ഒയ്റോപയെന്ന പരീക്ഷണശാല

ഭൂമിയില്‍ എങ്ങനെ ജീവന്‍ ആവിര്‍ഭവിച്ചുവെന്നത് പ്രപഞ്ചവിജ്ഞാനീയത്തിലെ ഏറ്റവും മൗലികമായ അന്വേഷണങ്ങളിലൊന്നാണ്. പ്രപഞ്ചത്തിന്‍െറ മറ്റു കോണുകളില്‍നിന്ന് ജീവന്‍െറ തുടിപ്പുകള്‍ ഭൂമിയിലത്തെിയതാകാമെന്ന നിരീക്ഷണം അടുത്തകാലത്തായി ഗവേഷകര്‍ക്കിടയില്‍ ബലപ്പെട്ടിട്ടുണ്ട്. അതിന് അടിസ്ഥാനമായ ചില തെളിവുകള്‍ ലഭിച്ചിട്ടുമുണ്ട്. അതിലൊന്നാണ് പാന്‍സ്പെര്‍മിയ സിദ്ധാന്തം. ധൂമകേതുക്കള്‍ (വാല്‍നക്ഷത്രങ്ങള്‍) വന്‍ പ്രഹരശേഷിയോടെ ഭൂമിയില്‍ പതിച്ചപ്പോഴാകാം ജീവന്‍െറ അടിസ്ഥാന രാസഘടകങ്ങള്‍ ഭൂമിയില്‍ രൂപംകൊണ്ടതെന്നാണ് ഈ സിദ്ധാന്തം പറയുന്നത്. 

1996ല്‍ നാസയിലെ ശാസ്ത്രജ്ഞര്‍ അലന്‍ഹില്‍സ് എന്ന ഉല്‍ക്കാദ്രവ്യത്തില്‍ സൂക്ഷ്മജീവികളുടെ ഫോസിലുകള്‍ കണ്ടത്തെിയതോടെയാണ്  ഈ സിദ്ധാന്തം ഗവേഷകലോകത്തിന്‍െറ സജീവ പരിഗണനയില്‍ വരുന്നത്. 13,000 വര്‍ഷംമുമ്പ് ചൊവ്വയില്‍നിന്ന് അന്‍റാര്‍ട്ടിക്കയില്‍ പതിച്ച ഉല്‍ക്കാദ്രവ്യമാണ് അലന്‍ഹില്‍സ്. ഇതിന്‍െറ ശിലകളില്‍ കാര്‍ബണ്‍ ഗ്ളോബ്യൂളുകള്‍ക്കൊപ്പം സങ്കീര്‍ണമായ ജൈവ തന്മാത്രകളുമാണ് കണ്ടത്തെിയിരിക്കുന്നത്. ബാക്ടീരിയകളുടെ പല സവിശേഷതകളും ഈ തന്മാത്രകള്‍ക്കുണ്ട്. ഇത്തരം ഉല്‍ക്ക, ധൂമകേതു പതനങ്ങള്‍ ഭൂമിയില്‍ ജീവന്‍ വിതച്ചുവെന്നാണ് കരുതപ്പെടുന്നത്. എങ്കിലും അക്കാര്യം കൃത്യമായി സ്ഥിരീകരിക്കാന്‍ ഇനിയും സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ജീവന്‍െറ ഉദ്ഭവം സംബന്ധിച്ച ആ മൗലിക ചോദ്യം അങ്ങനെതന്നെ അവശേഷിക്കുന്നു.

