രാഷ്ട്രം കടന്നുപോകുന്ന അനിതരസാധാരണമായ രാഷ്ട്രീയ പ്രതിസന്ധികളിൽ ഒന്നുമാത്രമാണ് യഥാർഥത്തിൽ സുപ്രീംകോടതി ജഡ്ജിമാരുടെ ചീഫ് ജസ്റ്റിസിന് എതിരായ വാർത്തസമ്മേളനത്തിലൂടെ വെളിവായിരിക്കുന്നത്. ഒരു പരമാധികാര ജനാധിപത്യരാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം അതിെൻറ നിലനിൽപിെൻറ സൈദ്ധാന്തിക അതിര്‍ത്തികൾ കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടില്ല. അതിെൻറ ഏറ്റവുമുയര്‍ന്ന അധികാര വിഭജനങ്ങൾ പുറമെനിന്ന് പലപ്പോഴും കാണപ്പെടുന്നതുപോലെ സുതാര്യമോ നിഷ്കൃഷ്ടമോ ആവണമെന്നില്ല. എങ്കിലും, അത്തരം ഒരു വിഭജനം ഭരണകൂട സംവിധാനത്തിനുള്ളിൽ നിലനില്‍ക്കുന്നുണ്ട് എന്ന പ്രത്യയശാസ്ത്രപരമായ വിശ്വാസത്തിലാണ് രാഷ്ട്രഘടനയിലെ മറ്റു ഘടകങ്ങൾ പ്രവര്‍ത്തിക്കുന്നത്. നീതിന്യായവ്യവസ്ഥ, നിയമനിർമാണസഭകള്‍, ഭരണനിര്‍വഹണ സംവിധാനങ്ങൾ എന്നിവക്കിടയിൽ ഇത്തരമൊരു അതിര്‍ത്തി വരച്ചുകൊണ്ടാണ്, അല്ലെങ്കിൽ അതുണ്ട് എന്ന വിശ്വാസത്തിലാണ് രാഷ്ട്രം സ്വന്തം പരമാധികാരത്തെയും അധികാരവിഭജനത്തിലെ ജനാധിപത്യധാരയെയും നിര്‍വചിക്കുന്നതും വിശദീകരിക്കുന്നതും. മാത്രമല്ല, ഇതിൽ ഒാരോ സംവിധാനവും അതിേൻറതായ ആന്തരിക അച്ചടക്കങ്ങളും പ്രവര്‍ത്തന-നിയമരീതികളും പിന്തുടരുന്നുവെന്നതും പൊതുവിൽ അംഗീകരിക്കപ്പെട്ട കാര്യമാണ്. ഇവ ലംഘിക്കപ്പെടാതിരിക്കുക എന്ന പൊതുധാരണയും ഇവക്കെല്ലാം അടിസ്ഥാനമായുണ്ടെന്ന് ചരിത്രത്തിൽ കണ്ടുവരുന്ന കാര്യമാണ്. സുപ്രീംകോടതി ജഡ്ജിമാരുടെ വാർത്തസമ്മേളനത്തിലൂടെ ഈ സംവിധാനങ്ങളുടെ ഇപ്പോൾ നിലനില്‍ക്കുന്ന ഏതെങ്കിലും ധാരണ ആത്യന്തികമായ അർഥത്തിൽ മുറിവേൽപിക്കപ്പെടുന്നില്ല. എന്നാൽ, ഇൗ സംവിധാനങ്ങള്‍ക്കിടയിൽ നിലനിൽക്കുന്ന കൃത്യമായ വിഭജനങ്ങളെ പരമസത്യമായി കാണുന്ന സമീപനത്തിന്, അല്ലെങ്കിൽ അങ്ങനെ കാണാൻ പ്രേരിപ്പിക്കുന്ന സമീപനത്തിന് ഇത് വലിയ പരിക്കാണ് ഏൽപിച്ചിരിക്കുന്നത്. ഇതേക്കുറിച്ച് മറ്റാരും സംസാരിക്കേണ്ടതില്ല, ഇത് നീതിന്യായവ്യവസ്ഥയുടെ തലപ്പത്തിരിക്കുന്നവർ എന്നനിലയിൽ അവർ തമ്മിൽ സംസാരിച്ചു പരിഹരിച്ചുകൊള്ളും എന്ന വാദത്തിനു പ്രസക്തിയില്ല. ഇതിപ്പോൾ ആ തലത്തില്‍മാത്രം ഒതുങ്ങിനില്‍ക്കേണ്ട പ്രശ്നമല്ല. അതിലുപരിയായ രാഷ്ട്രീയപ്രാധാന്യം ഈ പ്രശ്നത്തിനുണ്ട്.
