പ്രളയാനന്തര പുനരധിവാസം വിപുലീകരിച്ച് പുതിയ കേരളം സൃഷ്ടിക്കാനുള്ള കേരള സര്‍ക ്കാറിെൻറ നീക്കം പരക്കെ സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്. ആ സ്ഥിതിക്ക് ആശയം പ്രാവർത്തികമാക്കാനുള്ള ശ്രമങ്ങളുമായി സര്‍ക്കാറിന് മുന്നോട്ടുപോകാം.പുതിയ കേരളം എങ്ങനെയുള്ളതാകും എന്നറിയാന്‍ ഔദ്യോഗികതലത്തിലും അതിനു പുറത്തും നടക്കുന്ന ചര്‍ച്ചകള്‍ പൂർത്തിയാകണം. ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന സ്വീകരിക്കുന്ന ജോലി മാത്രം ഇ.പി. ജയരാജനെ എൽപിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന് ചികിത്സക്കായി മൂന്നാഴ്ചത്തേക്ക് അമേരിക്കയിലേക്കു പോയത്. അതുകൊണ്ട് അദ്ദേഹം തിരിച്ചു വരുന്നതുവരെ ഔദ്യോഗികതല ചര്‍ച്ചകള്‍ വളരെയൊന്നും മുന്നോട്ടുപോകില്ല.
ഇതിനകം എടുത്ത ചില തീരുമാനങ്ങള്‍ സര്‍ക്കാര്‍ എല്ലാ വശങ്ങളും നല്ലതുപോലെ പഠിച്ചശേഷം എടുത്തവയാണോ എന്ന സംശയമുയർത്തുന്നു. കെ.പി.എം.ജി എന്ന കമ്പനിയെ കേരള പുനര്‍നിർമിതിക്ക് ‘േപ്രാജക്ട് കൺസൾട്ടൻറ് പങ്കാളി’ ആയി നിയമിക്കാനുള്ള തീരുമാനമാണ് ഒന്ന്. നെതര്‍ലന്‍ഡ്സ് ആസ്ഥാനമായുള്ള ഒരു വലിയ ആഗോള ബിസിനസ് കൺസൾട്ടൻസി കമ്പനിയാണത്. ഇംഗ്ലണ്ട് ഉള്‍പ്പെടെ ചില രാജ്യങ്ങളില്‍ ക്രമക്കേടുകള്‍ക്ക് അതിനെതിരെ നടപടിയുണ്ടായിട്ടുണ്ട്. എന്നാല്‍, അതിനെക്കാള്‍ ഗൗരവപൂർവം പരിഗണിക്കേണ്ടത് ഒരുപക്ഷേ ഈ കമ്പനിക്ക് നാം വിഭാവന ചെയ്യുന്ന പുനർനിർമിതിയില്‍ പങ്കാളിയാകാനുള്ള വൈദഗ്ധ്യമോ അനുഭവമോ ഉണ്ടോ എന്നതാണ്. കമ്പനിയുടെ രേഖകളില്‍ അങ്ങനെയുള്ള അവകാശവാദമൊന്നുമില്ല.
കാല് നൂറ്റാണ്ടായി ഇന്ത്യയില്‍ കെ.പി.എം.ജിക്ക് സാന്നിധ്യമുണ്ട്. കൊച്ചി ഉള്‍പ്പെടെ നിരവധി നഗരങ്ങളില്‍ ഒാഫിസുകളുള്ള അതിെൻറ സേവനം രാജ്യത്തെ 2,700ൽപരം കമ്പനികള്‍ പ്രയോജനപ്പെടുത്തുന്നു. അത് നൽകുന്നത് ബിസിനസ് ഉപദേശമാണ്. സര്‍ക്കാര്‍ കേരള പുനർനിർമിതിയെ ഒരു ബിസിനസ് സംരംഭമായാണോ കാണുന്നത്?
