?????? ??????? ????????? ???? ??? ???????

"ചൈനയിലും തട്ടമിട്ട താത്താമാരുടെ ചായക്കട"

നാൻജിങ്ങിലെ യൂത് ഒളിമ്പിക്സിന് അക്രഡിറ്റേഷൻ കിട്ടിയിട്ടും പോകുവാൻ കഴിയുന്ന അവസ്ഥയിൽ ആയിരുന്നില്ല ഞാൻ. അതിനു ആറുമാസം മുൻപായിരുന്നു നിനച്ചിരിക്കാതെ കിട്ടിയ ഒരു ബ്രെയിൻ സ്‌ട്രോക്കിനെ തുടർന്ന് ആശുപത്രിയിൽ ആയതും സഞ്ചാരത്തിന് വിലക്കും നിയന്ത്രണവും ഒക്കെ കിട്ടിയതും. ഹൃദയത്തിൽ ഒരു യന്ത്രം സ്ഥാപിച്ചു കിട്ടിയതോടെ ദീഘദൂര യാത്രകൾക്ക് നിയന്ത്രണവും ഉണ്ടായി.
   
അക്രഡിറ്റേഷൻ കിട്ടിയ ദിവസം തന്നെയായിരുന്നു അതിന്റെ തുടർപരിശോധനക്ക് ലൈപ് ശിഷ് യൂണിവേഴ്സിറ്റിയിലെ ഹൃദ്‌രോഗ വിഭാഗത്തിൽ ചെന്നുപെട്ടത്. പറഞ്ഞാൽ വിശ്വസിക്കാൻ കഴിയാത്ത ഒരു വിസ്മയം ആണ് അവിടെയും എന്നെ കാത്തിരുന്നത് ചികിത്സക്കിടയിൽ പരിചയപ്പെട്ട ഇപ്പോഴും ചിരിച്ചു കൊണ്ട് മാത്രം രോഗികളെ സമീപിക്കുന്ന ആ ചൈനക്കാരൻ ഡോക്റ്റർ പയ്യനായിരുന്നു എന്‍റെ ഹാർട്ട് മോണിറ്റർ പരിശോധിക്കുവാൻ എത്തിയത് (ഹൃദയത്തിന്‍റെ ചലനങ്ങൾ അപ്പപ്പോൾ പരിശോധിക്കുന്ന ഡോക്റ്റർക്കു റിമോട്ട് സംവിധാനത്തിലൂടെ എത്തിക്കിട്ടുന്ന തീരെ ചെറിയ ഒരു യന്ത്രമാണിത് ചെറിയ ഒരു ശസ്ത്രക്രിയയിലൂടെ അത് ഹൃദയത്തിനു മുകളിൽ സ്ഥാപിക്കും)

