മെഡിക്കൽ വിദ്യാഭ്യാസവും ആരോഗ്യസേവനങ്ങളും ജനപക്ഷത്തുനിന്നു നിയന്ത്രിക്കാനൊരു ഉന്നതാധികാര സമിതി ആവശ്യമായിരിക്കുന്നു. നിലവിലെ മെഡിക്കൽ കൗൺസിൽ പിരിച്ചുവിടും തീർച്ചയായിരിക്കെ പകരമെത്തുന്ന സഭ ജനതാൽപര്യം മുഖ്യലക്ഷ്യമാക്കുമെന്ന് ഉറപ്പാക്കണം. മെഡിക്കൽ കമീഷൻ, മെഡിക്കൽ കൗൺസിൽ എന്നിവയെക്കുറിച്ചുള്ള സംവാദങ്ങളിൽ കേൾക്കാത്ത കാര്യമാണ് ജനതാൽപര്യം എന്നത്.
ഇന്ത്യയിലെ മെഡിക്കൽ കൗൺസിൽ നിയന്ത്രിച്ചിരുന്നത് മെഡിക്കൽ വിദ്യാഭ്യാസം, രജിസ്ട്രേഷൻ, അക്രഡിറ്റേഷൻ എന്നിവയാണ്. 1956ൽ ആരംഭിച്ച കൗൺസിലാണെങ്കിലും നാളിതുവരെ നമ്മുടെ ഗ്രാമീണമേഖലയിൽ ഡോക്ടർമാരില്ല എന്നതോ അവിടെ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കണം എന്ന താൽപര്യമോ കൗൺസിലിെൻറ പരിഗണനകളിൽ പെട്ടിരുന്നില്ല. പകരം മെഡിക്കൽ കമീഷൻ ബിൽ വരുമ്പോഴും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കപ്പെടുന്നില്ല എന്ന നിരീക്ഷണം ഗൗരവമുള്ളതാണ്.
നമ്മെക്കാൾ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും പൊതുവെ യാഥാസ്ഥിതിക സാമൂഹിക ചിന്തകളുള്ള രാജ്യമാണ് അയർലൻഡ്. ഇവിടെ 2007ൽ മെഡിക്കൽ കൗൺസിൽ പരിഷ്കരിക്കാനുള്ള ബിൽ പാർലമെൻറിൽ അവതരിപ്പിച്ചു. ഈ അവസരത്തിൽ ആരോഗ്യമന്ത്രി മേരി ഹാർണീ പറഞ്ഞത് ചുരുക്കത്തിൽ ഇതാണ്:
നിലവിലുള്ള ബിൽ പ്രാബല്യത്തിൽ വന്നിട്ട് 30 വർഷമായി. ‘‘1970ലെ നിയമത്തിെൻറ എല്ലാ പോരായ്മകളെയും പരിഹരിക്കാനാവില്ല എന്നതിനാൽ ഇന്നത്തെ അറിവുകൾക്കനുസൃതമായി സമഗ്രമായ പുതിയനിയമം കൊണ്ടുവരുക എന്നതാണ് അഭികാമ്യം. ഈ ബില്ലിെൻറ സർവപ്രധാനമായ ഉദ്ദേശ്യം പൊതുജനതാൽപര്യം സംരക്ഷിക്കുക എന്നതാണ്. ഇതിലേക്കായി നിരവധി നിർദേശങ്ങൾ ബിൽ വിഭാവനം ചെയ്യുന്നുണ്ട്. കൗൺസിലിലെ 25 അംഗങ്ങളിൽ ഡോക്ടർമാർ ന്യൂനപക്ഷമായിരിക്കും. ഡോക്ടർമാർക്ക് പ്രാക്ടിസ് മാനദണ്ഡം നിശ്ചയിക്കുന്ന സമിതിയിൽ സാധാരണക്കാരാവും ഭൂരിപക്ഷവും.പ്രാക്ടിസ് കാര്യങ്ങളിൽ തർക്കമുണ്ടാകുന്നപക്ഷം ഡോക്ടറെ പ്രാക്ടിസ് ചെയ്യാനനുവദിക്കണോ എന്ന അന്വേഷണം തുറന്നവേദിയിലാകും നടക്കുക. രഹസ്യവിചാരണകൾ നിരുത്സാഹപ്പെടുത്തും. അതുപോലെ വിദ്യാഭ്യാസം, സ്പെഷലൈസേഷൻ എന്നിവയും കൗൺസിലിെൻറ അധീനതയിലെത്തും.’’
