കേരളത്തിെൻറ ആരോഗ്യ മേഖലയെ വിഭജിച്ചു പൊതുജനാരോഗ്യ കേഡർ സൃഷ്ടിക്കാൻ സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. വിദഗ്ധരുടെയും സംഘടനകളുടെയും അഭിപ്രായങ്ങൾ തേടുന്ന ഗവൺമെൻറ് നിയമനിർമാണത്തിനുള്ള ചർച്ച നടത്തിവരുന്നുണ്ടെന്നാണ് വാർത്ത. ആരോഗ്യ സർവിസ് സമഗ്രമായി പരിഷ്കരിക്കേണ്ട സമയം ഇപ്പോൾത്തന്നെ വൈകിയിരിക്കുന്നു. മുമ്പ് നടന്ന മാറ്റങ്ങൾ സുഗമമായ ഭരണത്തിനുവേണ്ടിയുള്ള നീക്കുപോക്കുകളായിരുന്നു. ഇപ്പോൾ സർവിസിനെ തന്നെ അടർത്തി ഒരു ഭാഗം പൊതുജനാരോഗ്യം സംരക്ഷിക്കാനായി മാറ്റുന്നത് സ്വാഗതാർഹമാണ്. ഇക്കാര്യത്തിൽ തമിഴ്നാടിനെ മാതൃകയാക്കുക എന്ന ആശയത്തിനാണ് മുൻതൂക്കം ലഭിച്ചിരിക്കുന്നതെന്നും അറിയുന്നു. ആരോഗ്യ സർവിസിൽനിന്ന് വേർപെടുത്തി പൊതുജനാരോഗ്യം ഒരു സ്വതന്ത്ര കേഡറാക്കി മാറ്റണമെന്ന് ‘ആരോഗ്യപ്പച്ച’ ആവശ്യപ്പെട്ടിരുന്നു. മുൻ ലക്കങ്ങളിൽ (26 ജൂലൈ, ഒമ്പത് ആഗസ്റ്റ്^2016) സവിസ്തരം പ്രതിപാദിച്ച വിഷയമാണിത്. അന്യ മാതൃക കടം കൊള്ളും മുമ്പ് തനതു മാതൃക എന്തുകൊണ്ടായിക്കൂടാ എന്നും ആലോചിക്കാം. തമിഴ്നാട് ആരോഗ്യരംഗം നാലു വകുപ്പുകളായി വിഭജിച്ചിരിക്കുകയാണ്. അതിൽ ഒന്നാണ് പൊതുജനാരോഗ്യവും പ്രതിരോധ വൈദ്യശാസ്ത്രവും. ആശുപത്രി സംവിധാനങ്ങൾ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനും മെഡിക്കൽ സർവിസിനും പൊതുവിൽ ഉള്ളതാണ്. സാങ്കേതികമായി പുതിയൊരു വകുപ്പ് ഉണ്ടാകുന്നതിലല്ല, പൊതുജനങ്ങൾക്ക് ലാഭമാകുന്ന ആരോഗ്യസേവനങ്ങളിൽ ഗുണപരവും ഗണ്യവുമായ മാറ്റത്തിന് അത് ഉതകുമോ എന്നാണ് അന്വേഷിക്കേണ്ടത്.
പുതിയ കേഡർ രൂപകൽപന ചെയ്യുമ്പോൾ പൊതുജനാരോഗ്യ സർവിസിന് ചില അടിസ്ഥാന ലക്ഷണങ്ങൾ ഉണ്ടായിരിക്കണം.
