മരണം നമുക്കുൾക്കൊള്ളാനാവുന്നതിലും വലിയ സത്യമാണ്. ജീവിതത്തോടൊപ്പം നിലനിൽക്കുന്ന അദൃശ്യ സാന്നിധ്യമായതിനാൽ പഴയകാല ചിന്തകർ മരണത്തിെൻറ നിഗൂഢതയകറ്റാൻ ഏറെ പരിശ്രമിച്ചിരുന്നു. അതെല്ലാം വിജയിച്ചു എന്നു പറയാനാവില്ലെങ്കിലും മരണത്തെ കൈയിലൊതുക്കാനാവും എന്ന തോന്നൽ ഇപ്പോഴുണ്ട്.
ഉദാഹരണത്തിന്, 1900ത്തിൽ നമ്മുടെ ആയുർദൈർഘ്യം വെറും 32 വർഷം ആയിരുന്നു. ഇന്നത് 71.8 ആയിരിക്കുന്നു. ആഗോളതലത്തിലെ കണക്കാണിത്; വികസിതരാജ്യങ്ങളിൽ ദീർഘമായ വാർധക്യം സാധ്യമാകുന്നു. അവിടെയെല്ലാം 80ലധികം വയസ്സ് ജീവിക്കാനാകും. ലോക ശരാശരിയെക്കാൾ താഴെയാണ് ഇന്ത്യയുടെ നില, 69.1 വർഷം. ഭൂട്ടാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ ലോക ശരാശരി എത്തിക്കഴിഞ്ഞു. കേരളത്തിൽ 74.9 വയസ്സുവരെ ജീവിക്കാൻ സാധ്യതയുള്ളതായി കണക്കുകൾ സൂചിപ്പിക്കുന്നു. വെറും 120 വർഷംകൊണ്ട് നമ്മുടെ ആയുസ്സ് ഇരട്ടിയിലധികം വർധിച്ചിരിക്കുന്നു. ഇതുകൊണ്ടൊന്നും നാം തൃപ്തരായിട്ടില്ല. നീണ്ട വാർധക്യം ലഭിച്ചതോടുകൂടി അനുബന്ധ പ്രശ്നങ്ങൾ വന്നുചേർന്നിട്ടുമുണ്ട്.
വാർധക്യത്തെ പരിഗണിക്കുമ്പോൾ 60 വയസ്സായവർക്ക് ഇനിയെത്ര വർഷം ആയുസ്സുണ്ട് എന്നത് പ്രധാനപ്പെട്ട ഒരു സൂചികയാണ്. ഇന്ത്യയിൽ ഇത് 2000ത്തിൽ 16.65 വർഷമായിരുന്നു; 2015ൽ 17.74 ആയി ഉയർന്നു. കശ്മീരിൽ 21.1 വർഷവും കേരളത്തിൽ 20 വർഷവുമാണ് ആയുർദൈർഘ്യം. ഇപ്പോഴത്തെ അറിവനുസരിച്ച് 20 ശതമാനം പേർ ആകസ്മികമോ പെട്ടെന്നുള്ളതോ ആയ കാരണങ്ങളാൽ സാവധാനം മരിക്കുന്നു. ബാക്കിയുള്ള ബഹുഭൂരിപക്ഷം പേരും വളരെ സാവധാനം മരണത്തിലെത്തുന്നു. ഒരു രോഗിയിൽ മരണലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ചികിത്സിക്കേണ്ട രീതി എപ്രകാരം വേണം എന്നതിന് കൃത്യമായ പ്രോട്ടോകോൾ സൃഷ്ടിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ലോകമെമ്പാടും മരണാസന്നരായ വ്യക്തികൾ അമിതചികിത്സയിലേക്ക് നയിക്കപ്പെടുന്നു എന്നാണ് കണക്ക്. ജീവശാസ്ത്രവും വൈദ്യശാസ്ത്രവുമായ കാരണങ്ങൾ മാത്രമല്ല ഇതിനുപിന്നിൽ. സാമൂഹികവും മാനസികവും ആത്മീയവുമായ അനേകം ഘടകങ്ങൾ മരണത്തിന് അയഥാർഥതയുടെ അന്തരീക്ഷമൊരുക്കുന്നു.
