പ്രതിസന്ധികാലത്തെ രാഷ്​ട്രീയം 

കേരളത്തിന് ഇത്  പ്രതിസന്ധികാലമാണെന്നു  പറയാം. ഒന്നിന് പിറകെ ഒന്നായി പ്രശ്നങ്ങൾ വന്നുകൊണ്ടേയിരിക്കുന്നു. പലരും ശീലത്തി​​​െൻറ ഫലമായി രാഷ്​ട്രീയലാഭത്തിൽ കണ്ണുനട്ട പ്രവൃത്തികൾ തുടരുന്നതിനിടയിലും ഓരോ പ്രതിസന്ധിയും ഏറക്കുറെ തൃപ്തികരമായ രീതിയിൽ  മറികടക്കാനാകുന്നു എന്നത് സന്തോഷത്തിനു വകനൽകുന്നു, അഭിമാനത്തിനും.

എന്തുകൊണ്ടാണ് കടുത്ത പ്രതിസന്ധികൾ നേരിടുമ്പോഴും ഭിന്നിപ്പിക്കുന്ന ചിന്തകൾ മാറ്റിവെച്ച്​ ഒന്നിച്ചു പ്രവർത്തിക്കാൻ നമുക്ക് കഴിയാത്തത്? അതി​​​െൻറ പ്രധാന കാരണം സംഘടിത മതസംവിധാനങ്ങളെപ്പോലെ മനുഷ്യജീവിതത്തി​​​െൻറ എല്ലാ മേഖലകളെയും തങ്ങൾക്ക് വിധേയമാക്കാനുള്ള സംഘടിത രാഷ്​ട്രീയപ്രസ്ഥാനങ്ങളുടെ ത്വരയാണ്. മറുപക്ഷത്തെ പതിവായി രാക്ഷസവത്കരിക്കുമെങ്കിലും കൂടുമാറാൻ തയാറായാൽ ഏത് പാപിയെയും വെള്ളപൂശി  അവർ പുണ്യാളനാക്കും. അണികൾ അതിനൊക്കെയൊത്ത് സഞ്ചരിച്ചുകൊള്ളും. പ്രസ്ഥാനം ആവശ്യമുള്ളപ്പോൾ തങ്ങളെ സഹായിക്കണമെന്നല്ലാതെ, ധാർമികനിലവാരം പുലർത്തണമെന്ന നിർബന്ധം അവർക്കില്ല. ‘ഞങ്ങളുടെ പക്ഷത്തല്ലെങ്കിൽ മറുപക്ഷത്ത്’ എന്ന ലളിതസമവാക്യത്തിലൂടെ ചിലർ രാഷ്​ട്രീയരംഗത്ത് തങ്ങളുടെ വെളുപ്പും മറുപക്ഷത്തി​​​െൻറ കറുപ്പുമല്ലാതെ ഒന്നുമില്ലെന്ന്‌ വരുത്താൻ പാടുപെടുന്നു. ഒരു മറുപക്ഷം മാത്രമുള്ളപ്പോൾ ഒരു പോർമുഖത്ത് പോരാടിയാൽ മതിയല്ലോ. 

കേരളത്തി​​​െൻറ കക്ഷിരാഷ്​ട്രീയ വിഭജനത്തെ ദൃഢമായി നിലനിർത്തുന്നതിൽ മാധ്യമങ്ങൾക്ക്, പ്രത്യേകിച്ച് ദൃശ്യമാധ്യമങ്ങൾക്ക്, വലിയ പങ്കുണ്ട്.  കാൽ നൂറ്റാണ്ടു മുമ്പ് തുടങ്ങിയ, ഒരു യു.ഡി.എഫുകാരനെയും ഒരു എൽ.ഡി.എഫുകാരനെയും ഇരുത്തിക്കൊണ്ടുള്ള, രാത്രിചർച്ച എല്ലാ പ്രശ്നങ്ങളെയും ഇരുമുന്നണി രാഷ്​ട്രീയത്തിനുള്ളിൽ തളച്ചിടുന്നു. കേന്ദ്രത്തിൽ ബി.ജെ.പി അധികാരത്തിൽ വന്നശേഷം ഒരു സംഘ്​പരിവാറുകാരനും കസേരയിടുന്നുണ്ടെങ്കിലും ചർച്ചകൾ ഇപ്പോഴും ഏറക്കുറെ പക്ഷം-മറുപക്ഷമെന്ന നിലയിൽ തന്നെ. ദേശീയ വിഷയമെങ്കിൽ ബി.ജെ.പി-ബി.ജെ.പിയിതരം എന്ന നിലയിലും  സംസ്ഥാനവിഷയമെങ്കിൽ പഴയപോലെ യു.ഡി.എഫ്- എൽ.ഡി.എഫ് എന്ന നിലയിലും. അതിനിടയിൽ 40 കൊല്ലമായി ഓരോ തെരഞ്ഞെടുപ്പിലും ഭരണപക്ഷത്തെ താഴെയിറക്കി മറുപക്ഷത്തെ തണ്ടിലേറ്റി  ജനാധിപത്യം നിലനിർത്തുന്ന ചെറുവിഭാഗത്തിന്  ശബ്​ദമില്ലാതാകുന്നു. 
കേരളം രാജ്യത്തെ ശരാശരി വരുമാനത്തിന് താഴെ മാത്രം വരുമാനമുള്ള ദരിദ്ര സംസ്ഥാനമായിരുന്ന കാലം ഈ ലേഖക​​​െൻറ ഓർമയിലുണ്ട്. ഇന്ന് കേരളം സമ്പന്ന സംസ്ഥാനമാണ്. ഈ മാറ്റം സാധ്യമാക്കിയത് പ്രവാസികളാണെന്ന്‌   നമുക്കറിയാം. വ്യവസായങ്ങൾ വളർന്നില്ലെങ്കിലും വളരുന്ന ഒരു സേവനമേഖല ഇന്നിവിടെയുണ്ട്. സാമ്പത്തിക ശാസ്ത്രജ്ഞന്മാർ പറയുന്ന  കീഴോട്ടുള്ള ഇറ്റിറ്റുവീഴൽ  നടന്നുകൊണ്ടിരിക്കുന്ന ഒരു സ്ഥലമാണിത്. പക്ഷേ, ഇറ്റിറ്റു വീഴുന്നത് കിട്ടാത്തവരും  ഇവിടെയുണ്ട്. ആദിവാസികൾ ഒരുദാഹരണം.

