ആറുമാസം കടന്നുപോയിരിക്കുന്നു. നവംബർ എട്ടിന് അസാധുവാക്കിയത് 15.44 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ്. അസാധുവാക്കിയ 500െൻറയും 1000ത്തിെൻറയും കറൻസി നോട്ടുകളിൽ എത്രയെണ്ണം തിരിച്ചെത്തി? ഇന്നും ആർക്കുമറിയാത്ത രഹസ്യമായി അതു തുടരുന്നു. ബാങ്കുകളിലേക്ക് തിരിച്ചെത്തിയ നോട്ടുകൾ ഇനിയും കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ലെന്ന് സർക്കാറും റിസർവ് ബാങ്കും ആവർത്തിച്ചു പോരുകയാണ്. നവംബർ എട്ടിനു ശേഷം റിസർവ് ബാങ്ക് പുറത്തേക്കു നൽകിയ കറൻസി നോട്ടുകൾക്ക് കണക്കുണ്ട്. നോട്ട് അസാധുവാക്കിയ സമയത്ത് സകല കറൻസി നോട്ടുകളും ചേർത്താൽ 17.74 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് ഉണ്ടായിരുന്നതെങ്കിൽ, ഏപ്രിൽ അവസാനിച്ചപ്പോൾ പ്രചാരത്തിലുള്ള കറൻസി നോട്ടുകൾ 14.07 ലക്ഷം കോടി രൂപയുടേതാണ്. അസാധുവാക്കിയ നോട്ടുകളിൽ മൂന്നര ലക്ഷം കോടിയിൽപരം രൂപയുടെ നോട്ടുകൾ ഇനിയും വിപണിയിലെത്തിച്ചിട്ടില്ല എന്നുകൂടി അതിൽനിന്ന് തെളിയുന്നുണ്ട്. ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കാൻ വെമ്പൽ കൊള്ളുന്നതിനാൽ ഇനിയൊരു ആറുമാസം കഴിഞ്ഞാലും ബാക്കി നോട്ടുകൾ മുഴുവൻ വിപണിയിൽ എത്തിച്ചെന്നുവരില്ല.
അതുനിൽക്കെട്ട. ബാങ്കിൽനിന്ന് പുറത്തേക്കു പോകുന്ന നോട്ടിന് കൃത്യമായ പ്രതിദിന കണക്ക് ഉള്ളപ്പോൾ, ബാങ്കിലേക്ക് തിരിച്ചെത്തിയ അസാധുനോട്ടിെൻറ കണക്ക് ഇല്ലാതെ പോകുന്നതെങ്ങനെ? 1716.50 കോടി 500 രൂപ നോട്ടുകളും 685.80 കോടി 1000 രൂപ നോട്ടുകളുമാണ് അസാധുവാക്കിയത്. അതു ബാങ്കിലേക്ക് എണ്ണിവാങ്ങി വെക്കാൻ വെറും 50 ദിവസം മാത്രം മതിയായിരുന്നു. അവയത്രയും വീണ്ടുെമാരിക്കൽക്കൂടി എണ്ണിത്തിട്ടപ്പെടുത്തണമെന്നിരിക്കെട്ട. നാലുമാസം കൂടി എടുത്തിട്ടും 2402 കോടി കറൻസി നോട്ടുകൾ എണ്ണിത്തീർക്കാൻ ഇന്ത്യയിലെ ബാങ്കുകൾക്ക് കഴിയുന്നില്ലെന്നോ? കണക്കുണ്ട്, പറയില്ല എന്നുമാത്രമാണ് അതിനർഥം. കള്ളനും ഒറിജിനലുമായി, അസാധുവാക്കിയതിനേക്കാൾ നോട്ട് തിരിച്ചെത്തിയെന്ന വിവരങ്ങൾ പ്രചരിക്കുന്നത് ഇതിനൊപ്പമാണ്. സർക്കാറിെൻറ
കണക്കും കണക്കുകൂട്ടലുകളും തെറ്റിപ്പോയ സാഹചര്യത്തിൽ ഒരുപക്ഷേ, ഇനിയൊരിക്കലും ആ പഴയ നോട്ടുകൾ എണ്ണിത്തീർന്നുവെന്ന് വരില്ല.