പകുതിയിലധികം പേരും വർഷങ്ങളോളം ആരോഗ്യസ്ഥിതിയിലെ ഏറ്റക്കുറച്ചിലുമായി പൊരുതിയാണ് മരിക്കുന്നത്. വികസിതരാജ്യങ്ങളിൽ എട്ടു മുതൽ 10 വരെ വർഷം ഏതെങ്കിലും ദീർഘകാല രോഗങ്ങളുമായി മരണത്തെ മനസ്സിൽ കണ്ടുകൊണ്ട് ജീവിക്കുന്നവരുണ്ട്. ഇതൊരു പുതിയ ചിന്താരീതിക്ക് കാരണമായി എന്നു കരുതണം. നമ്മുടെ നാട്ടിൽ പോലും 50കളിൽ വാർധക്യമോ ദീർഘകാല രോഗമോ മൂലം മരണപ്പെടുന്നത് സ്വഭവനങ്ങളിൽ വെച്ചായിരുന്നു; അതിൽ അസാധാരണമായൊന്നും ആരും കണ്ടിരുന്നുമില്ല. മരണത്തോടടുക്കുമ്പോൾ ബന്ധുമിത്രാദികൾ ചുറ്റുമുണ്ടാവുകയും ശ്വാസോച്ഛ്വാസത്തിെൻറ ഗതിവിഗതികൾ സൂക്ഷ്മമായി ശ്രദ്ധിക്കുകയും ചെയ്യുന്നത് നാട്ടാചാരങ്ങളുടെ ഭാഗമായിരുന്നു. ക്രമേണ മരണം വൈദ്യവത്കരിക്കപ്പെട്ടു എന്നതാണ് വികസനത്തിലൂടെ നാം കണ്ടെത്തിയ മാറ്റം. മറ്റേതു രോഗത്തെയും പോലെയാണ് നാമിന്ന് മരണത്തെയും കാണുന്നത്. രോഗത്തെ നിയന്ത്രിക്കാൻ കഴിയാതെവരുക, വൈദ്യശാസ്ത്രം പരാജയപ്പെടുക, അല്ലെങ്കിൽ ചികിത്സ അപര്യാപ്തമാകുക, ഇവയല്ലാതെ മറ്റു കാരണങ്ങൾ മരണത്തോടു ചേർത്തുകാണാൻ നാം വിസമ്മതിക്കുന്നു. അതിനാലാവണം അവസാനത്തെ ശ്വാസം വരെ രോഗിക്ക് തീവ്രപരിചരണം നൽകുക എന്നത് തത്ത്വമായി നാം പിന്തുടരുന്നത്.
