ജനതയുടെ കിനാവുകള്‍ക്ക് മറയിടാന്‍ ഇവര്‍ക്കാവുമോ?

അലീഗഢിലെ ഒരു അവധിക്കാലം. കൊടും ചൂടിന്‍െറ പിരിമുറുക്കത്തില്‍നിന്ന് നാട്ടിലത്തൊനുള്ള ആവേശത്തിലാകും അപ്പോള്‍ കേരളത്തില്‍ നിന്നുള്ളവര്‍. ആ ത്രില്ലില്‍, ട്രെയിന്‍ റിസര്‍വേഷന്‍ ഉള്‍പ്പെടെ പൊറുതികേടുകളൊക്കെ എല്ലാവരും മറക്കും. ഞാനും ആ ആഹ്ളാദത്തില്‍ അലിഞ്ഞുചേരും. നാട്ടിലേക്ക് പോകുന്ന വിവരം ഫലസ്തീന്‍ സുഹൃത്ത് ജിഹാദിനോട് പറഞ്ഞു. എന്‍െറ ആവേശം കണ്ടാകണം, അവന്‍ എന്നെ ചേര്‍ത്തു പിടിച്ചു. എന്നിട്ട് ഉള്ളില്‍ തട്ടുംവിധം പറഞ്ഞു, ‘നിങ്ങള്‍ക്ക് പോകാന്‍ ഒരു നാടെങ്കിലും ഉണ്ടല്ളോ.’അതു വല്ലാതെ കൊണ്ടു. അവന്‍െറ ജനതയുടെ ധര്‍മസങ്കടത്തില്‍ ഉള്ള് ശരിക്കും പിടഞ്ഞു.

ഫലസ്തീന്‍ വിദ്യാര്‍ഥികളുടെ വലിയ കൂട്ടം തന്നെ അക്കാലത്ത് അലീഗഢില്‍ ഉണ്ടായിരുന്നു. സുഹൃത്ത് ജിഹാദ് തന്നെ ആയിരുന്നു അവരുടെ നേതാവ്. ആത്മമിത്രവും മലയാളിയുമായ സി.പി.എ. ലത്തീഫ് മുഖേനയാണ് ജിഹാദുമായുള്ള സൗഹൃദം. ഹമാസിന്‍െറ പോരാട്ടവീര്യത്തോടൊപ്പം നിലയുറപ്പിക്കുമ്പോഴും മഹ്മൂദ് ദര്‍വിശിന്‍െറയും അഡോണിസിന്‍െറയും കവിതകള്‍ നെഞ്ചിലേറ്റിയ ഒരുപറ്റം ചെറുപ്പക്കാര്‍. അവര്‍ ഇന്നും ലോകത്തിന്‍െറ പല കോണുകളിലായി ചിതറി നില്‍ക്കുന്നു. മടങ്ങിപ്പോകാന്‍ പാങ്ങില്ലാത്തവന്‍െറ ഗദ്ഗദങ്ങള്‍ ഒരു ഇ-മെയില്‍ സന്ദേശമായോ ഫേസ്ബുക് അപ്ഡേറ്റായോ വല്ലപ്പോഴും വന്നത്തെിയെങ്കിലായി. എന്‍െറ നാട്ടിലേക്കുള്ള യാത്രകള്‍ ഇപ്പോഴും മുറതെറ്റാതെ തുടരുന്നു.