ഒന്ന്: കേരള ആരോഗ്യ സർവിസ് വിശ്വാസ്യത തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. കാരണം, ഭൂരിപക്ഷം രോഗികളും ഇപ്പോൾ സ്വകാര്യ ആശുപത്രി ചികിത്സയാണ് ഇഷ്ടപ്പെടുന്നത്. ആയിരത്തോളം പ്രാഥമികാരോഗ്യ കേന്ദ്രം, സാമൂഹികാരോഗ്യ കേന്ദ്രം എന്നിവയിൽ വലിയ തിരക്കുമാണ്. ഈ രണ്ടു സ്ഥാപനങ്ങളും അതിനു കീഴെയുള്ള സബ്സെൻററുകളും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നത് നല്ലതുതന്നെ. ഇതോടൊപ്പം, ഇവിടെനിന്ന് രോഗികളെ അടുത്ത തലത്തിലേക്ക് റഫർ ചെയ്യുന്നതിനും അവിടെ ചികിത്സ കഴിഞ്ഞു തുടർസേവനങ്ങൾക്കായി തിരികെ ഏറ്റുവാങ്ങുന്നതിനും ഫലപ്രദമായ സംവിധാനങ്ങൾ ഒരുക്കിയാലേ പുതിയ പൊതുജനാരോഗ്യ വിഭാഗം തികച്ചും ജനപക്ഷമാകൂ. അതിന് ആവശ്യമുള്ള ആംബുലൻസ് സർവിസ്, കമ്പ്യൂട്ടർ ശൃംഖല എന്നിവ ലഭ്യമാകണം.
രണ്ട്: ആരോഗ്യ കേന്ദ്രങ്ങളിൽ സർവപ്രധാനമായ നിക്ഷേപം മാനവശേഷിയാണ്. സ്വതന്ത്രമായ ആന്തരിക പ്രചോദനത്തിലൂടെ പ്രവർത്തിക്കുന്നവർക്കു മാത്രമേ ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിൽ സ്വാധീനം ചെലുത്താനാകൂ. അതിനാൽ സന്തുഷ്ടമായ കേഡർ ഒരുക്കേണ്ടതുണ്ട്. ഇപ്പോൾ ഈ മേഖലയിലുള്ള ചെറുപ്പക്കാരായ ഡോക്ടർമാർ അധികവും മറ്റു അവസരം വരുന്നതുവരെയുള്ള ലാവണമായി കാണാൻ ശ്രമിക്കുന്നു. ഇവർക്ക് മെച്ചപ്പെട്ട കരിയർ സ്ഥാപിക്കാനാവുന്നില്ല എന്നത് ഒരു സങ്കീർണ പ്രതിഭാസം തന്നെയാണ്. ഡോക്ടറായി സർവിസിൽ കയറി, ക്ലറിക്കൽ ജോലിക്കാരുടെ സേവനരീതിയിൽ പെടുന്നവർക്ക് എന്ത് പ്രചോദനമാണുണ്ടാകുക? പൊതുജനാരോഗ്യ സേവനം മെച്ചപ്പെടണമെങ്കിൽ അത് സ്വതന്ത്ര ഡിപ്പാർട്മെൻറാക്കി ഒരു ഡയറക്ടറുടെ കീഴിൽ സ്വതന്ത്ര പ്രവർത്തനം അനുവദിക്കണം. ഇത് ഏറ്റവും കുറഞ്ഞത്, ഡോക്ടർമാരുടെ പ്രമോഷൻ സാധ്യത ഉറപ്പാക്കും. ഇതില്ലാത്ത മറ്റു പരിഷ്കാരങ്ങൾ കാര്യക്ഷമതയില്ലാത്ത മറ്റൊരു വകുപ്പുകൂടി ഉറപ്പാക്കാനേ ഉതകൂ.
മൂന്ന്: ഇപ്പോൾ വിഭാവനം ചെയ്യുന്ന പബ്ലിക് ഹെൽത്ത് കേഡർ, തീർത്തും പൊതുജനാരോഗ്യ മാതൃകയിലല്ല എന്നു തോന്നുന്നു. അതിെൻറ ഘടകങ്ങളേറെയും കമ്യൂണിറ്റി മെഡിസിൻ മാതൃകയാണ് അവലംബിക്കുക. ഇത് ശരിയെങ്കിൽ, അവിടെയും പുനരാലോചന വേണം. പൊതുജനാരോഗ്യ വിഭാഗം രൂപവത്കരണവുമായി ബന്ധപ്പെട്ട ഉപദേശകർ അധികവും കമ്യൂണിറ്റി മെഡിസിൻ ആഭിമുഖ്യമുള്ളവർ ആയിരിക്കാം; അവരുടെ ചിന്ത കമ്യൂണിറ്റി മെഡിസിൻ കേന്ദ്രീകൃതമാകുന്നതിൽ അത്ഭുതമില്ല. ഏതാനും കാര്യങ്ങൾകൂടി പരിഗണിക്കേണ്ടത് അത്യാവശ്യമാണെന്ന് കരുതുന്നു.
