വൈദ്യശാസ്ത്ര പഠനത്തിൽ ഇപ്പോൾ നീറ്റ് (NEET) പരീക്ഷയുടെ കാലമാണ്. ഇന്ത്യയിലെ മെഡിക്കൽ ഉപരിപഠന കോഴ്സുകളിൽ പ്രവേശനം നടത്തുന്നത് നീറ്റ് എന്ന പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ആകണം എന്നാണ് കേന്ദ്ര സർക്കാർ തീരുമാനം.
ഇങ്ങനെയൊരു പ്രവേശനമാതൃകക്ക് മേന്മകളുണ്ട്. സുതാര്യമായ പ്രവേശന പദ്ധതി, പ്രത്യേകിച്ചും സ്വകാര്യ മെഡിക്കൽ കോളജ് സീറ്റുകളിൽ. രാജ്യത്താകെ ഒരേപരീക്ഷയിൽ വിദ്യാർഥികൾ മത്സരിക്കുന്നു; മാത്രമല്ല പ്രവേശനത്തിന് പരീക്ഷയിലെ മാർക്കല്ല, പെർസെൻറ്റൈൽ സ്‌കോർ ആണ് കണക്കാക്കുക. ഇന്ത്യയിലെമ്പാടും ഉന്നതബിരുദം തേടുന്ന വിദ്യാർഥികൾക്ക് പൊതുനിലവാരം ഉറപ്പു വരുത്തുന്നതിെൻറ ആദ്യപടിയായി ഇതിനെ കാണാം.
അത്രയും നന്ന്. എന്നാൽ, വീണ്ടുവിചാരമില്ലാതെയും വേണ്ടത്ര പഠനം നടത്താതെയും ഏകപക്ഷീയമായി എടുത്തിരിക്കുന്ന നടപടി കേരളത്തിൽ പ്രവേശന രംഗത്തെ അസ്വസ്ഥമാക്കിയിരിക്കുകയാണ്. വികലമായി തയാർ ചെയ്ത ഒരു ഖണ്ഡിക, 12^-1(ബി) പ്രോസ്‌പെക്ടസിൽ ചേർത്തതാണ് അസ്വസ്ഥതകളുടെ തുടക്കം. ഈ ഖണ്ഡികയനുസരിച്ചു പി.ജി പഠനത്തിനുചേരുന്ന വിദ്യാർഥി പഠനം തീരുന്നമുറക്ക് മൂന്നു വർഷം കൂടി കേരളസർക്കാർ ലാവണത്തിൽ താൽക്കാലികാടിസ്ഥാനത്തിൽ സേവനത്തിലുണ്ടാകണം. ഇങ്ങനെ ചെയ്യാമെന്ന് ഉറപ്പാക്കാൻ വിദ്യാർഥി ഒരു കരാറിൽ ഏർപ്പെടണം. കരാർ അനുസരിച്ചു പി.ജി പഠനത്തിനുശേഷം മൂന്നു വർഷം സർക്കാർ പറയുന്നിടത്തു, പറയുന്ന വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ യാതൊരവകാശങ്ങളും ഇല്ലാതെ ജോലി ചെയ്യണം. അതായത്, മൂന്നു വർഷത്തെ പി.ജി കോഴ്സ് ആറു വർഷമാകുംപോലുള്ള അവസ്ഥ.
