ശക്തമായ പൊതുജനാരോഗ്യ സംവിധാനത്തിന് മെച്ചപ്പെട്ട ആസൂത്രണം, ധനവിനിയോഗം, മാനവശേഷി വികസനം, ശാസ്ത്രാവബോധം, സമൂഹത്തിെൻറ സ്വയംനിർണയാവകാശം എന്നിവ അത്യാവശ്യമാണ്. ഇതിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ കാലാകാലങ്ങളിൽ പൊതുജനാരോഗ്യത്തെ ബാധിച്ചിട്ടുണ്ട്. അതിനാൽ, കാലം മുന്നോട്ടുപോകുന്നതിനൊപ്പം ഈ ഘടകങ്ങളിലും ശക്തമായ മുന്നേറ്റം ഉണ്ടാകേണ്ടതാണ്. പെട്ടെന്ന് പൊട്ടിപ്പുറപ്പെടുന്ന വൈറൽ രോഗങ്ങൾ നമുക്ക് പ്രതിരോധിക്കാനായത് സമൂഹത്തിൽ ശാസ്ത്രത്തിെൻറ വേരോട്ടം ഉള്ളതുകൊണ്ടാണ്. എന്നാൽ, സമൂഹത്തിൽ ഏറക്കുറെ സാന്നിധ്യമുറപ്പിച്ച രോഗങ്ങളിൽ വേണ്ടത്ര ഫലം കണ്ടെത്താനാകാത്തതാകെട്ട, ശക്തമായ ശാസ്ത്രമുന്നേറ്റം ഉണ്ടാകാത്തതുകൊണ്ടും.
സമൂഹത്തിൽ ആരോഗ്യത്തെക്കുറിച്ച ശാസ്ത്രാവബോധം ശക്തിപ്രാപിച്ചുവരുന്നത് സാവധാനത്തിലാണ്. അതു ത്വരിതപ്പെടുത്താനുള്ള ശ്രമം എല്ലാ മേഖലയിൽനിന്നും ഉണ്ടാകണം. വൈദ്യശാസ്ത്രം അതിവേഗം പുരോഗമിക്കുന്ന ഇക്കാലത്തു മാനവശേഷിയിൽ ശക്തമായ ഇടപെടൽ അനിവാര്യമാകുന്നു. ഇപ്പോൾ പ്രവർത്തിക്കുന്ന ഡോക്ടർമാർ, അനുബന്ധ പ്രഫഷനലുകൾ തുടങ്ങിയവർക്ക് കാലാകാലങ്ങളിൽ തുടർപരിശീലനം നൽകുകവഴി അതുനേടാനാകും. വരും വർഷങ്ങളിൽ ആരോഗ്യരംഗത്തേക്കു വരുന്ന ചെറുപ്പക്കാർക്കും ഭാവിക്കു ചേരുംവിധം പരിശീലനം വേണം. ഇന്നത്തെ പരിശീലനം കാലോചിതമായി പരിഷ്കരിച്ച് അതിനനുസരിച്ച് പാഠ്യപദ്ധതിയിൽ പരിവർത്തനം വരുത്തി വേണം ഇതുനടപ്പാക്കാൻ.
