ആരോഗ്യമേഖലയില്‍ വേണം ആസൂത്രണമികവ്

ഒരു പുതിയ സര്‍ക്കാര്‍ അധികാരമേറ്റാലുടന്‍ ആസൂത്രണത്തില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ ആരംഭിക്കും. പുതിയ മാതൃകകള്‍ കണ്ടത്തൊനും നടപ്പ് പ്രോജക്ടുകളില്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടാക്കാനും ഏറ്റവും പറ്റിയ സമയം ഇതാണല്ളോ. മാറിവന്ന കേന്ദ്ര സര്‍ക്കാര്‍ 2014 മുതല്‍ ആവിഷ്കരിച്ച അനവധി ആരോഗ്യപദ്ധതികള്‍ ഇതിനാലാണ് ശ്രദ്ധയര്‍ഹിക്കുന്നത്. അടുത്ത അഞ്ചുവര്‍ഷം കൊണ്ട് പദ്ധതി രൂപവത്കരിച്ച് നടപ്പാക്കാന്‍ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളവയാണ് അവയെല്ലാം. ഇതുപോലെതന്നെ പുതിയ കേരള സര്‍ക്കാര്‍ നിലവില്‍ വന്നപ്പോഴും ആരോഗ്യരംഗത്തെ ആസൂത്രണത്തില്‍ കൊണ്ടുവരേണ്ട നവീനമാറ്റങ്ങള്‍ സജീവചര്‍ച്ചകളില്‍ ഇടംപിടിച്ചിട്ടുണ്ട്.  
ഇതുവരെ നാം പിന്തുടര്‍ന്ന ആരോഗ്യപരിപാടികളും ഏതെങ്കിലും ആസൂത്രണത്തിന്‍െറ ഭാഗമായിരുന്നല്ളോ. അപ്പോള്‍ പുതിയ ആസൂത്രണമാതൃക എന്ന ആശയം മുന്നോട്ടുവെക്കുന്നത് ഈ രംഗത്ത് പുത്തനുണര്‍വുണ്ടാക്കാനും കാര്യക്ഷമമല്ലാതെ പോയ്ക്കൊണ്ടിരുന്ന പദ്ധതികളെ പുന$പരിശോധനക്ക് വിധേയമാക്കാനും ഒക്കെയുള്ള സാധ്യതയാണ്. കൂടാതെ നിരവധി വകുപ്പുകളും വിഭാഗങ്ങളുമായി പടര്‍ന്നുകിടക്കുന്ന സേവനരംഗത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും വിവരസാങ്കേതികവിദ്യയിലൂടെ മെച്ചപ്പെട്ട കാര്യക്ഷമത കൈവരിക്കുകയും വേണം.
അപ്പോള്‍ ആസൂത്രണ പ്രക്രിയ കൊണ്ടുദ്ദേശിക്കുന്നത് സങ്കീര്‍ണമായ ചിന്താരീതിയുടെയും കര്‍മപദ്ധതിയുടെയും സംയോഗമാണ്. നാളിതുവരെയുള്ള അറിവുകളെയും അനുഭവങ്ങളെയും സമാഹരിച്ച് ഭാവിയില്‍ കൈവരിക്കേണ്ട ലക്ഷ്യങ്ങളും ലക്ഷ്യപ്രാപ്തിക്കുള്ള മാര്‍ഗരേഖയും തയാറാകുന്ന രീതിശാസ്ത്രമാണ് ആസൂത്രണം. ഏതേത് മാര്‍ഗത്തിലൂടെ ചലിക്കണമെന്നും ഏതെല്ലാം ലക്ഷ്യങ്ങള്‍ നാഴികക്കല്ലുകളായി വര്‍ത്തിക്കണമെന്നും ആസൂത്രകന്‍ പ്രവചിക്കുന്നു. മുഖാമുഖസമ്പര്‍ക്കം ആവശ്യമുള്ള ഇടങ്ങളിലൊഴികെയുള്ള ഏത് ആരോഗ്യപ്രവര്‍ത്തനവും ഇന്ന് വിവരസാങ്കേതികവിദ്യ മുഖാന്തരം ചെയ്യാനാകും. ഇതിനര്‍ഥം ആരോഗ്യരംഗത്തെ നിരവധി പ്രവര്‍ത്തനങ്ങള്‍ വളരെ കൃത്യതയോടെ, സമയനഷ്ടമില്ലാതെ, എന്നാല്‍ കാര്യക്ഷമമായി ചെയ്യാനുതകുന്ന