പരിശോധനക്കിടയിൽ  ചൈനക്കാരനോട് ഞാൻ നാൻജിക്കിലേക്കു പോകുവാൻ അവസരമുണ്ടായിരിക്കുന്ന വിവരവും ഡോക്ടറുടെ സഞ്ചാര നിയന്ത്രണക്കാര്യവും വെറുതെ പറഞ്ഞു, അയാൾക്ക് അത് ആവിശ്വസനീയമായിരുന്നു. പരിശോധനക്ക് ശേഷം അയാൾ എന്നെയും കൂട്ടി അവരുടെ വകുപ്പ് തലവൻ പ്രഫസറോട് കാര്യങ്ങൾ അവതരിപ്പിച്ചപ്പോൾ അദ്ദേഹമറിയിച്ചതു മൂന്ന് മാസം കഴിഞ്ഞ സ്ഥിതിക്ക് ഒരു നിയന്ത്രണവും ഇനി വേണ്ട എവിടെ വേണമെങ്കിലും പോകാമെന്നും മൂന്നു മാസത്തിൽ ഒരിക്കൽ യന്ത്രത്തിന്‍റെ പ്രവർത്തനം പരിശോധിക്കുവാൻ എത്തണമെന്നുമായിരുന്നു. പിന്നെ ഒക്കെ പറഞ്ഞറിയിക്കുവാൻ കഴിയുന്നതിലും വേഗത്തിൽ ആയിരുന്നു മാധ്യമത്തിൽ ഇബ്രാഹീം കോട്ടക്കലിനെ വിളിച്ചറിയിച്ചപ്പോൾ അദ്ദേഹം സ്പോർട്സ് ഡെസ്ക്കുമായി ബന്ധപ്പെട്ടു യൂത് ഒളിമ്പിക്സ് റിപ്പോർട്ടിങ്ങിനുള്ള സംവിധാനങ്ങളും ഉണ്ടാക്കി. യൂത് ഒളിമ്പിക്സ് ഒഴിവാക്കാതിരിക്കുവാനുള്ള പ്രധാന കാരണം അത് മാധ്യമത്തിന് ലഭിക്കുന്ന സ്ഥിരം ഒളിമ്പിക്സ് അക്രഡിറ്റേഷൻ നഷ്ട്ടമാകാതിരിക്കുവാനായിരുന്നു. ഇതോടെ മാധ്യമം ഒളിമ്പിക്സ് റിപ്പോർട്ടിങ്ങിനുള്ള സ്ഥിരം അക്രഡിറ്റേഷനും അർഹരാകും.

ലേഖകനോടൊപ്പം മുസ് ലിം കുടുംബം
 


2014 ആഗസ്റ്റ് 16നു ആണ് യൂത് ഒളിമ്പിക്സ് തുടങ്ങുന്നത് 5  ദിവസം കഷ്ട്ടിച്ചു. അന്ന് തന്നെ എന്‍റെ മകൻ എമിൽ വിമാന  ടിക്കറ്റ് തയാറാക്കി വിവരം ചൈനയിൽ സ്ഥിര താമസക്കാരനായ എന്‍റെ കൂട്ടുകാരൻ മാക്ക് മുഹമ്മദിനെ അറിയിച്ചു. സ്റ്റേഡിയത്തിനു അടുത്തു എനിക്കൊരു പാർപ്പിടം വേണം.., രണ്ടു മണിക്കൂർ കൊണ്ട് മാർക്കിന്‍റെ സെക്രട്ടറി ലിൻഡയുടെ സന്ദേശം സ്റ്റേഡിയത്തിനു 4 മെട്രോ സ്റ്റേഷൻ അടുത്തു പാർപ്പിടം റെഡി..!! പതിനാലാം തീയതി വെളുപ്പിന് തന്നെ ഞാൻ നാൻജിങ്ങിൽ എത്തി ഉദ്ഘാടന ചടങ്ങുകളൊക്കെ ഡെസ്ക്കിൽ ബിനീഷും കൂട്ടരും ഗംഭീരമായി കൈകാര്യം ചെയ്തു അത് ലറ്റിക്സ് തുടങ്ങുന്ന ദിവസം കേരളത്തിനും പ്രാധാന്യമുള്ളതായിരുന്നു മേയ് മോൻ നൂറ്റിപ്പത്തു മീറ്റർ ഹർഡിൽസിലും നീന നടപ്പിലും പങ്കെടുക്കുന്നു. അത് ലറ്റിക്സ് തുടങ്ങുന്നതിനുള്ള മുൻപുള്ള വാർത്താ സമ്മേളനം പ്രധാന സ്റ്റേഡിയത്തിലെ മീഡിയ സെന്‍ററിലും, അത് കഴിഞ്ഞു ഞാൻ മെട്രോയിൽ ഹോട്ടലിലേക്ക് മടങ്ങാനായി "സിയാങ് ഹൂങ്‌" സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ വട്ടത്തൊപ്പിയും നീണ്ട അയഞ്ഞ കുപ്പായങ്ങളുമായി ഒരാൾ  എന്‍റെ മുന്നേ ചാടിയിറങ്ങി വേഗം നടന്നു പോകുന്നു. സാക്ഷാൽ ഇസ്‌ലാമിക വേഷം, ഇതൊന്നും ചൈനയിൽ അനുവദിനീയമല്ലെന്ന വാർത്ത വായിച്ച ശേഷമായിരുന്നു ഞാൻ അവിടെ എത്തിയിരുന്നത്. കൗതുകവും ആകാംഷയും കാരണം ഞാൻ അയാളുടെ പുറകെ കൂടി.