നാലര വര്‍ഷം മുമ്പ് ലബനാനിലെ ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പില്‍ ചെന്നുപെട്ടപ്പോള്‍ ഫലസ്തീനികളായ പലരെയും കണ്ടു. പതിറ്റാണ്ടുകളുടെ ക്യാമ്പ് ദുരിതജീവിതം. ആരോഗ്യം വറ്റിയ നിലയില്‍ ആയിരുന്നു പലരും. പുറന്തള്ളപ്പെട്ട ഫലസ്തീന്‍ എച്ചിലുകള്‍, ആ നിലക്കായിരുന്നു അവരോടുള്ള ലബനാന്‍ സമീപനവും. വിലക്കുകളുടെയും നിരീക്ഷണത്തിന്‍െറയും തടവറകളില്‍ കുമിഞ്ഞുകൂടിയ നാടില്ലാ മനുഷ്യര്‍. പുറത്തുനിന്നത്തെുന്ന ആരെയും തുറിച്ചുനോക്കുന്ന വാടകഗുണ്ട കണ്ണുകള്‍. പതിറ്റാണ്ടുകള്‍ക്കിപ്പുറവും ഇതാണല്ളോ ഒരു ജനതയുടെ വിധിയെന്നോര്‍ത്ത് ഉള്ള് കരഞ്ഞു. അഭയാര്‍ഥി ക്യാമ്പില്‍ മാത്രമല്ല, ഗസ്സയിലും വെസ്റ്റ് ബാങ്കിലും സ്ഥിതി ഭിന്നമല്ല. മുമ്പൊക്കെ യു.എന്‍ അഭയാര്‍ഥി കണക്കില്‍ ഇടം ലഭിച്ചവരില്‍ ഭൂരിഭാഗവും ഫലസ്തീന്‍ സമൂഹം. അതുകൊണ്ട് റേഷന്‍ വിഹിതവും മാസാന്തപെന്‍ഷനും ലഭിച്ചിരുന്നു. അധിനിവേശവും അട്ടിമറികളും ആയുധവ്യാപനവും നടത്തി യാങ്കിയും കൂട്ടരും അലറിനടന്നപ്പോള്‍ അഭയാര്‍ഥി സമവാക്യങ്ങള്‍ മാറിമറിഞ്ഞു. അതോടെ പല രാജ്യങ്ങളുടെയും ഭൂപടങ്ങളില്‍ ചോരപൊടിഞ്ഞു. അങ്ങനെ അഭയാര്‍ഥി പട്ടിക പെരുകി. അതില്‍ സിറിയ പേടിപ്പെടുത്തുമാറ് ഉയരത്തില്‍. ഇറാഖും യമനും ലിബിയയും കൊണ്ടു തള്ളിയ അറബി അഗതികള്‍ക്ക് കണക്കില്ല. ഹവായ്പ് കുറഞ്ഞത് അതോടെ.

ഗള്‍ഫ് നാടുകളും മാറി. സാമ്പത്തികസഹായവും പദ്ധതികളും കുറഞ്ഞു. പ്രാര്‍ഥനകളില്‍ പോലും ഫലസ്തീന്‍ വല്ലപ്പോഴും വന്നുപെട്ടെങ്കിലായി. ആരെയും പഴിച്ചതുകൊണ്ടായില്ല. പുതിയ വേദനകളും അഭയാര്‍ഥികളും ഇടം കൈയേറുമ്പോള്‍ വന്ന സ്വാഭാവിക പരിണിതി. എങ്കിലും സമാധാന ഉച്ചകോടികള്‍ നിര്‍ബാധം തുടര്‍ന്നു. പശ്ചിമേഷ്യയില്‍ അനുരഞ്ജനത്തിന്‍െറ വിവിധ ഫോര്‍മുലകള്‍ തെളിഞ്ഞു. ഇസ്രായേലും ഫലസ്തീനും രണ്ട് സ്വതന്ത്ര രാഷ്ട്രങ്ങള്‍ എന്ന ആശയത്തിന് അറബ് ലോകവും കൈയൊപ്പ് ചാര്‍ത്തി. എന്നെങ്കിലും ഒരു നാള്‍ തിരിച്ചുപോകാന്‍ ഒരിടം കിട്ടുമല്ളോ; അതു മതി ജോര്‍ഡനിലും ലബനാനിലും ഈജിപതിലും ചേക്കേറിയ ഫലസ്തീന്‍ അഭയാര്‍ഥി പറ്റങ്ങള്‍ ആ പ്രതീക്ഷയിലായിരുന്നു. ഇസ്രായേല്‍ പക്ഷേ, വഴങ്ങിയില്ല. കൈയേറ്റവും ആക്രമണവും അവര്‍ നിര്‍ബാധം തുടര്‍ന്നു. ഫലസ്തീന്‍ സ്വത്വത്തെ നിന്ദിക്കുന്നതിലായിരുന്നു അവര്‍ക്ക് സായൂജ്യം. അമേരിക്കയില്‍ ട്രംപ് വന്നതോടെ നെതന്യാഹുവിന്‍െറ വീര്യം കൂടി. രണ്ടു പേരും വൈറ്റ്ഹൗസില്‍ ഒരുമിച്ചിരുന്ന് ദ്വിരാഷ്ട്ര ഫോര്‍മുലക്ക് ചരമക്കുറിപ്പ് എഴുതി. അതിന്‍െറ ഞെട്ടലിലാണ് ലോകം. ഫലസ്തീന്‍-ഇസ്രായേല്‍ പ്രശ്നത്തില്‍ ഇടപെടാന്‍ ഇനി തങ്ങളില്ളെന്നാണ് യു.എസ് നിലപാട്.

