ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിച്ച ബജറ്റ് കരുതലോടെയുള്ളതാണത്രെ. എന്നാല്‍, നിലവിലെ സ്ഥിതിഗതികളെ പ്രോത്സാഹിപ്പിക്കുന്നതാണ് ബജറ്റ് എന്ന് പറയാതെ വയ്യ. ഒരുപക്ഷേ, തെരഞ്ഞെടുപ്പുകളില്‍ കണ്ണുനട്ടുകൊണ്ടുള്ളതാകാം ബജറ്റിലെ വകയിരുത്തലുകള്‍. എന്നാല്‍, പുതുമകള്‍ യാതൊന്നുമില്ല. ദീര്‍ഘകാല ലക്ഷ്യങ്ങള്‍ മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള റവന്യൂ സമാഹരണത്തിനുള്ള ആസൂത്രണങ്ങളുടെ അഭാവവും മുഴച്ചുനില്‍ക്കുന്നു. പരോക്ഷ നികുതിയിലൂടെ ധനം സമാഹരിക്കാമെന്നാണ് കണക്കുകൂട്ടല്‍. സബ്സിഡികള്‍ വെട്ടിക്കുറക്കല്‍ എന്ന നടപടിയും വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നു. ഇത്തരം രീതികള്‍ അവലംബിക്കുന്നതില്‍ തെറ്റുണ്ട് എന്ന് പറയാനാകില്ല. പക്ഷേ, അവ സൃഷ്ടിക്കുന്ന വിപരീത പ്രത്യാഘാതങ്ങള്‍ കൂടി പരിഗണിക്കേണ്ടിയിരിക്കുന്നു.
തൊഴിലിനുവേണ്ടിയുള്ള മുറവിളികളാണ് രാജ്യത്തിന്‍െറ നാനാദിക്കില്‍നിന്നും ഇപ്പോള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. പതിനായിരക്കണക്കിന് ബിരുദധാരികള്‍ തൊഴില്‍രഹിതരായി കഴിയുന്നു. എന്നാല്‍, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതികളെക്കുറിച്ച് ബജറ്റ് പരാമര്‍ശിക്കുന്നില്ല. വര്‍ധിച്ചുവരുന്ന തൊഴില്‍പ്പടയെ ഉള്‍ക്കൊള്ളാന്‍ മാത്രമുള്ള വളര്‍ച്ച സ്വകാര്യമേഖല കൈവരിച്ചിട്ടുമില്ല. കാര്‍ഷികരംഗത്ത് തൊഴിലവസരങ്ങള്‍ ഏറെയുണ്ടെങ്കിലും വൈറ്റ് കോളര്‍ ജോലിയോടുള്ള ആഭിമുഖ്യം യുവാക്കളെ കാര്‍ഷികമേഖലയില്‍നിന്ന് അകറ്റിയിരിക്കുന്നു.
തൊഴിലവസരം സൃഷ്ടിക്കാന്‍ സാധിച്ചില്ളെന്ന കുറ്റം ധനമന്ത്രി തന്നെ ഏറ്റുപറയുന്നു. ക്രമേണ സാമ്പത്തികനില അഭിവൃദ്ധിപ്പെടുമെന്നും അപ്പോള്‍ താനേ തൊഴിലവസരങ്ങള്‍ ലഭ്യമാകുമെന്നുമാണ് അദ്ദേഹം സമര്‍ഥിക്കുന്നത്. കലാലയങ്ങളില്‍നിന്ന് ബിരുദങ്ങള്‍ എടുത്തിറങ്ങുന്ന യുവജനങ്ങള്‍ക്ക് ഈ വാക്കുകള്‍ സമാശ്വാസമേകാനിടയില്ല. ചെറുകിട വ്യവസായ മേഖലക്ക് പ്രഖ്യാപിച്ച ഇളവുകള്‍ സ്വാഗതാര്‍ഹമാണ്. എന്നാല്‍, വേണ്ടത്ര ഫണ്ടില്ലാതെ പ്രവര്‍ത്തനം സ്തംഭിച്ചുകൊണ്ടേയിരിക്കുന്ന നിരവധി പൊതുമേഖല സ്ഥാപനങ്ങളുടെ ഭാവി എന്താകും?
