സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീംകോടതി വിധി പരക്കെ സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്. ആധാറുമായി ബന്ധപ്പെട്ട ചര്‍ച്ചകളും പ്രതിഷേധങ്ങളുമാണ് ഈ പ്രശ്നം അതിഗൗരവമുള്ള ഒരു വിഷയമായി മാറാന്‍ കാരണമായത്. കോൺഗ്രസ് ഭരണകാലത്ത് തുടങ്ങിയതാണെങ്കിലും ഭരണകൂടത്തിെൻറ ജൈവാധികാര രാഷ്ട്രീയം അതിെൻറ എല്ലാ മറകളും നീക്കി പുറത്തുവന്നത് ബി.ജെ.പി കേന്ദ്രഭരണത്തിൽ എത്തിയതോടെയാണ്. പ്രതിപക്ഷത്ത് ഇരുന്നപ്പോഴെടുത്ത നിലപാടുകളില്‍നിന്ന് ബി.ജെ.പി മലക്കംമറിഞ്ഞു എന്നതു മാത്രമായിരുന്നില്ല പ്രശ്നം. കോൺഗ്രസിെൻറ സമീപനത്തെക്കാൾ അപകടകരമായ നിലപാടുകളിലേക്ക് ഒരു ചാഞ്ചല്യവുമില്ലാതെ കൂടുമാറുന്നതാണ് ബി.ജെ.പി ഭരണത്തിെൻറ തുടക്കം മുതൽ കാണാനായത്. അതില്‍ ഏറ്റവും പ്രധാനം ഊഹക്കച്ചവട മൂലധനം അതിെൻറ ഏറ്റവും ഹീനമായ ചൂഷണതന്ത്രങ്ങൾ പുറത്തെടുത്തു മുന്നോട്ടുപോകുന്നതിനു ഭരണകൂടം നല്കിയ അകമഴിഞ്ഞ പിന്തുണയാണ്. അതിനു സഹായകമാവുന്ന നടപടികൾ ജനതക്കാകമാനം എന്തു കെടുതികള്‍ ഉണ്ടാക്കിയാലും അവഗണിച്ചുകൊണ്ട് അതുമായി മുന്നോട്ടുപോവുക എന്ന നയമാണ് സര്‍ക്കാർ അവലംബിച്ചത്. നോട്ടു പിന്വലിക്കൽപോലെ സാമ്പത്തിക മേഖലയിലെ പൊതുവളര്ച്ചയെത്തന്നെ പിറകോട്ടടിപ്പിച്ച സാമ്പത്തിക തീരുമാനം അടിച്ചേൽപിച്ചത് ഒരു ഉദാഹരണം മാത്രമാണ്. അതിെൻറ ദൂരവ്യാപക പ്രത്യാഘാതങ്ങൾ സമ്പദ്വ്യവസ്ഥയിൽ ഇപ്പോൾ അനുഭവപ്പെട്ടു തുടങ്ങിയിേട്ടയുള്ളൂ. ഗ്രാമീണമേഖലയിലെ ചെറുകിട ഉൽപാദന രംഗത്ത് അതു സൃഷ്ടിച്ച വിനാശം നിസ്സാരമല്ല. ചെറുകിട കര്‍ഷകരെയും അടിസ്ഥാന വിഭാഗങ്ങളെയും അത് അവർണനീയ ദുരിതങ്ങളിലേക്ക് തള്ളിവിട്ടു. ഗ്രാമീണ സമ്പദ്വ്യവസ്ഥ ഈ നിസ്സഹായാവസ്ഥയില്നിന്ന് കരകയറാനുള്ള അവിരാമ ശ്രമത്തിലാണിപ്പോൾ.