കെ.പി.എം.ജിയുമായി കരാറുണ്ടാക്കാന്‍ പിണറായി വിജയനെ പ്രേരിപ്പിച്ച ഒരു ഘടകം അത് സ്വകാര്യസ്ഥാപനങ്ങള്‍ക്ക് വലിയ പ്രതിഫലം വാങ്ങി നൽകുന്ന ഉപദേശം കേരള സർക്കാറിന് സൗജന്യമായി നല്‍കാമെന്ന് വാഗ്ദാനം ചെയ്തതാകാം. മലയാളിയായ അരുണ്‍ എം. കുമാര്‍ ആണ് ഇന്ത്യയില്‍ ഇപ്പോള്‍ അതിെൻറ മേധാവി. കേരള സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടിയശേഷം ഉന്നത വിദ്യാഭ്യാസത്തിനായി അമേരിക്കക്ക് പോയ അദ്ദേഹം വിവരസാങ്കേതികവിദ്യയെ ആസ്പദമാക്കിയുള്ള ബിസിനസിെൻറ ഈറ്റില്ലമായ സിലിക്കണ്‍ വാലിയില്‍ മൂന്നു കമ്പനികള്‍ സ്ഥാപിച്ച സംരംഭകനാണ്. പിന്നീട് അദ്ദേഹം അമേരിക്കയിലെ കെ.പിഎം.ജിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി. പ്രസിഡൻറ് ഒബാമയുടെ സർക്കാറില്‍ കോമേഴ്സ് വകുപ്പില്‍ അസിസ്റ്റൻറ് സെക്രട്ടറി ആയും പ്രവർത്തിച്ചിട്ടുള്ളയാളാണ്. അമേരിക്കയുടെ കയറ്റുമതി വർധിപ്പിക്കുന്ന ദൗത്യമാണ് ഒബാമ സര്‍ക്കാര്‍ അദ്ദേഹത്തെ ഏൽപിച്ചത്.
വിദേശത്തായിരുന്നപ്പോഴും കേരളത്തിെൻറ വികസനത്തില്‍ താൽപര്യം എടുത്തിരുന്ന അരുണ്‍ എം. കുമാര്‍ 2007ല്‍ പ്രസിദ്ധീകരിക്കപ്പെട്ട, കേരളത്തിെൻറ വികസന പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്ന ലേഖനങ്ങളടങ്ങിയ ‘കേരള ഇക്കോണമി: ക്രൗചിങ് ടൈഗർ, സേക്രഡ് കൗസ്’ (Kerala Economy: Crouching Tiger, Sacred Cows) എന്ന പുസ്തകത്തിെൻറ എഡിറ്റർമാരില്‍ ഒരാളായിരുന്നു. അതിലെ ഒരു േലഖനത്തില്‍ കേരളം അഞ്ചു കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചിരുന്നു.
സംരംഭകത്വം വളര്‍ത്തുന്ന സംസ്കാരം ഉണ്ടാക്കുക, കേരളീയരല്ലാത്തവര്‍ക്ക് സംസ്ഥാനം ആകര്‍ഷകമാക്കുക, കേരളത്തില്‍ ബിസിനസ് ചെയ്യാന്‍ എളുപ്പമാക്കുക, കോളജ് വിദ്യാർഥികള്‍ക്ക് ഉത്തേജകമാകുന്ന വിദ്യാഭ്യാസാന്തരീക്ഷം സൃഷ്ടിക്കുക, കേരളത്തിെൻറ വികസനത്തില്‍ പ്രവാസികളെ ഉള്‍ച്ചേര്‍ക്കുക എന്നിവയാണ് ആ അഞ്ചു കാര്യങ്ങള്‍. അരുണ്‍ എം. കുമാറിെൻറ കേരളത്തിലുള്ള താൽപര്യം മൂലമാകാം കമ്പനി സൗജന്യ സേവനം നല്‍കാമെന്ന് സർക്കാറിനെ അറിയിച്ചത്. പക്ഷേ, ലാഭത്തിെൻറ അടിസ്ഥാനത്തില്‍ പ്രവർത്തിക്കുന്ന ഒരു സ്വകാര്യസ്ഥാപനം സൗജന്യസേവനം നൽകുന്നത് അങ്ങനെ വേണ്ടെന്നുവെക്കുന്ന പ്രതിഫലം മറ്റേതോ രീതിയില്‍ നേടാമെന്ന കണക്കുകൂട്ടലോടെയാകും. ബിസിനസും ദാനവും കൂട്ടിക്കുഴക്കുന്നത് നല്ലതല്ലെന്ന ലാവലിന്‍ പാഠം പിണറായി വിജയനും കേരളവും മറക്കാന്‍ പാടില്ല.