ഞാൻ താമസിച്ചിരുന്ന ഹോട്ടലിലേക്കുള്ള  വഴിയെ തന്നെയായിരുന്നു  അയാളുടെയും  യാത്ര.., ഒപ്പം കൂടിയ ഞാൻ ധൈര്യത്തോടെ സലാം പറഞ്ഞതും പ്രത്യഭിവാദ്യം ചെയ്തു അയാൾ ഒന്ന് ചരിച്ചു എനിക്ക് സമാധാനമായി ഇംഗ്ലീഷ് അറിയുമോ, എന്‍റെ ചോദ്യത്തിന് മറുപടി വീണ്ടും ഒരു പുഞ്ചിരി "പൂവ" നോ ഇല്ല. സിസിയാ എനിക്ക് ആകെ അറിയാവുന്ന ചൈനീസ് വാക്കുകൾ.. അറിയില്ല നന്ദി എന്നിട്ടും ഞാൻ വിട്ടില്ല ഒപ്പം കൂടി അയാൾ എന്‍റെ അക്രഡിറ്റേഷനിലെ ചൈനീസ് ഭാഷ മനസിലാക്കി തിരിച്ചറിഞ്ഞിരിക്കുന്നു ഞാൻ ഇന്ത്യയിൽ നിന്നെത്തിയ പത്രക്കാരൻ ആണെന്ന് ഇടക്ക് "ഇന്ദു" എന്നൊരു ചോദ്യവും ഇന്ത്യക്കാരൻ അല്ലെ.