ഇത്തരം സന്ദര്ഭങ്ങളിലുയരുന്ന ഒരു മുറവിളിയാണ് നീതിന്യായവ്യവസ്ഥയുടെ പവിത്രതയും വിശ്വാസ്യതയും കളങ്കപ്പെട്ടുവെന്നത്. പവിത്രത, വിശ്വാസ്യത തുടങ്ങിയ വാക്കുകളിൽ അടങ്ങിയിരിക്കുന്ന മൂല്യബോധവും ലോകവീക്ഷണവും ഈ വിമര്‍ശന വ്യവഹാരംതന്നെ മതപരമായ ഒരു അനുഷ്ഠാനഭാഷയിലാണ് നാം ഭരണകൂടത്തിെൻറ അസ്തിത്വത്തെ കാണുന്നത് എന്നതുകൂടി വിളിച്ചുപറയുന്നുണ്ട്. അധികാരത്തിെൻറ ഉന്നതതലങ്ങളിലില്ലാത്തതും ജനസാമാന്യബോധത്തിൽ രൂഢമൂലവുമായ ഒന്നാണ് ഭരണകൂടത്തിനു ലഭിക്കുന്ന ഈ ദൈവികത. അധികാരം എന്നത് കേവലമായ ഒരു പ്രയോഗസാധ്യതയല്ല. അത് കൈകാര്യംചെയ്യുന്ന വ്യക്തികളോ വിഭാഗമോ നേടുന്ന ലെജിറ്റിമേഷനെ, യുക്തിസാധുതയെ അടിസ്ഥാനപ്പെടുത്തിയാണ് മനസ്സിലാക്കപ്പെടുന്നത്. എല്ലാ പ്രധാനമന്ത്രിമാര്‍ക്കും ഒരേ അധികാരമല്ല, ആത്യന്തികമായ അധികാരനിര്‍വഹണത്തിനു ലഭിക്കുന്ന ആധികാരികതയുടെ ഉരകല്ലിൽ ഉരച്ചുനോക്കുമ്പോൾ കാണാൻ കഴിയുന്നത്.
പ്രധാനമന്ത്രി എന്നനിലയിൽ ജവഹര്‍ലാൽ െനഹ്റുവിനോളം അധികാരത്തിെൻറ യുക്തിസാധുതയെ സുഭദ്രമാക്കാൻ ഇന്ദിരഗാന്ധിക്ക് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ അവരുടെ ഭരണകാലം അധികാരപ്രയോഗത്തിലൂടെ ആ യുക്തിസാധുത നിരന്തരം അന്വേഷിക്കുന്ന ഒന്നായി മാറി. അടിയന്തരാവസ്ഥ പ്രഖ്യാപനം വരെ നീണ്ടുചെന്നു ആ സമീപനത്തിെൻറ പ്രത്യാഘാതങ്ങള്‍. ഈ ആപേക്ഷികതയുടെ അടിസ്ഥാനം പലപ്പോഴും പ്രത്യയശാസ്ത്രപരമാണ്. ഇതിനെ നിർണയിക്കുന്ന ഒരു പൊതുബോധം, അല്ലെങ്കിൽ അധികാരം കൈയാളുന്ന വ്യക്തിയുടെ നീതിബോധത്തെക്കുറിച്ചുള്ള ഒരു പൊതുബോധം ഇതിെൻറ അടിസ്ഥാനമാണ്. അതാണ് അധികാരത്തിെൻറ ആധികാരികത. ഇത് റോമൻ നിയമത്തിെൻറ കാലം മുതൽ ചര്‍ച്ചചെയ്യപ്പെടുന്ന ഒന്നാണ്. കരിസ്മാറ്റിക് അധികാരമെന്ന് ഇതിനെ മാക്സ് വെബർ നിര്‍വചിച്ചിട്ടുണ്ട്. എല്ലാവരുടെ കാര്യത്തിലും Potestas എന്ന പരമമായ നിര്വഹണാധികാരവും ആ അധികാരം കൈയാളുന്നവർക്കുള്ള Auctoritas എന്ന സർവസമ്മതിയും തമ്മിൽ പൊരുത്തപ്പെട്ടുപോകണമെന്നില്ല. രണ്ടാമത്തേത് സാമൂഹികമായി ഉണ്ടാക്കാതെ ഒന്നാമത്തേത് മാത്രം കൈവശമാവുമ്പോഴാണ് ഭരണകൂടത്തിെൻറ ഉള്ളിലെ അധികാര വടംവലികളുടെ കഥകൾ പലതും പുറത്തിറങ്ങുന്നത്.