അതിനുശേഷം വന്ന നികുതി പരിഷ്കാരം ചെറുകിട ഉൽപാദന മേഖലയെ കൂടുതൽ പരിക്കേൽപിക്കുന്നതായിരുന്നു. അതിനുപരി അത് ആത്യന്തികമായി ഇന്ത്യന്‍ ഫെഡറൽ സംവിധാനത്തിനുതന്നെ മരണമണി മുഴക്കുന്ന സാമ്പത്തിക നീക്കമായി മാറുന്നതാണ് നാം കണ്ടത്. സംസ്ഥാനങ്ങളെ വെറും നോക്കുകുത്തികളാക്കുന്ന, അവരുടെ സാമ്പത്തികാധികാരങ്ങൾ, സ്വയം നിർണയന സ്വാതന്ത്ര്യങ്ങൾ, ആപേക്ഷികമായ സ്വയംഭരണ നീതികൾ എല്ലാം തകിടംമറിക്കുന്ന വിനാശകരമായ ഒരു നിഷേധരാഷ്ട്രീയമായിരുന്നു ആ നടപടിയുടെ അടിസ്ഥാനം. സാമ്പത്തിക ഉദ്ഗ്രഥനം എന്നത് വൈവിധ്യങ്ങളെ ഇല്ലാതാക്കിക്കൊണ്ടാവരുതെന്ന ദശാബ്ദങ്ങൾ നീണ്ട സംയമനവും സമതുലനവുമാണ് അത് അട്ടിമറിച്ചത്. ഇതിെൻറ ഏറ്റവും വലിയ ഇരകളായതും അസഹ്യമായ നികുതി വര്‍ധനയിൽ പിടഞ്ഞുപോയതും സാധാരണക്കാരും അതിനുംതാഴെ സാമ്പത്തിക വരുമാനമുള്ളവരുമായ അടിസ്ഥാനവർഗവും അവരോടൊപ്പം കൂട്ടാവുന്ന ചെറുകിട കര്‍ഷകരും ചെറുകിട ഉൽപാദകരുമാണ്. ഗ്രാമീണ മേഖലയിലും നഗരങ്ങളിലെ അനൗപചാരിക മേഖലയിലും ഇതുണ്ടാക്കുന്ന അസ്ഥിരത പറഞ്ഞറിയിക്കാൻ വയ്യാത്തത്ര ഭീകരമാണ്. ഒരു വിഭാഗം മൂലധന ശക്തികളുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങി, അവരുടെ ചൂഷണയന്ത്രത്തിെൻറ നട്ടും ബോള്‍ട്ടുമായി ഭരണകൂടത്തിെൻറ ഇടപെടലുകൾ മാറുന്ന അവസ്ഥയാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്.
സ്വകാര്യതയുമായി ബന്ധപ്പെട്ട ഭരണകൂട നിലപാടുകൾ ഇൗ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍നിന്ന് വ്യത്യസ്തമായി കാണാൻ കഴിയുന്നതല്ല. എന്തൊക്കെയാണോ മോദിസര്‍ക്കാർ സുപ്രീംകോടതിയിൽ വാദിച്ചത് എന്നൊന്നു തിരിഞ്ഞുനോക്കുന്നത് നല്ലതാണ്. സ്വകാര്യത മൗലികാവകാശമല്ല എന്നാണ് ആദ്യം സര്‍ക്കാർ കോടതിയിൽ വാദിച്ചത്. പിന്നീട് ഇക്കാര്യത്തില്‍ കൂടുതൽ വാദങ്ങൾ ഉണ്ടായപ്പോൾ ഇതൊരു മൗലികാവകാശമാണെങ്കിലും അത് അടിസ്ഥാനപരമായി ഭരണകൂട നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ അനുവദിക്കേണ്ടതുള്ളൂ എന്ന നിലപാടാണ് ശക്തമായി മുന്നോട്ടുെവച്ചത്. ആദ്യത്തേത് ഒരു വിധത്തിലും നിലനില്‍ക്കുന്നതല്ല എന്ന് അറ്റോണി ജനറല്‍ കെ.കെ. വേണുഗോപാൽ ഗത്യന്തരമില്ലാതെയാണ് കോടതിയിൽ സമ്മതിച്ചത്. തുടർന്ന് അദ്ദേഹം അവകാശപ്പെട്ടത് എന്തായിരുന്നു? സന്ദർഭാനുസൃതമായി മാത്രം (case -to- case basis) തീരുമാനിക്കാനുള്ളതാണ് ഈ അവകാശം എന്ന് -അതായത്, സര്‍ക്കാറിനു തോന്നുമ്പോൾ നല്‍കുകയും അല്ലാത്തപ്പോൾ നിരാകരിക്കുകയും ചെയ്യാവുന്ന ഒന്നാണ് ഈ അവകാശം എന്നു ഭരണഘടന സംരക്ഷിക്കാൻ ബാധ്യതപ്പെട്ട ഉദ്യോഗസ്ഥൻ കോടതിയിൽ ഒരു ലജ്ജയുമില്ലാതെ വാദിച്ചു എന്നർഥം.
