ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഭൂപടം പരിഷ്കരിക്കുന്ന ബില്‍ നേപ്പാള്‍ പാര്‍ലമെൻറിെൻറ അധോസഭ കഴിഞ്ഞ ദിവസം പാസാക്കി. ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ പ്രതിപക്ഷമായ നേപ്പാള്‍ കോൺഗ്രസിെൻറ പിന്തുണ സ്വാഭാവികമായും ലഭിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് നേപ്പാള്‍-ഇന്ത്യ അതിര്‍ത്തിയില്‍ നടന്ന വെടിെവപ്പില്‍ ഒരു കര്ഷകന് മരിക്കുകയും ചെയ്തു. ഈ വെടിെവപ്പ് രൂക്ഷമാവുന്ന ഇന്ത്യ-നേപ്പാള്‍ അതിര്ത്തിത്തര്ക്കത്തിെൻറ ഭാഗമായി മനസ്സിലാക്കപ്പെടുന്നു. ഇന്ത്യ, ഇന്ത്യയുടെ ഭാഗങ്ങളായി കണക്കാക്കുന്ന ഹിമാലയന്പ്രദേശങ്ങളായ കാലാപാനി, ലിപുലേഖ്, ലിമ്പിയാധുര എന്നീ പ്രദേശങ്ങളാണ് നേപ്പാള്‍ ഇപ്പോള്‍ സ്വന്തം ഭൂപടത്തില്‍ ഉള്‍പ്പെടുത്തി ബില്‍ പാസാക്കിയിരിക്കുന്നത്. ഇത് നേരേത്ത നേപ്പാള്‍ മന്ത്രിസഭ അംഗീകാരം നല്കിയ തീരുമാനമാണ്. ഏറ്റവും ശ്രദ്ധേയമായ കാര്യം ഇതിനെക്കുറിച്ചുള്ള ആഭ്യന്തരചര്ച്ചകളും ഇരുരാജ്യങ്ങളിലെയും നേതാക്കളുടെ വൈകാരിക പ്രതികരണങ്ങളും ധാരാളം ഈ കാലയളവില്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇതുവരെ ഒരു ഉഭയകക്ഷി ചര്‍ച്ച നടന്നിട്ടില്ല എന്നതാണ്. അതായത്, നേപ്പാളില്‍ പുതിയ ഭൂപടത്തിന് അംഗീകാരം ലഭിക്കുന്ന സമയംവരെയും ഇതേക്കുറിച്ച് സമവായത്തിനുള്ള സാധ്യതകള്‍ തെളിഞ്ഞിട്ടുണ്ടായിരുന്നില്ല എന്നർഥം.
ഇത് കേവലം ഭൂപടത്തിെൻറ മാത്രം പ്രശ്നമല്ല. ഭൂപടം എങ്ങനെയും വരക്കാം. അതിന് ആര് അംഗീകാരം നല്കിയാലും ഇല്ലെങ്കിലും ആത്യന്തികമായി അതിര്‍ത്തിയില്‍ ആര്‍ക്കാണ് നിയന്ത്രണം എന്നതാണ് പ്രയോഗതലത്തില്‍ പ്രധാനം. കശ്മീരിെൻറതന്നെ കാര്യമെടുത്താല്‍ ഇന്ത്യന്‍ ഭൂപടങ്ങളില്‍ നാം പാക് അധീനതയിലുള്ള കശ്മീര്‍ ചേര്‍ത്താണ് വരക്കുന്നത്. പല വിദേശരാജ്യങ്ങളുമാവട്ടെ, ജമ്മു-കശ്മീരിനെ തര്‍ക്കപ്രദേശമായി കണക്കാക്കി ഇന്ത്യന്‍ ഭൂപടത്തില്‍ ആ സംസ്ഥാനം ഉള്‍പ്പെടുത്താറില്ല. ഗൂഗ്ള്‍, കശ്മീര്‍ ഇല്ലാത്ത ഇന്ത്യന്‍ ഭൂപടം പ്രദര്‍ശിപ്പിക്കുന്നു എന്നതിെൻറ പേരിലാണ് ഇന്ത്യന്‍ പാര്‍ലമെൻറില്‍ 2016ല്‍ ജിയോസ്പേഷ്യല്‍ ഇന്‍ഫര്‍മേഷന്‍ റെഗുലേഷന് ബില്‍ അവതരിപ്പിക്കപ്പെട്ടത്. ജമ്മു-കശ്മീർ പാകിസ്താെൻറയും അരുണാചൽപ്രദേശ് ചൈനയുടെയും ഭാഗമായി ചിത്രീകരിക്കുന്ന പ്രവണത വ്യാപകമായതിനെ തുടർന്നാണ് ഇക്കാര്യത്തില്‍ നിയമപരമായ നടപടിക്ക് അന്ന് ഇന്ത്യ തയാറായത്. ഇന്ത്യയുടെ ഭൂപടം പ്രസിദ്ധീകരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും സർക്കാറിെൻറ അനുമതി വേണമെന്നും നിയമവിരുദ്ധമായി ഭൂപടം ചിത്രീകരിച്ചാൽ ഒരു കോടി മുതൽ 100 കോടി വരെ പിഴയും ഏഴു വർഷം തടവ് അെല്ലങ്കിൽ ഇത് രണ്ടുംകൂടിയോ ശിക്ഷ നൽകുമെന്നുമുള്ള കര്‍ശനവ്യവസ്ഥകള്‍ അതിലുണ്ടായിരുന്നു. ഭൂപടം അപ്പോള്‍ ഒരു നയതന്ത്ര പ്രശ്നമാണ്. യഥാർഥ നിയന്ത്രണം അതിനൊരു മാനദണ്ഡമല്ല. നേപ്പാളും അതിനെ നയതന്ത്രപരമായ ഒരു സമ്മർദതന്ത്രമായാണ് കാണുന്നെതന്ന് മനസ്സിലാക്കാന്‍ വിഷമമില്ല.
എന്നാല്‍, ഇത് അയല്‍രാജ്യങ്ങളുമായുള്ള ബന്ധത്തിെൻറ ഒരു അളവുകോലാണ്. തെക്കനേഷ്യയിലെ വന്‍ശക്തിയായി കരുതപ്പെടുന്ന ഇന്ത്യക്ക് അയല്‍രാജ്യങ്ങളുമായി സംഘര്‍ഷഭരിതമായ ബന്ധമാണ് കണ്ടുവന്നിട്ടുള്ളത്. ശ്രീലങ്കയിലെ ഐ.പി.കെ.എഫ് ഇടപെടലിനുശേഷം ആ രാജ്യവുമായുള്ള ബന്ധത്തില്‍ വലിയ വിള്ളലുകളുണ്ടായി. അവിടത്തെ തമിഴ് വംശജരുടെ സ്വയംനിർണയാവകാശത്തെ ഇന്ത്യ ഭാഗികമായി പിന്തുണച്ചുകൊണ്ടിരുന്ന കാലത്തെക്കാളും വലിയ അകല്‍ച്ചയാണ് സമാധാനസേനയുടെ ഇടപെടലിനുശേഷം ശ്രീലങ്കയുമായി ഉണ്ടായത്. ഒറ്റയടിക്കു തമിഴ് വംശജരുടെയും ശ്രീലങ്കന്‍ സര്‍ക്കാറിെൻറയും ശത്രുത ഇന്ത്യക്ക് നേരിടേണ്ടിവന്നു.
ഗംഗാജലം പങ്കിടുന്നത് മുതല്‍ നിരവധി കാര്യങ്ങളില്‍ ബംഗ്ലാദേശുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. മാലദ്വീപില്‍ മുെമ്പാരിക്കല്‍ സൈനികമായിത്തന്നെ ഇടപെട്ട് അവിടത്തെ ആഭ്യന്തരകലാപം അടിച്ചമർത്തുന്നതിന് ഇന്ത്യ സഹായം നല്‍കിയെങ്കിലും ഇപ്പോള്‍ മാലദ്വീപ് ചൈനയുമായാണ് അടുപ്പം പുലർത്തുന്നത്. അവര്‍ ചൈനയുമായി സ്വതന്ത്ര വ്യാപാരക്കരാര്‍ ഉണ്ടാക്കിയിരിക്കുന്നത് ഇന്ത്യന്‍ എതിര്‍പ്പുകളെ അവഗണിച്ചുതന്നെയാണ്. ഇന്ത്യന്‍ അംബാസഡറെ സന്ദര്‍ശിച്ചതിന് അവരുടെ പ്രാദേശിക കൗണ്‍സിലര്‍മാരെ മാലദ്വീപ് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്യുകകൂടി ചെയ്തിരുന്നു എന്ന് ഓര്‍ക്കണം. ശ്രീലങ്കയാവട്ടെ, ചൈനീസ്സര്ക്കാര് നിയന്ത്രിക്കുന്ന കമ്പനിക്ക് ഒരു തുറമുഖം 99 വര്‍ഷത്തെ പാട്ടത്തിനു നല്കിയിരിക്കുന്നു. മറ്റു പല ഉഭയകക്ഷിബന്ധങ്ങളും വഴി ശ്രീലങ്ക-ചൈന ബന്ധം കൂടുതല്‍ ദൃഢമാവുകയാണ്. എന്നാല്‍, ഇന്ത്യക്കു മുന്‍കാലങ്ങളിലുണ്ടായ വിള്ളലുകള്‍ ഇല്ലാതാവുകയല്ല, അയല്‍ക്കാരുമായുള്ള പ്രശ്നങ്ങള്‍ ഈ അടുത്തകാലത്തും കൂടുതല്‍ സങ്കീർണമാവുകയാണ്.