സാങ്കേതികവിദ്യ ലഭ്യമാണ് എന്നുതന്നെ. നേരിട്ടുള്ള സമ്പര്‍ക്കം അത്യാവശ്യമായ സന്ദര്‍ഭങ്ങള്‍തന്നെ വര്‍ഷം തോറും കുറഞ്ഞുവരുന്നുമുണ്ട്. ഉദാഹരണത്തിന് ലബോറട്ടറി പരിശോധനകള്‍, സ്കാനിങ് റിപ്പോര്‍ട്ടിങ് മുതലായ സേവനങ്ങള്‍ മെഷീനുകള്‍ ഏറ്റെടുത്തുകഴിഞ്ഞു. പല ശസ്ത്രക്രിയകളും റോബോട്ടുകളുടെ സഹായത്താല്‍ സാധിക്കാമെന്ന നിലയിലാണ് നാമിപ്പോള്‍. ടെലിമെഡിസിന്‍ സേവനങ്ങള്‍ എത്തിച്ചേരാന്‍ വൈഷമ്യമുള്ള മേഖലകളില്‍ പോലും വൈദ്യസഹായമത്തെിക്കാനുതകും. അപ്പോള്‍ ഇത്തരം ചിന്തകളും ആസൂത്രണത്തില്‍ ഭാഗമാകണമെന്ന് സാരം. ഇന്നത്തെ ആസൂത്രണത്തില്‍ അവശ്യംവേണ്ടത് പേടകേതര (out of box) ചിന്താരീതിയാണ്. ഇതിന് അറിവുകള്‍ അതിവ്യാപനം ചെയ്യാനും പ്രായോഗികതയും ഭാവനയുംകൊണ്ട് ഭാവിയെ കീഴ്പ്പെടുത്താനുമുള്ള കഴിവ് പദ്ധതിഘടനയിലേക്ക് കടത്തിവിടാനും സാധ്യമാകണം.
അതിനാല്‍, ഇന്നത്തെ ആസൂത്രണപദ്ധതികള്‍ക്ക് ഏറെ പ്രത്യേകതകളുണ്ട്. ഒന്ന്, ആസൂത്രണം ഒരു നേര്‍രേഖാരീതി അവലംബിക്കുന്നില്ല. രണ്ട്, പലപ്പോഴും വ്യക്തിയോ ചെറുടീമുകളോ അപ്രതീക്ഷിതമായ നവവിധാനങ്ങളായി (innovation) പ്രത്യക്ഷപ്പെടാം. അവക്ക് പദ്ധതിനടത്തിപ്പില്‍ സ്ഥാനമുണ്ടാകണം. മൂന്ന്, ഉപഭോക്താവിന്‍െറ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് വ്യതിയാനങ്ങള്‍ വരുത്താന്‍ ആസൂത്രകന്‍ അനുവദിക്കണം. രണ്ട് ഉദാഹരണങ്ങള്‍ ഈ ആശയം വ്യക്തമാക്കും. കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളില്‍ പെണ്‍കുട്ടികള്‍ സ്കൂള്‍ ഉപേക്ഷിച്ചുപോകുന്നതിന്‍െറ ഒരു കാരണം വേണ്ടത്ര ശൗചാലയങ്ങള്‍ ഇല്ലാത്തതിനാലാണ്. എന്നാല്‍, കേരളത്തിലെ പ്രശ്നം പെണ്‍കുട്ടികളുടെ ശൗചാലയങ്ങളില്‍ വേണ്ടത്ര ആര്‍ത്തവസംരക്ഷണസംവിധാനങ്ങള്‍ ഇല്ല എന്നതാണ്. ഇതുപോലെ അംഗപരിമിതര്‍ക്കും വൃദ്ധജനങ്ങള്‍ക്കും അഗമ്യത സൃഷ്ടിക്കുന്ന ഡിസൈനുകള്‍ മാറ്റി സമൂഹത്തില്‍ സുഗമമായി വര്‍ത്തിക്കാനുതകുന്ന ഡിസൈനുകളിലേക്ക് മാറേണ്ടത് കേരളത്തില്‍ അനിവാര്യമാണ്. നാല്, നൂതന സാങ്കേതികവിദ്യകള്‍ നടപ്പാക്കുമ്പോള്‍ ഏറ്റവും പുതിയ ആശയങ്ങളാണ് നടപ്പില്‍ വരുത്തേണ്ടത്. വിവരസാങ്കേതികവിദ്യയുടെ അര്‍ധായുസ്സ് വളരെക്കുറവായതിനാല്‍ മുന്‍ സാങ്കേതികവിദ്യകള്‍ പിന്നീട് മൂല്യവര്‍ധനക്ക് വഴങ്ങാത്തതാവാനിടയുണ്ട്.