എനിക്കാണെങ്കിൽ രാത്രി ഭക്ഷണത്തിനായി പഴങ്ങളും വാങ്ങണം മാർക്കറ്റ് വഴി തിരിഞ്ഞതും അയാൾ സലാം പറഞ്ഞു ഒരു കടയിലേക്ക് തിരിഞ്ഞു. എന്നെ വിസ്മയിപ്പിച്ചു കൊണ്ടു അയാളുടെ അതേ വേഷത്തിൽ മൂന്നു നാല് ചെറുപ്പക്കാർ പുകവലിച്ചു കൊണ്ടു അതിനകത്തു നിന്നും പുറത്തു വരുന്നു സൂക്ഷിച്ചു നോക്കിയപ്പോൾ അതൊരു ഭക്ഷണശാലയാണ് എന്ന് മനസിലായി. എന്തായാലും ഇന്നത്തെ അത്താഴം അവിടുന്ന് ആയിക്കളയാമെന്നു കരുതി തൊപ്പിക്കാരൻ ചൈനക്കാരൻ കയറിയ ഇടത്തു തന്നെ ഞാനും കയറി എന്താണ് സംഭവിക്കുന്നത് എന്ന് ഓർക്കുവാൻ കൂടി കഴിയാത്ത കാര്യങ്ങൾ മക്കനയിട്ട രണ്ടു സ്ത്രീകൾ ഓടി നടന്നു ഭക്ഷണം വിളമ്പുന്നു തൊപ്പിവച്ച ഒരാൾ പുക വലിച്ചുകൊണ്ടു പണം വാങ്ങുന്ന കസേരയിൽ അയാൾക്ക് ഒപ്പം തൊപ്പി വച്ച ഒരു കുട്ടിയുമുണ്ട് മറ്റു രണ്ടു തൊപ്പിക്കാർ അകത്തു നിന്ന് മറ്റു  പലഹാരങ്ങൾ തയാറാക്കുന്നു. തുർക്കിയിൽപോലും എനിക്ക് അനുഭവിക്കുവാൻ കഴിയാത്തരംഗങ്ങൾ ഞാൻ ചൈനയിലോ.... അതോ മറ്റു വല്ല ഇസ്‌ലാമിക നാടുകളിലോ, ഇതിനകം എന്‍റെ തൊപ്പിക്കാരൻ കൂട്ടുകാരൻ എന്നെ കടയുടമക്ക് പരിചയപ്പെടുത്തിയിരുന്നു സലാം പറഞ്ഞു  അയാൾ എന്നെ സ്വീകരിച്ചു  നെഞ്ചിൽ കൈ വച്ചുകൊണ്ടു അയാൾ പറഞ്ഞു "ഇബ്റാഹീമിവ" ആംഗ്യ ഭാഷയിലും എനിക്ക് പിടികിട്ടി അയാളുടെ പേര്  ഇബ്രാഹീമോവ  എന്നാണെന്നു. അതിനിടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഒരാൾക്ക്  കഷ്ടി ആംഗലേയം അറിയാം അയാൾ നിർദേശിച്ചതനുസരിച്ചു മറ്റൊരാൾ പുറത്തുപോയി ഒരു തൊപ്പിക്കാരൻ യുവാവിനെ കൂട്ടിക്കൊണ്ടു വന്നു സാമാന്യം  നന്നായി ഇംഗ്ലീഷ് അറിയാവുന്ന ഹാഷിം അടുത്ത ഗ്രോസറി പഴം ഷോപ്പുകാരനാണ് ആശ്വാസമായി, കുറെ വിവരങ്ങൾ ആ ദ്വിഭാഷി വഴി ചോദിച്ചറിയാൻ എനിക്കങ്ങനെ കഴിഞ്ഞു.

കടയുടമയുടെ പേര് ഇബ്രാഹീമോവാ മൊഹമ്മദ് അയാളുടെ ഭാര്യ അമീന, അതിനിടയിൽ ഞാൻ വെജിറ്റബിൾ കറിക്കും ന്യുഡിൽസിനും ഓർഡർ കൊടുത്തിരുന്നു ഓർഡർ എടുക്കുന്നതും അകത്തുപോയി അത് പാകം ചെയ്യുന്നതും ആമിന തന്നെ ഒപ്പമുള്ളത് മുതലാളിയുടെ പെങ്ങൾ ഫരീദ അവരാണ് ചൈനീസ് ചായ ഉണ്ടാക്കുന്നതും ഒപ്പം പച്ചക്കറികൾ അരിയുന്നതും ഒപ്പമുള്ളത് അവരുടെ മകനാണ് പേര് ഹസൻ ഇബ്രാഹീമോവ മറ്റു ഭക്ഷണങ്ങൾ  ഒക്കെയുണ്ടാക്കുന്നതു ഫാരിതയുടെ ഭർത്താവ് റഹുമാൻ പിന്നെ ഒരു തൊഴിലാളികൂടെയുണ്ട് അൽപം തടിച്ച മറ്റൊരു വെളുത്ത തൊപ്പിക്കാരൻ ഇബ്രാഹീമോവയുടെ ബന്ധു പേര് മൊഹമ്മദ് ഇവർ 5 പേരും കൂടിയാണ്  ഈ ഹോട്ടൽ നടത്തുന്നത്. 4 പതിറ്റാണ്ടുകൾക്കു മുമ്പ് ടാങ്‌ടോ പ്രവിശ്യയിൽ നിന്ന് നാൻജിങ്ങിൽ എത്തിയതാണ് ഇബ്രാഹീമോയുടെ കുടുംബം പാരമ്പര്യ ഹോട്ടൽ വ്യവസായം നാൻജിങ്ങിൽ മാത്രം പത്തിൽ അധികം "ചായക്കടകൾ" ഇവർക്കുണ്ട്.
 
