കടകംപള്ളി സുരേന്ദ്രെൻറ പ്രസ്താവന സംവരണവിരുദ്ധ വാദങ്ങള്‍ വീണ്ടും മുന്നോട്ടുവെക്കുന്നതിന് പലര്‍ക്കും ഒരു നിമിത്തമാവുന്നു എന്നേയുള്ളൂ. കാരണം, സാമൂഹികനീതിയില്‍ അധിഷ്ഠിതമായ സംവരണ സംവിധാനത്തിനെതിരെ ശക്തമായ വെല്ലുവിളികള്‍ ഏറെക്കാലമായി ഇവിടെ നിലനില്‍ക്കുന്നുണ്ട്. അതില്‍ ഒന്നാണ് സാമ്പത്തിക സംവരണ വാദം. അത് പ്രത്യക്ഷത്തിൽ ജാതിസംവരണത്തെ എതിര്‍ക്കുന്നില്ല. പക്ഷേ, സാമൂഹികമായ പിന്നാക്കാവസ്ഥ മാത്രം പോര സംവരണത്തിനെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിലൂടെ സംവരണത്തെ കുറിച്ചുള്ള ഭരണഘടനാപരമായ സമീപനത്തെ സമ്മർദത്തിലാഴ്ത്താൻ കഴിയുമെന്ന വിശ്വാസമാണ് അതിനു പിന്നില്‍. എത്ര പ്രാവശ്യം തുറന്നുകാണിക്കപ്പെട്ടാലും വീണ്ടുംവീണ്ടും ഈ വാദം ആവര്‍ത്തിക്കുന്നതിനുള്ള കാരണം, ഇതെപ്പോഴും ഒരു തര്‍ക്കവിഷയമായി നിലനിര്‍ത്തണം എന്ന താൽപര്യം കൂടിയാണ്. ഈ ചതിക്കുഴിയും കുഴിച്ചു കാത്തിരിക്കുന്നവരുടെ കൂട്ടത്തില്‍ സി.പി.എം എന്ന പ്രസ്ഥാനവുമുണ്ട് എന്നത് പുതിയ വാര്‍ത്തയല്ല. അതുകൊണ്ടുതന്നെ കടകംപള്ളി സുരേന്ദ്രെൻറ പ്രസ്താവന ഒരുവിധ ആശ്ചര്യവും ഉണ്ടാക്കുന്നില്ല.
അദ്ദേഹം പറഞ്ഞതില്‍ പുതുമയുണ്ടായിരുന്നത് ഭൂപരിഷ്കരണംകൊണ്ട് സവർണ വിഭാഗങ്ങള്‍ക്ക് കഷ്ടനഷ്ടങ്ങള്‍ ഉണ്ടായി എന്നതു മാത്രമാണ്. അത് പക്ഷേ ഭൂപരിഷ്കരണം നടപ്പാക്കിയ രീതിയെക്കുറിച്ചുള്ള കടുത്ത അജ്ഞതയില്‍നിന്ന് ഉണ്ടായ അഭിപ്രായമാണ്. ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ എങ്ങനെയാണ് നടപ്പാക്കിയതെന്നു മനസ്സിലാക്കുന്നതിന് അദ്ദേഹം ചരിത്രം പഠിക്കട്ടെ. മാത്രമല്ല, ഭൂപരിഷ്കരണംകൊണ്ട് നേട്ടമുണ്ടായത് കൂടുതലും സവർണരായ പാട്ടക്കാര്‍ക്കു തന്നെയാണ് എന്നറിയാത്തവര്‍ ഈ നാട്ടില്‍ ഇനിയുമുണ്ടോ? പാട്ടക്കാരായ ഈഴവര്‍ക്കും മറ്റും ഭൂമി ലഭിച്ചെങ്കിലും അതിെൻറ വലിയ ഗുണഭോക്താക്കള്‍ സവർണര്തന്നെ ആയിരുന്നു. ജന്മിത്തം അവസാനിക്കുകയും അതിെൻറ പേരില്‍ ഉണ്ടായിരുന്ന പ്രത്യയശാസ്ത്രപരമായ ചില സാമൂഹിക ആനുകൂല്യങ്ങള്‍ ഇല്ലാതാവുകയും ചെയ്തു എന്നത് ശരിയാണെങ്കിലും സാമ്പത്തികമായി അത് ആരെയും തകര്‍ത്തിട്ടില്ല. ഭൂമിക്കു പരിധി നിശ്ചയിക്കുകയും മിച്ചഭൂമി നഷ്ടപരിഹാരം നല്കി ഏറ്റെടുക്കുകയുമാണ് ചെയ്തത്. കടകംപള്ളിക്ക് അദ്ദേഹത്തിെൻറ വിശ്വാസം കൊണ്ടുനടക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.