കാഴ്ചപ്പാടിലും ഉള്ളടക്കത്തിലും വ്യത്യാസമുണ്ടെങ്കിലും സാമൂഹിക വൈദ്യശാസ്ത്രവും പൊതുജനാരോഗ്യ ശാസ്ത്രവും തമ്മിൽ ഏറെ സാമ്യമുണ്ട്. പൊതുജനാരോഗ്യം ലക്ഷ്യംവെക്കുന്നത് സമൂഹങ്ങൾ, സംഘടനകൾ, സർക്കാർ^സ്വകാര്യ ഏജൻസികൾ, വ്യക്തികൾ മുതലായ നിരവധി വിഭാഗങ്ങൾ ബോധപൂർവം തിരഞ്ഞെടുക്കുന്ന ആരോഗ്യ സങ്കേതങ്ങളും ടെക്നോളജികളും രോഗപ്രതിരോധത്തിനും ആരോഗ്യ സംരക്ഷണത്തിനും ജീവിത ഗുണനിലവാരം ഉയർത്തുന്നതിനും ഒക്കെയായി ചെയ്യുന്ന സംഘടിത ശ്രമമാണ്. ഇതിൽ തീർച്ചയായും സാമൂഹികാരോഗ്യ ശാസ്ത്രം ഉൾപ്പെട്ടിട്ടുണ്ട്; അതിനപ്പുറവും ഉണ്ടെന്നതാണ് കാര്യം. പൊതുജനാരോഗ്യം അടിസ്ഥാനപരമായി ഒരു ഇൻറർ-ഡിസിപ്ലിനറി വിഷയമാണ്. ഉദാഹരണത്തിന് എപ്പിഡെമിയോളജി, സ്റ്റാറ്റിസ്റ്റിക്സ്, പരിസ്ഥിതി, എൻജിനീയറിങ് തുടങ്ങി അനേകം വിഷയങ്ങളിലെ ചിന്താരീതികൾ പ്രായോഗികമായി സമന്വയിപ്പിക്കുന്നതിലാണ് പൊതുജനാരോഗ്യത്തിെൻറ ശക്തി.
അതേസമയം, കമ്യൂണിറ്റി മെഡിസിൻ അഥവാ സാമൂഹികാരോഗ്യ ശാസ്ത്രം ഒരു തികഞ്ഞ മെഡിക്കൽ സ്പെഷാലിറ്റി ആകുന്നു. മെഡിക്കൽ കൗൺസിൽ നിയമങ്ങൾക്കു വിധേയമായ സിലബസ് അതിനുണ്ട്. പബ്ലിക് ഹെൽത്ത് ഇല്ലാതിരുന്ന കാലത്തെ പദ്ധതി നിർവഹണത്തിനും മറ്റും കമ്യൂണിറ്റി മെഡിസിൻ സ്പെഷലിസ്റ്റുകൾ ധാരാളമായി പങ്കെടുത്തിരുന്നു. മെഡിക്കൽ കോളജുകളിൽ നടത്തുന്ന കമ്യൂണിറ്റി മെഡിസിൻ കോഴ്സുകൾക്ക് വലിയ ഇൻറർ-ഡിസിപ്ലിനാരിറ്റി ഇല്ലെന്ന് കാണാം. പല സ്ഥാപനങ്ങളിലും ഒട്ടും തന്നെയില്ല.