തീർച്ചയായും ഇത് അധികചികിത്സയിലേക്ക് വഴിതെളിച്ചിട്ടുണ്ട്. രോഗിയുടെ ബന്ധുക്കളും ആശുപത്രിയും തമ്മിലുണ്ടാകുന്ന സംഘർഷങ്ങൾക്കു പിന്നിൽ ഇതാവണം കാര്യം. ആവശ്യമില്ലാതെ ചികിത്സിച്ചുവെന്നും മരണശേഷം ചികിത്സ തുടർന്നുവെന്നും രാജ്യമെമ്പാടും നിലവിലുള്ള ആരോപണങ്ങൾ അതിലേക്കാണ് വിരൽചൂണ്ടുന്നത്. ഗൗരവമുള്ള അവസ്ഥയാണിതെന്നും തർക്കമില്ല. ഡൽഹി സർക്കാർ ഈ ദിശയിൽ നടത്താൻ ശ്രമിക്കുന്ന ഇടപെടൽ പഠനാർഹമാണ്. ഡിസംബർ 2017ൽ പ്രശ്നം പഠിക്കാനായി ഒമ്പതംഗ സമിതിയെ ചുമതലപ്പെടുത്തി. സമിതിയുടെ റിപ്പോർട്ട് ഇതിനകം പ്രസിദ്ധീകരിച്ചുകഴിഞ്ഞു. അത്യാസന്ന നിലയിലുള്ള രോഗി അത്യാഹിത വിഭാഗത്തിൽ വെച്ചോ ആശുപത്രിയിലെത്തി ആറു മണിക്കൂറിനുള്ളിലോ മരിക്കുകയാണെങ്കിൽ ആശുപത്രി ബില്ലിെൻറ 50 ശതമാനവും, ഒരു ദിവസത്തിനുള്ളിൽ മരിക്കുകയാണെങ്കിൽ 20 ശതമാനവും വെട്ടിച്ചുരുക്കണമെന്നാണ് ഒരു നിർദേശം. ഒരു കാരണവശാലും ബില്ലടക്കാൻ പണമില്ലാതെവന്നാൽ മൃതദേഹം വിട്ടുകൊടുക്കാതിരിക്കൽ അനുവദിക്കുകയില്ലെന്നും കരടുരേഖ വ്യക്തമാക്കുന്നു. നിർദേശങ്ങൾ പൊതുചർച്ചക്കായി വെച്ചിരിക്കുകയാണിപ്പോൾ. ഗൗരവമുള്ള പ്രശ്നം നിലനിൽക്കുന്നുവെന്നതിെൻറ സൂചനയാണിത്.
ലോകമെമ്പാടുമുള്ള അനുഭവവും വിഭിന്നമല്ല. വെൻറിലേറ്റർ പരിചരണം വഴി ജീവൻ നിലനിർത്തേണ്ട അവസ്ഥയുണ്ടായാൽ രോഗമുക്തിയുണ്ടാവാൻ സാധ്യതയില്ലെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു; 90 ശതമാനം ഡോക്ടർമാരും അപ്രകാരംതന്നെ വിശ്വസിക്കുന്നു. എന്നാൽ, വികസിത രാജ്യമായ ജപ്പാനിൽ ശ്വാസനാളത്തിൽ ട്യൂബുകളുമായാണ് ആശുപത്രി മരണങ്ങളിൽ 20 ശതമാനവും സംഭവിക്കുന്നത്. മെഡിക്കൽ ഇൻഷുറൻസ് പദ്ധതികൾ ക്രമേണ അധിക ചികിത്സയിലേക്കും വർധിച്ച ചെലവിലേക്കും നയിക്കും. പ്രധാനമായും രണ്ടു ഘടകങ്ങളെങ്കിലും ഇതിലേക്ക് നയിക്കുന്നു. ഒന്ന്, ഇൻഷുറൻസ് പണം നൽകുക സുവ്യക്തമായ പ്രവർത്തനങ്ങൾക്കു മാത്രമാണ്. പ്രത്യേകതരം ചികിത്സയോ പ്രൊസീജ്യറോ ചെയ്താൽ മാത്രമേ പണം നൽകുകയുള്ളൂ. രണ്ട്, അനന്തരഫലം പ്രവചിക്കാനാവാത്ത ഒട്ടനേകം ചികിത്സകൾ മരണാസന്നരായ രോഗികൾക്ക് നൽകാനാകും. ഇവ വേണ്ടെന്നുവെക്കാനുള്ള ധൈര്യം ഡോക്ടർക്കോ രോഗിയുടെ ബന്ധുക്കൾക്കോ നിർണായക നിമിഷങ്ങളിൽ ഉണ്ടാവണമെന്നില്ല. വെൻറിലേറ്റർ ചികിത്സയിലേക്ക് കടന്ന രോഗി അതിൽനിന്നു പുറത്തുവരാനാകാതെ ആഴ്ചകളോ മാസങ്ങളോ ജീവിക്കുന്നത് അതിനാലാണ്.