എന്നാൽ, പരിധി നിശ്ചയിക്കപ്പെട്ട കൈവശഭൂമിയില്‍ കൃഷിചെയ്യുന്നതിന് ആരും തടസ്സംനിന്നിട്ടില്ലെന്നും അതുകൊണ്ട് ഈ കഷ്ടനഷ്ട വിലാപം വെറും ഭൂപരിഷ്കരണ വിരുദ്ധത മാത്രമാണെന്നും മനസ്സിലാക്കാന്‍ മറ്റുള്ളവര്‍ക്കും കഴിയും. അതുപോലെ ഭൂപരിഷ്കരണത്തില്‍നിന്ന് നേട്ടം ഉണ്ടാവാതിരുന്നതു കീഴാളവിഭാഗങ്ങള്ക്കാണ് എന്നറിയാത്ത ആരാണുള്ളത്? എന്നിട്ടും ഒരു ആഖ്യാനം സൃഷ്ടിക്കുന്നത് സവർണരുടെ നഷ്ടങ്ങളെ കുറിച്ചാണ് എന്നത് അദ്ദേഹത്തിെൻറ രാഷ്ട്രീയ ബോധം എവിടെ നില്ക്കുന്നു എന്നതിെൻറ സൂചകമാവുന്നു എന്നേയുള്ളൂ.
ഇവിടെ പ്രധാനം, സാമ്പത്തിക സംവരണം എന്ന വാദം ഉയര്ത്തപ്പെടുന്നതുതന്നെ സാമൂഹികനീതിയില്‍ ഉറപ്പിച്ചുനിര്‍ത്തിയിട്ടുള്ള പിന്നാക്കസംവരണത്തിെൻറ നൈതികാടിത്തറയെ ദുർബലമാക്കാനാണ് എന്നതാണ്. അതിെൻറ അടിസ്ഥാനമായ ചരിത്ര പ്രക്രിയകളോടുള്ള ഒരു സമീപനം കൂടിയാണത്. ഇത് ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയ കാലം മുതല്‍ നിലനില്‍ക്കുന്നതാണ് ഇക്കാര്യത്തിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍. അംബേദ്കർ ഇക്കാര്യത്തില്‍ സ്വീകരിച്ച കാര്‍ക്കശ്യമാര്‍ന്ന നിലപാടാണ് സംവരണം എന്നതത്ത്വത്തിലും പ്രയോഗത്തിലും അംഗീകരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ പ്രേരിപ്പിച്ചത്. നെഹ്റു പൂർണമായും ഇതിനെ പിന്തുണച്ചിരുന്നില്ല എന്നുമാത്രമല്ല, അദ്ദേഹത്തിെൻറ ഇക്കാര്യത്തിലുള്ള പില്ക്കാല നിലപാടുകള്‍, വിവാദങ്ങള്‍ ഈ അടുത്ത കാലത്തും സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.