ഭൂപടകാര്യത്തില് നേപ്പാളിെൻറ സമീപനം ഈ ചരിത്രപശ്ചാത്തലത്തില്‍ വേണം മനസ്സിലാക്കാന്‍. നേപ്പാളില്‍ ഇന്ത്യവിരുദ്ധ മുദ്രാവാക്യവും കൂടുതല്‍ ചൈനീസ് അനുകൂലനയങ്ങളും വാഗ്ദാനംചെയ്താണ് ഇപ്പോള്‍ ഭരണകക്ഷിയായ കമ്യൂണിസ്റ്റ് മുന്നണി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്നത്. ഞാന്‍ നേപ്പാള്‍ സന്ദര്‍ശിച്ച അവസരങ്ങളില്‍ അവിടത്തെ ഇന്ത്യവിരുദ്ധത കണ്ട് അമ്പരന്നിട്ടുണ്ട്. എന്നാല്‍, ഒന്നാലോചിച്ചാല്‍ ഒരു ചെറിയ അയല്‍രാജ്യം എന്ന നിലയില്‍ അവരുടെ രോഷത്തിെൻറ കാരണങ്ങള്‍ കണ്ടെടുക്കാം. ഒന്നുരണ്ടു തവണ ആ രോഷം പാരമ്യത്തില്‍ എത്തിയത് നേരിട്ട് അനുഭവിച്ചിട്ടുണ്ട്. ഒരിക്കല്‍ അത് ഇന്ത്യയുമായുള്ള നാണയനിരക്കിെൻറ കാര്യത്തിലായിരുന്നു. ഡോളറിനെതിരെ അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യൻരൂപയുടെ മൂല്യം ഇടിയുമ്പോള്‍ നേപ്പാളി രൂപയുമായുള്ള അതിെൻറ വിനിമയനിരക്കില്‍ മാറ്റംവരുത്താന്‍ ഇന്ത്യ വിസമ്മതിച്ചുകൊണ്ടിരുന്നു. ഇതിനെതിരെയുള്ള ‘കാഠ്മണ്ഡു ടൈംസ്’ ലേഖനങ്ങളിലും മുഖപ്രസംഗങ്ങളിലും അവര്‍ ഇന്ത്യയുടെ സാമ്രാജ്യത്വ മനോഭാവത്തെക്കുറിച്ച് എഴുതിയിരുന്നത് വായിച്ചപ്പോള്‍ ആദ്യം ഉണ്ടായത് ഞെട്ടൽതന്നെയായിരുന്നു. അത്തരമൊരു വിമര്‍ശനം അക്കാദമിക-രാഷ്ട്രീയ തലത്തില്‍ പരിചയമുണ്ടായിരുന്നുവെങ്കിലും അതിെൻറ പ്രകടമായ പ്രകാശനം അപ്പോഴാണ് നേരിലറിയുന്നത്. മറ്റൊരിക്കല്‍ സാർക് ഉച്ചകോടി നേപ്പാളില്‍ നടത്താന്‍ തീരുമാനിച്ച് അവര്‍ ഒരുക്കങ്ങളുമായി മുന്നോട്ടുപോകുമ്പോള്‍ ഇന്ത്യ, പാകിസ്താനുമായുള്ള ഉഭയകക്ഷിപ്രശ്നങ്ങളുടെ പേരില്‍ ഏകപക്ഷീയമായി പിന്മാറിയ സന്ദര്‍ഭമായിരുന്നു. അത് നേപ്പാളിനെ വല്ലാതെ പ്രകോപിപ്പിച്ചു. ഹോട്ടലില്‍ ഇരുന്ന് ‘കാഠ്മണ്ഡു ടൈംസ്’ വായിച്ച് ഞാന്‍ വിഷമിച്ചു. അത്ര ഇന്ത്യവിരുദ്ധമായിരുന്നു അതിലെ മുഖപ്രസംഗവും ലേഖനങ്ങളും. വിഷമിച്ചത് എെൻറ മനസ്സില്‍ കടുത്ത കേവല ദേശീയവാദം ഉണ്ടായതുകൊണ്ടല്ല, എെൻറ രാജ്യത്തിെൻറ ചില കടുത്ത നിലപാടുകള്‍ ഒരു ചെറിയ അയല്‍രാജ്യവുമായി അനാവശ്യ ശത്രുതയിലേക്കാണല്ലോ നയിക്കുന്നത് എന്നോർത്തിട്ടായിരുന്നു. ഒരു വ്യാപാരക്കരാര്‍ പുതുക്കുന്നതിലുണ്ടായ കാലതാമസത്തിെൻറ പേരില്‍ വഴിയടച്ചു പ്രതികാരം ചെയ്യാന്‍ ഇന്ത്യ തയാറായപ്പോഴും ഇതുപോലെ ഇന്ത്യവിരുദ്ധ വികാരം നേപ്പാളില്‍ തിളച്ചുമറിയുന്നത് കണ്ടിട്ടുണ്ട്. മറ്റു പല സന്ദര്‍ഭങ്ങളിലും ഇത് ആവര്ത്തിച്ചിട്ടുണ്ടാവാം.
മോദിസര്‍ക്കാര്‍ വന്നശേഷം വിദേശരംഗത്ത് പൊതുവേയുണ്ടായ പാളിച്ചകളെക്കുറിച്ച് ഈ പംക്തിയില്‍ മുമ്പ് എഴുതിയിട്ടുണ്ട്. അവ ആവര്‍ത്തിക്കുന്നില്ല. എങ്കിലും ഒരു കാര്യം എടുത്തുപറയേണ്ടതുണ്ട്. ‘2018: ഇന്ത്യ എങ്ങോട്ട്?’ എന്ന ലേഖനത്തില്‍ (2018 ജനുവരി 03) എഴുതിയ കാര്യം ഇപ്പോള്‍ കൂടുതല്‍ പ്രസക്തമാവുകയാണ്. അത് ഇന്ത്യക്ക് ഏഷ്യയിലുള്ള മൃദുശക്തി (soft power) എങ്ങനെ കൈമോശം വന്നുപോകുന്നു എന്നതിനെക്കുറിച്ചായിരുന്നു. തെക്കുകിഴക്കേഷ്യയിലേക്കുപോലും നീണ്ടുചെല്ലുന്ന ആ മൃദുശക്തി, അതിെൻറ സാംസ്കാരികമായ ഉള്ളടക്കം എന്തുതന്നെയായിരുന്നാലും, ഇന്ത്യയുടെ നയതന്ത്രവിജയങ്ങളില് വലിയൊരു പങ്കുവഹിച്ചിരുന്നു. എന്നാല്‍, തെറ്റായ തീരുമാനങ്ങളിലൂടെ ഇന്ത്യ അത് കളഞ്ഞുകുളിക്കുന്നു എന്ന വസ്തുത ഖേദകരമായ യാഥാർഥ്യമായി മുന്നില്‍ നില്‍ക്കുകയാണ്. അമേരിക്കയില്‍തന്നെ അനുദിനം അനഭിമതനായിക്കൊണ്ടിരിക്കുന്ന ഡോണള്‍ഡ് ട്രംപിെൻറ അനുമോദനങ്ങള്ക്കുമാത്രം കാതോര്‍ക്കുന്ന ഒരു യു.എസ് സാമന്തരാജ്യത്തെപ്പോലെ ഇന്ത്യ പെരുമാറുന്നത് അഭികാമ്യമല്ല. സ്വതന്ത്രവും നീതിപൂര്‍വവും ജനാധിപത്യബോധത്തില്‍ അടിയുറച്ചതുമായ ഒരു പാരസ്പര്യമാണ് ഇന്ത്യ അയല്രാജ്യങ്ങളുമായെങ്കിലും ഊട്ടിയുറപ്പിക്കേണ്ടത്. അതിനുള്ള പരിശ്രമം ഉണ്ടാവുന്നില്ലെങ്കില്‍ ഒറ്റപ്പെടലിെൻറ ദീര്‍ഘമായ വേനലാണ് നമ്മുടെ വഴിതെറ്റിയ നയതന്ത്രത്തെ കാത്തിരിക്കുന്നെതന്ന് പറയേണ്ടിവരും.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.