കെ.പി.എം.ജിയുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നെങ്കില്‍ എത്രയോ കാലമായി നഷ്ടത്തില്‍നിന്ന് കൂടുതല്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന കെ.എസ്.ആര്.ടി.സിയെ കരകയറ്റുന്ന ദൗത്യം അതിനെ എൽപിക്കാവുന്നതാണ്.
കേരള പുനർനിർമാണ പദ്ധതിയുടെ ഏകദേശരൂപം തയാറായിട്ടില്ലെങ്കിലും അതിനു പണം സ്വരൂപിക്കാനുള്ള മൂന്നു മാർഗങ്ങള്‍ സര്‍ക്കാര്‍ കണ്ടെത്തിയതായി വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. ഒന്ന്, ആഗോള മലയാളി സമൂഹത്തില്‍നിന്ന് പണപ്പിരിവ്; രണ്ട്, ലോകബാങ്ക്, ഏഷ്യന്‍ ഡവലപ്മെൻറ് ബാങ്ക് എന്നിവയില്‍നിന്ന് കടം; മൂന്ന്, പൊതുവിപണിയില്‍നിന്ന് വായ്പ. ഓരോന്നിെൻറയും ഗുണവും ദോഷവും വിലയിരുത്തി ഓരോന്നിനെയും ഏതളവില്‍ ആശ്രയിക്കാമെന്ന് സര്‍ക്കാര്‍ തീരുമാനിക്കണം.
പ്രവാസികള്‍ നാട്ടിലേക്ക് വലിയ തോതില്‍ പണമയച്ചു തുടങ്ങിയ 1970കളില്‍ തന്നെ നല്ല കാര്യങ്ങള്‍ക്ക് പണം സമാഹരിക്കാനുള്ള സാധ്യത തുറന്നിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാർ പണം സമാഹരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചില്ല. സഹായം തേടി ചെന്ന മന്ത്രിമാര്‍ക്കും അവരുടെ പാര്‍ട്ടികള്‍ക്കും സംഭാവന നൽകി പ്രവാസികള്‍ അവരുടെ സൗഹൃദവും സംരക്ഷണവും ഉറപ്പാക്കി. എന്നാല്‍, രാഷ്ട്രീയ നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ സംവിധാനങ്ങളില്‍ വിശ്വാസമില്ലാത്തതുകൊണ്ട് സര്‍ക്കാര്‍ പദ്ധതികള്‍ക്ക് പണം നല്കാന് അവര്‍ മടിച്ചു. ഒരു നിശ്ചിത ശതമാനം ലാഭം ഉറപ്പ് നല്കി യൂനിറ്റ് ട്രസ്റ്റ് പോലൊരു സംവിധാനമുണ്ടാക്കിയാല്‍ ഒരുപക്ഷേ, പണം സമാഹരിക്കാനായേക്കുമെന്ന് ഒരു സംഭാഷണത്തില്‍ ഞാന്‍ കെല്‍ട്രോണ്‍ സ്ഥാപകന്‍ കെ.പി.പി. നമ്പ്യാരോട് പറയുകയുണ്ടായി. പിന്നീട് കണ്ടപ്പോള്‍ കേരള യൂനിറ്റ് ട്രസ്റ്റ് എന്ന ആശയം സംസ്ഥാന സര്‍ക്കാര്‍ മുഖേന കേന്ദ്രത്തിനു മുന്നില്‍ വെച്ചെന്നും ജനത സര്‍ക്കാര്‍ അതിന് അനുമതി നിഷേധിച്ചെന്നും അദ്ദേഹംഅറിയിച്ചു.