എങ്ങനെയാണ് പുതിയ ആശയങ്ങളെയും നവസംവിധാനങ്ങളെയും നമ്മുടെ ആസൂത്രണചട്ടക്കൂടിലേക്ക് സന്നിവേശിപ്പിക്കുക? 21ാം നൂറ്റാണ്ടിന്‍െറ മുഖമുദ്രതന്നെ ആശയങ്ങളും നവവിധാനങ്ങളും സൃഷ്ടിക്കുന്ന ഉല്‍പന്നങ്ങളാണ്. കുറച്ച് നാളുകള്‍ക്കുള്ളില്‍തന്നെ സ്റ്റാര്‍ട്ടപ് ഇന്ത്യ, മേക്ക് ഇന്‍ ഇന്ത്യ എന്നിവ നൂതനാശയങ്ങളുടെ കമ്പോളസ്ഥലമായി രൂപാന്തരപ്പെടും. അതായത്, ആശയങ്ങളെ വാണിജ്യവത്കരിക്കാനുള്ള  യത്നങ്ങളാവും നാം കാണുക. നമ്മുടെ ആരോഗ്യമേഖലയും ഈ അവസരത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ പാടില്ലതന്നെ.
21ാം നൂറ്റാണ്ടിലെ ഏതു സ്ഥാപനങ്ങളിലും പ്രസ്ഥാനങ്ങളിലും തൊഴിലിടങ്ങളിലും സംരംഭക നൈപുണ്യമുള്ള കുറേപ്പേര്‍ ഉണ്ടായിരിക്കണം. പല വന്‍കിട സ്ഥാപനങ്ങളും ചെയ്യുന്നത് ഇത്തരം വിദഗ്ധരെ അവരുടെ പ്രവൃത്തിസമയത്തിന്‍െറ 15 ശതമാനം സ്വന്തം ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ അനുവദിക്കുക എന്നതാണ്. വിജയകരമായി മുന്നോട്ടുവെക്കപ്പെടുന്ന ആശയങ്ങളെ പ്രവര്‍ത്തനക്ഷമമാക്കാനുള്ള സാഹചര്യമൊരുക്കാനും ഇത്തരം സ്ഥാപനങ്ങള്‍ തയാറാവുന്നു. ഇത്തരം നവസംവിധാനങ്ങള്‍ നടപ്പാക്കിയിട്ടുള്ള അനേകം ആരോഗ്യകേന്ദ്രങ്ങള്‍ കേരളത്തില്‍ ഇപ്പോള്‍ത്തന്നെയുണ്ട്. സ്വാധികാരയുക്തമായ (autonomous) ഈ വൈദഗ്ധ്യപ്രകാശനത്തെ ആരോഗ്യരംഗത്തെ പൊതുസമ്പത്തായി ദത്തെടുക്കുകയും മറ്റിടങ്ങളില്‍ അനേകം ആവര്‍ത്തി പകര്‍ത്താനും സാധിക്കണം. നവവിധാനങ്ങള്‍ക്കും ധിഷണക്കും സാധ്യതയില്ലാത്ത അസൂത്രണരീതി നാം അവലംബിച്ചാല്‍ ഭാവനാസമ്പന്നരായ വിദഗ്ധര്‍ അവിടം വിട്ടുപോവുകയും ചട്ടക്കൂടുകളിലൊതുങ്ങുന്ന മറ്റുള്ളവര്‍ പകരമത്തെുകയും ചെയ്യും. ഇതില്‍ തര്‍ക്കമില്ല.