ലക്ഷ്യം വ്യക്തം. ദ്വിരാഷ്ട്ര പരിഹാരം വേണ്ട. പകരം ഫലസ്തീന്‍ പരമാധികാരത്തോടെയുള്ള ഒരു ഇസ്രായേല്‍ രാഷ്ട്രം മാത്രം. അതോടെ, അനധികൃത കുടിയേറ്റ പദ്ധതികളും അഭംഗുരം തുടരാം. ദ്വിരാഷ്ട്ര ഫോര്‍മുല മുന്‍നിര്‍ത്തിയാണ് ഫലസ്തീന്‍ വിഭാഗത്തെ സംഭാഷണ മേശയിലേക്ക് കൊണ്ടുവന്നതു പോലും. 1993ലെ ഓസ്ലോ കരാറിന്‍െറ ബാക്കിപത്രമാണ് ഈ ദ്വിരാഷ്ട്ര ഫോര്‍മുല. പശ്ചിമേഷ്യയില്‍ സ്ഥിരസമാധാനം, അതായിരുന്നു ഇതിന്‍െറ ലക്ഷ്യം. കിഴക്കന്‍ ജറൂസലം തലസ്ഥാനമാക്കി വെസ്റ്റ് ബാങ്കും ഗസ്സയുമുള്‍പ്പെടെ സ്വതന്ത്ര രാഷ്ട്രം എന്നത് ഫലസ്തീന്‍ സ്വപ്നമാണ്. 1967ല്‍ ഇസ്രായേല്‍ പിടിച്ചെടുത്ത സ്വന്തം മണ്ണിലേക്കുള്ള തിരിച്ചുപോക്കാണ് ഗസ്സയിലെ പിറന്നുവീണ കുഞ്ഞു മുതല്‍ പതിറ്റാണ്ടുകളായി വിപ്രവാസം നയിക്കുന്ന 15 ലക്ഷത്തോളം ഫലസ്തീന്‍ ജനതയും സ്വപ്നം കാണുന്നത്. ട്രംപും ബിന്യമിന്‍ നെതന്യാഹുവും ചേര്‍ന്ന് ആ സ്വപ്നത്തിന്‍െറ ചാവടിയന്തരം നടത്തുമ്പോള്‍ വെറും കാഴ്ചക്കാരായി നില്‍ക്കാന്‍ പൊരുതുന്ന ജനതക്ക് കഴിയില്ളെന്നുറപ്പ്. അപ്പോള്‍ പ്രതിരോധം ഉണ്ടാകും. ഉടന്‍ തീവ്രവാദമുദ്ര കുത്താം. കൂട്ടക്കുരുതിക്ക് ആധികാരികത പകരാം. ആഗോള അശ്ളീല നയതന്ത്രത്തിന്‍െറ തനിയാവര്‍ത്തനം. ട്രംപിന്‍െറ യാങ്കിയില്‍നിന്ന് ഇതൊക്കെ പ്രതീക്ഷിച്ചതാണ്. പക്ഷേ, ധാര്‍ഷ്ട്യത്തിന്‍െറ ജയം മാത്രമല്ലല്ളോ ചരിത്രം. നിസ്സഹായാവസ്ഥയില്‍ പ്രതിരോധം തീക്ഷ്ണമായി പടരും.