പൊതുവെ അസംഘടിതരായ പി.ജി വിദ്യാർഥികൾ സമരത്തിലേക്ക് വന്നു. ദുർബലവും സംഘടനപാടവം കുറഞ്ഞതുമായ ഗ്രൂപ്പുകളെ ചർച്ചയിലൂടെ നിയന്ത്രിക്കാൻ എളുപ്പമാണ്. എങ്കിലും ചർച്ചകൾക്കൊടുവിൽ മൂന്നുവർഷത്തെ തുടർസേവനം വെട്ടിക്കുറച്ചു മുൻകാലങ്ങളിലെപ്പോലെ ഒരു വർഷത്തേക്ക് ചുരുക്കി. മാത്രമല്ല, സൂപ്പർ സ്പെഷാലിറ്റി പഠനം കഴിഞ്ഞു ഇപ്പോൾ വെച്ചിരിക്കുന്ന ബോണ്ട് പരിശോധിക്കാമെന്നും സർക്കാർ നിലപാടെടുത്തിരുന്നു. അതോടെ സംഘർഷങ്ങൾക്ക് താൽക്കാലിക ശമനമായെന്നു കരുതാം. ഇവിടെ പരിശോധിക്കുന്നത് മെഡിക്കൽ പി.ജി പഠനവുമായി ബന്ധപ്പെട്ടു ബോണ്ടുകളിൽ വിദ്യാർഥികളെ കുരുക്കുന്നതിെൻറ സാംഗത്യം മാത്രമാണ്. വിദ്യാർഥികൾ ബോണ്ട്, കരാർ എന്നിവയിൽ ഏർപ്പെടാൻ സന്നദ്ധരാണെങ്കിൽകൂടി നാട്ടിൽ നിലവിലുള്ള നിയമങ്ങളും, പൊതുധാരയിൽ അമൂല്യമായി കരുതുന്ന സദാചാരസങ്കൽപങ്ങളും അനുസരിച്ചാണ് നാം സർക്കാർ നിലപാടുകളെ വിലയിരുത്തുക. അങ്ങനെ പരിശോധിച്ചാൽ പി.ജി പഠനത്തിന് തുടർസേവനം അടിസ്ഥാന വ്യവസ്ഥയാക്കുന്നതു ശരിയല്ല എന്നുകാണാൻ വിഷമമില്ല, എന്തൊക്കെയാണ് അതിലെ ന്യായവാദങ്ങളെന്നു നോക്കാം.
ഒന്ന്, നീറ്റ് (NEET) പരീക്ഷയുടെ പൊതുതാൽപര്യം രാജ്യത്താകമാനം സമാനമായ നിലവാരം എത്തിക്കാൻ ശ്രമിക്കുക എന്നാണ്. കേരളത്തിലെ മെഡിക്കൽ കോളജുകളിൽ ഒരു നിശ്ചിത ശതമാനം സീറ്റുകൾ അന്യസംസ്ഥാനങ്ങളിൽനിന്ന് വരുന്ന വിദ്യാർഥികൾക്കുള്ളതാണ്. മറ്റു സംസ്ഥാനങ്ങളിൽ തുല്യമായ സീറ്റുകൾ നമ്മുടെ വിദ്യാർഥികൾക്കും ലഭിക്കും. അപ്പോൾ, നമ്മുടെ മെഡിക്കൽ കോളജുകളിൽ പഠിക്കാനെത്തുന്ന വിദ്യാർഥികളെ ഒന്ന് മുതൽ മൂന്നു വർഷം വരെയുള്ള താൽക്കാലിക സേവനം നിരുത്സാഹപ്പെടുത്തും. നീറ്റ് പരീക്ഷ എന്തുദ്ദേശിക്കുന്നുവോ ആ നയത്തെ തകിടം മറിക്കുകയാവും ഫലം. മാത്രമല്ല, എം.ഡി പാസായശേഷവും കേരളത്തിൽ വർഷങ്ങളോളം കരാർ ജോലിയെടുക്കണം എന്നറിഞ്ഞാൽ മെച്ചപ്പെട്ട റാങ്കുള്ള പലർക്കും കേരളം അനഭിമത ലക്ഷ്യസ്ഥാനമായി മാറും. ഇത് പ്രവേശനത്തിലെ സന്തുലിതാവസ്ഥയിൽ മാറ്റമുണ്ടാക്കും.
