? ലോക്സഭ തെരഞ്ഞെടുപ്പിൽ ജനങ്ങൾക്കു മുന്നിൽ കോൺഗ്രസ് വെക്കുന്ന പ്രധാന വിഷയം എന്താണ്.
അടിമുടി ഫാഷിസ്റ്റായ നരേന്ദ്ര മോദിയെ കേന്ദ്ര ഭരണത്തിൽനിന്ന് ഇറക്കിവിടുക എന്നതാണ് കോൺഗ്രസിെൻറ ഒന്നാമത്തെ അജണ്ട. മോദി പ്രധാനമന്ത്രി ആയത് രാജ്യചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണ്. ചരിത്രത്തിെൻറ യാദൃച്ഛികതയോ കൈത്തെറ്റോ ആണത്. ഞാനൊരു പ്രചാരകനാണ് എന്ന് ആവേശത്തോടെ വിളംബരം ചെയ്യുന്ന ആളാണ് മോദി. 2014ൽ ജനാധിപത്യ മതേതര ശക്തികളിലെ ശൈഥില്യം മുതലെടുത്താണ് മോദി അധികാരത്തിൽ വന്നത്. 31 ശതമാനം വോട്ടേ എൻ.ഡി.എക്കു കിട്ടിയിരുന്നുള്ളൂ. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു അത്. ഇന്ത്യയിലെ മുസ്ലിംകളും ദലിതരും മറ്റ് അധഃസ്ഥിതരും പറഞ്ഞറിയിക്കാനാവാത്ത ദയനീയാവസ്ഥയിലും വിഹ്വലതയിലുമാണ്. മോദിഭരണത്തിൽ കോർപറേറ്റുകൾ മാത്രമേ വളരുന്നുള്ളൂ. കർഷകർ ഇതുപോലെ ഗതികെട്ട കാലമില്ല. യുവാക്കൾ തൊഴിൽ കിട്ടാതെ ഇതുപോലെ അലഞ്ഞ കാലമില്ല. സാമ്പത്തിക വളർച്ചയിലേക്ക് കുതിച്ചുകൊണ്ടിരുന്ന രാജ്യം തകർന്നു തരിപ്പണമായി. മോദിയെ ഇറക്കിവിട്ടില്ലെങ്കിൽ രാജ്യം അപകടത്തിൽ എന്ന സന്ദേശമാണ് കോൺഗ്രസിനു നൽകാനുള്ളത്. മോദി വീണ്ടും വന്നാൽ ഭരണഘടന പിച്ചിച്ചീന്തും. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കും. മത ന്യൂനപക്ഷങ്ങൾക്കും ദലിതനും പിന്നാക്കക്കാരനും സ്ഥാനമില്ലാത്ത ഇന്ത്യയാണത്. ജർമനിയിലും ഇറ്റലിയിലും റഷ്യയിലും കണ്ടത് നമ്മളും കാണേണ്ടിവരും. കാരണം, നരേന്ദ്ര മോദി ആദ്യവും അവസാനവും ഫാഷിസ്റ്റാണ്.
? കേരളത്തിൽ ശക്തമായ ത്രികോണ മത്സരം ഇത്തവണ നടക്കുമെന്നു പൊതുവിൽപ്രചാരണം ഉണ്ടല്ലോ.
സി.പി.എമ്മാണ് ഇങ്ങനെ പ്രചരിപ്പിക്കുന്നത്. അവർ ആഗ്രഹിക്കുന്നതും അതാണ്. ബി. ജെ.പി വളർന്നാലും കുഴപ്പമില്ല, കോൺഗ്രസ് തളരണമെന്നാണ് അവരുടെ ആഗ്രഹം. കേരളത്തിന് അപ്പുറത്തെ ഇന്ത്യ അവർക്കു പ്രശ്നമല്ല. മതേതര ജനാധിപത്യ സഖ്യം അഖിലേന്ത്യതലത്തിൽ ഉണ്ടാക്കുന്നതിന് അവർ സഹകരിക്കുന്നില്ല. അവരുടെ പാർട്ടിയിൽ അഖിലേന്ത്യ നേതൃത്വത്തെ നിയന്ത്രിക്കുന്നത് കേരള ഘടകമാണ്. സീതാറാം യെച്ചൂരിയെ നിയന്ത്രിക്കുന്നത് പിണറായി വിജയനാണ്. യു.ഡി.എഫും എൽ.ഡി.എഫും തമ്മിലെ നേർക്കുനേരെ മത്സരമാണ് ഇവിടെ നടക്കാൻ പോകുന്നത്. അതിനിടയിൽ ബി.ജെ.പിക്ക് സ്ഥാനമില്ല. അവർക്ക് ഒരു സീറ്റ് പോലും കിട്ടാൻ പോകുന്നില്ല. കേരളത്തിൽ അവർക്ക് ലോക്സഭ അക്കൗണ്ട് തുറക്കാൻ കഴിയില്ല. അങ്ങനെ സംഭവിച്ചാൽ, ഇവിടെ മതേതര ശക്തികളുടെ മരണമണി മുഴങ്ങും.