കേരളം സമ്പന്ന സംസ്ഥാനമായപ്പോൾ ഭരിച്ച പാർട്ടികളും സമ്പന്നരായി. അവരുടെ ആസ്തികൾ വർധിച്ചു. അവർ  ബിസിനസുകൾ തുടങ്ങി. പക്ഷേ, സർക്കാർ പാപ്പരായി. ഓരോ മാസവും ശമ്പളവും പെൻഷനും കൊടുക്കാൻ സർക്കാർ കടമെടുക്കുന്ന കഥകൾ കേൾക്കാൻ  തുടങ്ങി.

പ്രളയം കഴിഞ്ഞപ്പോൾ ദുരിതാശ്വാസത്തിന് പണം കണ്ടെത്താൻ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിക്കാൻ  സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി സാലറി ചലഞ്ച് നടത്തി. പാർട്ടിസംഘടന കാടിളക്കി. പിന്നീട് കണക്കുകൾ പരിശോധിച്ച്  സംഭാവനകൾ കൊടുക്കാഞ്ഞത് ആരൊക്കെയാണെന്ന് കണ്ടുപിടിച്ചു. കൈക്കൂലികൊടുത്ത് ജോലി സമ്പാദിച്ച സ്വകാര്യസ്‌കൂൾ അധ്യാപകരാണ് കാശു കൊടുക്കാഞ്ഞ കശ്മലന്മാരെന്ന്‌ ആസ്ഥാന സാംസ്കാരികപ്രവർത്തകൻ വിളംബരം ചെയ്തു. തങ്ങൾ സൃഷ്‌ടിച്ച നമ്പർവൺ സംസ്ഥാനത്ത് കൈക്കൂലി കൊടുത്തു ജോലി സമ്പാദിക്കുന്നവരുണ്ടെന്ന് അംഗീകരിക്കുന്നതിൽ ഒരഭംഗിയും അദ്ദേഹം കണ്ടില്ല. ജോലിക്കായി കൈക്കൂലി നൽകിയവർ  കൊടുത്ത കാശ് തിരിച്ചുപിടിക്കാൻ  ശ്രമിക്കുന്നത് ഒരു വലിയ അപരാധമല്ലെന്ന് അദ്ദേഹത്തിന് മനസ്സിലായുമില്ല.

കോവിഡ് പ്രതിസന്ധി വന്നപ്പോൾ വീണ്ടും ദുരിതാശ്വാസപ്രവർത്തനവും പണ സമാഹരണവും ആവശ്യമായി. ഇത്തവണ ചലഞ്ചൊന്നും ഉണ്ടായില്ല. ഒരു മാസത്തെ ശമ്പളം ഒന്നിച്ച് കൊടുക്കുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ഓരോ മാസവും ആറു  ദിവസത്തെ ശമ്പളം എന്ന രീതിയിൽ പദ്ധതി പുതുക്കി. കോൺഗ്രസ് നേതാക്കളും സർക്കാർ ജീവനക്കാരുടെ കോൺഗ്രസ് അനുകൂല സംഘടനയും പദ്ധതിയെ എതിർത്തു. അവർ ഹൈകോടതിയെ സമീപിച്ചു. കോടതി പദ്ധതി തള്ളിയില്ല.  പക്ഷേ, നിയമത്തി​​​െൻറ പിൻബലമില്ലാതെ ശമ്പളത്തിൽനിന്ന്  പണം പിടിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി. രണ്ടു മാസത്തേക്ക് ശമ്പളത്തിൽനിന്നുള്ള പിടിത്തം തടയുകയും ചെയ്തു. 24 മണിക്കൂറിൽ മന്ത്രിസഭ ശമ്പളത്തിൽനിന്ന് പണംപിടിക്കാൻ ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചു. അതോടെ സംഭാവന പിടിച്ചുപറിയായി. നിയമസാധുതയുണ്ടെങ്കിൽ തന്നെയും ഇതൊരു അധാർമികനടപടിയാണ്. ഇതിലൂടെ തീർത്തും തെറ്റായ ഒരു മാതൃകയാണ് വലിയ തൊഴിൽദാതാവായ സർക്കാർ മറ്റ് തൊഴിൽദാതാക്കൾക്കു മുന്നിൽ വെക്കുന്നത്. അതിനിടയിൽ ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്ന്‌ ഹൈകോടതി സർക്കാറിന് എഴുതി. സർക്കാർ സമ്മതിക്കുകയും ചെയ്തു.