രണ്ട്, കേരളത്തിൽ സർക്കാർ മേഖലയിൽ ഡോക്ടർമാരുടെ ദൗർലഭ്യം ഉണ്ടെന്നുള്ള ബ്യൂറോക്രാറ്റിക് കഥ നിലവിലുണ്ട്. യഥാർഥത്തിൽ ഒരു കഥയായിപ്പോലും പറയാൻ കഴമ്പുള്ളതല്ല ഈ വിശ്വാസം. ലോകാരോഗ്യസംഘടനയുടെ തെക്കുകിഴക്കൻ ഏഷ്യ പബ്ലിക് ഹെൽത് ജേർണലിൽ (2013) ഇന്ദ്രജിത് ഹസാരികയുടെ പഠനമുണ്ട്: ഇതനുസരിച്ചു 2009ൽ തന്നെ കേരളത്തിൽ ആയിരം ജനങ്ങൾക്ക് 1.15 ഡോക്ടർമാർ എന്നനില എത്തിക്കഴിഞ്ഞു. ലോകാരോഗ്യ സംഘടന 1000 പേർക്ക് ഒരു ഡോക്ടർ എന്ന തോതാണ് ശിപാർശ ചെയ്യുന്നത്. പത്തോ പതിനഞ്ചോ വർഷം കഴിയുമ്പോൾ കേരളത്തിൽ ഡോക്ടർമാരുടെ ആധിക്യമുണ്ടാവുകയും, തൊഴിൽ കണ്ടെത്തുകയെന്നത് പ്രശ്നമാകയും ചെയ്യും. എന്നിട്ടും ആർദ്രം പോലുള്ള പദ്ധതികളിൽ സേവനത്തിന് ഡോക്ടർമാരെ കിട്ടുന്നില്ല എന്ന് പറഞ്ഞാൽ നമ്മുടെ ആസൂത്രകർ എന്താണ് ചെയ്തിരുന്നത് എന്ന ലളിതമായ ചോദ്യം ഉദിക്കും. സത്യത്തിൽ സർക്കാർ ആരോഗ്യമേഖല സേവനത്തിനു ആകർഷകമല്ലാത്തതിനാൽ അവിടെ ഡോക്ടർമാർ എത്തുന്നില്ല എന്നതാണ് സത്യം. (ഈ വിഷയം മുൻ ലക്കങ്ങളിൽ ആരോഗ്യപ്പച്ച ചർച്ചചെയ്തതിനാൽ ആവർത്തിക്കുന്നില്ല.) അനാകർഷകമായ ലാവണങ്ങളിൽ ആരും ജോലിക്കെത്താത്തതിന് താൽക്കാലികമാണെങ്കിൽപ്പോലും ബോണ്ടഡ് ലേബർ ആയി ഡോക്ടർമാരെ തടവിലാക്കുന്നതു നിയമം ഉറപ്പുതരുന്ന അവരുടെ സ്വാതന്ത്ര്യത്തിൽ കൈകടത്തലാകും.
മൂന്ന്, മുദ്രപ്പത്രത്തിൽ ബോണ്ട് ഒപ്പിടുന്നതിനും രസകരമായ വ്യവസ്ഥകളുണ്ട്. പി.ജി വിദ്യാർഥിയുടെ മാതാപിതാക്കൾ മുദ്രപത്രത്തിൽ ജാമ്യക്കാരാകണം എന്നതാണ് പ്രസ്തുത വകുപ്പ്. സ്വതന്ത്ര പൗരനായ വിദ്യാർഥി ഏതെങ്കിലും കാരണത്താൽ കരാർ പ്രകാരം ജോലിചെയ്തില്ലെങ്കിൽ അയാളുടെ മാതാപിതാക്കളുടെ പോലും സ്വത്തുക്കൾ കണ്ടുകെട്ടും എന്നുപറയുന്നത് ലളിതമായി പറഞ്ഞാൽ ഭീഷണിയുടെ സ്വരമാണ്. അക്കാരണത്താൽ തന്നെ ഇത്തരം കരാറുകൾ കോടതിയിൽ നിലനിൽക്കുമോയെന്നു സംശയമാണ്.