കേരളത്തിലെ ആരോഗ്യരംഗത്തിന് മറ്റൊരു പരാധീനത കൂടിയുണ്ട്. എഴുപതുകള്‍ക്കുശേഷം സര്‍ക്കാര്‍മേഖലയിലുള്ള ആരോഗ്യ സ്ഥാപനങ്ങളില്‍ സാധാരണക്കാര്‍ക്ക് ക്രമാനുഗതമായി വിശ്വാസം നഷ്ടപ്പെട്ടുവരുകയും രണ്ടായിരമാണ്ട് ആയപ്പോഴേക്കും സര്‍ക്കാര്‍ ആശുപത്രികള്‍ ഉപയോഗിക്കുന്നവര്‍ ജനസംഖ്യയുടെ നാല്‍പത് ശതമാനമായി കുറയുകയും ചെയ്തിട്ടുണ്ട്. അടുത്തവര്‍ഷങ്ങളില്‍ ഇതില്‍ ചെറിയമാറ്റങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട് എങ്കിലും ബഹുഭൂരിപക്ഷം ജനങ്ങള്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നെന്ന് കരുതുന്നതില്‍ തെറ്റില്ല. വ്യക്തമായും ഇത് ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടതിന്‍െറ അടയാളമാണ്. ഗുണനിലവാരം ഉറപ്പുവരുത്തുന്നതിലെ വീഴ്ച, എന്തെങ്കിലും ക്രമീകൃത പ്രവര്‍ത്തനച്ചിട്ടയുടെ (Standard Operating Procedure-SOP) അഭാവം, ഭൗതികവിഭവങ്ങളിലുള്ള മുതല്‍മുടക്കിന്‍െറ പോരായ്മ എന്നിവയാണ് ഈ അവസ്ഥയിലേക്ക് നയിച്ചത്. തുടക്കത്തില്‍ ജനങ്ങള്‍ ഉപേക്ഷിച്ച സാമൂഹികാരോഗ്യ പ്രസ്ഥാനം ഇപ്പോള്‍ വിദഗ്ധര്‍ക്കും ആകര്‍ഷകമല്ലാതായിരിക്കുന്നെന്നുവേണം സംശയിക്കാന്‍. സര്‍ക്കാര്‍ ആശുപത്രി സന്ദര്‍ശിച്ചുപോകുന്ന ഒരു പൗരന് അഭിമാനകരമായ അനുഭവമായി തോന്നണം. അപ്പോഴാണ് ആരോഗ്യമേഖല സാമൂഹികപ്രതിബദ്ധതയാര്‍ജിച്ചുവെന്ന് പറയാന്‍ കഴിയുക.