നമ്മുടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന യുവഡോക്ടർമാർ ക്രമേണ പബ്ലിക് ഹെൽത്ത് സ്പെഷലിസ്റ്റ്സ് ആയി മാറുന്നുണ്ട്. അവർക്ക് എന്തെങ്കിലും പരിശീലനം വേണമെങ്കിൽ അത് പബ്ലിക് ഹെൽത്ത് എന്ന ഇൻറർ-ഡിസിപ്ലിനറി വിഷയത്തിലാണ്. പൊതുജനാരോഗ്യത്തിൽ സാമൂഹിക ശാസ്ത്രം, നരവംശ ശാസ്ത്രം, ജലവിഭവം, കൃഷി, മാനേജ്മെൻറ്, പ്രോജക്ട് മാനേജ്മെൻറ് തുടങ്ങിയ നിരവധി വിഷയങ്ങളിൽ പ്രായോഗിക കാഴ്ചപ്പാടുകൾ സിദ്ധിച്ചിരിക്കണം. കമ്യൂണിറ്റി മെഡിസിൻ ഉപരിപഠന സാധ്യതകൾ പരിമിതമായതിനാലും അത് മെഡിക്കൽ കൗൺസിൽ നിയന്ത്രണത്തിന് വിധേയമായതിനാലും ഈ ഡോക്ടർമാർക്ക് അവിടെ പഠിക്കാൻ അവസരമൊരുക്കും എന്നുപറയുന്നത് പ്രായോഗികമല്ല. സർവിസ് ആരംഭിക്കുന്ന യുവ ഡോക്ടർക്ക് അനേക വർഷത്തെ കാത്തിരിപ്പു വേണ്ടിവരും ഉന്നതവിദ്യാഭ്യാസത്തിന് അവസരം കിട്ടാൻ. മറ്റൊരു നിരാശയിലേക്കു നയിക്കാൻ കാരണമാകുന്ന പരിഷ്കാരമാകും ഇത്.
സർക്കാറിന് ഈ വിഷയത്തിൽ ചെയ്യാവുന്ന എളുപ്പമാർഗം മെഡിക്കൽ കൗൺസിലിനു പുറത്ത് പബ്ലിക് ഹെൽത്ത് കോഴ്സുകൾ ആരംഭിക്കുക എന്നതാണ്. സംസ്ഥാനത്തെ ആരോഗ്യ സർവകലാശാലക്ക് ഇതെളുപ്പം സാധിക്കും. അങ്ങനെയൊരു കോഴ്സിലേക്ക് ഡോക്ടർമാരെ സ്പോൺസർ ചെയ്യുന്ന സംവിധാനമായിരിക്കും ഫലപ്രദം. അല്ലാതെ പബ്ലിക് ഹെൽത്ത് കേഡർ കമ്യൂണിറ്റി മെഡിസിൻകാരെക്കൊണ്ട് നിറക്കാൻ ശ്രമിക്കുന്നത് ആശയപരമായും പ്രായോഗികമായും ഗുണം ചെയ്യാനിടയില്ല. കാരണം, അവരുടെ പൊതുദർശനം സമൂഹത്തിൽ ചെയ്യാവുന്ന ആരോഗ്യ ഇടപെടലുകൾ അന്വേഷിക്കലാണ്; അതിൽ വ്യത്യസ്തങ്ങളായ മറ്റു സ്പെഷാലിറ്റികൾക്ക് സജീവസാന്നിധ്യം ഉണ്ടാവാനിടയില്ല. കമ്യൂണിറ്റി മെഡിസിൻ സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നത്മറക്കുന്നില്ല. പക്ഷേ, അതൊന്നും ഇൻറർ-ഡിസിപ്ലിനറി രീതിയിലല്ല അഭ്യസിപ്പിക്കുന്നത്. പബ്ലിക് ഹെൽത്ത് ഒരു മെഡിക്കൽ ശാസ്ത്രവിഭാഗമല്ല; ബിഹേവിയറൽ ശാസ്ത്രം, സാമൂഹികശാസ്ത്രം, എപ്പിഡെമിയോളജി, സ്റ്റാറ്റിസ്റ്റിക്സ് എന്നിവ സമ്മേളിക്കുന്ന നോൺമെഡിക്കൽ ശാസ്ത്രമായാണ് വികസിച്ചിട്ടുള്ളത്. ബഹുഭൂരിപക്ഷം സർവകലാശാലകളിലും നിലവിലുള്ള ആരോഗ്യശാസ്ത്ര വിഭാഗങ്ങളെ ശക്തിപ്പെടുത്തി അവിടെ പബ്ലിക് ഹെൽത്ത്, ആരോഗ്യശാസ്ത്രം, സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിൽ പി.ജി പ്രോഗ്രാം (എം.ഫിൽ, പിഎച്ച്.ഡി) പുതിയ കേഡറിൽ ഉൾപ്പെടുത്തുന്നതും നല്ല ആശയമായി തോന്നുന്നു.
