എം.പി ഫണ്ടുകളുടെ വിനിയോഗത്തിൽ വ്യാപക ക്രമക്കേടുണ്ടെന്ന ആരോപണം പുതിയതല്ല. ശക്തമായ നടപടികൾ അതിനുവേണമെന്ന് പല സമിതികളും ആവശ്യപ്പെെട്ടങ്കിലും ഒന്നും നടപ്പായില്ല. ഇപ്പോൾ കേന്ദ്ര വിവരാവകാശ കമീഷനും ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാറിന് നിർദേശം നൽകിയിരിക്കുന്നു. എം.പിമാർക്ക് പ്രാദേശിക വികസന ഫണ്ട് എന്നപേരിൽ നൽകുന്ന തുക നിയമപ്രകാരം വിനിയോഗിക്കുന്നുവെന്ന് പരിശോധിക്കാൻ സുതാര്യവും പ്രതിബദ്ധതയുമുള്ള സംവിധാനം ഏർപ്പെടുത്തണമെന്ന് കേന്ദ്ര വിവരാവകാശ കമീഷണർ ഡോ. എം. ശ്രീധർ ആചാര്യാലു രാജ്യസഭ ചെയർമാനും ലോക്സഭ സ്പീക്കർക്കും നിർദേശം നൽകിയിട്ടുണ്ട്.അഞ്ചു കോടിയാണ് പ്രതിവർഷം ഒാരോ എം.പിക്കും പ്രാദേശിക വികസന ഫണ്ടായി നൽകുന്നത്. എം.പി ഫണ്ടിെൻറ വിനിയോഗത്തെക്കുറിച്ച് ആർ.ടി.െഎ നിയമപ്രകാരം ആവശ്യപ്പെട്ട രണ്ടുപേരുടെ അപ്പീൽ ഹരജി തീർപ്പാക്കിയാണ് കമീഷൻ സാധാരണമല്ലാത്ത ഇൗ ഉത്തരവ് പുറപ്പെടുവിച്ചത്. എം.പി ഫണ്ട് വിനിയോഗത്തിനായി ചുമതലപ്പെടുത്തിയ മന്ത്രാലയവും പൂർണമായ വിവരങ്ങൾ സൂക്ഷിക്കുന്നില്ല. ഫണ്ട് വിനിയോഗത്തിൽ നിരവധി ക്രമക്കേടുകൾ പുറത്തുവന്ന ഇൗ സാഹചര്യത്തിലാണ് സുതാര്യവും കാര്യക്ഷമവുമായ എം.പി ഫണ്ട് വിനിയോഗത്തിന് കമീഷൻ ശിപാർശകൾ സമർപ്പിച്ചത്.
എം.പി ഫണ്ട് മുഖേന നിർമിച്ചതെന്ന് അവകാശപ്പെട്ട പല നിർമിതികളും കണ്ടെത്താൻ കഴിഞ്ഞില്ല.
സ്വകാര്യ സ്ഥാപനങ്ങൾക്കും ഫണ്ട് വിനിയോഗിച്ചുവെന്ന് വെളിവായി.
അംഗീകാരമില്ലാത്ത ഏജൻസികൾക്ക് ഫണ്ട് നൽകി.
സ്വകാര്യ ട്രസ്റ്റുകൾക്കും ഫണ്ട് വകമാറ്റി നൽകി.
എം.പിക്കും അദ്ദേഹത്തിെൻറ അടുത്ത ബന്ധുക്കൾക്കും പ്രയോജനപ്പെടുന്ന പദ്ധതികളാണ് ശിപാർശ ചെയ്യപ്പെട്ടത്.
ഇൗ വസ്തുതകളുടെ വെളിച്ചത്തിലാണ് കമീഷൻ ശിപാർശകൾ നൽകിയത്.
1. എം.പിമാരുടെ ഫണ്ട് വിനിയോഗത്തെ സംബന്ധിച്ച സമഗ്രമായ വിവരങ്ങൾ ഒൗദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം.
2. 12,000 കോടിയാണ് വിവിധ എം.പിമാരുടെ പ്രാദേശിക വികസന ഫണ്ടിൽ ഇനിയും ചെലവഴിക്കാനുള്ളതെന്ന് രേഖകളിൽനിന്ന് വ്യക്തമാക്കപ്പെട്ടു. ഇൗ സാഹചര്യത്തിലാണ് പാർലമെൻററി നിയോജക മണ്ഡലവും ഗുണഭോക്താക്കളുടെ വിശദാംശങ്ങളും ചെയ്ത വർക്കുകളുടെ വിവരങ്ങളും ഫണ്ട് വിനിയോഗത്തിൽ വന്ന കാലവിളംബത്തിനുള്ള കാരണവും വ്യക്തമാക്കി സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് നിർദേശിച്ചത്.
വിവരാവകാശ നിയമത്തിലെ 4 (1) (b) വകുപ്പ് പ്രകാരം സ്വേമധയാ പ്രസിദ്ധീകരിക്കേണ്ട വിവരമാണിതെന്ന് കമീഷൻ വിലയിരുത്തി. ഇൗ വ്യവസ്ഥ നടപ്പാക്കാത്തതിലൂടെ ഗുരുതര വീഴ്ചയാണ് സർക്കാർ കാണിച്ചതെന്ന് കമീഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടി.