ഇനി നമ്മുടെ മെഡിക്കൽ കമീഷൻ ബില്ലിലേക്കു വരാം. ബില്ലിെൻറ ഉപക്രമത്തിലോ ഉള്ളടക്കത്തിലോ കേന്ദ്രബിന്ദുവായ പൊതുജന സങ്കൽപമില്ല. ഏറിയകൂറും മെഡിക്കൽ രംഗം ഭരിക്കുന്നതെങ്ങനെ എന്നാണ് ചിന്തിക്കുന്നത്. ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിൽ ഡോക്ടർമാരില്ല എന്നത് സർവാംഗീകൃത യാഥാർഥ്യമാണ്. ഗ്രാമങ്ങളിൽ പ്രാക്ടിസ് ചെയ്യുന്നവരിൽ ഭൂരിപക്ഷം പേരും എന്തെങ്കിലും ഡിഗ്രി പോലും ഇല്ലാത്തവരാണ്. ഒരുകാലത്തു നമ്മുടെ ചുറ്റുമുള്ള രാജ്യങ്ങളെക്കാൾ ആരോഗ്യസൂചികയിൽ മുന്നിലായിരുന്ന നാം ഇന്ന് എല്ലാവരേക്കാൾ പിന്നിൽ, പാകിസ്താന് തൊട്ടുമുന്നിലായി സ്ഥാനം പിടിച്ചിരിക്കുന്നു. ആരോഗ്യരംഗത്തെ ഈ വെല്ലുവിളി നേരിടുന്നതെങ്ങനെയെന്നു മെഡിക്കൽ കമീഷൻ ബിൽ പറയുന്നില്ല. അമർത്യ സെൻ 2017ൽ ഇന്ത്യയിൽ നടത്തിയ ഒരു പ്രഭാഷണത്തിൽ ഇതേക്കുറിച്ചുള്ള തെൻറ വ്യാകുലത പങ്കുവെക്കുകയുണ്ടായി. ആരോഗ്യമേഖലയിലെ വർധിച്ചുവരുന്ന സ്വകാര്യവത്കരണവും ആരോഗ്യദായകരും ജനങ്ങളും തമ്മിൽ നിലനിൽക്കുന്ന അസന്തുലിതമായ അറിവും ഗ്രാമങ്ങളിൽ സൃഷ്ടിക്കുന്നത് വ്യാജചികിത്സയും വഞ്ചനയുമാണ്.
സമാനമായ ഉത്കണ്ഠ ബ്രിട്ടീഷ് മെഡിക്കൽ ജേണലായ ലാൻസെറ്റിെൻറ എഡിറ്റർ റിച്ചാർഡ് ഹോർട്ടൻ 2015ൽ പങ്കുവെക്കുകയുണ്ടായി. അദ്ദേഹത്തിെൻറ അഭിപ്രായത്തിൽ, ഇന്ത്യ പ്രശ്നത്തിെൻറ വക്കിലാണ്. രണ്ടു മാർഗങ്ങൾ ഇപ്പോൾ ഇന്ത്യക്കു മുന്നിലുണ്ട്. ഒന്നുകിൽ ആരോഗ്യത്തെ സൃഷ്ടിപരമായി നയിച്ചു മുന്നോട്ടുപോകണം; കൂടുതൽ പണം നിക്ഷേപിച്ച് ആരോഗ്യരംഗം ഊർജസ്വലമാക്കണം. അല്ലെങ്കിൽ ഇതേപടി മുന്നോട്ടുപോയി പകർച്ചവ്യാധികളെ ക്ഷണിച്ചുവരുത്തി അസ്ഥിരമായ ഭാവിയുമായി മല്ലിട്ടുജീവിക്കുക. നാം തീരുമാനിക്കേണ്ടതിതാണ്: മ്യാന്മർ, സിയറാ ലിയോൺ എന്നിവരോട് ഒത്തുനിൽക്കണോ അതോ മുന്നോട്ടുകുതിക്കുന്ന യൂറോപ്പ്, ക്യൂബ, തായ്ലൻഡ് എന്നിവരോട് ഒത്തുപോകണോ?