മതിയായ ആസൂത്രണം ഇല്ല എന്നതാണ് ഈ ബജറ്റിന്‍െറ ഏറ്റവും വലിയ ന്യൂനത. അധികാരത്തിലേറിയതിന് തൊട്ടുപിറകെ ആസൂത്രണ കമീഷന്‍ പിരിച്ചുവിടുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ആസൂത്രണത്തില്‍ അദ്ദേഹത്തിന് അത്ര വലിയ വിശ്വാസമില്ല. ചെലവഴിക്കേണ്ട സന്ദര്‍ഭങ്ങളില്‍ പണം ചെലവിടുക എന്ന ലളിത സമവാക്യമാണ് സ്വീകരിക്കപ്പെട്ടത്.
കമ്മിബജറ്റ് അപകടകാരിയാണെന്ന ചിന്ത ഒഴിയാബാധ പോലെ ഭരണവൃത്തങ്ങളെ ഗ്രസിച്ചതായി വേണം അനുമാനിക്കാന്‍. പണപ്പെരുപ്പം വ്യാപകമായിരിക്കെ വന്‍തോതില്‍ പണം ചെലവഴിച്ചുകൊണ്ട് മാത്രമേ സമ്പദ്ഘടനയെ ചലിപ്പിക്കാനാകൂ. ഒരുപക്ഷേ, രാഷ്ട്രീയ പരിഗണനകളെക്കാള്‍ സാമ്പത്തിക യാഥാര്‍ഥ്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയതുകൊണ്ടാകാം ബജറ്റിനെതിരായ വിമര്‍ശനങ്ങളുമായി ആര്‍.എസ്.എസ് നേതൃത്വം രംഗപ്രവേശം ചെയ്തത്. ഭാരതീയ ജനതപാര്‍ട്ടിയെ നിയന്ത്രിക്കുന്നവരെ വേദനിപ്പിച്ചുകൊണ്ട് സാമ്പത്തികപ്രശ്നങ്ങള്‍ മറികടക്കാനാകാം ജെയ്റ്റ്ലിയുടെ ശ്രമങ്ങള്‍.
രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് കറന്‍സിയില്‍ സ്വീകരിക്കാവുന്ന സംഭാവനകള്‍ 2000ത്തില്‍ പരിമിതപ്പെടുത്തി എന്നതായിരിക്കും ബജറ്റിലെ സുപ്രധാനമായ പരിഷ്കാരം. എല്ലാ രാഷ്ട്രീയപാര്‍ട്ടികളില്‍നിന്നും അധിക്ഷേപം വിളിച്ചുവരുത്തുന്ന ഈ നീക്കം സന്തുലിത സമീപനത്തിന്‍െറ ഭാഗമാണ്. രാജ്യത്തെ മറ്റെല്ലാ മേഖലകളിലും ഇടപെടുമ്പോള്‍ രാഷ്ട്രീയക്കാരെ ഒഴിച്ചുനിര്‍ത്തുന്നു എന്ന വിമര്‍ശനം ഒഴിവാക്കാന്‍ ഇത് സഹായകമാകും.
ഓഹരി വിപണിയില്‍ ബജറ്റ് ആശ്വാസത്തിന്‍െറ നെടുവീര്‍പ്പുകള്‍ക്ക് കാരണമായി. സെന്‍സെക്സില്‍ മികച്ച കുതിപ്പ് പ്രകടമായി. പലരും ആശങ്കിച്ചതുപോലെ ഓഹരികള്‍ക്ക് നികുതി ഉയര്‍ത്തിയിരുന്നില്ല. എന്നാല്‍, ഇക്കാര്യത്തില്‍ ചില പരിധികള്‍ നിര്‍ണയിക്കാന്‍ ധനമന്ത്രി തയാറാകേണ്ടതായിരുന്നു. ആസൂത്രണ കമീഷന്‍ പ്രവര്‍ത്തനങ്ങള്‍ റദ്ദാക്കപ്പെട്ട സാഹചര്യത്തില്‍ വിശേഷിച്ചും. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു വിഭാവനം ചെയ്ത സമത്വാധിഷ്ഠിത സാമൂഹിക ക്രമത്തിന്‍െറ അന്ത$സത്ത പാടേ ചോര്‍ന്നുപോകുന്നത് ശരിയല്ല. അതിരുകളും വേലികളും ബാധകമായ സമ്പദ്ഘടനക്കാകണം ഒരു ജനാധിപത്യരാജ്യം രൂപം നല്‍കേണ്ടത്.