? സി.പി.എമ്മിനെയും ബി.ജെ.പിയെയും അപേക്ഷിച്ച് ദുർബലമായ സംഘടന സംവിധാനമാണ് കോൺഗ്രസിേൻറത്. ഇതുവെച്ച് എങ്ങനെയാണ് ഫലപ്രദമായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുക.
സി.പി.എമ്മിനും ബി.ജെ.പിക്കും അഥവാ ആർ.എസ്.എസിനും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന സംഘടന സംവിധാനം ഉണ്ടെന്നത് അംഗീകരിക്കുന്നു. അതുമായി താരതമ്യം ചെയ്യുമ്പോൾ കോൺഗ്രസിന് പോരായ്മകളുണ്ട്. എന്നാൽ, ബഹുജന പിന്തുണയുള്ള പാർട്ടിയാണ് കോൺഗ്രസ്. ആർക്കും തടുത്തുനിർത്താൻ കഴിയാത്ത മഹാ പ്രവാഹമാണത്. താഴെത്തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി സംസ്ഥാനത്ത് 24,970 ബൂത്ത് കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചു. അത്രയും എണ്ണം സ്ത്രീകളെ വനിതാ വൈസ് പ്രസിഡൻറുമാരായി കൊണ്ടുവന്നു. പാർട്ടിയുടെ മുതിർന്ന നേതാക്കൾ ബൂത്തുകളിലേക്കു പോയി. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ മേൽഘടകങ്ങളിലും അഴിച്ചുപണി ഉണ്ടാകും.
? യു.ഡി.എഫിൽ കേരള കോൺഗ്രസും മുസ്ലിം ലീഗും മൂന്ന് സീറ്റുകൾ ചോദിക്കുന്നു എന്നതു വലിയ വാർത്താപ്രാധാന്യം നേടിയിട്ടുണ്ട്.
മീഡിയ ഉണ്ടാക്കുന്നതിനപ്പുറം ഒരു തർക്കവും യു.ഡി.എഫിലില്ല. ചർച്ചയിൽ പരിഹരിക്കാനാവാത്ത ഒരു പ്രശ്നവുമില്ല. കേരളത്തിലെ 20 സീറ്റുകളിലും ജയിക്കുക എന്നതിനാണ് മുൻഗണന.
? കെ.പി.സി.സി പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും അതല്ല, സുരക്ഷിത സീറ്റായ വയനാട്ടിലേക്ക് മാറുമെന്നും അഭ്യൂഹമുണ്ട്.
1984 മുതൽ പാർലമെൻറിൽ പോകുന്നയാളാണ് ഞാൻ. രണ്ടു തവണ മന്ത്രിയുമായി. ഡൽഹിയിൽ എെൻറ ഇന്നിങ്സ് അവസാനിച്ചു എന്നാണ് ഞാൻ കരുതുന്നത്. പാർട്ടി എനിക്ക് ജീവനാണ്. അവശേഷിക്കുന്ന കാലം പാർട്ടിയോടൊപ്പം, പ്രവർത്തകരോടൊപ്പം എന്നതാണ് തീരുമാനം. കേരളത്തിൽ പാർട്ടിയെ ശക്തമായ പ്രസ്ഥാനമായി വളർത്തിയെടുക്കണമെന്ന് ആഗ്രഹമുണ്ട്. മത്സരിക്കാൻ ഇല്ലെന്നു ഞാൻ ഹൈകമാൻഡിനെ അറിയിച്ചുകഴിഞ്ഞു. കേരളത്തിലെ 20 മണ്ഡലങ്ങളിലും ഈ തെരഞ്ഞെടുപ്പിൽ ഞാൻ ഉണ്ടാകും.
