മുരുകന് തെൻറ ജീവിതത്തിെൻറ അവസാന മണിക്കൂറുകൾ റോഡിലും ആംബുലൻസിലുമായി കഴിയേണ്ടിവന്നു. ക്രമേണ പ്രതിവർഷം റോഡപകടങ്ങളിൽ മരിച്ചുപോകുന്ന ആയിരക്കണക്കിന് ചെറുപ്പക്കാരുടെ പട്ടികയിെലാരാളായി അയാളും വിസ്മൃതിയിലേക്ക് മറയും. നമ്മുടെ ആശങ്കകളെയും സാമൂഹിക നിലപാടുകളിലെ ഇരട്ടത്താപ്പുകളെയും അടയാളപ്പെടുത്തിക്കളഞ്ഞു മുരുകൻ. അതിനാൽ ആ സംഭവം വ്യത്യസ്ത തലങ്ങളിൽ ചർച്ചചെയ്യേണ്ടതുണ്ട്. ദക്ഷിണാഫ്രിക്ക വിവേചനരഹിതമായ സാമൂഹികജീവിതം തുടങ്ങിയിട്ട് അധികനാളായിട്ടില്ല. ലോക ശരാശരിയുടെ ആറു മുതൽ എട്ട് ഇരട്ടിവരെയാണ് കൊലപാതകങ്ങളും മറ്റ് അക്രമങ്ങളും. ട്രാഫിക് മരണങ്ങളും ലോക ശരാശരിയെക്കാൾ രണ്ടിരട്ടിയെങ്കിലും- ഒരു ലക്ഷത്തിനു 39.7 എന്ന തോതിൽ. ഇത് രണ്ടായിരാമാണ്ടിൽ അയ്യായിരത്തി അഞ്ഞൂറോളം വരും. ജനസംഖ്യ 5.5 കോടിയുള്ള ദക്ഷിണാഫ്രിക്കയുടെ കഥയിങ്ങനെ.
കേരളത്തിെൻറ ജനസംഖ്യ ഇപ്പോൾ ഉദ്ദേശം 3.5 കോടി. ട്രാഫിക് മരണങ്ങൾ 2001ൽ 2674ഉം പരിക്കേറ്റവർ 49,675ഉം ആയിരുന്നു. 2016 ആയപ്പോഴേക്കും ഇത് യഥാക്രമം 4287ഉം, 44,108ഉം ആയി. കഴിഞ്ഞ 15 വർഷങ്ങളിൽ റോഡപകടങ്ങളുടെ എണ്ണത്തിലല്ല, ആഘാതത്തിലാണ് വർധനയുണ്ടായത്. 38,361 അപകടങ്ങൾ 2001ൽ റിപ്പോർട്ട് ചെയ്തപ്പോൾ 2016ൽ ഇത് 39,420 എന്ന ലഘു വർധനയിലൊതുങ്ങി. 2007 നുശേഷം പ്രതിദിനം പത്തിലധികം പേര് റോഡിൽ മരിക്കുന്നു. ജനസംഖ്യ കൂടി പരിഗണിച്ചാൽ കേരളത്തിെൻറ റോഡവസ്ഥ ദക്ഷിണാഫ്രിക്കക്കൊപ്പമോ അതിലും മോശമായോ ആണെന്ന് കാണാം. ഇത്തരത്തിലൊരു താരതമ്യത്തിനെന്ത് പ്രസക്തിയെന്ന് തോന്നാം. ദക്ഷിണാഫ്രിക്കയിൽ ഇതേക്കുറിച്ചു നിലവാരമുള്ള പഠനങ്ങളും തുടർ നടപടികളും ഉണ്ടാകുന്നുവെന്നതാണ് കാര്യം. റോസാന നോർമെൻറ പഠനത്തിലെ കണ്ടെത്തലുകൾ ഇവയാണ്: സുരക്ഷിതമല്ലാത്ത റോഡുകൾ, ട്രാഫിക് നിയമങ്ങൾ സുതാര്യമായി നടപ്പാക്കാനുള്ള വിമുഖത, യാത്രാക്രോധം (road rage), അക്രമോത്സുകമായ ഡ്രൈവിങ്, മദ്യപാനം. ഇവ പൂർണമായി നിർമാർജനം ചെയ്യാനാവുമെന്ന് കരുതേണ്ട. എന്നാൽ നിലവിലുള്ള അവസ്ഥയിൽനിന്ന് വളരെ മെച്ചപ്പെടുത്താനാകും, തീർച്ച.