സഗൗരവം വീക്ഷിക്കേണ്ട പ്രശ്നമാണിത്. തുടക്കത്തില്‍ സമ്പന്നര്‍ ഉപേക്ഷിച്ച ആരോഗ്യമേഖല ക്രമേണ സമ്പന്നരല്ലാത്തവരും തള്ളിക്കളഞ്ഞിരിക്കുന്നു. സ്വകാര്യ മേഖലയുടെ സേവനങ്ങള്‍ വിലക്കുവാങ്ങാനാകാത്ത ജനങ്ങളാണ് കൂടുതലായും പൊതുസ്ഥാപനങ്ങളില്‍ ആരോഗ്യസംരക്ഷണത്തിനായി എത്തുന്നത്. അവര്‍ക്ക് ആരോഗ്യസ്ഥാപനങ്ങളില്‍ ക്രയവിക്രയാധികാരം പ്രായേണ കുറവായതിനാല്‍ മേല്‍ത്തരം ചികിത്സ ഉറപ്പാക്കുന്നതില്‍ നിസ്സഹായരാണ്. ഈ പ്രശ്നം മനസ്സിലാക്കാന്‍ ചില സാമ്പത്തികശാസ്ത്ര സിദ്ധാന്തങ്ങള്‍ ആവശ്യമാണ്. ജോര്‍ജ് ഏകെര്‍ലോഫ്, മൈക്കല്‍ സ്പെന്‍സ്, ജോ സ്റ്റിഗ്ളിറ്റ്സ് എന്നിവര്‍ക്കാണ് 2001ലെ നൊബേല്‍ പുരസ്കാരം ലഭിച്ചത്. അവരുടെ ഗവേഷണം അസന്തുലിതമായ അറിവുകള്‍ സിദ്ധിച്ചിട്ടുള്ള രണ്ട് ഏജന്‍സികള്‍ ക്രയവിക്രയങ്ങളിലോ ബിസിനസിലോ ഏര്‍പ്പെടുമ്പോള്‍ ഉണ്ടാകാവുന്ന പ്രശ്നങ്ങളിലായിരുന്നു. ഇത്തരം ഇടപെടലുകള്‍ സര്‍വസാധാരണമാണെങ്കിലും സാമ്പത്തികശാസ്ത്രത്തിലൂടെ ഇതിന്‍െറ വിവിധ വശങ്ങള്‍ ഇവര്‍ കണ്ടത്തെിയതിനായിരുന്നു പുരസ്കാരം. ആരോഗ്യരംഗത്ത് വളരെ പരിചിതമായ പല പ്രവണതകളെയും അപഗ്രഥിക്കാന്‍ അവരുടെ സിദ്ധാന്തം ഉപയോഗപ്പെട്ടു.
സര്‍ക്കാര്‍ ആശുപത്രികളില്‍ വിവിധതരത്തിലുള്ള സേവനങ്ങളും ആരോഗ്യ ഉല്‍പന്നങ്ങളും ലഭ്യമാണ്. എന്നാല്‍, ഇത് എപ്പോഴെല്ലാം ലഭിക്കുമെന്നോ അതിന്‍െറ നിശ്ചിതഗുണനിലവാരം എന്തെല്ലാമാണെന്നോ സേവനദാതാക്കളില്ലാത്തപ്പോള്‍ പ്രവര്‍ത്തനം എങ്ങനെ ഉറപ്പുവരുത്തുമെന്നോ ഉപഭോക്താക്കള്‍ക്കറിയാന്‍ മാര്‍ഗമില്ല. എല്ലാം സൗജന്യമെന്ന് അവകാശപ്പെടുന്ന സേവനങ്ങള്‍ ലഭിക്കാന്‍ മണിക്കൂറുകളോ ദിവസങ്ങളോ കാത്തിരിക്കുകവഴി രോഗിക്കും കൂട്ടിരിപ്പുകാര്‍ക്കും ഉണ്ടാകുന്ന സാമ്പത്തികനഷ്ടവും ഭാരിച്ച ചെലവും ആശുപത്രിയില്‍ അതിന്‍െറ വിഭവവിന്യാസത്തില്‍ കണക്കുചേര്‍ക്കുന്നില്ല. ഇത് ഉപഭോക്താവിനറിയാമെങ്കിലും ആരോഗ്യരംഗത്തെ ഭരണകര്‍ത്താക്കള്‍ക്ക് അറിവില്ലാത്തതുപോലെയാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്.