? ഗ്രൂപ്പുകൾ ഇപ്പോഴും സജീവമായ പാർട്ടിയാണ് കോൺഗ്രസ്. എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകാൻ കഴിയുമോ.
എല്ലാവരുടെയും പിന്തുണയോടെയാണ് ഞാൻ പ്രസിഡൻറ് പദം ഏറ്റെടുത്തത്. എല്ലാ നേതാക്കളുമായും എനിക്ക് ഹൃദയബന്ധമുണ്ട്. എ.കെ. ആൻറണി മുതൽ കെ.സി. വേണുഗോപാൽ വരെ ദേശീയ രാഷ്ട്രീയത്തിലുള്ളവർ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കെ. മുരളീധരൻ. ഇവരുമായെല്ലാം കൂടിയാലോചിച്ചാണ് തീരുമാനങ്ങൾ എടുക്കുന്നത്. കോൺഗ്രസ് പാർട്ടിക്ക് ഇനി ഒരു ആൾക്കൂട്ടമായി പോകാനാകില്ല. മുകളിൽ മുതൽ താഴെവരെ എല്ലാവർക്കും അച്ചടക്കം ബാധകമാണ്. പാർട്ടിയെ പ്രതിനിധാനംചെയ്ത് ചാനൽ ചർച്ചയിൽ പങ്കെടുക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ ഇടപെടുന്നവർക്കുമെല്ലാം പെരുമാറ്റച്ചട്ടം കൊണ്ടുവരും.
? ശബരിമല പ്രശ്നം കൈകാര്യം ചെയ്തതിൽ കോൺഗ്രസിനു വീഴ്ചപറ്റിയെന്നും പാർട്ടി നിലപാടിൽ വൈരുധ്യമുണ്ടെന്നും കേൾക്കുന്നു.
ബി.ജെ.പിയെപ്പോലെ ശബരിമലയെ സുവർണാവസരം ആയല്ല കോൺഗ്രസ് കണ്ടത്. ജനങ്ങളുടെ വിശ്വാസവുമായി കെട്ടുപിണഞ്ഞ ഒന്നാണത്. കോൺഗ്രസിൽ വിശ്വാസികളും വിശ്വാസം ഇല്ലാത്തവരുമുണ്ട്. ജവഹർലാൽ നെഹ്റു നിരീശ്വരവാദി ആയിരുന്നു. എന്നാൽ, ഇന്ത്യ ബഹുസ്വര സമൂഹമാണെന്നും അവിടെ ജനങ്ങളുടെ മൗലികമായ ആരാധനസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നുമാണ് നെഹ്റു പറഞ്ഞത്. ശബരിമല കേസിൽ സുപ്രീംകോടതി വിധി വന്നപ്പോൾ സർവകക്ഷിയോഗം വിളിക്കണമെന്നും റിവ്യൂ പെറ്റിഷൻ കൊടുക്കണമെന്നുമായിരുന്നു കോൺഗ്രസ് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ പിടിവാശിയും വൺമാൻ ഷോയുമാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചത്.
? ലിംഗസമത്വം എന്ന നിലപാടിൽനിന്ന് കോൺഗ്രസ് പിന്നോട്ടു പോയി എന്ന് ആക്ഷേപമുണ്ട്.
1928ൽ പയ്യന്നൂരിലെ ഒരു പൊതുയോഗത്തിൽ പ്രസംഗിക്കുമ്പോൾ നെഹ്റു ലിംഗസമത്വത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. സ്ത്രീകൾക്ക് എല്ലാ പ്രാമുഖ്യവും പദവികളും നൽകുന്ന പാർട്ടിയാണ് കോൺഗ്രസ്. ഇന്ത്യയിൽ വനിതാ മുഖ്യമന്ത്രിമാരെയും പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും സംഭാവന ചെയ്തത് കോൺഗ്രസാണ്. വ്യക്തിപരമായി ഞാനും ലിംഗസമത്വത്തിനു വേണ്ടി നിലകൊള്ളുന്ന ആളാണ്. എന്നാൽ, ജനങ്ങളുടെ ആരാധന, വിശ്വാസം തുടങ്ങിയവയിൽ ഒരു പകലോ രാത്രിയോകൊണ്ട് മാറ്റം അടിച്ചേൽപിക്കാനാവില്ല. വിശ്വാസത്തെ ഹനിക്കുന്ന നിലപാട് എടുക്കാൻ പാടില്ല എന്ന തീരുമാനം യു.ഡിഎഫ് ആലോചിച്ചെടുത്തതാണ്. ബി.ജെ.പിയും സി.പി.എമ്മും അതിെൻറ മറവിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് ചെയ്തത്.