സ്വകാര്യത മൗലികാവകാശമാണെന്ന് ഭരണഘടനയില്‍ നേരിട്ടു പറഞ്ഞിട്ടില്ലാത്തത് ചൂണ്ടിക്കാട്ടി, ഇതു മനഃപൂർവമുള്ള ഒരു ഒഴിവാക്കലാണ് എന്നുകൂടി അദ്ദേഹം പറഞ്ഞിരുന്നു. ആര്‍ട്ടിക്ൾ 21 നല്കുന്ന സ്വാതന്ത്ര്യത്തിനായുള്ള അവകാശത്തിനു സമാനമായ ഒന്നാണിത് എന്നും അതുകൊണ്ട് അതില്പെടാൻ സാധ്യതയുള്ളതെല്ലാം മൗലികാവകാശമാണ് എന്ന് കരുതാനാവില്ലെന്നുമാണ് തുടര്‍ന്ന് അദ്ദേഹം വാദിച്ചത്. ആധാറിനെ മുന്‍നിര്‍ത്തി ഒരു കപടയുദ്ധമാണ് അദ്ദേഹം നടത്തിയത്. ആധാർ പാവപ്പെട്ടവര്‍ക്ക് അടിസ്ഥാന അശ്രയങ്ങൾ നല്‍കാനുള്ള പദ്ധതിയാണെന്നും കുറച്ചുപേരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുവേണ്ടി പാവങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ എങ്ങനെ ധ്വംസിക്കാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചിരുന്നു. എന്നാൽ, ആധാറിെൻറ മറപിടിച്ചു സര്‍ക്കാർ സ്വകാര്യതക്കെതിരെ പൊരുതിയത് ആര്‍ക്കുവേണ്ടിയാണ് എന്നത് നാം അറിയേണ്ടതുണ്ട്.
ഇന്ന് സ്വകാര്യതയെ ഏറ്റവും കൂടുതൽ വിമര്‍ശിക്കുന്നത് ആഗോള കുത്തകകള്‍ തന്നെയാണ്. ആരോഗ്യമേഖല മുതൽ സമൂഹ മാധ്യമങ്ങള്‍വരെ അടക്കിവാഴുന്ന മൂലധനശക്തികൾ സ്വകാര്യതയെക്കുറിച്ചുള്ള പഴയ ബൂര്‍ഷ്വ സങ്കൽപങ്ങൾ ഉപേക്ഷിച്ചിരിക്കുന്നു. പകരം അവര്‍ക്ക് അവരുടെ ജൈവ-സാമൂഹിക പരീക്ഷണങ്ങൾ സുഗമമായി നടത്താനുള്ള സൂക്ഷ്മവിവരങ്ങള് അനവരതം ലഭിക്കുക എന്നതാണ് പ്രധാനം. സി.സി. ടി.വിയിൽ പതിയുന്ന ദൃശ്യങ്ങൾ മുതൽ നമ്മുടെ കമ്പ്യൂട്ടറിലെയും ഫോണിലെയും ഒരു വിരല്മുദ്രയും വരെ അളന്നളന്നു കൂട്ടുന്ന വൻ സൂക്ഷ്മ വിവരശേഖരമാണ് എല്ലാവരുടെയും ലക്ഷ്യം. അങ്ങനെ കിട്ടുന്ന വിവരങ്ങള്‍ക്ക് കൂടുതൽ ആധികാരികത ലഭിക്കാൻ, ഓരോ സൂക്ഷ്മമായ വിവരകണികയും ഒരു നിശ്ചിത വ്യക്തിയിലേക്ക് ചേർത്തുെവച്ച് പൊതുജനം എന്ന ആള്‍ക്കൂട്ടത്തിലെ ഓരോ വ്യക്തിയെയും നിസ്സാരമായി തിരിച്ചറിയാൻ കഴിയുക എന്നതാണ് അവരുടെ ആത്യന്തിക ലക്ഷ്യം. ഉപഭോക്താവ് എന്ന ഒറ്റ സാമ്പത്തിക സ്വത്വത്തിലേക്ക് ഭൂമിയിലെ മനുഷ്യരെ മുഴുവൻ ചുരുക്കിയെടുത്തുകൊണ്ടാണ് മൂലധനം അതിെൻറ അനന്തമായ ചൂഷണദാഹം ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. മാര്‍ക്സിെൻറ മൂലധനം ആരംഭിക്കുന്നത് മിച്ചമൂല്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ടല്ല. അതിലേക്കെത്തുന്നത് ചരക്കുകളെ കുറിച്ച് പറഞ്ഞുകൊണ്ടാണ്. ചരക്കിനെ അദ്ദേഹം ബൂര്‍ഷ്വ സമ്പദ്വ്യവസ്ഥയുടെ സാമ്പത്തിക സൂക്ഷ്മ-കോശം എന്നാണു വിശേഷിപ്പിച്ചിട്ടുള്ളത്. ഈ സാമ്പത്തിക യുക്തിയാണ് അതിസൂക്ഷ്മമായ വ്യക്തി-വിവര ശേഖരണത്തിന് മൂലധനത്തെ പ്രേരിപ്പിക്കുന്നത്. സ്വകാര്യത പാടില്ല എന്ന ഉദ്ബോധനമാണ് പുതിയ മുദ്രാവാക്യം. നിങ്ങള്‍ക്ക് എന്താണ് ഒളിച്ചുെവക്കാനുള്ളത്, നിങ്ങൾ കാപട്യക്കാര്‍ അല്ലെങ്കിൽ എന്നാണ് അവർ േചാദിക്കുന്നത്. രോഗവിവരങ്ങൾ ആയാലും സുഖവിവരങ്ങൾ ആയാലും മറ്റുള്ളവരുമായി പങ്കുെവക്കുക. സുതാര്യതയെ ഏറ്റവും കൗശലപൂർണമായി വ്യാഖ്യാനിക്കാനാണ് ഇവിടെ ശ്രമംനടക്കുന്നത്. ഇപ്പോള്‍ നമ്മളെ തുറിച്ചുനോക്കുന്നത് ഭരണകൂടം എന്ന വല്യേട്ടനല്ല. നാം പരസ്പരം തുറിച്ചുനോക്കുകയും നമ്മുടെ വിവരങ്ങൾ കോർപറേറ്റുകള്‍ക്ക് നാംതന്നെ നല്‍കുകയും ചെയ്യുന്നു. ശേഷിക്കുന്നത് നമ്മില്‍നിന്ന് പിടിച്ചെടുത്ത് അവര്‍ക്കു നല്കാൻ ഭരണകൂടം മാധ്യസ്ഥ്യം വഹിക്കുന്നു.
കോർപറേറ്റുകള്‍ക്ക് ജനങ്ങളുടെ അടിസ്ഥാന ജൈവവിവരങ്ങൾ ഒരു താലത്തിൽ സൗകര്യപൂർവം പകര്‍ന്നുകൊടുക്കാനുള്ള ഉപാധിയായാണ് ആധാർ മാറുന്നത് എന്ന സംശയം തുടക്കം മുതല്‍തന്നെ പ്രബലമായിരുന്നു. അതിെൻറ വിമര്‍ശകർ ആദ്യം മുതൽ ഉന്നയിച്ച ഒരു പ്രശ്നവും ഇതായിരുന്നു. ഇതു പൂർണമായും ശരിവെക്കുന്നതായിരുന്നു സുപ്രീംകോടതിയിൽ സര്‍ക്കാർ സ്വീകരിച്ച നിലപാട്. ആ നിലപാട് കോടതി സ്വീകരിച്ചില്ല എന്നത് താല്‍ക്കാലികമായെങ്കിലും ഒരു വലിയ വിജയമാണ്. പക്ഷേ, പുതിയ ലോകത്തിെൻറ നിയന്ത്രണം കൂടുതല്‍ കൂടുതൽ കോർപറേറ്റുകളുടെ കൈയിലേക്ക് നീങ്ങുകയാണ്. ഭരണകൂടങ്ങളെ ചൊൽപടിക്ക് നിര്‍ത്തുന്നതില്‍നിന്ന് എത്രയൊക്കെ നേരിട്ട് ഭരണത്തിൽ ഇടപെടാൻ കഴിയും എന്നുകൂടി പരീക്ഷിക്കുന്ന തലത്തിലേക്ക് കോർപറേറ്റ് ശക്തികള്‍ നീങ്ങിയിരിക്കുന്നു. ഇതിെൻറ ആപത്തുകളെ തടയുന്ന ഒരു സൂക്ഷ്മരാഷ്ട്രീയംകൂടി അടിസ്ഥാന തലത്തില്‍നിന്ന് സിവിൽ സമൂഹം വികസിപ്പിക്കേണ്ടിയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.