നാല്: എം.ബി.ബി.എസ് അടിസ്ഥാന യോഗ്യതയായി ഈ കേഡറിലേക്ക് പുതിയ നിയമനങ്ങൾ നടത്തുകയും അവർക്ക് വേണ്ട പരിശീലനം ഉടൻ നൽകുകയും ചെയ്യാനുള്ള അവസരം ഉണ്ടാക്കുന്നതും ആവശ്യമാണ്. പഞ്ചായത്ത് സംവിധാനങ്ങളുമായി പൊരുത്തപ്പെട്ട് ആരോഗ്യഭരണം, പദ്ധതി ആവിഷ്കരണം, സാക്ഷാത്കാരം എന്നിവയിലും ബജറ്റിങ്, സാമൂഹിക പങ്കാളിത്തം എന്നിവയിലൂടെ കാര്യക്ഷമത ഉറപ്പാക്കുന്ന രീതികളിലും ദീർഘകാല രോഗങ്ങളിൽ പുനരധിവാസ ചികിത്സാമുറകൾ സമൂഹത്തിലെത്തിക്കുന്നതിനും ഉള്ള നവീനാശയങ്ങളും പരിശീലനങ്ങളും ഇവർക്ക് നൽകേണ്ടതുണ്ട്. തുല്യപ്രാധാന്യമുള്ള മറ്റൊരു നൈപുണ്യമാണ് റിപ്പോർട്ടുകൾ, പദ്ധതികൾ എന്നിവ എഴുതുന്നതിനുള്ള സാേങ്കതിക പരിചയം ഉറപ്പാക്കൽ. ഉദ്ദേശം ആറു മാസത്തോളം വേണ്ടിവരുന്ന പരിശീലനത്തിനുശേഷം ആരോഗ്യകേന്ദ്രങ്ങളിലെത്തുന്ന ഡോക്ടർമാർ വ്യത്യസ്തരായിരിക്കും എന്നുറപ്പാണ്.
കേരള ആരോഗ്യ സർവിസ് മാറ്റത്തിെൻറ വക്കിൽ നിൽക്കുന്നുവെന്നത് ശുഭസൂചനയാണ്. ക്രിയാത്മകമായ മാറ്റങ്ങളാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. പേരിലും പരിസരത്തും ഒതുങ്ങിനിൽക്കുന്ന മാറ്റം ക്രമേണ അവഗണിക്കപ്പെടുമെന്നു തീർച്ചയാണ്. കേരളത്തിലെ കമ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്മെൻറുകളുടെ പ്രവർത്തനങ്ങളും ഉൽപാദനക്ഷമതയും പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും. നമ്മുടെ പൊതുജനാരോഗ്യ കേന്ദ്രങ്ങൾക്കു പലതിനും കമ്യൂണിറ്റി മെഡിസിൻ വിഭാഗങ്ങളെക്കാൾ മെച്ചപ്പെട്ട കാര്യക്ഷമതയുണ്ട്. ഇത് മറന്നുകൊണ്ടാവരുത് പുതിയ കേഡർ പരിഷ്കാരം ജനങ്ങളിലെത്തിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.