നാൽപതിൽപരം കൊല്ലം മുമ്പ് ഏതാണ്ട് 300 കോടി രൂപയാണ് ഗള്‍ഫില്‍നിന്ന് ഒരു വർഷം എത്തിയിരുന്നത്. അത് ക്രമേണ വളര്‍ന്ന് ഏകദേശം 90,000 കോടി രൂപ വരെ എത്തി. അതിനുശേഷം ചെറിയ കുറവുണ്ടായിട്ടുണ്ട്. ഒരു കക്ഷിരാഷ്ട്രീയമുക്ത പ്രഫഷനല്‍ സംവിധാനം ഉണ്ടാക്കിയിരുന്നെങ്കില്‍ ഈ പണത്തിെൻറ ഒരംശം ആകര്‍ഷിക്കാനും കേന്ദ്രത്തെ ആശ്രയിക്കാതെ വികസന പദ്ധതികള്‍ നടപ്പാക്കാനും കേരള സർക്കാറിനു കഴിയുമായിരുന്നു. പ്രവാസികളുടെ സഹായത്തോടെ നിർമിച്ച കൊച്ചി വിമാനത്താവളം ഈ സാധ്യതയുടെ ഒറ്റപ്പെട്ട തെളിവായി നമ്മുടെ മുന്നിലുണ്ട്
പിണറായി വിജയെൻറ നേതൃത്വത്തില്‍ ഔദ്യോഗികസംവിധാനം നടത്തിയ നല്ല ദുരിതനിവാരണ പ്രവര്‍ത്തനം വൈകിയാണെങ്കിലും ആ സാധ്യത പ്രയോജനപ്പെടുത്താനുള്ള അവസരം നൽകുന്നു. പേക്ഷ, സർക്കാറിെൻറ വിശ്വാസ്യത അതിനാവശ്യമായ രീതിയില്‍ ഇനിയും വളരേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍ ജനങ്ങളുടെ പണം തങ്ങള്‍ വിവേകപൂർവം വിനിയോഗിക്കുമെന്ന വിശ്വാസം ജനിപ്പിക്കാന്‍ ഇപ്പോഴും ഭരണാധികാരികള്‍ക്ക് കഴിയുന്നില്ല. പ്രളയകാലത്താണ് മന്ത്രിസഭ വികസനം നടന്നത്. വിവിധ കേന്ദ്രങ്ങളില്‍നിന്നുയര്‍ന്ന ചെലവു ചുരുക്കൽ നിർദേശങ്ങളോടുള്ള സര്‍ക്കാര്‍ സമീപനം നിഷേധാത്മകമാണ്. പ്രവാസികളുമായി ബന്ധം പുലര്‍ത്തുന്ന നോര്‍ക്കയും ഈയിടെ ഉണ്ടാക്കിയ കേരള ലോകസഭയും ഉള്ളപ്പോള്‍ പണം പിരിക്കാന്‍ മന്ത്രിമാര്‍ വിദേശപര്യടനം നടത്തുന്നതെന്തിനാണ്?
സര്‍ക്കാര്‍ പരിഗണിക്കുന്ന വായ്പപരിപാടികള് ഇപ്പോള്‍ രണ്ട് ലക്ഷം കോടി രൂപക്കു മുകളില്‍ നില്ക്കുന്ന സംസ്ഥാന പൊതുകടം ഇനിയും വർധിപ്പിക്കും. വർധിച്ച കടം തിരിച്ചുകൊടുക്കാനുള്ള ബാധ്യത ഈ സർക്കാറിനോ അടുത്ത സര്ക്കാറിനുപോലുമോ അല്ല, അടുത്ത തലമുറക്കാണ്. അതുകൊണ്ട് സര്‍ക്കാര്‍ നിരുത്തരവാദപരമായി തീരുമാനമെടുക്കാന്‍ പാടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.