കാരണം, സാമ്പത്തിക സംവരണം എന്നൊന്ന് ഭരണഘടന വിഭാവനം ചെയ്തിട്ടില്ല. നെഹ്റു അടക്കമുള്ളവര്‍ക്ക് ബോധ്യമായിരുന്ന വസ്തുത, സഹസ്രാബ്ദങ്ങളായുള്ള ജാതിവിവേചനത്തിന് ഇരയായ വിഭാഗങ്ങള്‍ക്ക് ചരിത്രപരമായി അധികാരത്തിലും വിഭവങ്ങള്‍ക്കുമേലും സവിശേഷമായ അവകാശം ഉന്നയിക്കാന്‍ അവസരം നല്‍കേണ്ടതുണ്ട് എന്നതായിരുന്നു. ഈ സാമൂഹിക കാഴ്ചപ്പാടാണ് സംവരണത്തെ അനുകൂലിക്കാന്‍ അവരെ നിര്‍ബന്ധിച്ചത്. കൊളോണിയലിസം ജാതിവ്യവസ്ഥയെ പ്രത്യക്ഷത്തില്‍ അംഗീകരിച്ചിരുന്നില്ല. പക്ഷേ, അവര്‍ അതിനെ ഇല്ലാതാക്കുക എന്ന ഒരു അജണ്ട മുന്നോട്ടുെവച്ചിരുന്നുമില്ല. എങ്കിലും, സാമൂഹികനീതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കൊളോണിയല്‍ വിരുദ്ധ സമരകാലം മുതല്‍ ആരംഭിച്ചതാണ്. കൊളോണിയലിസത്തിെൻറ രൂപങ്ങള്‍ ലോകത്തിെൻറ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്തങ്ങളായിരുന്നു. ചില സ്ഥലങ്ങളില്‍ അത് ദേശീയമായ തനിമകളെ, ഭാഷയും മതവുമടക്കം പരിപൂർണമായും നശിപ്പിച്ചു. ചില ഇടങ്ങളില്‍ അത് ദേശീയ-പ്രാദേശിക സാംസ്കാരിക സംവിധാനങ്ങളെ ഇല്ലാതാക്കിയില്ലെങ്കിലും വലിയ തോതില്‍ പരിവര്‍ത്തനം ചെയ്തു.
ചില ഇടങ്ങളില്‍ രാഷ്ട്രീയമായ അധിനിവേശം ഉള്ളപ്പോഴും, അത് സൃഷ്ടിക്കുന്ന പുതിയ അധികാരഘടനകള്‍ പഴയതിനെ വെല്ലുവിളിക്കുമ്പോഴും ആന്തരികമായ നൈതിക വ്യവസ്ഥകളെ അധികം മുറിവേൽപിക്കാതിരുന്നു. ഇന്ത്യയിലെ ഇംഗ്ലീഷ് ഭരണം അത്തരത്തിലുള്ള ഒന്നായിരുന്നു. അത് സമ്പൂർണവും ശക്തവുമായിരുന്നുവെങ്കിലും ജാതിവ്യവസ്ഥപോലുള്ള ഇന്ത്യന്‍ സാമൂഹികാവസ്ഥകളെ അത് നേരിട്ട് ആക്രമിച്ചില്ല. മറിച്ച്, ആ സംവിധാനത്തിെൻറ വൈരുധ്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമായി ഉപയോഗപ്പെടുത്താമോ എന്ന പരീക്ഷണത്തില്‍ അവര്‍ എപ്പോഴും ഏര്‍പ്പെട്ടുകൊണ്ടിരുന്നു. ഒരുവശത്ത് ബ്രിട്ടീഷ് ഭരണം ജാതിയെ നിരാകരിച്ചു -ബ്രാഹ്മണരെന്നോ ദലിതരെന്നോ ഭേദമില്ലാതെ ഇന്ത്യക്കാര്‍ എല്ലാവരും അവര്‍ക്ക് തവിട്ടുനിറക്കാര്‍ മാത്രമായിരുന്നു. മറുവശത്ത്, ഭരണസൗകര്യത്തിനായി അവര്‍ അവർണര്‍ക്കു മേലുള്ള സവർണ മേല്‍ക്കോയ്മ പ്രത്യക്ഷമായും പരോക്ഷമായും അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതിെൻറ സമ്മർദങ്ങള്‍ കൊളോണിയല്‍ വിരുദ്ധ സമരങ്ങളുടെ ഉള്ളടക്കത്തെ സ്വാധീനിച്ചിരുന്നു. അധിനിവേശ കാലത്തെ എല്ലാ സമരങ്ങളെയും ദേശീയവിമോചന സമരത്തിെൻറ ഭാഗമാക്കുന്ന ചരിത്രരചനാശീലത്തെ ചോദ്യംചെയ്യാന്‍ കീഴാളപഠനങ്ങള്‍ തയാറായത് ഈ ചരിത്രത്തെ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കുന്നതിനായിരുന്നു.
