പുൽവാമയിൽ സി.ആർ.പി.എഫ് ജവാന്മാർക്കെതിരെ ജയ്ശെ മുഹമ്മദ് നടത്തിയ ചാവേർ ആക്രമണ ം കശ്മീര്‍ പ്രശ്നവുമായി ബന്ധപ്പെട്ടു നടക്കുന്ന ആദ്യത്തെ സംഭവമല്ലെന്ന് നമുക്കറിയാം. കശ്മീര്‍ പ്രശ്നത്തി െൻറ വേരുകളും അതിെൻറ ചരിത്രവും ഇന്ത്യയുടെയും പാകിസ്താെൻറയു ം കശ്മീരിെൻറയും സ്വാതന്ത്ര്യവുമായി അഭേദ്യമാംവിധം ചേര്‍ന്നുകിടക്കുന്നു. വിഭജനത ്തിെൻറ സമയത്ത് ഇന്ത്യയില്‍ ചേർക്കപ്പെട്ട പ്രദേശമല്ല കശ്മീര്‍ എന്നും അതൊരു തർക്ക വിഷയം ആയിരുന്നതിനാല്‍ അവിടെ ഒരു ജനഹിതപരിശോധന ഉദ്ദേശിച്ചിരുന്നുവെന്നും അതിെ ൻറ അടിസ്ഥാനത്തിലാവും കശ്മീരിെൻറ ഭാവി ഇന്ത്യയോടൊപ്പമോ പാകിസ്താനോടൊപ്പമോ അതോ സ്വതന്ത്ര രാജ്യമായോ എന്ന് തീരുമാനിക്കപ്പെടുകയെന്നും ഒരുകാലത്ത് മനസ്സിലാക്കപ്പെ ട്ടിരുന്നു.
എന്നാല്‍, ഇന്ത്യയും പാകിസ്താനും ആ നിർദേശം അട്ടിമറിക്കുന്നതില്‍ പങ്ക ുവഹിച്ചിട്ടുണ്ട്. പക്ഷേ, അത്തരം ഒരു ഹിതപരിശോധന ആവശ്യമുണ്ട് എന്നുകരുതുന്ന വലിയൊ രു വിഭാഗം ഇപ്പോഴും കശ്മീരിലുണ്ട് എന്നതും നമ്മുടെ മുന്നില്‍ നിലനിൽക്കുന്ന ചരിത്രയാ ഥാർഥ്യം തന്നെയാണ്. എങ്കിലും, ഇക്കാര്യം ഇന്ന് പാടെ വിസ്മരിക്കപ്പെട്ടിരിക്കുന്നു. ഏഴു ദശാബ്ദക്കാലമായിട്ടും പരിഹരിക്കാന്‍ കഴിയാത്ത ഒരു ആഗോളവിഷയത്തെക്കുറിച്ചാണ് നാം സംസാരിക്കുന്നത് എന്നതുപോലും നമ്മുടെ ഓർമയിൽനിന്ന് മാഞ്ഞുപോവുകയാണ്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ് എന്നത് ചരിത്രപരമായും സാങ്കേതികമായും അവിതർക്കിതമായ ഒരു വസ്തുതയാണ്. കശ്മീരിലെ ഒരു വിഭാഗവും പാകിസ്താനും ഇതില്‍ അസംതൃപ്തരാവുന്നതിെൻറ കാരണം ഇന്ത്യാവിഭജനത്തിെൻറ കാലത്ത് വാഗ്ദാനം ചെയ്യപ്പെട്ട ജനഹിതപരിശോധന ഇനി ഒരിക്കലും ഉണ്ടാവുകയില്ല എന്ന തിരിച്ചറിവില്‍ നിന്നാണ്. എന്നാല്‍, 70 വർഷമായിട്ടും എന്തുകൊണ്ടാണ് ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയാത്തത് എന്ന ചോദ്യത്തിനു ഈ യാഥാർഥ്യവുമായുള്ള ബന്ധം കണ്ടില്ലെന്നു നടിക്കുന്നതില്‍ വലിയ അർഥമൊന്നുമില്ല.
ഇപ്പോഴത്തെ അടിയന്തരമായ കടമ കശ്മീരിലെ പാകിസ്താന് സഹായത്തോടെയുള്ള തീവ്രവാദം ഇല്ലായ്മചെയ്യുക എന്നതാണ് എന്ന് സമ്മതിക്കുമ്പോള്പോലും ഏഴു ദശാബ്ദങ്ങളായി നടക്കാത്ത ഒരു കാര്യത്തെക്കുറിച്ചാണ് നാം പറയുന്നത് എന്ന ബോധ്യം ആവശ്യമില്ല എന്ന് കരുതുന്നതു തികഞ്ഞ മൗഢ്യമാണ്. ഈ വസ്തുത ചർച്ചയില്‍ കൊണ്ടുവരുന്നതുതന്നെ ദേശദ്രോഹവും തീവ്രവാദവുമായി മുദ്രകുത്തുന്ന സമീപനം ജനാധിപത്യവിരുദ്ധവും ചരിത്രവിരുദ്ധവുമാണ് എന്നത് അംഗീകരിക്കാന്‍പോലും കഴിയാത്ത രീതിയില്‍ ചർച്ചകള്‍ ഏകപക്ഷീയമായിരിക്കുന്നു.
മറ്റു സംസ്ഥാനങ്ങൾക്ക് ഇല്ലാത്ത സവിശേഷപദവി എന്തിനു കശ്മീരിന് നൽകുന്നു എന്ന് ചോദിക്കുന്നവരെ നമുക്ക് മാധ്യമവഴികളില്‍ ധാരാളം കാണാന്‍ കഴിയും. മാത്രമല്ല, ഒരു സാധാരണ ഇന്ത്യന്‍ പൗരെൻറ ചരിത്രശൂന്യമായ ചിന്തയില്‍ ഇതിനെക്കാള്‍ യുക്തിസഹമായ ഒരു ചോദ്യം കശ്മീര്‍ പ്രശ്നത്തില്‍ ചോദിക്കാനില്ല. പക്ഷേ, ഈ പ്രദേശം ഇന്ത്യയില്‍ ലയിക്കാന്‍ തീരുമാനിച്ചത് നേരേത്ത സൂചിപ്പിച്ച ഒരു ജനഹിതപരിശോധനയിലൂടെ അല്ലെന്നും അന്നത്തെ കശ്മീര്‍ രാജാവുമായി ഇന്ത്യ ഉണ്ടാക്കിയ കരാറിെൻറ അടിസ്ഥാനത്തില്‍ ആയിരുന്നുവെന്നും ആ കരാര്‍ പ്രകാരമാണ് കശ്മീരിന് ഇന്നുള്ള സവിശേഷപദവികള്‍ ലഭിച്ചതെന്നും അതുകൊണ്ടുതന്നെ തുടർന്നും പാലിക്കാന്‍ ഇന്ത്യക്ക് ബാധ്യസ്ഥതയുള്ള ഒരു കാര്യമാണ് ഇതെന്നതും ഇന്ന് ഉച്ചരിക്കാന്‍ പാടില്ലാത്ത സത്യമായിരിക്കുന്നു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ ലളിതമാണ് എങ്കിലും അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ ഇത് സങ്കീർണവും അപരിഹൃതവുമായ ജിയോ-പൊളിറ്റിക്കല്‍ പ്രശ്നം തന്നെയാണ്. ഇന്ത്യയുടെ ഭൂപടത്തിലെ കശ്മീര്‍ ഇപ്പോഴും പല വിദേശ ഭൂപടങ്ങളിലും തർക്കപ്രദേശമായാണ് അടയാളപ്പെടുത്തുന്നത്. ഐക്യരാഷ്ട്രസഭയിലും ഇത് പരിഹരിക്കപ്പെട്ടു കഴിഞ്ഞ ഒരു പ്രശ്നമല്ല. പക്ഷേ, ഇന്ത്യ വിഭജിക്കുമ്പോള്‍ ഇന്ത്യയുടെ ഭാഗം അല്ലാതിരുന്ന ജമ്മുവും കശ്മീരും ഇന്ന് ഒരു ഇന്ത്യന്‍ സംസ്ഥാനം തന്നെയാണ്. പക്ഷേ, അതിന് ഇന്ത്യന്‍ ഭരണഘടന നൽകിയ പ്രത്യേക അവകാശങ്ങള്‍ വിളിച്ചുപറയുന്ന സത്യങ്ങള്‍ ഇതിെൻറ സങ്കീർണതയുടെ സംസാരിക്കുന്ന തെളിവുകളാണ്. ലളിതമായി ദേശവിരുദ്ധതയുടെയും രാജ്യദ്രോഹത്തിെൻറയും കണക്കില്‍ കശ്മീര്‍ പ്രശ്നവുമായി ബന്ധപ്പെട്ട എല്ലാ വിമർശനങ്ങളെയും നാം വിഭാഗീകരിക്കുന്നുണ്ടെങ്കിലും അതിെൻറ സാധുത ചോദ്യം ചെയ്യുന്നതാണ് ആ പ്രത്യേക അവകാശങ്ങളും പദവികളും അത് നൽകേണ്ടിവന്നതിെൻറ രാഷ്ട്രീയ-യുദ്ധചരിത്രവും.
