ടികൾക്ക് ഫണ്ട് നൽകുന്നത് നിരോധിച്ചു. ബിസിനസ് അനുകൂല നിലപാടെടുത്ത സ്വതന്ത്ര പാർട്ടി, ജനസംഘ് തുടങ്ങിയ പാർട്ടികൾക്ക് കോർപറേറ്റ് ഫണ്ടിങ് ലഭിക്കുന്നത് തടയാനായിരുന്നു ഈ നീക്കം. എന്നാൽ, ഇതിന് പകരമായി രാഷ്ട്രീയ പാർട്ടികൾക്ക് ഗവൺമെൻറ് ഫണ്ടിങ്ങോ സബ്സിഡികളോ അനുവദിച്ചതുമില്ല. ഇതോടെ രാഷ്ട്രീയ പാർട്ടികൾക്കുള്ള നിയമവിധേയമായ വരുമാനമാർഗം അടയുകയും കള്ളപ്പണത്തിെൻറ സ്വാധീനം കൂടുകയും ചെയ്തു.
1985ൽ രാജീവ് ഗാന്ധി ചില നിബന്ധനകൾക്കു വിധേയമായി കോർപറേറ്റ് ഫണ്ടിങ് വീണ്ടും അനുവദിച്ചു. കമ്പനികളുടെ ലാഭത്തിെൻറ അഞ്ചു ശതമാനം വരെ, അവയുടെ വാർഷിക റിപ്പോർട്ടിൽ വെളിപ്പെടുത്തി, രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവനയായി നൽകാം എന്ന നിയമം വന്നു. എന്നാൽ, പരസ്യമായി സംഭാവന നൽകാതെ അധികാരത്തിലിരിക്കുന്ന സർക്കാറിൽനിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങൾക്ക് പകരമായി സംഭാവന നൽകുന്ന ഇടപാടാണ് കമ്പനികൾ പിന്തുടർന്നത്.1975ൽ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്ത് രാഷ്ട്രീയ പാർട്ടികളും സ്വതന്ത്ര പിന്തുണക്കാരും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെലവഴിക്കുന്ന പണം, സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് ചെലവിൽ ഉൾക്കൊള്ളില്ല എന്ന നിയമം കൊണ്ടുവന്നു. ഇതോടെ നിയമപ്രകാരമുള്ള തെരഞ്ഞടുപ്പ് ചെലവ് നിയന്ത്രണം അട്ടിമറിക്കപ്പെട്ടു. തെരെഞ്ഞടുപ്പിൽ സമ്പന്നവർഗത്തിെൻറയും കള്ളപ്പണത്തിെൻറയും സ്വാധീനം കൂടുകയും ചെയ്തു.
1996ൽ കോമൺ കോസ് കേസിൽ രാഷ്ട്രീയ പാർട്ടികളോട് വാർഷിക വരുമാന നികുതി റിട്ടേണും സ്വത്ത് നികുതി റിട്ടേണും സമർപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. എന്നാൽ, സ്വതന്ത്ര ഓഡിറ്റർമാരല്ല ഈ റിട്ടേണുകൾ ഓഡിറ്റ് ചെയ്യുന്നത്.
1998ലെ ഇന്ദ്രജിത് ഗുപ്ത കമീഷൻ റിപ്പോർട്ട് ഇന്ത്യൻ തെരഞ്ഞെടുപ്പിലെ പണസ്വാധീനം കുറക്കാൻ സ്റ്റേറ്റ് ഫണ്ടിങ് എന്ന ആശയം മുന്നോട്ടുവെച്ചു. സർക്കാർ റേഡിയോ, ടി.വി ചാനലുകളിൽ സൗജന്യമായി പ്രചാരണം, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വാഹന ഇന്ധനം, പ്രചാരണസാമഗ്രികൾ എന്നിവ ഗവൺമെൻറ് സൗജന്യമായി നൽകുക എന്നീ നിർദേശങ്ങളാണ് ഇന്ദ്രജിത് ഗുപ്ത കമീഷൻ മുന്നോട്ടുവെച്ചത്. തെരഞ്ഞെടുപ്പ് കമീഷന് ഓഡിറ്റഡ് അക്കൗണ്ടുകൾ സമർപ്പിക്കാത്ത പാർട്ടികൾക്ക് സ്റ്റേറ്റ് ഫണ്ടിങ് നൽകരുതെന്നും കമീഷൻ നിർദേശിച്ചു. പതിനായിരത്തിനു മുകളിലുള്ള എല്ലാ സംഭാവനകളും ചെക്ക്/ഡി.ഡി വഴിയേ സ്വീകരിക്കാവൂ എന്നും നിർദേശിച്ചു. ലോ കമീഷെൻറ 170ാമത് റിപ്പോർട്ടിൽ സാമ്പത്തിക സുതാര്യതയും ഉൾപ്പാർട്ടി ജനാധിപത്യവും ഇല്ലാത്ത പാർട്ടികൾക്ക് തെരഞ്ഞെടുപ്പിനുള്ള സ്റ്റേറ്റ് ഫണ്ടിങ് അനുവദിക്കരുതെന്നും ശിപാർശ ചെയ്തു. എന്നാൽ, തെരെഞ്ഞടുപ്പിന് സ്റ്റേറ്റ് ഫണ്ടിങ് എന്ന ആശയം ഇപ്പോഴും ഗൗരവമായി പരിഗണിക്കപ്പെട്ടിട്ടില്ല.