നാല്, മറ്റൊരു ഭീഷണി കൂടി പ്രോസ്പെക്ടസ് മുന്നോട്ടു വെക്കുന്നു. പി.ജി പഠിച്ചശേഷം ബിരുദമെടുത്തയാൾ കരാർ ജോലി ചെയ്യാതിരുന്നാൽ പ്രഫഷനൽ മിസ്‌കോണ്ടക്ട് നിയമപ്രകാരം തിരു-കൊച്ചി മെഡിക്കൽ കൗൺസിലിൽ പരാതികൊടുക്കുകയും, രജിസ്ട്രേഷൻ റദ്ദു ചെയ്യിപ്പിക്കുകയും ചെയ്യും എന്നതാണ് അത്. നമ്മുടെ ടെലിവിഷൻ പരമ്പരകളിൽ കോമഡി പ്രോഗ്രാമിൽ ഉപയോഗിക്കാവുന്ന തരം വിഷയമാണിത്. ഏതായാലും ഇത് എഴുതിപ്പിടിപ്പിച്ചയാൾ പ്രഫഷനൽ മിസ്‌കോണ്ടക്ട് നിയമങ്ങൾ വായിച്ചിട്ടില്ല, അല്ലെങ്കിൽ മനസ്സിലായിട്ടില്ല. എം.ഡി പാസായ ആൾ കരാർ ജോലി ചെയ്തില്ലെങ്കിൽ അയാളുടെ എം.ബി.ബി.എസ് രജിസ്‌ട്രേഷൻ എങ്ങനെയാണ് തെറിപ്പിക്കുക? എം.ബി.ബി.എസ് രജിസ്‌ട്രേഷൻ നൽകുന്നത് അതിെൻറ നിയമാവലിക്കനുസരിച്ചല്ലേ? അല്ലെങ്കിൽത്തന്നെ അത്തരം മിസ്‌കോണ്ടക്ട് പ്രഫഷനൽ മിസ്കോണ്ടക്ടിെൻറ പരിധിയിൽ വരുകയും ഇല്ല.
അഞ്ച്, കരാർ ജോലി ചെയ്യാത്ത പി.ജി ഡോക്ടർമാരുടെ സാക്ഷിപത്രങ്ങളും സർട്ടിഫിക്കറ്റുകളും അവയുടെ സൂക്ഷിപ്പുകാരായ ഡി.എം.ഒ/പ്രിൻസിപ്പൽ പിടിച്ചുവെക്കുകയും മടക്കികൊടുക്കാതിരിക്കയും ചെയ്യും എന്നതാണ് മറ്റൊരു നിലപാട്. ഇതിനും എത്രകണ്ട് നിയമസാധുതയുണ്ട് എന്ന് പരീക്ഷിച്ചറിയണം. കരാർ ചാടിപ്പോയാൽ ഭാരിച്ച നഷ്ടപരിഹാരമായി 50 ലക്ഷം രൂപ ദാക്ഷണ്യലേശമന്യേ നിശ്ചയിച്ചതിനുശേഷം അയാളുടെ ജീവിതം സാധ്യമല്ലാതാക്കാൻ സർട്ടിഫിക്കറ്റുകൾ കൂടി തടഞ്ഞുവെക്കുന്നത് ഒരു കോടതിവിചാരണ കാത്തിരിക്കുന്നു. നമ്മുടെ നാട്ടിലെ പ്രമുഖ പിടികിട്ടാപ്പുള്ളികൾക്കുപോലും തലവരി ഇതിൽ താഴെയാണ് സർക്കാർ പ്രഖ്യാപിക്കുന്നത്. ഇപ്പോൾ നാട്ടിലെ പ്രധാനപ്പെട്ട കുറ്റകൃത്യം എം.ഡി പാസായശേഷം സർക്കാർ പറഞ്ഞ സ്ഥലത്തു സ്ഥിരജോലിസാധ്യതയില്ലാതെ പ്രവർത്തിക്കുന്നതിന് പകരം കേരളത്തിൽ തന്നെ മറ്റൊരിടത്തു ജോലിചെയ്തുജീവിക്കാൻ ശ്രമിക്കുന്നതാണ് എന്നുവേണം കരുതാൻ! ഇത് ഒരുതരം ഷൈലോക്ക് തത്ത്വം പോലെ തോന്നുന്നു; എന്തുകൊണ്ടെന്നാൽ ചെയ്യുന്ന തെറ്റിനെക്കാൾ പതിന്മടങ്ങു തീവ്രതയുള്ള ശിക്ഷാവിധികൾ പലപ്പോഴും പ്രാവർത്തികമാക്കുക സുഗമമല്ല.