 ഇത്തരം സാഹചര്യത്തില്‍ സംഭവിക്കുന്നതെന്ത് എന്ന ചോദ്യത്തിന്‍െറ ഉത്തരം കണ്ടത്തെുകയായിരുന്നു ഏകെര്‍ലോഫ്. സമ്മാനങ്ങളില്ലാത്ത വിവരങ്ങള്‍ നിലനില്‍ക്കുമ്പോള്‍, അറിവുകള്‍ കൂടുതല്‍ ഉള്ള ഏജന്‍സി എങ്ങനെ പെരുമാറും എന്ന് സ്പെന്‍സും വിവരങ്ങള്‍ കൈവശമില്ലാത്ത ഏജന്‍സി എങ്ങനെ പെരുമാറും എന്ന് സ്്റ്റിഗ്ളിറ്റ്സും സാമ്പത്തികമാതൃകകളിലൂടെ സൈദ്ധാന്തവത്കരിച്ചു. പണം കൈമാറ്റം ചെയ്യുന്ന ഇടപാടുകളില്‍ സാവധാനം വിലക്കയറ്റം ഉണ്ടായി കമ്പോളംതന്നെ ഇടിയുന്ന ഘട്ടമത്തെും. എന്നാല്‍, ആരോഗ്യരക്ഷക്ക് പണമിടപാട് പൊതുവെ കുറവായ കേരളത്തില്‍ മറ്റ് രീതിയിലാണ് ഇതിന്‍െറ ആഘാതം. വിവരത്തിന്‍െറ തോത് കുറഞ്ഞ ഉപഭോക്താക്കള്‍ക്ക് വേതനനഷ്ടം, ഭക്ഷണത്തിനും യാത്രക്കുമുള്ള ചെലവ്, കാത്തിരിപ്പിന്‍െറ സമയം, പല അസംസ്കൃത വസ്തുക്കള്‍ ശേഖരിക്കാന്‍ വേണ്ടുന്ന യാത്രകളും ചെലവും എന്നിങ്ങനെയുള്ള നഷ്ടം ഉണ്ടാകുന്നു. അതിനാല്‍ അവര്‍ സാവധാനം ഇത്തരം സ്ഥാപനങ്ങളില്‍നിന്ന് അകന്നുപോകുന്നു. വിവരത്തിന്‍െറ തോത് കൂടുതല്‍ കൈവശമുള്ള ആരോഗ്യ സേവനദാതാക്കളാകട്ടെ, ക്രയവിക്രയാധികാരം കുറഞ്ഞ ഉപഭോക്താക്കള്‍ക്ക് സേവനനിലവാരം ഉറപ്പാക്കാന്‍ ശ്രദ്ധിക്കാന്‍ ശ്രമിക്കാറുമില്ല. മാത്രമല്ല, ഉപഭോക്താക്കളുടെ വിശ്വാസം നഷ്ടപ്പെട്ടുകഴിഞ്ഞാല്‍ ഗുണനിലവാരവും സേവനങ്ങളുടെ സാധ്യതകളും കുറക്കാന്‍ എളുപ്പമാവുകയും ചെയ്യും. കേരളത്തിലെ ആരോഗ്യ ആസൂത്രണത്തില്‍നിന്ന് ചോര്‍ന്നുപോയത് ഈ സിദ്ധാന്തമാണ്.
മിഴിവാര്‍ന്ന ഒരു ആരോഗ്യസംസ്കാരമുണ്ടെങ്കിലേ നമ്മുടെ ആരോഗ്യരംഗത്തിന് പുതുജീവന്‍ കൈവരിക്കാനാകൂ. അതിന്‍െറ ആരംഭംകുറിക്കുന്ന ആസൂത്രണത്തിനുള്ള നല്ല അവസരമാണിപ്പോള്‍. ബൃഹത്തായ ലക്ഷ്യങ്ങളെക്കാള്‍ എല്ലാവരെയും ഉള്‍പ്പെടുത്തി വിശാലപാതയൊരുക്കുന്നതിനാവണം ഊന്നല്‍. 20 കൊല്ലങ്ങള്‍ക്കപ്പുറം ആശുപത്രികളില്‍ കെട്ടിടങ്ങളാവില്ല, വിവരസാങ്കേതികവിദ്യയും റോബോട്ടിക്സുമാവും സര്‍വസാധാരണം. അതിലേക്കാകട്ടെ നമ്മുടെ ദൃഷ്ടി.

 

Tags:    
News Summary - planning in kerala health sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.