2003ലെ ഇലക്ഷൻ ആൻഡ് അദർ റിലേറ്റഡ് ലോസ് അമെൻഡ്മെൻറ് ആക്ട് അനുസരിച്ച് രാഷ്ട്രീയ പാർട്ടികൾക്കുള്ള വ്യക്തിപരമായ സംഭാവനകൾക്ക് ഇൻകം ടാക്സ് ഇളവ് അനുവദിച്ചു. ഇത് പരസ്യമായ സംഭാവനകൾക്ക് പ്രോത്സാഹനമാകുകയും സുതാര്യത വർധിപ്പിക്കുകയും ചെയ്തു. 20,000 രൂപയിൽ കൂടുതൽ സംഭാവന ചെയ്യുന്നവരുടെ പട്ടിക ഇലക്ഷൻ കമീഷന് ഓരോ വർഷവും പാർട്ടികൾ സമർപ്പിക്കണമെന്നും വ്യവസ്ഥ ചെയ്തു. എന്നാൽ, ദേശീയ-സംസ്ഥാന പാർട്ടികൾ സ്വീകരിക്കുന്ന സംഭാവനയുടെ 75 ശതമാനവും 20,000 രൂപയിൽ കുറഞ്ഞ പേരു വെളിപ്പെടുത്താത്ത വ്യക്തികളുടെ വകയാണ്.
ഇൻകം ടാക്സ് ആക്ടിെൻറ 13 എ വകുപ്പ് പ്രകാരം രാഷ്ട്രീയ പാർട്ടികൾക്ക് ആദായനികുതി നൽകേണ്ടതില്ല. 2017ലെ ഫിനാൻസ് ആക്ട് അനുസരിച്ച് കമ്പനികൾക്ക് അവയുടെ ലാഭത്തിെൻറ 7.5 ശതമാനം മാത്രമേ രാഷ്ട്രീയസംഭാവന നൽകാവൂ എന്ന നിയന്ത്രണം എടുത്തുകളഞ്ഞു. കമ്പനികൾ വാർഷിക റിപ്പോർട്ടിൽ അവയുടെ രാഷ്ട്രീയസംഭാവനകൾ വെളിപ്പെടുത്തണം എന്ന വ്യവസ്ഥയും റദ്ദാക്കി. ഈ രണ്ടു നടപടിയും കോർപറേറ്റുകൾക്ക് രാഷ്ട്രീയരംഗത്ത് കൂടുതൽ സ്വാധീനം ചെലുത്തുന്നതിന് സഹായിക്കുന്നു.