ആദായനികുതി ക്രമത്തിലെ പുതിയ വ്യവസ്ഥകള്‍ മധ്യവര്‍ഗത്തിന് സമാശ്വാസം പകരാതിരിക്കില്ല. രണ്ടരലക്ഷം മുതല്‍ അഞ്ചുലക്ഷം വരെ വാര്‍ഷിക വരുമാനമുള്ള വ്യക്തികളുടെ നികുതി അഞ്ചുശതമാനമായി നിജപ്പെടുത്തി എന്നതാണ് പുതിയ വ്യവസ്ഥ. കൂടുതല്‍ വ്യക്തികളെ ആദായനികുതി വലയത്തില്‍ ചേര്‍ക്കുന്നതുവഴി സര്‍ക്കാര്‍ റവന്യൂ വര്‍ധിക്കുന്നു എന്നതാണ് പുതിയ രീതിയുടെ മേന്മ. അതേസമയം നിരക്ക് 10 ശതമാനത്തില്‍നിന്ന് അഞ്ചുശതമാനമായി വെട്ടിച്ചുരുക്കിയത് മധ്യവര്‍ഗത്തിന് ഗുണകരമായിത്തീരും.
പൊതുബജറ്റ്-റെയില്‍വേ ബജറ്റ് എന്നിവ ഒരുമിച്ച് ചേര്‍ത്ത് സംയുക്തമായി അവതരിപ്പിച്ചു എന്നതായിരുന്നു ഈ വര്‍ഷത്തെ സവിശേഷത. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇത്തരമൊരു സംയുക്ത ബജറ്റവതരണം ഇതാദ്യമാണ്. റെയില്‍വേ കാര്യങ്ങള്‍ രാഷ്ട്രീയത്തിനതീതമായി നിര്‍ത്താനാകും എന്നതായിരിക്കും പുതിയ രീതിയുടെ മേന്മ. 50 കോടി രൂപ വരെ വാര്‍ഷിക അറ്റാദായമുള്ള കമ്പനികള്‍ക്ക് പ്രഖ്യാപിച്ച നികുതിയിളവ് 97 ശതമാനം വന്‍കിട കമ്പനികള്‍ക്കും പ്രോത്സാഹജനകമാകും. തെരഞ്ഞെടുപ്പ് ഫണ്ട് ശുദ്ധീകരിക്കുന്നതിനുള്ള ‘ഇലക്ടറല്‍ ബോണ്ട്’ പദ്ധതി ലോകചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കും.
അടുത്ത പൊതുതെരഞ്ഞെടുപ്പിലേക്കുള്ള പ്രയാണപാതയില്‍ മോദി സര്‍ക്കാര്‍ പകുതിദൂരം താണ്ടിയിരിക്കുന്നു. ഒരു രണ്ടാമൂഴത്തില്‍ മോദി കണ്ണുവെക്കുന്നുണ്ടാകണം. പ്രതിയോഗികള്‍ ശക്തരല്ളെന്നത് അദ്ദേഹത്തിന് അനുകൂലമായ സാഹചര്യമായി തീര്‍ന്നേക്കാം. എന്നാല്‍, വീണ്ടും മോദി തെരഞ്ഞെടുക്കപ്പെടുന്നത് ഹിന്ദുത്വത്തിന് ശക്തിപകരാതിരിക്കില്ല. നാഗ്പുരിലെ ആര്‍.എസ്.എസ് കേന്ദ്രത്തില്‍നിന്ന് ഭരണോപദേശം തേടുന്നവര്‍ വീണ്ടും ഭരണം കൈയാളുന്നത് രാജ്യത്തിന്‍െറ മതേതര പാരമ്പര്യങ്ങള്‍ക്ക് തന്നെ പ്രഹരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.