പൂഞ്ചില്‍ കശ്മീര്‍ രാജാവിനെതിരെ കലാപമുണ്ടായതു മുതലാണ് ജനഹിതപരിശോധന എന്ന സമ്മതത്തില്നിന്ന് കശ്മീര്‍ ചരിത്രം വഴിമാറി സഞ്ചരിക്കാന്‍ തുടങ്ങിയത്. കലാപകാരികളെ സഹായിക്കാന്‍ എത്തിയത് പാകിസ്താനിൽനിന്നുള്ള ഔദ്യോഗിക സൈന്യമല്ല, മറിച്ച് പത്താന് ഗോത്രസേനയാണ് എന്നത് വസ്തുതയാണെങ്കിലും അത് പാകിസ്താന് ഇടപെടലായി തന്നെയേ ഇന്ത്യക്ക് കാണാന്‍ കഴിയുമായിരുന്നുള്ളൂ എന്നതില്‍ തർക്കമില്ല. അവര്‍ അന്ന് കീഴടക്കിയ പ്രദേശങ്ങളാണ് പാക് അധിനിവേശ കശ്മീര്‍ എന്ന് നമ്മളും ആസാദി കശ്മീര്‍ എന്ന് പാകിസ്താനും പറയുന്നത്. ഈ ആക്രമണത്തിനെ പ്രതിരോധിക്കുന്നതിന് കശ്മീര്‍ രാജാവ് ഹരിസിങ് ഇന്ത്യന്‍ സഹായം ആവശ്യപ്പെട്ടപ്പോള്‍ ഇന്ത്യ എടുത്ത നിലപാട് ഒരു ‘വിദേശ രാജ്യ’ത്തിെൻറ പ്രശ്നത്തില്‍ തങ്ങള്‍ ഇടപെടുകയില്ല എന്നതായിരുന്നു. തുടർന്നുണ്ടായ സമ്മർദമാണ് ഇന്ത്യയില്‍ ലയിക്കുന്ന തീരുമാനമെടുക്കാന്‍ ഹരിസിങ്ങിനെ പ്രേരിപ്പിച്ചത്.
പക്ഷേ, അത്തരത്തില്‍ ജമ്മു-കശ്മീര്‍ ഇന്ത്യക്ക് എഴുതിനൽകാന് ഹരിസിങ്ങിന് അവകാശം ഉണ്ടായിരുന്നുവോ എന്നത് തീർച്ചയായും ചരിത്രപരമായ അർഥത്തില്‍ എങ്കിലും ഒരു തർക്കവിഷയമാണ്. ജനഹിതപരിശോധനയാണ് ഇന്ത്യയും പാകിസ്താനും ഇക്കാര്യത്തില്‍ ഐക്യരാഷ്ട്രസഭയില്‍ സമ്മതിച്ചിരുന്ന മാനദണ്ഡം. അതുകൊണ്ടാണ് പാകിസ്താനും കശ്മീരിലെ ഒരു വിഭാഗവും ഇതിെൻറ നിയമസാധുതയെ ഇതുവരെയും അംഗീകരിച്ചിട്ടില്ലാത്തത്. ഹിതപരിശോധനയെന്ന ആവശ്യം ഇപ്പോള്‍ ഇന്ത്യ പൂർണമായും തള്ളിക്കളഞ്ഞുകഴിഞ്ഞു. ഐക്യരാഷ്ട്രസഭയില്‍ ഉറപ്പുനൽകപ്പെട്ട ഹിതപരിശോധനക്ക് സത്യത്തില്‍ ഇന്ത്യ മാത്രമല്ല, എല്ലാവരും എതിരായിരിക്കുന്നു. ഹിതപരിശോധന ഉണ്ടാവണമെങ്കില്‍ അതിനുള്ള മുന്നുപാധി പാക് അധീന കശ്മീരില്‍നിന്ന് പാകിസ്താന് പിന്മാറുകയും ഇന്ത്യൻ സേന കശ്മീരില്‍നിന്ന് പിന്മാറുകയും വേണം.