ബാങ്കിൽ തിരിച്ചെത്തിയ നോട്ടുകളുടെ എണ്ണം പുറത്തുപറയാൻ പോലും കഴിയാതെ, നോട്ട് അസാധുവാക്കൽ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ പരാജയപ്പെടുകയായിരുന്നു. കള്ളപ്പണവും കള്ളനോട്ടും ഭീകരതയും ഒന്നും ഇല്ലാതായില്ല. പുതിയ നോട്ടുകളുടെ വ്യാജനും പ്രചരിക്കുന്നു. പിന്നെന്തിനാണ് നോട്ട് അസാധുവാക്കിയത്? ആറു മാസമായിട്ടും പണഞെരുക്കം വിട്ടുമാറുന്നില്ല; എ.ടി.എമ്മുകളിൽ ചെന്നാൽ പണം കിട്ടുമെന്ന് ഉറപ്പില്ല. സമ്പദ്രംഗത്തുണ്ടായ മാന്ദ്യം ആറുമാസത്തിനു ശേഷവും തുടരുന്നു. തൊഴിൽ നഷ്ടപ്പെട്ട് ദരിദ്രരും അസംഘടിത മേഖലയിലുള്ളവരും ജീവനോപാധിക്ക് വിഷമിക്കുന്നു. കൃഷി കഴിഞ്ഞാൽ ഇന്ത്യയുടെ ജീവനാഡിയായ നിർമാണമേഖല സ്തംഭിച്ചുനിൽക്കുന്നു. ബാങ്കുകളിൽനിന്ന് വായ്പയെടുക്കാൻ ആളില്ല. ‘റോളിങ് മണി’ക്ക് സാധാരണക്കാരനും വ്യവസായിയും ഒരുപോലെ പ്രയാസപ്പെടുന്നു. ഡിജിറ്റൽ പണമിടപാട് എന്ന സ്വപ്നവ്യാപാരം ഉദ്ദേശിച്ചവിധം കൊഴുപ്പിക്കാൻ സർക്കാറിനോ അതിൽ കണ്ണുവെച്ച കോർപറേറ്റ് കമ്പനികൾക്കോ സാധിക്കുന്നില്ല. ഇതൊന്നും പക്ഷേ, സമ്മതിക്കാൻ സർക്കാറിന് സാധിക്കില്ല. സർക്കാർ എത്തിച്ചേർന്ന പ്രതിസന്ധി ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിലും പ്രയോജനപ്പെടുത്തുന്നതിലും പ്രതിപക്ഷ പാർട്ടികൾ പരാജയപ്പെടുകയും ചെയ്തു. കഴിഞ്ഞുപോയ നിയമസഭ തെരഞ്ഞെടുപ്പുകളിൽ നോട്ടുദീനം ഏശാതെ പോയതിെൻറ കാരണം മറ്റൊന്നല്ല. നോട്ടുപ്രതിസന്ധിയെ മതരാഷ്ട്രീയംകൊണ്ട് മറച്ചുകളഞ്ഞ യു.പിക്കഥ അതു വേറെ.
നവംബർ എട്ടിൽനിന്ന് മേയ് എട്ടും കടന്നു മുന്നോട്ടുപോകുേമ്പാഴത്തെ ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ എല്ലാ പ്രതിസന്ധികൾക്കും കാരണം, നോട്ട് അസാധുവാക്കലാണെന്ന് പറയാൻ കഴിയില്ല. െഎ.ടി വ്യവസായം നേരിടുന്ന തളർച്ചക്ക് അമേരിക്കയിലെ മാറ്റങ്ങൾ കാരണമാണ്. ടെക് മഹീന്ദ്ര 1000ത്തിൽപരം ജീവനക്കാരെയും വിപ്രോ 600ലധികം പേരെയും പുറത്താക്കിയതിനൊക്കെ പ്രധാന കാരണം അമേരിക്കയിലെ സാഹചര്യങ്ങൾ തന്നെ. അമേരിക്കൻ കമ്പനികൾക്കു നൽകുന്ന സേവനത്തെ ആശ്രയിക്കാതെ സ്വന്തം വഴി കണ്ടെത്തേണ്ട സ്ഥിതിയിലാണ് ഇന്ത്യയിലെ െഎ.ടി വ്യവസായികൾ. നോട്ട് അസാധുവാക്കിയില്ലെങ്കിലും ആഗോളതലത്തിൽ എണ്ണവില ഉയരുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളെ ഇന്ത്യ നേരിേട്ട മതിയാവൂ. പയറുവർഗങ്ങളുടെ വിലക്കയറ്റം കാലാവസ്ഥയെയും കൃഷിയെയും ആശ്രയിച്ചുനിൽക്കുന്ന കാര്യം. ഇതെല്ലാറ്റിനുമൊപ്പം നോട്ട് അസാധുവാക്കൽ വഴി വരുത്തിവെച്ച വിനകൾ, തെരഞ്ഞെടുപ്പുനേട്ടം ബി.ജെ.പി ഉണ്ടാക്കുന്നു എന്നതുകൊണ്ട് വിനകളല്ലാതായി മാറുന്നില്ല. സർക്കാറിനോ റിസർവ് ബാങ്കിനോ ഒൗപചാരികമായി സമ്മതിക്കാൻ കഴിയില്ലെന്നു കരുതി, നോട്ട് അസാധുവാക്കൽ തീരുമാനം പമ്പരവിഡ്ഢിത്തമല്ലാതായി മാറുന്നില്ല.
86 ശതമാനം കറൻസി നോട്ടുകൾ അസാധുവാക്കിയ ശേഷം, അതിെൻറ മുക്കാൽപങ്കു മാത്രം വീണ്ടും അച്ചടിച്ചിറക്കിയ നടപടിക്കൊപ്പം പണമിടപാടു രംഗത്ത് സർക്കാർ നടപ്പാക്കിവരുന്ന നയങ്ങൾ, ഉള്ളവനും ഇല്ലാത്തവനും ഒരേപോലെ പണക്കരം ചുമത്തിയതിനു സമാനമാണ്. നിശ്ചിത പരിധിയിൽ കൂടുതൽ വരുമാനമുള്ളവർ നികുതി കൊടുക്കുന്നതിനുപുറമെ, ഏതുവിധത്തിലുള്ള നോട്ടിടപാടിനും സർവിസ് ചാർജ് എന്ന ഒാമനപ്പേരിട്ട കരം ബാങ്കുകളിലേക്ക് തത്സമയം ഒടുക്കേണ്ട സ്ഥിതി വരുകയാണ്. ഒാൺലൈൻ ഇടപാടു നടത്തിയാലും റൊക്കം പണമിടപാടായാലും കറൻസി കൈകാര്യംചെയ്യുന്നതിന് ബാങ്ക് ചാർജ് ഇൗടാക്കും. നോട്ടിടപാടിന് ഗാരൻറി നിൽക്കുന്ന സർക്കാർ, സർവിസ് ചാർജ് ഇൗടാക്കാൻ ബാങ്കുകൾക്ക് ഗാരൻറി നിൽക്കുന്ന അവസ്ഥകൂടിയാണ് വന്നു ചേർന്നിരിക്കുന്നത്. പൊതുമേഖലയിലുള്ള സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയിൽ മാത്രം പണമിടപാടിെൻറ സേവനക്കൊള്ള ഒതുങ്ങിനിൽക്കില്ല. യഥാർഥത്തിൽ ഏറു കൊള്ളാൻ എസ്.ബി.െഎയെ മുന്നിൽനിർത്തുന്ന സർക്കാർ, സ്വകാര്യ ബാങ്കുകൾക്ക് ഇക്കാര്യത്തിൽ സുരക്ഷിതത്വം നൽകുകകൂടിയാണ് ചെയ്യുന്നത്.
സ്റ്റേറ്റ് ബാങ്ക് ഇൗടാക്കുന്നതിനേക്കാൾ വലിയ ചാർജ് വാണിജ്യ ബാങ്കുകളും സ്വകാര്യ ബാങ്കുകളും ഇൗടാക്കും. എന്നാൽ, ഇക്കുറി ഇതിന് ആദ്യം സ്റ്റേറ്റ് ബാങ്കിനെ മുന്നിൽ നിർത്തുകയാണ് ചെയ്തത്. ഇടപാടുകൾക്കെല്ലാം ചാർജ് ഇൗടാക്കിയും സകല ഇടപാടിനും ആധാർ പോലുള്ള രേഖകൾ നിർബന്ധമാക്കിയും ഒൗപചാരിക ബാങ്കിങ് സംവിധാനത്തിൽനിന്ന് ജനത്തെ അകറ്റുന്ന പണിയാണ് യഥാർഥത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. സംഘടിതമേഖലയിലുള്ള ശമ്പളക്കാരനും വ്യാപാരിക്കുമൊക്കെ ബാങ്കിനെ ആശ്രയിക്കാതെ പറ്റില്ല. എന്നാൽ, ബാങ്കിങ് സംവിധാനത്തിലേക്ക് എല്ലാവരെയും ആകർഷിക്കാൻ ജൻധൻ അക്കൗണ്ടു തുറക്കൽ മാമാങ്കം നടത്തിയശേഷം, പണമിടപാടിനു പലവിധ ചാർജ് ചുമത്തുന്നത് പച്ചയായ വഞ്ചനയാണ്. ഫലം, ബാങ്കുകളെ ആശ്രയിക്കാതിരിക്കാനും വിശ്വസിക്കാതിരിക്കാനും ജനത്തെ പ്രേരിപ്പിക്കുന്ന സ്ഥിതിയാണ് ഉണ്ടാവുന്നത്. ഡിജിറ്റൽ സമ്പ്രദായത്തിലേക്ക് കൂടുമാറുന്നതിനേക്കാൾ, സ്വന്തമായി സമ്പാദിച്ച നോട്ട് ബാങ്കിലിടാതെ സ്വന്തം പെട്ടിയിൽ ക്രയവിക്രയത്തിന് സൂക്ഷിക്കുന്ന പഴയ ശീലത്തിലേക്ക് മടങ്ങുകയാണ് സാധാരണക്കാർ.