രാജ്യത്തെ നിയമനിർമാതാക്കൾ അവരുടെ ഫണ്ട് വിനിയോഗം കാര്യക്ഷമമാക്കാൻ നിയമം നിർമിക്കാത്തത് സങ്കടകരമാണെന്ന് കമീഷൻ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ഭരണഘടന പ്രകാരം രൂപവത്കരിക്കപ്പെട്ട ‘പാർലമെൻററി പാർട്ടി’ വിവരാവകാശ നിയമപ്രകാരം ‘പൊതുഅധികാരി’യാണെന്നും കമീഷൻ ഉത്തരവിൽ നിരീക്ഷിച്ചു. ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നടപടിക്രമങ്ങളിലൂടെയാണ് രാഷ്ട്രീയ പാർട്ടികളുടെ പാർലമെൻററി ബോർഡ് രൂപവത്കരിച്ചതെന്നും അതിനാൽ വിവരാവകാശ നിയമത്തിെൻറ പരിധിയിൽ വരുമെന്നും കമീഷൻ ചൂണ്ടിക്കാട്ടി. ഇൗ ഉത്തരവിൽ എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം അക്കാര്യം കമീഷനെ അറിയിക്കാനും നിർദേശിച്ചിട്ടുണ്ട്.
വിവിധ വ രാഷ്ട്രീയ പാർട്ടികളെ ചൊടിപ്പിക്കാൻ കമീഷെൻറ ഇൗ ഉത്തരവിന് കഴിഞ്ഞിട്ടുണ്ടെന്നത് നേരാണ്. പക്ഷേ, ആരും പരസ്യമായി ഇതുവരെയും പ്രതികരിച്ചിട്ടില്ല. പാപംചെയ്യാത്ത രാഷ്ട്രീയ കക്ഷികളില്ലാത്തതിനാൽ ആരും പരസ്യമായി കമീഷനെ കല്ലെറിയുന്നുമില്ല. ഇൗ ഉത്തരവിനെ അവഗണിക്കാനാണ് കൂട്ടായെടുത്ത തീരുമാനം. ചുരുക്കത്തിൽ ഇൗ ‘പ്രാദേശിക വികസന അഴിമതി’ അങ്ങനെ തന്നെ തുടരുകയും ചെയ്യും. ജനപ്രതിനിധികൾ പെങ്കടുത്ത കല്യാണത്തിെൻറയും പുലകുളി അടിയന്തരത്തിെൻറയും മരണവീടിെൻറയും കണക്കാണ് വോട്ട് ചെയ്യാൻ നാം ഇനിയും മാനദണ്ഡമാക്കുന്നത് എങ്കിൽ നമ്മുടെ നാട് രക്ഷപ്പെടാൻ വിദൂര സാധ്യതപോലും കാണുന്നില്ല.
ഉത്തരക്കടലാസുകൾ കാണൽ വിദ്യാർഥികളുടെ അവകാശം
സമർഥരായ നിരവധി വിദ്യാർഥികളുടെയും ഉദ്യോഗാർഥികളുടെയും ഭാവി അവതാളത്തിലാക്കിയിട്ടുണ്ട് ഉത്തരക്കടലാസ് മൂല്യനിർണയത്തിലെ അപാകതകൾ. ഇതിെൻറ പേരിൽ ജീവിതംതന്നെ അവസാനിപ്പിച്ചവരുമുണ്ട്.
പുനർ മൂല്യനിർണയമെന്ന മുട്ടുശാന്തി പലപ്പോഴും ഫലശൂന്യമാകുന്നു. സപ്ലിമെൻററി പരീക്ഷ എഴുതി പാസായാലും പുനർ മൂല്യനിർണയത്തിെൻറ ഫലം അറിയാനുള്ള ഭാഗ്യം പലപ്പോഴും വിദ്യാഥികൾക്ക് ലഭിക്കാറുമില്ല. ഇൗ വിഷമവൃത്തത്തിൽനിന്ന് നമ്മുടെ വിദ്യാർഥികളെ മോചിപ്പിച്ചുകൊണ്ട് പരീക്ഷ സമ്പ്രദായത്തിെൻറ വിശ്വാസ്യത കാത്തുസൂക്ഷിക്കേണ്ട കാലം അനിവാര്യമായിരിക്കുന്നു. മൂല്യനിർണയം നടത്തിയ ഉത്തരക്കടലാസിെൻറ പകർപ്പ് വിവരാവകാശ നിയമപ്രകാരം വിദ്യാർഥിക്ക് നൽകണമെന്ന സുപ്രീംകോടതി വിധിയുണ്ടായിട്ടും ഡൽഹി സർവകലാശാല വിദ്യാർഥിയെ വീണ്ടും അഗ്നിപരീക്ഷക്ക് വിധേയനാക്കി. കേന്ദ്ര വിവരാവകാശ കമീഷെൻറ ശക്തമായ ഇടപെടലോടെ അവസാനം അധികാരികൾ മുട്ടുമടക്കി. ഉത്തരക്കടലാസുകൾ കാണാൻ വിദ്യാർഥിയെ അനുവദിച്ചു.