ആറ്, സർക്കാർ സൃഷ്ടിക്കാൻ ശ്രമിക്കുന്ന പി.ജി ഡോക്ടർമാരുടെ ബോണ്ടഡ് ലേബർ സ്കീമിന് മറ്റൊരു പോരായ്മകൂടിയുണ്ട്. പി.ജി വിദ്യാർഥി കരാറിൽ ഏർപ്പെടുന്നത് സർക്കാറുമായിട്ടാണ്, അല്ലെങ്കിൽ സർക്കാറിെൻറ അവരോധിക്കപ്പെട്ട പ്രതിനിധിയുമായി. എം.ഡി പ്രവേശനത്തിലും വിദ്യാഭ്യാസം, പരീക്ഷ, രജിസ്‌ട്രേഷൻ എന്നിവയിലും പങ്കാളികളായ രണ്ടു സ്വതന്ത്ര ഏജൻസികൾ കൂടിയുണ്ട്. ആരോഗ്യ സർവകലാശാല, തിരു-കൊച്ചി മെഡിക്കൽ കൗൺസിൽ എന്നിവയാണ് അവ. അവർ ഭാഗമാകാത്ത കരാർ നടപ്പിലാക്കുക എന്നത് എളുപ്പമാകാനിടയില്ല. സ്വതന്ത്ര സ്ഥാപനമായ സർവകലാശാല നടത്തുന്ന കോഴ്സിന് ചേരുന്ന വിദ്യാർഥിയെ എന്തങ്കിലും പറഞ്ഞു ചേരാൻ പറ്റാതാക്കുകയോ വിദ്യാർഥിയുടെ പ്രവേശനത്തെ സ്വാധീനിക്കുകയോ ചെയ്യുന്നത് യൂനിവേഴ്സിറ്റി നിയമാവലിക്കനുസൃതമായിട്ടാവില്ല.
ഏഴ്, ഏതു കരാറും നിയമവിധേയമായി നടപ്പാക്കണമെങ്കിൽ അത് ഇന്ത്യൻ കോൺട്രാക്ടസ് ആക്ട് എന്ന നിയമത്തിനു കീഴിൽ വരണം. ആർക്കൊക്കെ കരാറിൽ ഏർപ്പെടാമെന്നും ഏതെല്ലാം സാഹചര്യങ്ങൾ കരാറിന് നിയമപരിരക്ഷ നഷ്ടപ്പെടുത്തും എന്നും ആക്ട് പറയുന്നുണ്ട്. കോൺട്രാക്ടസ് ആക്ടിൽ കരാർ നിയമവിരുദ്ധമാകുന്നതെപ്പോൾ എന്ന് പറയുന്നുണ്ട്. നിർബന്ധിച്ചു കരാറിൽ ചേർക്കുക, ഒരു പാർട്ടിയുടെ ശക്തിയുടെ പിൻബലത്തിൽ മറ്റേ കക്ഷിയുടെമേൽ അമിത സ്വാധീനം ഏൽപിക്കുക എന്നിവ കോൺട്രാക്ട് റദ്ദാക്കലിന് കാരണമാകും. ഇവിടെ അൺഡ്യൂ ഇൻഫ്ലുവെൻസ് എന്തായാലും ഉണ്ട്. അതെങ്ങനെയെന്നു നോക്കാം. ഇവിടെ സർക്കാർ സർവശക്തിയുമുള്ള പാർട്ടിയാണ്. പി.ജി വിദ്യാർഥിയോ പ്രവേശനം നഷ്ടപ്പെട്ടാൽ എല്ലാം പോയി എന്ന് വിശ്വസിക്കുന്നയാൾ. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ പി.