ഈ ചോദ്യത്തിന് ഉത്തരം കണ്ടത്തൊന്‍ നാസ പുതിയൊരു പദ്ധതി ആവിഷ്കരിച്ചിരിക്കുന്നു. സൗരയൂഥത്തില്‍, സൂക്ഷ്മ ജീവികള്‍ക്ക് കഴിയാന്‍ അനുകൂല സാഹചര്യമുണ്ടെന്ന് കരുതുന്ന സ്ഥലങ്ങളിലൊന്നാണ് ഒയ്റോപ. വ്യാഴത്തിന്‍െറ ഉപഗ്രഹങ്ങളിലൊന്ന്. ആധുനിക ജ്യോതിശാസ്ത്ര നിരീക്ഷണത്തിന് വിത്തുപാകിയ ഗലീലിയോ ഗലീലി തന്‍െറ ആദ്യകാല നിരീക്ഷണങ്ങളില്‍ കണ്ടത്തെിയ ഉപഗ്രഹമാണ് ഒയ്റോപ. ഒയ്റോപയിലേക്ക് ജീവന്‍െറ രഹസ്യം തേടിയുള്ള യാത്രക്കൊരുങ്ങുകയാണ് നാസ. ഒയ്റോപ മള്‍ട്ടിപ്പ്ള്‍ ഫൈ്ളബൈ മിഷന്‍ (ഇ.എം.എഫ്.എം) എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യത്തിന്‍െറ പ്രാഥമികഘട്ടം ഇതിനകം പൂര്‍ത്തിയായി കഴിഞ്ഞു.  2020ഓടെ ഒരു ലാന്‍ഡറിനെയും (ഒയ്റോപയുടെ ഉപരിതലത്തില്‍ ഇറങ്ങാനുള്ള വാഹനം)വഹിച്ചുള്ള കൃത്രിമോപഗ്രഹം വിക്ഷേപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജീവന്‍െറ ജൈവ-രാസ ഘടകങ്ങളെ അന്വേഷിക്കുകയാണ് ഇ.എം.എഫ്.എമ്മിന്‍െറ പ്രാഥമിക ലക്ഷ്യം. ഇതില്‍നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒയ്റോപയിലേക്ക് ഒരു റോബോട്ടിനെ അയക്കുകയെന്നതാണ് നാസയുടെ അടുത്ത പദ്ധതി.

ഒയ്റോപയില്‍ ജീവന്‍ നിലനില്‍ക്കുന്നതിനുള്ള അനുകൂല സാഹചര്യങ്ങളുണ്ടെന്ന് പല പഠനങ്ങളും പറയുന്നു. ഒരു സമുദ്രഗ്രഹമെന്ന് ഒയ്റോപയെ വിശേഷിപ്പിക്കാം. ഒയ്റോപയുടെ ഉപരിതലത്തിന് താഴെ ജലം നിറഞ്ഞ സമുദ്രമാണെന്നാണ് ഇതിനകം ലഭിച്ച തെളിവുകള്‍ വ്യക്തമാക്കുന്നത്. വ്യാഴവും മറ്റു സമീപ ഉപഗ്രഹങ്ങളും ചേര്‍ന്ന് ഉണ്ടാക്കുന്ന ശക്തമായ ഗുരുത്വാകര്‍ഷണം ഭൂമിയിലെ വേലിയേറ്റ വേലിയിറക്ക സമാനമായ പ്രതിഭാസത്തിന് കാരണമാകുന്നതായും അതുമൂലമുണ്ടാകുന്ന ഘര്‍ഷണം ഈ ഗ്രഹത്തില്‍ ജലത്തിന് ദ്രാവകാവസ്ഥയില്‍തന്നെ നിലനില്‍ക്കാന്‍ ആവശ്യമായ താപം സൃഷ്ടിക്കുകയും ചെയ്യുന്നതായി കരുതപ്പെടുന്നു. ഇതൊക്കെ ജീവന്‍ നിലനില്‍ക്കാനുള്ള ഏറ്റവും അനുകൂല സാഹചര്യങ്ങളാണ്.

നാസയുടെ ജെറ്റ് പ്രപല്‍ഷന്‍ ലബോറട്ടറിയില്‍ നടന്ന മറ്റൊരു പരീക്ഷണവും ഇതിന് അടിവരയിടുന്നു. ഭൂമിയിലെയും ഒയ്റോപയിലെയും ഹൈഡ്രജന്‍, ഓക്സിജന്‍ ഉല്‍പാദനത്തെ താരതമ്യം ചെയ്യുകയായിരുന്നു ഇവിടെ. ജീവന്‍ നിലനില്‍ക്കാന്‍ ഏറ്റവും ആവശ്യമായ ഊര്‍ജഘടകങ്ങള്‍ എന്ന നിലയിലാണ് ഹൈഡ്രജനെയും ഓക്സിജനെയും പരിഗണിച്ചത്. രണ്ടിടത്തും ഹൈഡ്രജന്‍ ഉല്‍പാദനത്തെക്കാള്‍ പത്തു മടങ്ങ് ഓക്സിജന്‍ ഉല്‍പാദിപ്പിക്കപ്പെടുന്നുവെന്ന് പരീക്ഷണത്തില്‍ വ്യക്തമായി.  ഭൂമിയിലെയും ഒയ്റോപയിലെയും സാഹചര്യങ്ങള്‍ ഏറക്കുറെ സമാനമാണെന്ന് ഈ പരീക്ഷണം തെളിയിക്കുന്നുണ്ട്. ഹൈഡ്രജന്‍, ഓക്സിജന്‍ ചക്രങ്ങളെക്കുറിച്ചുള്ള പഠനമാണ് അടുത്ത ഘട്ടം. അതിനുശേഷം, ജീവന്‍െറ അടിസ്ഥാനഘടകങ്ങളായ കാര്‍ബണ്‍, നൈട്രജന്‍, ഫോസ്ഫറസ്, സള്‍ഫര്‍ എന്നിവയുടെ സാന്നിധ്യത്തെക്കുറിച്ചുള്ള അന്വേഷണവും.