ഡൽഹി സർവകലാശാലയിലെ നാലാം വർഷ നിയമവിദ്യാർഥി മോഹിത്കുമാറാണ് മൂല്യനിർണയം നടത്തിയ തെൻറ ഉത്തരക്കടലാസുകൾ ആർ.ടി.െഎ നിയമപ്രകാരം കാണണമെന്നാവശ്യപ്പെട്ട് സർവകലാശാലയെ സമീപിച്ചത്.
ഉത്തരക്കടലാസ് വിദ്യാർഥികൾക്ക് നൽകണമെന്ന കൊൽക്കത്ത ഹൈകോടതിയുടെ വിധിയെ ചോദ്യം ചെയ്ത് സി.ബി.എസ്.ഇ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളിക്കളഞ്ഞിരുന്നു. സി.ബി.എസ്.ഇയുടെ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷയെഴുതിയ രണ്ടു വിദ്യാർഥികളാണ് ചരിത്രപ്രധാനമായ ആ വിധിക്ക് കാരണമായത്. രാജ്യത്തെ പരമോന്നത കോടതിയുടെ തീർപ്പുണ്ടായിട്ടും ഉത്തരക്കടലാസ് പരിശോധിക്കാൻ വിദ്യാർഥിയെ അനുവദിക്കാതിരുന്ന സർവകലാശാലയുടെ പരീക്ഷ വിഭാഗത്തിെൻറ നടപടിയാണ് കേന്ദ്ര വിവരാവകാശ കമീഷൻ മുമ്പാകെ ചോദ്യം ചെയ്തത്.
വിദ്യാർഥികളുടെ ഭാവിയെയും ജീവിക്കാനുള്ള അവകാശത്തെയും ബാധിക്കുന്ന ഇൗ ആവശ്യത്തിന് വിശാലമായ പൊതുതാൽപര്യമുണ്ടെന്ന് വിവരാവകാശ കമീഷണറായ ബിമൽ ജുൽക്ക ഉത്തരവിൽ ചൂണ്ടിക്കാട്ടി. വിവരാവകാശ നിയമത്തെ സംബന്ധിച്ച നിയമവ്യാഖ്യാനങ്ങളിൽ രജതരേഖയാണ് ഇൗ വിധിന്യായം. സി.ബി.എസ്.ഇ മാത്രമല്ല സർവകലാശാലകൾ, പരീക്ഷ ബോർഡുകൾ, വകുപ്പുതല ടെസ്റ്റുകൾ നടത്തുന്ന സ്ഥാപനങ്ങൾ എന്നിവ ഇനി ഉത്തരക്കടലാസിെൻറ പകർപ്പ് വിവരാവകാശ നിയമപ്രകാരം നൽകണം. ഉത്തരക്കടലാസിെൻറ പകർപ്പ് പേജ് ഒന്നിന് രണ്ടുരൂപ നിരക്കിൽ വിദ്യാർഥികൾക്ക് നൽകണമെന്ന് സി.ബി.എസ്.ഇയുടെ കേസിൽ സുപ്രീംകോടതി നിർദേശിച്ചിരുന്നു.
എന്നാൽ, മറ്റൊരു കേസിൽ ഇൗ തർക്കം വീണ്ടും കോടതിയിലെത്തിയ സാഹചര്യത്തിൽ ഉത്തരക്കടലാസ് കാണാൻ അനുവദിക്കില്ലെന്ന സർവകലാശാലയുടെ കടുത്ത നിലപാട് യുക്തിസഹമല്ലെന്ന് കമീഷൻ വിലയിരുത്തി. വിദ്യാർഥി ഉത്തരക്കടലാസ് കാണുന്ന അവസരത്തിൽ അതിെൻറ േഫാേട്ടായെടുക്കാൻ സാധ്യതയുണ്ടെന്ന സർവകലാശാലയുടെ നിലപാടും കമീഷൻ നിരാകരിച്ചു. തുടർന്നാണ് 15 ദിവസത്തിനകം ഉത്തരക്കടലാസ് കാണുന്നതിന് വിദ്യാർഥിയെ അനുവദിക്കാൻ കമീഷൻ സർവകലാശാലക്ക് നിർദേശം നൽകിയത്. വിദ്യാർഥികൾക്കും രക്ഷാകർത്താക്കൾക്കും ഏറെ ആശ്വാസം പകരുന്നതാണ് ഇൗ വിധിന്യായം. തങ്ങളെഴുതിയ ഉത്തരക്കടലാസുകൾ പലചരക്കുസാധനങ്ങൾ പൊതിഞ്ഞ അവസ്ഥയിൽ കാണേണ്ടിവരുന്ന വിദ്യാർഥികളുടെ ദുരവസ്ഥക്ക് ഇനിയെങ്കിലും അറുതിവരുമെന്ന് പ്രത്യാശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.