ഇനി ഇത് സാധ്യമായ കാര്യമല്ലെന്ന് മനസ്സിലാക്കാന്‍ വലിയ വിഷമമില്ല. പക്ഷേ, അതിെൻറ അർഥം കശ്മീരിന് ബ്രിട്ടനും ഇന്ത്യയും പാകിസ്താനും ഐക്യരാഷ്ട്രസഭയും ചേർന്നു നൽകിയ വാഗ്ദാനമാണ് പാലിക്കപ്പെടാതെപോകുന്നത് എന്ന സത്യത്തോട് മുഖംതിരിക്കണം എന്നല്ല. മാത്രമല്ല, ഇപ്പോള്‍ കശ്മീരില്‍ ന്യൂനപക്ഷമായ ഹിന്ദു പണ്ഡിറ്റുകളെക്കുറിച്ചുള്ള ആകാംക്ഷകളും കശ്മീർ പ്രശ്നത്തിെൻറ ഭാഗമാണ്. ഇതിനെയെല്ലാം മറികടന്നുകൊണ്ടുള്ള ഒരു ആദർശ നിലപാട് ഇന്ത്യയുടെ സമീപനത്തെ എതിർത്തോ അനുകൂലിച്ചോ കൈക്കൊള്ളാനാവില്ല എന്നതാണ് യാഥാർഥ്യം. പക്ഷേ, ഇതിനെ ദേശസ്നേഹവുമായോ ദേശദ്രോഹവുമായോ കൂട്ടിവായിക്കേണ്ട കാര്യമില്ല. അതുകൊണ്ടുതന്നെ പുൽവാമ ആക്രമണത്തിനുശേഷം ഇന്ത്യയില്‍ പലയിടത്തും കശ്മീരികൾക്കുനേരെ നടന്ന ആക്രമണങ്ങള്‍ തികച്ചും അപലപനീയമാണ്. കശ്മീര്‍ പ്രശ്നത്തിെൻറ ചരിത്രത്തോടും അവിടത്തെ ജനങ്ങളുടെ അഭിവാഞ്ഛകളോടും ക്രിയാത്മകമായി പ്രതികരിക്കാന്‍ ഇന്ത്യന്‍ ഭരണകൂടത്തിനു കഴിയാതെപോകുന്ന സാഹചര്യമാണ് തുടരത്തുടരെയുള്ള തീവ്രവാദി ആക്രമണങ്ങൾക്ക് കാരണമാകുന്നത്.
ഈ പശ്ചാത്തലത്തില്‍ തന്നെയാണ് കശ്മീരിലെ തീവ്രവാദി ആക്രമണങ്ങളുടെ പേരില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കഴിയുന്ന കശ്മീരികളെ ആക്രമിക്കുന്നതിനെ ശക്തമായി അപലപിക്കേണ്ടിവരുന്നതും. അങ്ങനെ ചെയ്യുന്നവരെ ദേശദ്രോഹക്കുറ്റം ചുമത്തി ജയിലിലടക്കുന്ന കേരള സർക്കാറിെൻറ സമീപനം യഥാർഥത്തില്‍ ദേശീയതലത്തില്‍ ഇടതുപക്ഷം എടുത്തിട്ടുള്ള നിലപാടുകള്ക്കുതന്നെ വിരുദ്ധമാണ്. ‘നിയമപരമായി നിലനിൽക്കുന്ന കാരണങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ വിഘടനവാദി നേതാക്കൾ ഉൾപ്പെടെയുള്ളവരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത നടപടി സംസ്ഥാനത്തെ സ്ഥിതിഗതികൾ മെച്ചപ്പെടുത്താനിടയില്ലെന്ന് സി.പി.എം നേതാവ് മുഹമ്മദ് യൂസുഫ് തരിഗാമി പ്രതികരിച്ച’തായി ‘ദേശാഭിമാനി’ തന്നെ എഴുതിയിട്ടുണ്ട്. ‘അധികസേനയെ വിന്യസിച്ചതും വിവിധ സർക്കാർ വകുപ്പുകൾക്ക് നൽകിയിട്ടുള്ള അസാധാരണ നിർദേശങ്ങളും ജനങ്ങളെ അസ്വസ്ഥരാക്കിയിട്ടുണ്ട്’ എന്നും കൂടുതൽ അരാജകത്വത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നത് തടയണമെന്നും തരിഗാമി ആവശ്യപ്പെട്ടുവെന്നും ദേശാഭിമാനി കൂട്ടിച്ചേർക്കുന്നു.
കശ്മീരിലെ വിഘടനവാദി നേതാക്കളെ അനാവശ്യമായി അറസ്റ്റ് ചെയ്യുന്നതുപോലും സി.പി.എം എതിർക്കുന്ന ദേശീയസാഹചര്യത്തില്‍ ഭരണകൂടത്തിെൻറ തെറ്റായ നിലപാടുകളോടും കശ്മീരികൾക്കെതിരായ ആൾക്കൂട്ട ആക്രമണങ്ങളോടും പ്രതിഷേധം പ്രകടിപ്പിക്കുന്നവരെ ദേശദ്രോഹികളായി മുദ്രകുത്തുന്ന സമീപനം ഇടതുപക്ഷ സർക്കാര്‍ സ്വീകരിക്കുന്നത് എത്രവലിയ വിരോധാഭാസമാണെന്ന് പിണറായി വിജയന് ഓർക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.