ഈ പഠനങ്ങളുടെയും പരീക്ഷണങ്ങളുടെയും പിന്‍ബലത്തിലാണ്  ഇ.എം.എഫ്.എം യാത്രക്കൊരുങ്ങുന്നത്. 1989ല്‍ വ്യാഴത്തെയും അതിന്‍െറ ഉപഗ്രഹങ്ങളെയും കുറിച്ച് പഠിക്കുന്നതിനായി നാസ വിക്ഷേപിച്ച ഗലീലിയോ എന്ന ഉപഗ്രഹത്തിന്‍െറ തുടര്‍ച്ചയായി ഇതിനെ കാണാവുന്നതാണ്. ഏഴ് വര്‍ഷത്തിലധികം പ്രവര്‍ത്തിച്ച ഗലീലിയോ ഒയ്റോപയെക്കുറിച്ച് നിര്‍ണായകമായ പല വിവരങ്ങളും പങ്കുവെച്ചിരുന്നു. അതിനുശേഷം, ഒയ്റോപ ഓര്‍ബിറ്റര്‍ എന്ന പേരില്‍ ഒരു ഉപഗ്രഹം വിക്ഷേപിക്കാന്‍ നാസ പദ്ധതിയിട്ടിരുന്നുവെങ്കിലും നടക്കാതെ പോയി. അതിനുശേഷമാണ് ഇപ്പോള്‍ ഇ.എം.എഫ്.എമ്മിന്‍െറ പണികള്‍ പുരോഗമിക്കുന്നത്. ഏതാണ്ട് ഒരു മീറ്റര്‍ മാത്രം വ്യാസമുള്ള ഒരു ലാന്‍ഡര്‍ സമുദ്രഗ്രഹത്തില്‍ ഇറക്കാനാണ് നാസയുടെ പദ്ധതി. ഗ്രഹത്തിന്‍െറ രാസഘടന പഠിക്കാനുള്ള മാസ് സ്പെക്ട്രോമീറ്റര്‍ ലാന്‍ഡറിലുണ്ടാകും. 

ഗ്രഹോപരിതലത്തില്‍ എത്തിയാല്‍ പരമാവധി പത്തു ദിവസം മാത്രമായിരിക്കും  ലാന്‍ഡര്‍ പ്രവര്‍ത്തിക്കുക. ഈ പത്തു ദിവസം പരമാവധി പ്രയോജനപ്പെടുത്തേണ്ടതുണ്ട്. അതുകൊണ്ടുതന്നെ, ഓര്‍ബിറ്റര്‍ മൂന്നു വര്‍ഷം ഒയ്റോപയെ ചുറ്റിയശേഷമാകും ലാന്‍ഡറിന് ഇറങ്ങാനുള്ള അനുയോജ്യ സ്ഥലം കണ്ടത്തെുക. വര്‍ഷങ്ങളുടെ പ്രയാണത്തിനുശേഷം ഗ്രഹോപരിതലത്തിലത്തെുന്ന ഒരു ഉപകരണം ഇത്രയും കുറഞ്ഞ ദിവസം പ്രവര്‍ത്തിക്കുക എന്നത് സാമ്പത്തികമായി ലാഭകരമല്ല. ലാന്‍ഡര്‍ ഇല്ലാതെ ഇ.എം.എഫ്.എം വിക്ഷേപിച്ചാല്‍ ബില്യന്‍ ഡോളറിന്‍െറ ചെലവ് ചുരുക്കാനുമാവും. അതുകൊണ്ടുതന്നെ, ഇ.എം.എഫ്.എം വിക്ഷേപിച്ച് മറ്റൊരു ഘട്ടത്തില്‍ ലാന്‍ഡര്‍ വിക്ഷേപിക്കാനും നാസ ആലോചിക്കുന്നുണ്ട്. ഏതായാലും പ്രപഞ്ച വിജ്ഞാനീയത്തിലെ ആ മൗലിക ചോദ്യത്തിന്‍െറ ഉത്തരത്തിലേക്ക് ഈ ദൗത്യത്തോടെ നാം ഒരു പടികൂടി അടുക്കുമെന്നുതന്നെ കരുതേണ്ടിവരും.

Tags:    
News Summary - panspermia theory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.