ഏതു നിയമപ്രകാരമാണാവോ അത്? യു.ഡി.എഫ് സർക്കാറാണ് ഇത്തരത്തിലുള്ള ഒരു പദ്ധതിയുമായി മുന്നോട്ടു വന്നിരുന്നതെങ്കിൽ കാര്യങ്ങൾ മറ്റൊരു വിധത്തിൽ പോകുമായിരുന്നോ? 
ഒരു സുഹൃത്ത്  ഫേസ്ബുക്കിൽ 2002ലോ മറ്റോ മുഖ്യമന്ത്രി എ.കെ. ആൻറണി സർക്കാറി​​െൻറ സാമ്പത്തിക സ്ഥിതി മോശമായതുകൊണ്ട് ശമ്പളത്തോടൊപ്പം വിതരണം ചെയ്തിരുന്ന ആനുകൂല്യങ്ങൾ താൽക്കാലികമായി നിർത്തിയപ്പോൾ എൽ.ഡി.എഫ് അനുകൂലസംഘടന നടത്തിയ 45 ദിവസം നീണ്ടുനിന്ന സമരത്തിനിടയിൽ പാർട്ടി സംസ്ഥാനസെക്രട്ടറി പിണറായി വിജയൻ പൊലീസ് സ്​റ്റേഷൻ പരിസരത്ത് നയിച്ച പ്രകടനത്തി​​​െൻറ പടം പോസ്​റ്റ്​ ചെയ്തു. അതിനുപിന്നാലെ മറ്റൊരു സുഹൃത്ത് 2004ൽ സൂനാമി ദുരന്തം വിതച്ചപ്പോൾ എൽ.ഡി.എഫ് അനുകൂല സംഘടന ദുരിതാശ്വാസനിധിയിലേക്ക് സമാഹരിച്ച 11 ലക്ഷത്തിൽപരം രൂപ യു.ഡി.എഫ് മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കൈമാറുന്ന പടം പോസ്​റ്റു ചെയ്തു.

ഈ വ്യത്യസ്തസംഭവങ്ങളിൽനിന്ന് പഠിക്കാവുന്ന പാഠം രാഷ്​ട്രീയലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനകൾക്കും അതിനതീതമായി ഉയർന്ന്, പൊതുതാൽപര്യം മുൻനിർത്തി പ്രവർത്തിക്കാനുള്ള  കഴിവ് ഉണ്ടെന്നതാണ്. ഈ അനുകൂല ഘടകം പ്രയോജനപ്പെടുത്തി  പ്രതിസന്ധികാലത്തെങ്കിലും ഒരു മനസ്സോടെ പ്രവർത്തിക്കാൻ കഴിയുന്ന സാഹചര്യം സൃഷ്​ടിക്കാൻ ഭരണപക്ഷവും പ്രതിപക്ഷവും ശ്രമിക്കണം. 

പരസ്പരമുള്ള പഴിചാരലും കോടതികയറ്റവുമല്ല അതിനുള്ള വഴി. പൊതുതാൽപര്യങ്ങളെ കക്ഷിതാൽപര്യങ്ങൾക്കു മുകളിൽ പ്രതിഷ്‌ഠിച്ചുകൊണ്ടുള്ള പ്രവർത്തനത്തിലൂടെയാണ്‌  അത് സാധ്യമാവുക. ഭരണപക്ഷവും പ്രതിപക്ഷവും മാധ്യമങ്ങളിലൂടെയല്ലാതെ നേരിട്ട് സംസാരിക്കുന്നതും അതിനു സഹായകമാകും. കേരളം കോവിഡ് പ്രതിസന്ധിയെ പിന്നിട്ടിരിക്കാം. പ്രവാസികളുടെ തിരിച്ചുവരവിൽ ഒരുപക്ഷേ, അതിനേക്കാൾ വലിയ ഒരു പ്രതിസന്ധി  സംസ്ഥാനത്തെ കാത്തിരിക്കുകയാണ്.

Tags:    
News Summary - politics in challenging time -opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.