കേരളത്തിലെ വിദ്യാഭ്യാസ പരിഷ്കാരറിപ്പോർട്ട്, ദേശീയ വിദ്യാഭ്യാസ നയം എന്നിവ ഇപ്പോൾ ലഭ്യമാണ്. ഇന്ത്യൻ മെഡിക്കൽ കൗൺസിൽ 2019 ആഗസ്റ്റ് മുതൽ നടപ്പാക്കാൻ പാകത്തിന് എം.ബി.ബി.എസ് സിലബസ് പരിഷ്കരിച്ചുകഴിഞ്ഞു. സിലബസും പാഠ്യപദ്ധതിയും പരിഷ്കരിക്കുമ്പോൾ പ്രധാനമായും രണ്ടു കാര്യങ്ങൾ നമ്മുടെ ശ്രദ്ധയിൽ വരുന്നു. ഒന്ന്, പുതിയ സിലബസ് സാങ്കേതിക മുന്നേറ്റത്തിന് വേണ്ടത്ര ഇടം നൽകുന്നുണ്ടോ? പുതുതായി ആവിർഭവിക്കുന്ന ശാസ്ത്രം പഠിക്കാൻ പാകത്തിനുള്ള സൗകര്യങ്ങൾ കോളജുകളിൽ ഒരുക്കാനുള്ള ശ്രമം തുടങ്ങിയോ? രണ്ട്, പരിഷ്കരിച്ച പാഠ്യപദ്ധതിയിലൂടെ കടന്നുവരുന്ന വിദ്യാർഥികൾ സമൂഹവുമായി ഇടപെടുമ്പോൾ പാലിക്കേണ്ട മര്യാദകളും പെരുമാറ്റങ്ങളും ഉറപ്പാക്കാനാകുമോ? വ്യക്തികളും സമൂഹവുമായി ചെറുപ്പക്കാരായ ഡോക്ടർമാർ ഇടപെടുമ്പോൾ ഉണ്ടാകുന്ന സങ്കീർണതകൾ സംഘർഷത്തിലേക്ക് നയിക്കുന്നുണ്ട്. അവരുടെ ബന്ധങ്ങൾ പരസ്പര വിശ്വാസത്തോടെയല്ലെങ്കിൽ ആരോഗ്യസംവിധാനത്തിെൻറ കാര്യക്ഷമതയെ ബാധിക്കും.
ഡോക്ടർമാർ രോഗികളുമായി ഇടപെടുന്നത് അനുതാപപൂർവമായിട്ടാവണമെന്ന് പൊതുവെ പറയാറുണ്ട്. 50 വർഷത്തിനുമുമ്പ് ഡോക്ടർമാർ ദൈവതുല്യരായിരുന്നു; രോഗികളുടെമേൽ തീരുമാനങ്ങളെടുക്കുന്നതും, ചികിത്സാവിധികൾ നടപ്പാക്കുന്നതും അവരുടെ വിജ്ഞാനത്തിെൻറ ഭാഗമായി കണ്ടിരുന്നു. പിതൃനിര്വിശേഷത അഥവാ പറ്റേർണലിസം എന്നറിയപ്പെടുന്ന അന്നത്തെ പെരുമാറ്റരീതി ലോകമെമ്പാടും തിരസ്കരിക്കപ്പെട്ടുകഴിഞ്ഞു. പകരം വന്നത് അനുതാപമാണ്. മറ്റൊരാളിെൻറ അവസ്ഥ സ്വന്തം അവസ്ഥയെന്ന പോൽ ആന്തരീകരിക്കുക എന്നതാണ് ഇതിെൻറ പൊരുൾ. ക്രമേണ ഇതും പോരെന്നായിട്ടുണ്ട്. മറ്റൊരാളിെൻറ ദുഃഖം എേൻറതുകൂടിയാണെന്ന സങ്കൽപം എന്തുകൊണ്ടും നല്ലതുതന്നെ; ഇന്നത്തെ രോഗികൾ അതുമാത്രമല്ല പ്രതീക്ഷിക്കുന്നത്.
അവർക്കു വേണ്ടത് അനുതാപം എന്ന അടിസ്ഥാന ടെംപ്ലേറ്റിൽ (വാർപ്പിൽ) കൂട്ടിച്ചേർത്ത വിവിധ ജനപക്ഷ മൂല്യങ്ങളുടെ നിർമിതിയാണ്. ഇന്നത്തെ ഡോക്ടർ രോഗിയുമായി ചർച്ചചെയ്യുമ്പോൾ, അനുതപിച്ചാൽ മാത്രം പോരാ. ആധുനിക വൈദ്യത്തിൽ വലിയതോതിൽ ടെക്നോളജിയുടെ തള്ളിക്കയറ്റമുണ്ടായിക്കഴിഞ്ഞു. വിവരസാങ്കേതിക വിജ്ഞാനം അറിവുകളെ കൈപ്പിടിയിലെത്തിച്ചു. രോഗിക്കും ഡോക്ടർക്കുമിടയിൽ നിലനിൽക്കുന്ന അറിവിെൻറ അസമത്വം ക്രമേണ കുറഞ്ഞു വരുന്നു. ഇൗയവസരത്തിൽ ആശയവിനിമയം രോഗികേന്ദ്രീകൃതമാകുന്നതിൽ അത്ഭുതമില്ല.