ഇതിെൻറ പ്രാധാന്യം മനസ്സിലാക്കാൻ എളുപ്പമാർഗമുണ്ട്. ട്രാഫിക് പരിക്കുകളുടെയും മരണങ്ങളുടെയും കണക്കുകൾ സമാനമായ മറ്റ് അത്യാഹിതങ്ങളുമായി താരതമ്യം ചെയ്യുകയാണ് ഒരു മാർഗം. കാർഗിൽ യുദ്ധം പരിഗണിക്കുക: വളരെയധികം സന്നാഹവുമായാണ് രാജ്യം യുദ്ധം ചെയ്തത്. ഇന്ത്യൻ ഭാഗത്ത് മരണം 527ഉം പരിക്കുകൾ 1363ഉം ആയിരുന്നു. ഇപ്പോൾ ലോകത്ത് ഒട്ടുംതന്നെ സുരക്ഷിതമല്ലാത്ത ഇടമാണ് അഫ്ഗാനിസ്താൻ. അവിടെ യുദ്ധസാഹചര്യങ്ങൾ ആരംഭിച്ചത് 2001^02 കാലത്താണ്. യുദ്ധത്തിൽ പങ്കാളികളായ എല്ലാ രാജ്യങ്ങളുടെയും കൂട്ടുകെട്ടുകളുടെയും ആകെ മരണസംഖ്യ ഇതുവരെ 27,018 ആണെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇതേ കാലയളവിൽ നമ്മുടെ റോഡുകളിൽ പൊലിഞ്ഞത് 35000ൽ അധികം ജീവിതങ്ങളാണ്. ഏറ്റവും കുറഞ്ഞത് നമ്മുടെ റോഡുകൾ യുദ്ധസമാന ഭീഷണിയാണ് നേരിടുന്നത് എന്നെങ്കിലും പറയേണ്ടിവരും.
ഹാർഡ് കാസ്ൽ എഴുതിയ ദക്ഷിണാഫ്രിക്കൻ ട്രോമ കെയർ (2012) എന്ന പ്രബന്ധത്തിൽ ട്രോമ സംവിധാനത്തിെൻറ തുടർന്നുള്ള പുരോഗതി വിവരിക്കുന്നത് നമുക്ക് പാഠമാകേണ്ടതാണ്.1983ൽ ദക്ഷിണാഫ്രിക്കൻ ട്രോമ സൊസൈറ്റി എന്ന സംഘടന രൂപവത്കരിക്കപ്പെട്ടു. സ്പെഷലിസ്റ്റുകൾ, ജനറൽ പ്രാക്ടീഷനർമാർ, നഴ്സ്, ടെക്നീഷ്യൻ, ആശുപത്രിപൂർവ സഹായികൾ, സന്നദ്ധസേവകർ തുടങ്ങി പലതലത്തിൽ പ്രവർത്തിക്കുന്നവരെ ഒത്തുചേർത്തു പ്രവർത്തനക്ഷമത ഉറപ്പാക്കുന്ന നടപടികൾ സൊസൈറ്റിക്ക് സാക്ഷാത്കരിക്കാനായി. വ്യാപകമായ പരിശീലനദൗത്യമാണ് സൊസൈറ്റി ഏറ്റെടുത്തത്. ഇപ്പോൾ സൊസൈറ്റി 15,000 ഡോക്ടർമാരെയും അതിനൊത്ത മറ്റു സ്റ്റാഫുകളെയും പരിശീലിപ്പിച്ചുകഴിഞ്ഞു. അഡ്വാൻസ്ഡ് ട്രോമ ലൈഫ് സപ്പോർട്ട് (എ.ടി.എൽ.എസ്) ഇപ്പോൾ അനേകം സ്പെഷാലിറ്റികളായി രൂപാന്തരപ്പെട്ടു കഴിഞ്ഞു. അവർക്ക് നേടാൻ കഴിഞ്ഞ മുന്നേറ്റം കെട്ടിടങ്ങളും നിക്ഷേപങ്ങളും ഉറപ്പാക്കുന്നതോടൊപ്പം പ്രവർത്തനക്ഷമമായ സ്വതന്ത്ര സംവിധാനം നിലവിൽ വരുത്തിയെന്നതാണ്.
ട്രോമ കേന്ദ്രങ്ങളുടെ നിലവാരം അളക്കുന്ന സ്കെയിൽ അവർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഹാർഡ്കാസ്ൽ, സ്റ്റെയ്ൻ എന്നിവരുടെ 2011 പ്രബന്ധത്തിൽ ഓരോ തലത്തിലുമുള്ള ട്രോമ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ നിഷ്കർഷിച്ചിരിക്കുന്നു. പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ സ്പെഷലിസ്റ്റ് കേന്ദ്രംവരെ നാലുതലങ്ങളിലാണ് ട്രോമ സംവിധാനം പ്രവർത്തിക്കുന്നത്. ഇവയുടെ ഗുണമേന്മ പരിശോധിക്കുന്നതിനും പ്രവർത്തനക്ഷമത കാലാകാലങ്ങളിൽ ഉറപ്പുവരുത്തുന്നതിനും ഉതകുന്ന സംവിധാനം തയാറാക്കുന്നതിന് സ്കെയിൽ സഹായിക്കുന്നു. യഥാർഥത്തിൽ ഇതുപോലെ ദീർഘകാല പദ്ധതിവഴി മാത്രമേ ട്രോമ കെയർ സാധ്യമാകൂ. ഏതാനും ആശുപത്രികളുടെ അത്യാഹിതവിഭാഗം പരിഷ്കരിച്ചതുകൊണ്ടോ വിഘടിച്ച് നിലകൊള്ളുന്ന ദ്വീപുകളായ ട്രോമ ഡിപ്പാർട്മെൻറ് സജ്ജമാക്കിയതുകൊണ്ടോ മാത്രം റോഡപകട ചികിത്സയാകുന്നില്ല.