ലബനാനില്‍ ചെന്നാല്‍, ഹിസ്ബുല്ലയുടെ പഴയ പോര്‍മുഖം കണ്ടാല്‍ നമുക്കത് എളുപ്പം പിടികിട്ടും. ലോകത്തെ വന്‍ ആയുധശക്തിക്കെതിരെ ലബനാന്‍ നിലയുറപ്പിച്ചതിന്‍െറ സാക്ഷ്യം ഇന്നും ഹിസ്ബുല്ല കേന്ദ്രങ്ങളില്‍ ചെന്നു കാണണം. പുറമെനിന്ന് നോക്കുന്നവര്‍ക്ക് വിശാലമായ വെറും തരിശുനിലം. കിലോമീറ്ററുകള്‍ പരന്നുകിടക്കുന്ന അതിന്‍െറ ഉള്ളകങ്ങളില്‍ ഒരുക്കിയ വിസ്തൃത ബങ്കറുകള്‍ നമ്മെ അമ്പരപ്പിക്കും. അവിടെ ഇരുന്നാണ് ഹിസ്ബുല്ല പോരാളികള്‍ ദീര്‍ഘകാലം ശത്രുവിനെ എതിരിട്ടത്. ഇസ്രായേലിനും അവരുടെ ആധുനിക സൈനിക ധാര്‍ഷ്ട്യത്തിനുമുള്ള മികച്ച പ്രതിരോധം തന്നെയായിരുന്നു ഒളിപ്പോര്‍ യുദ്ധമുറകളിലൂടെ ഹിസ്ബുല്ല പുതുലോകത്തിനു കാണിച്ചുതന്നത്.

സന്ധിസംഭാഷണവും സമാധാന വ്യഗ്രതയും ഇരകളുടെ മാത്രം ദൗര്‍ബല്യമായി കാണുന്നിടത്താണ് തെറ്റ്. തിരസ്കാരവീര്യവും അസാമാന്യമായ ഇച്ഛാശക്തിയും തന്നെയാണ് ഫലസ്തീന്‍ പോരാട്ടവീര്യത്തിന്‍െറ യഥാര്‍ഥ കാതല്‍. വിയറ്റ്നാം മുദ്രകള്‍ മാത്രമല്ല എതിരിടല്‍ ജയത്തിന്‍െറ സാക്ഷ്യം. ദക്ഷിണ ലബനാനിലെ ഹിസ്ബുല്ല മ്യൂസിയവും ആധുനിക ഒളിപ്പോര്‍ യുദ്ധമുറകളുടെ പ്രഹരശേഷി വെളിപ്പെടുത്തുന്നു. അറബ് മേഖലയില്‍നിന്ന് ഇസ്രായേലിനു ലഭിച്ച ഏറ്റവും കനത്ത തിരിച്ചടി കൂടിയായിരുന്നല്ളോ ആ സൈനിക പിന്മാറ്റം. അതുകൊണ്ട് ഒന്നോര്‍ക്കുക, അധികാരവും ആയുധങ്ങളും നല്ലതുതന്നെ. ജയം നിര്‍ണയിക്കാന്‍ പക്ഷേ, അതുമാത്രം മതിയാകില്ല.

Tags:    
News Summary - palestine peoples in refugee camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.