സംവരണ ചര്‍ച്ചയില്‍ സാമ്പത്തിക സംവരണം കടത്തിവിടുന്നത് സംവരണത്തെ തുറന്നെതിര്‍ക്കുന്നതിനു സമാനമാണോ എന്ന സംശയം ന്യായമാണ്. പക്ഷേ, നാം കണ്ടുവരുന്നത് മുന്നാക്കവിഭാഗങ്ങള്‍ സംവരണം ആവശ്യപ്പെടുന്നത് യഥാർഥത്തില്‍ അവര്‍ക്ക് സംവരണം നേടാനല്ല, മറിച്ചു സംവരണം എന്ന ആശയത്തെ അട്ടിമറിക്കാനാണ്. എന്‍. എസ്.എസ് ആയാലും ഗുജറാത്തിലെ പാട്ടിദാർ സമരക്കാരായാലും സി.പി.എം ആയാലും ജാതിസംവരണം എന്ന സംവിധാനത്തെ, അതിെൻറ അടിസ്ഥാനപരമായ യുക്തിഭദ്രതയെയാണ് ചോദ്യംചെയ്യുന്നത്. പിന്നാക്ക സമുദായങ്ങളിലെ ക്രീമിലെയര്‍ വിവാദവും മുന്നാക്കക്കാർക്കായുള്ള സാമ്പത്തിക സംവരണ വിവാദവും ഉന്നംെവക്കുന്നത് ജാതിസംവരണത്തിെൻറ യുക്തിയെ തന്നെയാണ്. ഇന്ത്യയിലെ സവർണ വിഭാഗങ്ങളുടെ മാത്രം താൽപര്യമാണ് ഇതിലൂടെ ഉയര്ത്തിപ്പിടിക്കപ്പെടുന്നത്. ജാതിസംവരണം എന്ന ആശയത്തെ താറടിക്കുക എന്നതാണ് ഇതിെൻറ ആത്യന്തിക ലക്ഷ്യം.
ഇന്ന് കേന്ദ്രത്തില്‍ അധികാരത്തില്‍ ഇരിക്കുന്ന ബി.ജെ.പി-ആര്.എസ്.എസ് സഖ്യം ഒരുകാലത്തും സംവരണത്തെ അനുകൂലിച്ചിട്ടില്ല. എന്നാല്‍, അവര്‍ ഇപ്പോള്‍ ജാതിസംവരണത്തെ നേരിട്ട് ഒരു ഭരണഘടന ഭേദഗതിയിലൂടെ ആക്രമിക്കാന്‍ മുതിരുന്നതായി കാണുന്നില്ല. പക്ഷേ, കടകംപള്ളി സുരേന്ദ്രനടക്കം മുഴുവന്‍ സാമ്പത്തിക സംവരണ വാദികളും അതിനനുകൂലമായ ഒരു രാഷ്ട്രീയ കാലാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. ഇതുവരെയുള്ള കണക്കുകള്‍തന്നെ കാണിക്കുന്നത് ജാതിസംവരണത്തിെൻറ അടിസ്ഥാനത്തിലുള്ള അവസരങ്ങള്‍ കീഴാള വിഭാഗങ്ങള്‍ക്ക് ഇനിയും ലഭിച്ചിട്ടില്ല എന്നാണ്. കേരളത്തില്‍ തന്നെ 2001ലെ നരേന്ദ്രന് കമീഷന് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പ്രകാരം മുസ്ലിം സമുദായവും ലത്തീന്‍ കത്തോലിക്ക സമുദായവും ധീവര സമുദായവും നാടാര്‍ സമുദായവുമൊന്നും സംവരണം അനുസരിച്ചുള്ള ജോലികള്‍ നേടിയിരുന്നില്ല. ഇതിെൻറ അടിസ്ഥാനത്തില്‍ ഈ സമുദായങ്ങള്‍ക്ക് സ്പെഷല്‍ റിക്രൂട്ട്മെൻറ് നടത്തണം എന്ന് കമീഷന് നിർദേശിച്ചിരുന്നു. കേരളത്തില്‍ പോലും ഇതാണ് യാഥാർഥ്യം എന്നിരിക്കെ, ജാതിസംവരണത്തെ തുറന്നെതിര്ക്കുന്നില്ലെങ്കില് പോലും അതിെൻറ അടിസ്ഥാനത്തെ തന്നെ ചോദ്യംചെയ്യുന്ന സാമ്പത്തിക സംവരണവാദം ഉയര്‍ത്തുന്നത് സംവരണത്തെത്തന്നെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയാണ് എന്നു മനസ്സിലാക്കാന്‍ വിഷമമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.