അതിനാൽ മെഡിക്കൽ കൗൺസിൽ പുതുതായി രൂപംകൊടുത്ത സിലബസിൽ ഇതിനനുബന്ധ വിഷയങ്ങൾക്ക് പ്രാധാന്യം കൊടുത്തിരിക്കുന്നത് സ്വാഗതാർഹമാണ്. എം.ബി.ബി.എസ് പഠിതാവ് അറിവുമാത്രം ശേഖരിച്ചതു പോരാ, കൃത്യമായ നൈപുണ്യം കരസ്ഥമാക്കിയിരിക്കണം എന്ന് പഠ്യപദ്ധതി നിഷ്കർഷിക്കുന്നു. നൈപുണ്യവികസനം സാധ്യമാക്കിയിരിക്കുന്നത് പാഠ്യവിഷയങ്ങൾ സമന്വയിപ്പിച്ചുകൊണ്ടാണ്. വ്യത്യസ്ത സബ്ജക്ടുകളെ അറകളായി തിരിച്ചു പഠിപ്പിക്കുന്ന പഴയരീതി ഉപേക്ഷിച്ചു വിഷയങ്ങളെ ചെറു ഖണ്ഡങ്ങളായി പിരിച്ച് വിജ്ഞാനം, പ്രയോഗികപരിശീലനം, നൈപുണ്യം എന്നീ അവസ്ഥകളിലൂടെ വിദ്യാർഥിക്ക് അനുഭവമുണ്ടാക്കിക്കൊടുക്കുക എന്നതാണ് പുതിയ നയം.
എം.ബി.ബി.എസിെൻറ തുടക്കത്തിൽ ഒരു മാസക്കാലം ഫൗണ്ടേഷൻ കോഴ്സ് ആണ്നടക്കുക. ഈ സമയം മെഡിക്കൽ പരിശീലനത്തിെൻറ വിവിധവശങ്ങൾ, കമ്യൂണിക്കേഷൻ, നൈതികത, ആരോഗ്യ നയം, തുടങ്ങി അനേകം ആശയങ്ങൾ വിദ്യാർഥിക്ക് നൽകുന്നു. ഇതെല്ലാം തുടർന്നുവരുന്ന ക്ലേശകരമായ പരിശീലനത്തിന് പശ്ചാത്തലമൊരുക്കാനും വിദ്യാർഥികളെ സജ്ജരാക്കാനും സഹായിക്കും എന്ന് കരുതാം. എന്നാൽ, നിലവാരമുള്ള സിലബസും പാഠ്യപദ്ധതിയുമുണ്ടെങ്കിലും പഠനവും പഠനാവസരങ്ങളും ഉണ്ടെന്നെന്തുറപ്പാണുള്ളത്? അതിനു കാരണമുണ്ട്. ഇന്ത്യയിലാകെ, 2017ലെ കണക്കനുസരിച്ചു 460 മെഡിക്കൽ കോളജുകളാണുള്ളത്. അതിൽ 235 എണ്ണം സർക്കാർ മേഖലയിലും 225 എണ്ണം സ്വകാര്യ മേഖലയിലുമാണ്. സർക്കാറിൽ 31,727ഉം പ്രൈവറ്റിൽ 32,258ഉം സീറ്റുകൾ 63,985 മെഡിക്കൽ കോളജുകളിലായി നിലവിലുണ്ട്.