ബാങ്കുകളുടെ സാമ്പത്തിക പ്രവർത്തനം ചുരുങ്ങിയിരിക്കുന്നു. വായ്പവളർച്ച വിപരീതദിശയിലേക്ക് നീങ്ങി മൈനസ് ആറു ശതമാനമെന്ന തോതിലെത്തിയത് അതിനു തെളിവാണ്. അത് വ്യാവസായിക ഉൽപാദനം കുറക്കുന്നു, സമ്പദ് വ്യാപാരം ചുരുക്കുന്നു. ഉപഭോഗം കുറഞ്ഞതുവഴി നാണ്യപ്പെരുപ്പം ആറു ശതമാനത്തിൽനിന്ന് 2.9 ശതമാനമായിരിക്കുന്നു. കാറിെൻറ വിൽപന മെച്ചപ്പെട്ടുവെങ്കിലും ഇരുചക്ര വാഹന വിൽപന കുറഞ്ഞു. നോട്ട് അസാധുവാക്കൽ ഏതു വിഭാഗത്തെ കൂടുതൽ ബാധിച്ചു എന്നതിനുകൂടി തെളിവാണത്.
ഡിജിറ്റൽ പണമിടപാടിന് വിപുലമായ സന്നാഹങ്ങളും ആകർഷകമായ നറുക്കെടുപ്പു പദ്ധതിയുമൊക്കെ പ്രഖ്യാപിച്ച സർക്കാർ, ആറു മാസത്തിനിടയിൽ ഇൗ ഒാൺലൈൻ രംഗത്ത് ഉണ്ടാകുമെന്ന് പ്രവചിച്ച കുതിച്ചുചാട്ടത്തിെൻറ കണക്കുകളും ബാങ്കിൽ തിരിച്ചെത്തിയ നോട്ടിെൻറ കാര്യംപോലെ ഒളിച്ചുവെച്ചിരിക്കുന്നു. ഡിജിറ്റൽ പണമിടപാട് വർധിച്ചുവെങ്കിലും നോട്ടിടപാടിൽനിന്ന് ഒാൺലൈൻ ഇടപാടിലേക്കുള്ള കൂടുമാറ്റം വലിയതോതിൽ നടന്നിട്ടില്ല. 35 കോടിയോളം പേർക്ക് മൊബൈൽ ഫോണില്ലാത്ത, 25 കോടി ജനങ്ങൾക്കുമാത്രം സ്മാർട്ട് ഫോണുള്ള രാജ്യമാണ് ഇന്ത്യ. അവർ ഇന്ന് എത്തിപ്പെട്ടിരിക്കുന്നത്, ബാങ്കുകളെ വിശ്വസിക്കാൻ കൊള്ളില്ല എന്ന ലളിത ബോധത്തിലേക്കാണ്. ‘പങ്കാളിത്ത വളർച്ച’യും ‘എല്ലാവരെയും ഉൾച്ചേർക്കുന്ന ബാങ്കിങ് സംവിധാന’വുമെന്ന പ്രഖ്യാപനങ്ങൾക്കിടയിൽ, ബാങ്കിടപാടും ഒാൺലൈനുമൊക്കെ നിർബന്ധിതാവസ്ഥയിലൊഴികെ, ശമ്പളവും മെച്ചപ്പെട്ട ആദായവുമുള്ള കൂട്ടരുടെ ഏർപ്പാടായി ചുരുങ്ങുന്ന പ്രതീതിയാണ് കഴിഞ്ഞ ആറുമാസത്തിനിടയിൽ വന്നുചേർന്നിരിക്കുന്നത്.
•
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.