? ശബരിമല പ്രശ്നം തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തൽ. നേരത്തേ എൽ.ഡി.എഫിനെ എതിർത്തുനിന്നവർ ഇപ്പോൾ അടുത്തു എന്ന് സി.പി.എമ്മും വിലയിരുത്തുന്നു. അപ്പോൾ നഷ്ടം കോൺഗ്രസിനല്ലേ.
കമ്യൂണിസ്റ്റ് നേതാവിെൻറ ജാതിരാഷ്ട്രീയക്കളിയാണ് ശബരിമല വിഷയത്തിൽ കണ്ടത്. മുഖ്യമന്ത്രി പിണറായി വിജയൻ അതിനെ സവർണ-അവർണ പോരാട്ടമായി വിശേഷിപ്പിച്ചു. അദ്ദേഹത്തിെൻറ വായിൽനിന്ന് വരാൻ പാടില്ലാത്തതായിരുന്നു അത്. ബി.ജെ.പിയുടെയും ആർ.എസ്.എസിെൻറയും മുതിർന്ന നേതാക്കൾ ഇപ്പോഴും ശബരിമല യുവതീപ്രവേശനത്തിന് അനുകൂലമാണ്. എന്നാൽ, പത്തു വോട്ടിനു വേണ്ടി അവർ രാഷ്ട്രീയം കളിക്കുകയാണ്. ഇതൊന്നും കേരളത്തിൽ ചെലവാകുന്നതല്ല. ഏറ്റവും വലിയ പരാജയമാണ് എൽ.ഡി.എഫിനെയും ബി.ജെ.പിയെയും കാത്തിരിക്കുന്നത്.
? പിണറായി സർക്കാർ മൂന്നു വർഷം പൂർത്തിയാക്കാൻ പോകുകയാണ്. സർക്കാറിെൻറ പ്രകടനത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്.
പ്രളയകാലത്ത് ഞങ്ങൾ സർക്കാറിന് പൂർണ പിന്തുണ നൽകി. മുഖ്യമന്ത്രിയുടെ കൂടെ പ്രതിപക്ഷ നേതാവ് ഹെലികോപ്ടറിൽ പോയത് ഞങ്ങളുടെ പാർട്ടിക്കാരിൽ ചിലരെ ക്ഷുഭിതരാക്കിയിരുന്നു. പാർട്ടി പറഞ്ഞിട്ടാണ് രമേശ് പോയത്. ദുരന്തം വരുമ്പോൾ രാഷ്ട്രീയമില്ല. എന്നാൽ, പ്രളയാനന്തരം സർക്കാർ ചെയ്യേണ്ടത് ഒന്നും ചെയ്തില്ല. വെറും വാചകമടി മാത്രമാണ് നടക്കുന്നത്.
നവകേരള നിർമാണം എന്ന് പറയുന്നതല്ലാതെ അതിെൻറ രൂപരേഖപോലും ഉണ്ടാക്കിയിട്ടില്ല. വീട് നഷ്ടപ്പെട്ടവർ, കൃഷി നശിച്ചവർ, ജീവിതമാർഗം നഷ്ടപ്പെട്ടവർ തുടങ്ങിയവരെ കരകയറ്റാൻ കഴിഞ്ഞിട്ടില്ല. ശബരിമല വിഷയം വലുതാക്കി ജനശ്രദ്ധ തിരിച്ചുവിടുകയാണ് മുഖ്യമന്ത്രി ചെയ്തത്. കേരളം കണ്ട ഏറ്റവും പരാജിതനായ മുഖ്യമന്ത്രി എന്നാണ് ചരിത്രം പിണറായി വിജയനെ രേഖപ്പെടുത്തുക. സർക്കാറിെൻറ നേട്ടം എന്താണെന്ന് അദ്ദേഹം പറയട്ടെ. നേർക്കുനേരെ സംവാദത്തിനു തയാറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.