നിലവാരത്തകർച്ച
ഇന്ത്യക്ക് വേണ്ടത്രയും ഡോക്ടർമാരില്ല എന്നുപറയുമ്പോഴും നാം മറക്കാനരുതാത്ത മറ്റൊരു കാര്യമുണ്ട്; അടുത്തകാലത്ത് തുടങ്ങിയ നിരവധി മെഡിക്കൽ കോളജുകൾ പ്രത്യേകിച്ച് ഒരു നിലവാരവും ഇല്ലാത്തവയാണ്. ഇതിൽ ബഹുഭൂരിപക്ഷവും സ്വകാര്യ മെഡിക്കൽ കോളജുകളാണ്. നിലവാരമില്ലാത്ത ഡോക്ടർമാർ കൂടുതൽ ഹാനികരമാണെന്ന് പറയാതെ വയ്യ. ഝാർഖണ്ഡിൽ കണ്ട ഒരനുഭവം അമർത്യ സെൻ വിവരിക്കുകയുണ്ടായി. മലേറിയ ബാധിച്ച രോഗികളെ പല ക്ലിനിക്കുകളിലും പ്രവേശിപ്പിച്ചു ഡ്രിപ് നൽകുകയാണ് സ്റ്റാൻഡേഡ് ചികിത്സ. മലേറിയക്കുള്ള മരുന്നിനെക്കുറിച്ച് അറിവില്ലാത്തതിനാൽ രോഗിക്ക് അത് ലഭിക്കുന്നില്ല. ജനമനസ്സിൽ സ്റ്റാൻഡേഡ് ചികിത്സയെന്നാൽ ഡ്രിപ് എന്ന ആശയം പതിഞ്ഞുപോയതിനാൽ രോഗികൾ സന്തുഷ്ടരാണ്. അതുകൊണ്ടാണ് ശുശ്രൂഷനിലവാരം ഉറപ്പാക്കാനുള്ള തന്ത്രം ബില്ലിൽ വിഭാവനം ചെയ്തിരിക്കണം എന്നു പറയുന്നത്. ഇന്നത്തെ രീതിയിൽ മെഡിക്കൽ കമീഷൻ ബിൽ ഇക്കാര്യം ശ്രദ്ധിക്കുന്നില്ല.
മെഡിക്കൽ കോളജുകൾക്ക് ലൈസൻസ് കൊടുക്കുക എന്ന ലഘുവായ കാര്യത്തിൽ കമീഷൻ ഒതുങ്ങുന്നു. ഒരിക്കൽ ലൈസൻസ് കിട്ടിയ മെഡിക്കൽ കോളജിനു കൂടുതൽ ബാധ്യതയേൽക്കാതെ സീറ്റ് വർധിപ്പിക്കാനും ഉയർന്ന കോഴ്സുകൾ ആരംഭിക്കാനും കഴിയും. നിലവാരത്തകർച്ചയുടെ പെരുമ്പറയാണിത്. അവർ തള്ളിപ്പറയുന്ന മെഡിക്കൽ കൗൺസിലിനുപോലും അംഗീകരിക്കാനാവാതെ നിരാകരിച്ച 132 മെഡിക്കൽ കോളജുകൾ 2017ലുണ്ട്. ഇതിൽ 97 എണ്ണം രാഷ്ട്രീയ നേതാക്കളുടേതാണ്. ഈ 97 മെഡിക്കൽ കോളജുകൾ കമീഷനു മുന്നിൽ വീണ്ടും അപേക്ഷിച്ചാൽ എന്ത് നടപടിയാവും ഉണ്ടാവുക?