തൊപ്പി ധരിച്ചു നടക്കുന്നതിൽ അപകടമില്ലേ പൊലീസ് പിടിക്കില്ലേ എന്ന നിർദോഷമായ എന്‍റെ ചോദ്യം കേട്ടു ചിരിയടക്കാൻ ദ്വിഭാഷി ഹാഷിമിനും മറുപടി പറഞ്ഞ ഇബ്രാഹിമോവിനും കഴിഞ്ഞില്ല മുഴങ്ങുന്ന ചിരിയോടെ അയാൾ പറഞ്ഞു ഓർമ്മവച്ചനാൾ മുതൽ ഈ തൊപ്പി എന്‍റെ തലയിലുണ്ട് ഇന്നുവരെ ആരും ഇതിനെതിരെ ഒന്നും പറഞ്ഞിട്ടില്ല എന്താണ് ഇതിനെതിരെ കേൾക്കുന്നത് എന്നും ഞങ്ങൾക്കറിയില്ല "ഹൃദ്യമായ പെരുമാറ്റവും ഭാഷ വശമില്ലാത്തവരുടെ മനസ്സിൽ പതിയുന്ന ഇടപെടലുകളും അവരെക്കുറിച്ചു പുറത്തു കേൾക്കുന്ന അതിശയ കഥകളും ഒക്കെയായപ്പോൾ ഞാൻ ഏതോ വിസ്മയ ലോകത്തു ചെന്നുപെട്ട അവസ്ഥയിൽ. അതോടെ ഞങ്ങൾ അടുത്ത കൂട്ടുകാരുമായി എന്‍റെ ഹോട്ടലിൽ നിന്ന് 10 മിനിട്ടു നടന്നാൽ എത്തുന്നദൂരമേ "ഹോട്ടൽ ഇബ്രാഹീമോവക്കു" ഉണ്ടായിരുന്നുള്ളു അതുകൊണ്ടുതന്നെ നാൻജിങ് വിടും വരെ എന്‍റെ അത്താഴം അവിടുന്നായി. അവസാന ദിവസം ഉച്ചയൂണിനു അവിടെ എന്നോടൊപ്പം ഖത്തർ ദേശീയ ടീമിന്‍റെ മീഡിയാ ഫോട്ടോഗ്രാഫർ ഷാജഹാനും ഉഗാണ്ടയിൽ നിന്നുള്ള സ്പോർട്സ് റിപ്പോർട്ടർ മാർത്ത ഗോഡ്‌വിലും ഉണ്ടായിരുന്നു. നാൻജിങ് യൂത് ഒളിമ്പിക്സിന്‍റെ അടയാളമായ ഉണ്ടക്കണ്ണുള്ള നാഞ്ചിങ്‌ലീ എന്ന പേരുള്ള ചെറിയ കുസൃതി കുട്ടിയുടെ രൂപമുള്ള ഒരു പാവ ഞാൻ ഇബ്രാഹിമോവിയുടെ അനന്തിരവൻ ഹസൻ ഇബ്രാഹീമുവിന് സമ്മാനിച്ചപ്പോൾ അവനുണ്ടായ സന്തോഷം അവന്‍റെ കണ്ണുകളിലേ തിളക്കത്തിൽ നിന്നെനിക്കു വായിച്ചെടുക്കാനായി. ഒരാഴ്ചയിലധികം ഒരു കുടുംബ അംഗത്തെ പോലെ കരുതിയയാണ് അവർ എനിക്ക് ഭക്ഷണം തന്നത്. ഇപ്പോഴും എനിക്ക് വിശ്വസിക്കുവാൻ കഴിയുന്നില്ല, ചൈനയിൽ ആയിരുന്നു തട്ടമിട്ട താത്താമാരുടെ ആ ചായക്കടയെന്നു...!

Tags:    
News Summary - muslims teashops in china

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.