ജി വിദ്യാർഥിക്ക് ബോണ്ടിലെ ഒരു വ്യവസ്ഥ പോലും രൂപഭേദപ്പെടുത്താനാകില്ല. ബലാൽക്കാരമായി ഒപ്പുവെക്കുന്നതിനു സമമാണിത്. വിദ്യാർഥി ചെയ്യേണ്ടതെല്ലാം വിശദമായി പറഞ്ഞശേഷം സർക്കാർ ചെയ്യേണ്ടകാര്യങ്ങളെല്ലാം വിട്ടുകളഞ്ഞിരിക്കുന്നു. ഉദാഹരണത്തിന്, എത്ര രൂപ ശമ്പളമായി ലഭിക്കുമെന്നോ, എന്തെല്ലാം സർവിസ് ആനുകൂല്യങ്ങൾ ലഭിക്കുമെന്നോ വ്യക്തമല്ല, തികച്ചും അസന്തുലിതമായ കോൺട്രാക്ട്!
ഇങ്ങനെ വിവിധ കാരണങ്ങളാൽ ഭരണഘടന അനുവദിക്കുന്ന വിദ്യാഭ്യാസം നേടുന്നതിൽനിന്ന് ഡോക്ടർമാരെ വിലക്കുകയാണെങ്കിൽ കോൺട്രാക്ട് ആക്ടിലെ പല പ്രൊവിഷനും ഭരണഘടന എതിരാവും. ഡോക്ടർമാർ ഇപ്പോൾതന്നെ ആയിരത്തിനു ഒന്ന് എന്ന അനുപാതം കഴിഞ്ഞുനിൽക്കുന്ന കേരളത്തിൽ ഗുണനിലവാരം ഉറപ്പുവരുത്തി സർക്കാർ മേഖലയിലേക്ക് അവരെ ആകർഷിക്കുന്നതിന് പകരം ബലമുപയോഗിച്ചു അനുസരിപ്പിക്കാനുള്ള കരാറുകൾ അധികനാൾ നിൽക്കുകയില്ല. പരിമിതമായ രീതിയിൽ ഇപ്പോൾ നിലനിൽക്കുന്നതുതന്നെ പ്രവേശനത്തിനെത്തുന്ന പി.ജി വിദ്യാർഥികൾക്ക് സംഘടിക്കാനവസരമില്ല എന്നതിനാലാണ്. നാം ചിന്തിക്കേണ്ട മറ്റൊന്നുണ്ട്. നല്ല തൊഴിൽ സാഹചര്യമൊരുക്കിക്കൊടുത്താൽ, കരിയർ നിർമിക്കാൻ അവസരം കൊടുത്താൽ ചെറുപ്പക്കാരായ ഡോക്ടർമാർ സർക്കാർ സർവിസിലേക്ക് വരും. അനേക വർഷത്തിെൻറ കരാർ ഏകപക്ഷീയമായി, അൽപം നിയമവിരുദ്ധതയോടുകൂടി നടപ്പിലാക്കാമെന്ന ആശയം സൃഷ്ടിച്ചത് ആരെയും അതിശയപ്പെടുത്തും.
പഴയ ഒരു സുഭാഷിതം ഓർമവരുന്നു: ‘മർക്കടസ്യ സുരപാനം, മധ്യേ വൃശ്ചിക ദംശനം. (സ്വതവേ അടക്കമില്ലാത്ത കുരങ്ങൻ അൽപം മദ്യം സേവിക്കുകയും അതിനിടെ തേൾ വന്ന് അരയിൽ കുത്തുകകൂടി ചെയ്താൽ എന്താകും അവസ്ഥ!).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.