മെഡിക്കൽ കൗൺസിൽ പ്രശ്നം പഠിച്ച പാർലമെൻറ് സ്റ്റാൻഡിങ് കമ്മിറ്റി ഗൗരവമുള്ള കാര്യങ്ങളാണ് സൂചിപ്പിച്ചത്. പ്രധാനമായും കണ്ടെത്തിയത് ഇവയാണ്: രാജ്യത്തെമ്പാടും മെഡിക്കൽ കൗൺസിൽ പരിധിയിൽ വരുന്ന സ്ഥാപനങ്ങളിൽ സമാനമായ നിലവാരം ഉറപ്പാക്കാൻ കൗൺസിൽ ഒന്നും ചെയ്യുന്നില്ല. വിദ്യാർഥികൾക്ക് പൊതുപരീക്ഷ നടത്താൻ കൗൺസിൽ ശ്രദ്ധിച്ചില്ല. മെറിറ്റിൽ വെള്ളം ചേർക്കുന്നതിനു കൂട്ടുനിന്നു. മെഡിക്കൽ ബിരുദധാരികളിൽനിന്ന് ധർമനിഷ്ഠയോ എന്തെങ്കിലും എത്തിക്സ് അനുസരിച്ചുള്ള പ്രവർത്തനമോ ഉറപ്പാക്കിയില്ല. ഡോക്ടർമാരെ സൃഷ്ടിക്കുന്ന കാര്യത്തിലും ഉദാസീന നിലപാടാണ് കൗൺസിൽ എടുത്തത്. ഇതിൽ പലതും വ്യക്തമായ ജനപക്ഷ ചായ്വ് കാണിക്കുന്നു. എന്നാൽ, റിപ്പോർട്ട് ബില്ലായി പാർലമെൻറിൽ എത്തിയപ്പോൾ ഇക്കാര്യങ്ങളൊന്നും വ്യവസ്ഥയായി രൂപാന്തരപ്പെട്ടില്ല. ആകെ ഒരു എക്സിറ്റ് പരീക്ഷയിൽ എല്ലാം ഒതുങ്ങി.
നിതി ആയോഗ് വൈസ് ചെയർമാനായിരുന്ന അരവിന്ദ് പനഗരിയ ആരോഗ്യ രംഗത്തെക്കുറിച്ചെഴുതുേമ്പാൾ പറഞ്ഞ കാര്യമുണ്ട്. സർക്കാറും പുതിയ മെഡിക്കൽ കോളജ് ഉണ്ടാക്കുന്നതിൽ മന്ദഗതിയിലാണ്. സർക്കാർ മേഖലയിൽ നല്ല കോളജുകൾ വന്നാൽ മാത്രമേ സ്വകാര്യ മേഖലയിൽ സമാനനിലവാരമുള്ള സ്ഥാപനങ്ങൾ ഉണ്ടാവുകയുള്ളൂ. 1973നു ശേഷം ബിഹാറിലും ബംഗാളിലും രണ്ടും രാജസ്ഥാനിലും പഞ്ചാബിലും മൂന്നും ഡൽഹിയിൽ ഒന്നും മെഡിക്കൽ കോളജുകളാണ് സൃഷ്ടിക്കപ്പെട്ടത്. മെഡിക്കൽ കമീഷൻ ഇതിനൊരു പരിഹാരമാവില്ലല്ലോ. ആസൂത്രണത്തിലും രാഷ്ട്രീയ കാഴ്ചപ്പാടിലും മാറ്റമുണ്ടായാലല്ലേ കാര്യമുള്ളൂ.
ഡോക്ടർമാരുടെ എണ്ണം വർധിച്ചാൽ എല്ലാറ്റിനും പരിഹാരമായെന്ന ചിന്ത പ്രശ്നത്തെ ലളിതവത്കരിക്കലാണ്. പ്രാഥമികാരോഗ്യ കേന്ദ്രം, സാമൂഹികാരോഗ്യ കേന്ദ്രം എന്നിവയിൽപോലും ഡോക്ടർ, നഴ്സ്, ഫാർമസിസ്റ്റ് എന്നിവരുടെ കൂട്ടായ പ്രവർത്തനമുണ്ട്. ഇന്നത്തെ നിലയിൽ ഈ മൂന്നു പ്രഫഷനലുകൾ വ്യത്യസ്തമായ മൂന്ന് കൗൺസിലുകളാൽ നിയന്ത്രിക്കപ്പെടുന്നു. ഇത് ആശുപത്രിയുടെയും രോഗിക്കു കിട്ടുന്ന സേവനങ്ങളെയും പ്രതികൂലമായി ബാധിക്കാം. ആശുപത്രിയിൽ പ്രവർത്തിക്കുന്ന സമയത്ത് രോഗിയുടെ പൊതുതാൽപര്യമനുസരിച്ച് എങ്ങനെ പ്രവർത്തിക്കണമെന്ന് മെഡിക്കൽ കമീഷൻ ചിന്തിക്കേണ്ടിയിരിക്കുന്നു.