കേന്ദ്ര സർക്കാർ ദേശീയപാതയിൽ ട്രോമ കെയർ സംവിധാനമൊരുക്കുന്നതിന് ഒരു പ്രവർത്തന രേഖ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൂന്നു ഘട്ടങ്ങളായാണ് അത് സങ്കൽപിച്ചിട്ടുള്ളത്: പ്രാരംഭ പരിരക്ഷ, അതിവേഗ ആംബുലൻസ് സേവനം, വിദഗ്ധ ചികിത്സ എന്നിവ. നമുക്ക് തടയാനാവുന്ന ട്രാഫിക് മരണങ്ങൾ 10 ശതമാനം കണ്ട് കുറക്കാൻ ചെയ്യേണ്ട കാര്യങ്ങളാണ് രേഖ പരിഗണിക്കുന്നത്. ദേശീയപാതയിൽ ഓരോ 50 കിലോമീറ്ററിലും നവീന സൗകര്യങ്ങളുള്ള ജീവൻരക്ഷ ടെക്നോളജിയുള്ള ആംബുലൻസ് ഉണ്ടാവണം. ട്രോമ കെയർ കേന്ദ്രങ്ങൾ 100 കിലോമീറ്റർ ദൂരത്തിൽ ഒന്നെങ്കിലും വേണം. ഇങ്ങനെ ഓരോ ഘട്ടവും സുവ്യക്തമായി വിവരിച്ചിട്ടുണ്ട്. കിലോമീറ്റർ ദീർഘമുള്ള പാത സങ്കൽപിച്ചാൽ അവിടെ ഏറ്റവും മുന്തിയ രണ്ടു ട്രോമ സെൻറർ ഉണ്ടാവണം. അതിനു താഴെ മൂന്ന് തലങ്ങളിൽ പ്രവർത്തിക്കുന്ന 40 സെൻററുകൾ വേറെയും. ഇവിടെ വ്യക്തമായി മനസ്സിലാക്കേണ്ട കാര്യം, ട്രോമ സെൻററും അത്യാഹിതവിഭാഗവും ഒന്നല്ല എന്നതാണ്. അതായത് നിലവിലുള്ള സർക്കാർ സങ്കൽപത്തിൽതന്നെ വളരെ കൃത്യതയോെടയും മുന്തിയ നിലവാരത്തോടെയും പ്രവർത്തിക്കേണ്ട സ്പെഷലൈസ്ഡ് സേവനങ്ങളാണ് ട്രോമ കേന്ദ്രങ്ങളെന്നു സാരം. ട്രോമ സേവനങ്ങളുടെ അടിസ്ഥാനശിലകൾ വേഗത, പ്രാപ്യത എന്നീ പ്രവർത്തനരീതികളാണ്.
ലകേഷ് ആനന്ദ്, മൻപ്രീത് സിങ് എന്നിവർ (2013) നടത്തിയ ഇന്ത്യൻ പഠനം നമ്മുടെ സജീവ ശ്രദ്ധ ആകർഷിക്കുന്നു. ഇന്ത്യയിലിപ്പോഴും ആശുപത്രി-പൂർവ ട്രോമ കെയർ സേവനങ്ങൾ പരിമിതമാണ്. പലപ്പോഴും കണ്ടുനിന്നവരും മറ്റു വഴിപോക്കരുമൊക്കെയാണ് പരിക്കുപറ്റിയ വ്യക്തിയെ ആശുപത്രിയിലെത്തിക്കുന്നത്. ചില സ്ഥലങ്ങളിൽ മാത്രം 108 ആംബുലൻസ് സേവനം നടക്കുന്നു. എന്തുകൊണ്ടാണ് ആശുപത്രി-പൂർവ പരിചരണം അപര്യാപ്തമാകുന്നത്? ലേഖകർ കണ്ടെത്തിയത് ഇവയാണ്: വേണ്ടത്ര ധന നിക്ഷേപമുണ്ടാകുന്നില്ല, പൂർണ ഉത്തരവാദിത്തത്തോടുള്ള നേതൃത്വത്തിെൻറ അഭാവം, പ്രവർത്തനക്ഷമത നിഷ്കർഷിക്കുന്ന നിയമങ്ങളില്ലായ്മ.