മരണം രോഗത്തിൽനിന്നു ഭിന്നമായി കാണാനും മരണാസന്ന രോഗികളെ അമിതവും അയുക്തവുമായ ചികിത്സകളിലേക്കു നയിക്കാതിരിക്കാനും നമുക്ക് സാധിക്കണം. ഇത് സാധ്യമാവണമെങ്കിൽ മരണം അനിവാര്യമാകുന്ന ഘട്ടത്തെ മുൻകൂട്ടി കാണാനാകണം. രോഗികൾക്ക് സാധ്യമായ ജീവിതത്തിെൻറ ഗുണസൂചികയുമായി ചേർത്ത് ചിന്തിപ്പിക്കാൻ അവരുടെ ബന്ധുക്കളെ പ്രേരിപ്പിക്കണം. വൈദ്യശാസ്ത്രം ഇപ്പോൾ ഈ ദിശയിലേക്കാണ് ശ്രദ്ധചെലുത്തുന്നത്. മരണത്തെ പലപ്പോഴും പ്രവചിക്കാൻ സാധിക്കും എന്നതിനാലാണ് മരണാസന്നതയുടെ ചർച്ചകൾക്ക് സാംഗത്യമേറുന്നത്.
നാം മരണത്തിലേക്ക് നീങ്ങുന്നുവെന്നതിെൻറ ലക്ഷണങ്ങൾ ഡോക്ടർമാർ മാത്രമല്ല സമൂഹവും കൃത്യമായി അറിയേണ്ടതുണ്ട്. തീവ്രപരിചരണ ഘട്ടത്തിലേക്ക് നയിക്കപ്പെടുന്ന രോഗിയുടെ കാര്യത്തിൽ തീരുമാനങ്ങളെടുക്കുന്നത് ബന്ധുക്കൾതന്നെയായിരിക്കും. തീരുമാനങ്ങൾ എടുക്കാൻ വേണ്ടത്ര അറിവും വിവേചനബുദ്ധിയും ഏവർക്കും ആവശ്യവുമാണ്.
രോഗി മരണത്തോടടുക്കുന്നു, അല്ലെങ്കിൽ തീവ്രപരിചരണംകൊണ്ട് മെച്ചപ്പെടാൻ സാധ്യതയില്ല എന്ന് പറയാൻ മാനദണ്ഡങ്ങളുണ്ട്. ശരീരത്തിലെ അതിപ്രധാനാവയവങ്ങളിലൊന്ന് സ്ഥിരമായി പ്രവർത്തനക്ഷമമല്ലാതാകുക അതിലൊന്നാണ്. ഹൃദയം, ശ്വാസകോശം, വൃക്ക, കരൾ, മസ്തിഷ്കം എന്നിവയാണ് അതിനിർണായകമായ അവയവങ്ങൾ. ഇതിലൊന്നിെൻറ പ്രവർത്തനക്ഷമത നഷ്ടപ്പെട്ടാൽ വൈകാതെ അടുത്ത അവയവവും പ്രവർത്തനരഹിതമാകും. അമിതമായ ശരീര ശോഷണമാണ് മറ്റൊന്ന്. നിരവധി രോഗാവസ്ഥകളിൽ ശരീരം ശോഷിക്കാറുണ്ട്; രോഗത്തിന് പ്രതിവിധിയുണ്ടാകുമ്പോൾ ശരീരം മെല്ലെ പുഷ്ടിപ്പെട്ടുവരും. ഇതൊരു ആരോഗ്യതത്ത്വമാകുന്നു. എന്നാൽ, അമിത ശരീര ശോഷണം മാറ്റമില്ലാതെ തുടർന്നാൽ മരണത്തോടടുക്കുന്നു എന്നതിെൻറ കൂടി ലക്ഷണമാണ്. മൂന്നാമതായി പരിഗണിക്കേണ്ടത് അകാരണമായി സ്വബോധത്തിലുണ്ടാകുന്ന വ്യതിയാനമാണ്. അൽഷൈമേഴ്സ്, മറവി രോഗങ്ങൾ തുടങ്ങിയ രോഗാവസ്ഥകളില്ലെങ്കിൽ നിരന്തരമായി പിച്ചുംപേയും പറയുക, സ്വബോധമെത്താതെ കഴിയുക എന്നിവ മരണാസന്നതയുടെ ലക്ഷണമാണ്. ഈ നിലയിലെത്തിയ രോഗികൾക്ക് തീവ്രപരിചരണംകൊണ്ട് ഫലപ്രദമായ മാറ്റമൊന്നും ഉണ്ടാകില്ലെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