അഴിമതി അവസാനിക്കണം
മെഡിക്കൽ കൗൺസിലിനെക്കുറിച്ചുള്ള പ്രധാന ആരോപണങ്ങൾ അഴിമതിയും കെടുകാര്യസ്ഥതയുമാണല്ലോ. മെഡിക്കൽ കമീഷൻ നിലവിൽവരുമ്പോൾ ഈ രണ്ടു പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തുമെന്ന് എങ്ങനെ ഉറപ്പിക്കാനാകും? തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ അഴിമതിക്കാരാകാം; സർക്കാർ നിയമിക്കുന്നവർ അഴിമതി നടത്താതിരിക്കാൻ എന്ത് ഉറപ്പുകളാണ് നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്? പുതിയ കമീഷനിൽ പരാമർശിച്ച വിവിധ കമ്മിറ്റികളിൽ അംഗങ്ങളായവർക്ക് മറ്റു കമ്മിറ്റികളിൽ ഉപദേശകാംഗത്വം നിഷിദ്ധമല്ല. ഇതുവഴി പരസ്പരം സ്വാധീനമുറപ്പിക്കാനാവുമല്ലോ. ഫലപ്രദമായ നിരീക്ഷണസമിതിക്ക് രൂപംകൊടുക്കാതെ സമിതികൾക്ക് സ്വയം പ്രവർത്തിക്കാനുള്ള വഴി തുറന്നാൽ മെഡിക്കൽ കൗൺസിൽ പോയ വഴിയിൽ നമുക്ക് നാഷനൽ മെഡിക്കൽ കമീഷനെ കാണാനാവും.
മെഡിക്കൽ കൗൺസിൽ ഇന്നത്തെ നിലയിൽ തുടരുന്നതിന് ഒരു ന്യായീകരണവുമില്ല. സ്ഥാപിതതാൽപര്യങ്ങളുടെ സംഘർഷഭൂമിയായി കഴിഞ്ഞിരിക്കുന്നു കൗൺസിൽ. പകരം ഒരു സ്ഥാപനം ഉണ്ടാകുന്നതിൽ തെറ്റില്ല. പാർലമെൻറിൽ പരിഗണനക്കിരിക്കുന്ന നാഷനൽ മെഡിക്കൽ കമീഷൻ ഉത്തമമായ സാമൂഹികബോധം പ്രതിഫലിപ്പിക്കുന്നുണ്ടോ എന്നകാര്യത്തിൽ സംശയങ്ങൾ ബാക്കിയാണ്. മെഡിക്കൽ വിദ്യാഭ്യാസത്തിൽ രാജ്യത്തെമ്പാടും സമാനമായ നിലവാരം, മെഡിക്കൽ എത്തിക്സ് കർശനമായി നടപ്പാക്കൽ, പ്രാക്ടിസിനുള്ള യോഗ്യതനിർണയത്തിലെ സുതാര്യത എന്നിവ മിനിമം പ്രോഗ്രാമായി വ്യവസ്ഥയുണ്ടാവണം.
മെഡിക്കൽ കൗൺസിലിെൻറ പോരായ്മകൾ ചർച്ചചെയ്തു സമയം കളയേണ്ടതില്ല. മെഡിക്കൽ കമീഷൻ എന്ന സ്ഥാപനത്തിൽ എന്തെല്ലാം ശക്തിയുണ്ടെന്ന ചർച്ചയാണിനി ആവശ്യം. അതിനായി കാത്തിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.