രാഷ്ട്രീയ പാർട്ടികൾ വാർഷിക അക്കൗണ്ടുകൾ വരുമാന നികുതി വകുപ്പിന് നൽകണം എന്ന് നിയമമുണ്ടെങ്കിലും അവയെ സ്വതന്ത്രമായി ഓഡിറ്റ് ചെയ്യാനുള്ള സംവിധാനമില്ല. മാത്രമല്ല, യഥാസമയം അക്കൗണ്ടുകൾ സമർപ്പിക്കാൻ വീഴ്ചവരുത്തിയാൽ ശിക്ഷിക്കാനും വ്യവസ്ഥയില്ല. 2013ൽ കേന്ദ്ര വിവരാവകാശ കമീഷൻ, ദേശീയ പാർട്ടികൾ വിവരാവകാശ നിയമത്തിെൻറ പരിധിയിൽ വരും എന്ന് വിധിച്ചെങ്കിലും പാർട്ടികൾ അവയുടെ സാമ്പത്തിക ഇടപാടുകൾ പൊതുജനത്തിനോട് വെളിപ്പെടുത്താൻ ഇപ്പോഴും തയാറായിട്ടില്ല. ഫോറിൻ കോൺട്രിബ്യൂഷൻ (റെഗുലേഷൻ) ആക്ടിൽ 2016ൽ കൊണ്ടുവന്ന ഭേദഗതി പ്രകാരം ഇന്ത്യൻ കമ്പനികളിൽ ഓഹരിയുള്ള വിദേശകമ്പനികൾക്ക് പേരു വെളിപ്പെടുത്താതെ അപരിമിതമായ തോതിൽ രാഷ്ട്രീയപാർട്ടികൾക്ക് സംഭാവന നൽകാൻ അനുമതി നൽകി. ഇന്ത്യൻ രാഷ്ട്രീയത്തിൽ യഥേഷ്ടം ഇടപെടാൻ വിദേശ കോർപറേറ്റ് ഭീമന്മാർക്ക് ഇത് അവസരം നൽകും.
ഇലക്ടറൽ ബോണ്ട് എന്ന ആശയം 2017ലെ ഫിനാൻസ് ആക്ടിലാണ് അവതരിച്ചത്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് ഇലക്ടറൽ ബോണ്ട് സ്കീമിനെതിരെ സുപ്രീംകോടതിയെ സമീപിക്കുകയുണ്ടായി. രാഷ്ട്രീയത്തിലെ കള്ളപ്പണസ്വാധീനം കുറക്കുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന ഈ ആശയം പക്ഷേ, അതാര്യതക്കും അഴിമതിക്കുമാണ് കാരണമാവുക. രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാനുള്ള കടപ്പത്രങ്ങളാണ് ഇലക്ടറൽ ബോണ്ടുകൾ. പാർട്ടികൾക്ക് സംഭാവന നൽകാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക ശാഖകളിൽനിന്നു നിശ്ചിത തുകക്കുള്ള ഇലക‌്ടറല്‍ ബോണ്ടുകൾ വാങ്ങാം. ഇലക്ടറൽ ബോണ്ടുകൾ ആരാണ് വാങ്ങുന്നത് എന്ന് ജനങ്ങൾക്ക് അറിയാൻ കഴിയില്ല; എന്നാൽ, കേന്ദ്ര സർക്കാറിന് സംഭാവന നൽകുന്നയാളുടെ എല്ലാ വിവരങ്ങളും ലഭിക്കും.
പ്രതിപക്ഷ പാർട്ടികൾക്ക് സംഭാവന നൽകുന്നവരെ പീഡിപ്പിക്കാനും ഭരണകക്ഷിക്ക് സംഭാവന നൽകുന്നവരെ സഹായിക്കാനും ഇതുവഴി ഭരണകൂടത്തിന് സാധിക്കും. കോർപറേറ്റ് ഭീമന്മാരിൽനിന്ന് രാഷ്ട്രീയ പാർട്ടികൾക്ക് വലിയ തുകകൾ സ്വീകരിക്കാനുള്ള സംവിധാനമാണ് ഇലക്ടറൽ ബോണ്ട്. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമീഷൻ രംഗത്തെത്തിയിരുന്നു. സംഭാവന ചെയ്യുന്നവരുടെ വിവരങ്ങൾ സുതാര്യതക്കായി പുറത്തുവിടണമെന്നാണ് ഇലക്ഷൻ കമീഷൻ നിലപാട്. എന്നാൽ, രാഷ്ട്രീയ പാർട്ടികളുടെ സാമ്പത്തിക ഉറവിടം ജനങ്ങൾ അറിയേണ്ടതില്ല എന്ന ധിക്കാരപരമായ നിലപാടാണ് സുപ്രീംകോടതിയിൽ കേന്ദ്ര സർക്കാർ സ്വീകരിച്ചത്. ഇതുകൂടി പരിഗണിച്ചാണ് രാഷ്ട്രീയ പാർട്ടികൾ ഇലക്ടറൽ ബോണ്ടുകൾ വഴി വരുന്ന പണത്തിെൻറ വിശദാംശങ്ങൾ മുദ്രെവച്ച കവറിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിക്കണമെന്ന് സുപ്രീംകോടതി ഈയിടെ ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.