ആസന്നമരണാവസ്ഥയിൽ കഴിയുന്നവരെ സംബന്ധിച്ചിടത്തോളം രോഗനിർണയം അഥവാ ഡയഗ്േനാസിസ് പ്രധാനമല്ല. പ്രാഥമിക തലത്തിൽ എന്തുതരം രോഗമായിരുന്നാലും മരണത്തിലേക്കുള്ള ഘട്ടങ്ങൾ സമാനമാണ്. ആദ്യഘട്ടം ആഴ്ചകൾക്കു മുമ്പുതന്നെ തുടങ്ങുന്നു. ദിവസത്തിലേറെസമയവും കിടപ്പിലാകുന്നതും അസാമാന്യമായ ശരീരക്ഷീണവും ആദ്യ ലക്ഷണങ്ങളാണ്. കൂടുതൽ സമയം ഉറക്കത്തിലാവുകയും സ്ഥലകാലബന്ധമില്ലാതെ സംസാരിക്കുകയും ചെയ്യും. മരുന്നുകൾ കഴിക്കാനുള്ള വൈഷമ്യവും ഭക്ഷണമോ വെള്ളമോ കഴിക്കാൻ വിമുഖതയുണ്ടാവുകയും ചെയ്യും. ഇതാരംഭിച്ച് ആഴ്ചകൾ കഴിഞ്ഞാണ് മരണം സംഭവിക്കുക. നമ്മുടെ മുൻതലമുറയിൽ പെട്ടവർ ഈ ലക്ഷണങ്ങൾ കണ്ടെത്താൻ പ്രാപ്തരായിരുന്നു. ആസന്നമരണാവസ്ഥയെക്കുറിച്ചുള്ള സാഹിത്യവും പുരാവൃത്തങ്ങളും അതാണ് സൂചിപ്പിക്കുന്നത്. തുടർ ഘട്ടങ്ങൾ കുറച്ചുകൂടി വൈദഗ്ധ്യം ഉള്ളവർക്കാണ് കണ്ടെത്താൻ കഴിയുക. ആശുപത്രിയുടെയോ നഴ്സിെൻറയോ സഹായം രോഗിയെ പരിചരിക്കുന്നതിന് ഉതകും. എന്തായാലും തീവ്രചികിത്സകളോ ഐ.സി.യു പരിചരണമോ ഫലവത്താകാൻ സാധ്യതയില്ല എന്ന തിരിച്ചറിവാണ് സമൂഹത്തിനുണ്ടാകേണ്ടത്.
മരണം അനിവാര്യമാകുന്ന ഘട്ടത്തിൽ അതു ശരിയാംവിധം കണ്ടെത്തുകതന്നെ വേണം. നിഷ്ഫലവും അയുക്തവുമായ ചികിത്സകൾക്ക് രോഗിയെ വിധേയരാക്കരുത് എന്ന അറിവ് നമ്മുടെ പൊതുബോധത്തിൽ വരേണ്ടതുണ്ട്. നമ്മുടെ പൊതുജനാരോഗ്യ വകുപ്പും ആരോഗ്യ പ്രവർത്തകരും മുൻകൈയെടുത്ത് ജീവിതാന്ത്യ ചികിത്സ ലഘുവും പ്രാപ്യവും അനുതാപപൂർവവുമാക്കാൻ അവശ്യം വേണ്ടുന്ന നിയമാവലിയും പെരുമാറ്റച്ചട്ടങ്ങളും കൊണ്ടുവരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. രോഗികളുടെയും ബന്ധുക്കളുടെയും മാനസികസമ്മർദം പരിമിതപ്പെടുത്താനും ഇതാവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.