സ്വകാര്യ മേഖലയിലെ മെഡിക്കൽ കോളജുകൾ പലതും തികച്ചും ദുർബലാവസ്ഥയിലാണ്. തലവരിപ്പണത്തിെൻറ ഒഴുക്കിൽ നിയന്ത്രണം വന്നതോടെ കോളജുകൾ പൂട്ടിത്തുടങ്ങി. നിലവിലുള്ളതിൽ പലതിലും വേണ്ടത്ര അധ്യാപകരോ പഠനാവശ്യങ്ങൾക്ക് രോഗികളോ ഇല്ലാത്തനിലയിലും. ഇതിനർഥം സർക്കാർ മേഖലയിൽ എല്ലാം നന്ന് എന്നല്ല. പല സംസ്ഥാനങ്ങളും ധിറുതികൂട്ടി സർക്കാർ മെഡിക്കൽ കോളജുകൾ സ്ഥാപിക്കുകയുണ്ടായി. ഉദ്ദേശ്യം നല്ലതാവാമെങ്കിലും വേണ്ടത്ര നിക്ഷേപമില്ലാത്തതിനാൽ അവശ്യം വേണ്ട ഭൗതികസാഹചര്യങ്ങളൊരുക്കാനും കഴിവുറ്റ അധ്യാപകരെ കണ്ടെത്താനും പലേടത്തും സാധ്യമായിട്ടില്ല. നിലവിലുള്ള എല്ലാ മെഡിക്കൽകോളജുകളും സമാനമല്ലെന്നർഥം. ഈ സാഹചര്യത്തിൽ പുതിയ പാഠ്യപദ്ധതി ഫലപ്രദമായി എങ്ങനെ നടപ്പാക്കാനാവും എന്ന് ആർക്കും പറയാനാവില്ല.
മറ്റൊരു ഗൗരവമേറിയ പ്രശ്നം അധ്യാപകരുടെ കാര്യക്ഷമതയാണ്. പ്രൈവറ്റ് മേഖലയിലെ അനേകം കോളജുകളിൽ വേണ്ടത്ര അധ്യാപകരില്ല. ഉള്ളവരിൽ മുതിർന്നവരിൽ പലരും നേരത്തേ സർക്കാർ കോളജുകളിൽ പ്രവർത്തിച്ച് പെൻഷൻ പറ്റിയവരും. അവരിൽ പലരും തങ്ങളുടെ സേവനം അവസാനിച്ചശേഷം ആയാസരഹിതമായ ജീവിതത്തിനുവേണ്ടി തിരഞ്ഞെടുത്തതാണ് പ്രൈവറ്റ് കോളജിലെ അധ്യാപകവൃത്തി. അവർ ഏറ്റവും അനഭിലഷണീയമായി കാണുന്നത് മാറ്റം എന്നതാണ്. പുതിയ പാഠ്യപദ്ധതി നടപ്പാക്കാൻ വളരെയധികം മുന്നൊരുക്കംആവശ്യമാണ്. ഇത് ഇനിയും ചെയ്തുതീരാത്ത കോളജുകൾ രാജ്യത്തുണ്ട്. മൂന്ന് വാല്യങ്ങളായി 700ലധികം പേജുള്ള സിലബസ് എത്രപേർ വായിച്ചിരിക്കുമെന്നതും ചിന്ത്യം.
ഒരു വർഷം കൂടി പിന്നിടുമ്പോൾ ബാലാരിഷ്ടതകൾ മാറി ഊർജസ്വലമായ മെഡിക്കൽ വിദ്യാഭ്യാസത്തിനു തുടക്കമാകുമെന്ന് കരുതാം. പൊതുജനാരോഗ്യരംഗത്തെ മറ്റ് കോഴ്സുകൾ കൂടി ഇനിയും താമസമില്ലാതെ പാഠ്യപദ്ധതി പരിഷ്കരിച്ചു സാങ്കേതിക മുന്നേറ്റത്തിന് തയാറാകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.