ആശുപത്രി-പൂർവ സേവനങ്ങൾ കാര്യക്ഷമമായാലേ മരണത്തിൽനിന്നും കുറേപ്പേരെ രക്ഷിക്കാനും വളരെപ്പേരെ സ്ഥിരമായ അംഗപരിമിതിയിൽനിന്നു മുക്തമാക്കാനും കഴിയൂ. കഴിവുറ്റ സേവനദാതാക്കൾ ഉള്ള ആംബുലൻസ്, അടിയന്തര ചികിത്സ സംവിധാനങ്ങൾ മരണസാധ്യത കുറക്കുമെന്ന് ആനന്ദ്, സിങ് പഠനം പറയുന്നു. മാത്രമല്ല, ഇത്തരം സംരംഭം നിലവിലുള്ളപ്പോൾ രോഗിയെ ആശുപത്രിയിലെത്തിക്കാനുള്ള യാത്രാസമയം അൽപംകൂടിയാലും ജീവൻ നിലനിർത്താനാകും. നമ്മുടെ റോഡുകൾ ആംബുലൻസിനുപോലും ദുർഘടമാണല്ലോ. ആശുപത്രി-പൂർവ സംവിധാനങ്ങൾക്ക് 17 മുതൽ 25 ശതമാനം വരെ മരണം തടയാനാകുമെന്ന് പഠനം അറിയിക്കുന്നു.
ആംബുലൻസ് സേവനങ്ങൾക്കൊപ്പം പ്രാധാന്യമുള്ള മറ്റൊന്ന് രക്തബാങ്കുകളാണ്. എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ വെബ്സൈറ്റ് അനുസരിച്ചു കേരളത്തിൽ 45 അംഗീകൃത രക്തബാങ്കുകൾ നിലവിലുണ്ട്. ഇതിൽ പെടാത്ത ബാങ്കുകൾ അനവധിയുെണ്ടന്ന് കരുതാം. ഈ ബാങ്കുകൾ ഒരു സേവന നെറ്റ്വർക്ക് വഴി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ മാത്രമല്ലേ അടിയന്തര ഘട്ടത്തിൽ പ്രയോജനപ്പെടുത്താനാകൂ. ഇവയിൽ എത്ര ബാങ്കുകൾക്ക് രക്തഘടകങ്ങൾ വേർപെടുത്തി നൽകാനാകുമെന്ന് സൈറ്റിലൂടെ വ്യക്തമല്ല. പലപ്പോഴും രക്തത്തിലെ ഒന്നോ അതിലധികമോ ഘടകങ്ങളാവും രോഗിക്ക് അടിയന്തരമായി വേണ്ടത്; എവിടെനിന്ന് അത് ലഭ്യമാകുമെന്നോ എങ്ങനെ കൈമാറ്റം ചെയ്യാമെന്നോ ഇതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സംഘടനകൾ അവരുടെ സൈറ്റിൽപോലും പ്രസിദ്ധീകരിച്ചിട്ടില്ല. വെബ് സൈറ്റുകളിൽ പലപ്പോഴും 2015ലെ അറിയിപ്പുകൾ പിൻവലിക്കപ്പെടാതെ നിലകൊള്ളുന്നു. ഇതൊരു പോരായ്മ എന്നതിനേക്കാളുപരി, ആധുനിക ടെക്നോളജിയിൽനിന്ന് നാം എത്രകണ്ട് മാനസികമായി അകന്നുനിൽക്കുന്നുവെന്ന് കാണിക്കുന്നു. സത്യത്തിൽ രക്തബാങ്കുകൾ, ആംബുലൻസുകൾ, ട്രോമ കേന്ദ്രങ്ങൾ (അവ ഉണ്ടാകുമ്പോൾ) എന്നിവ ഫലപ്രദമായ നെറ്റ്വർക്ക് സംവിധാനത്തിലൂടെ ബന്ധിപ്പിച്ചാലേ ട്രോമ കെയർ സംവിധാനം നടപ്പാകൂ. 2001 മുതൽ 60,000 പേരിൽ കൂടുതൽ മരിക്കുകയും അനേകലക്ഷം പേർ സ്ഥിരമായ അംഗപരിമിതിയിൽ ജീവിക്കേണ്ടിവരുകയും ചെയ്യുന്ന അവസ്ഥയിലാണ് നാമിപ്പോൾ. മുരുകനോടുള്ള അനുതാപം സാർഥകമാക്കേണ്ടത് ഫലപ്രദമായ ട്രോമ കെയർ സംവിധാനത്തിന് തുടക്കം കുറിച്ചാവട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.