സുദീര്‍ഘമായ ഒരു രാഷ്ട്രീയ-പ്രത്യയശാസ്ത്ര പ്രചാര ണത്തിെൻറ ഒടുവിലാണ് ആർ.എസ്.എസ്-ബി.ജെ.പി ഹിന്ദുത്വ ശക്തികള്‍ക്ക് ഇന്ത്യൻ ഭരണകൂടാധികാരത്തിലേക്കുള്ള വഴിതുറന്നത്. അവിടെ നേരിട്ട് എത്താന്‍ അവർ അറുപതുകൾ മുതലാണ് ശ്രമംതുടങ്ങുന്നത്. ജവഹര്‍ലാൽ നെഹ്റു അന്തരിച്ചശേഷം ഉണ്ടായ കോൺഗ്രസിെൻറ ദൗർബല്യങ്ങളാണ് ആദ്യമായി ഇന്ത്യയിൽ ഒരു ശക്തമായ പ്രതിപക്ഷത്തെ സൃഷ്ടിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പും ഒരുപക്ഷേ ഇതിനു കാരണമായിട്ടുണ്ടാവാം -തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിെൻറ യുക്തിക്കുള്ളില്നിന്ന് ചിന്തിക്കുമ്പോള്‍. നെഹ്റുവിനുണ്ടായിരുന്ന അനുപാതത്തിൽ അധികാരവും കരിസ്മാറ്റിക് ആധികാരികതയും തമ്മിൽ ചേർന്നുനില്‍ക്കുന്ന ഒരു വ്യക്തിത്വം പിന്നീട് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉണ്ടായിട്ടില്ല. 1967ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ചെങ്കിലും തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങളായ ജനസംഘവും സ്വതന്ത്രാപാര്‍ട്ടിയും യഥാക്രമം 35ഉം 44ഉം സീറ്റുകൾ കരസ്ഥമാക്കി പാർലമെൻറിൽ കോൺഗ്രസ് ഇതര ബദലിെൻറ സാധ്യതസ്ഥാനം കമ്യൂണിസ്റ്റ് പാര്‍ട്ടികളിൽനിന്ന് പിടിച്ചെടുത്തു. അതുവരെ മുഖ്യപ്രതിപക്ഷം കമ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു. ഇതിനുശേഷം ക്രമാനുഗതമായ തീവ്രഹിന്ദു വലതുപക്ഷ രാഷ്ട്രീയം ഇന്ത്യൻ രാഷ്ട്രീയത്തിൽ പിടിമുറുക്കുന്നതാണ് കണ്ടത്. ദശാബ്ദങ്ങൾ നീണ്ട ഒരു പ്രത്യയശാസ്ത്ര യുദ്ധത്തിലൂടെയാണ്, അതിന് അനുപൂരകമായി നടത്തിയ ഹിംസകളിലൂടെയാണ് അവർ ഇന്നത്തെ ഈ മുന്നേറ്റം നേടിയെടുത്തത്.
തെരഞ്ഞടുപ്പിലൂടെയാണ് അധികാരത്തിൽ വരുന്നതെങ്കിലും എല്ലാ പ്രസ്ഥാനങ്ങളും ജനാധിപത്യത്തോട് തുല്യമായ സമീപനം പുലർത്തുന്നവരല്ല. തുടക്കം മുതല്‍തന്നെ ഒരു ഹിന്ദുരാഷ്ട്രം സ്ഥാപിക്കണമെന്ന് തീരുമാനമുള്ള ആർ.എസ്.എസ് എങ്ങനെയാണ് ജനാധിപത്യത്തോട് നീതിപുലര്‍ത്തുക? അവര്‍ക്ക് മേല്‍ക്കൈയുള്ള ഒരു ഭരണസംവിധാനത്തിന് അത്തരം എന്ത് പ്രതിബദ്ധതയാണ് ഉണ്ടാവുക? തെരഞ്ഞെടുപ്പിനെപ്പോലും അവർ തങ്ങളുടെ ജനാധിപത്യവിരുദ്ധമായ ഭാവി ഭരണസംവിധാനത്തെ രൂപപ്പെടുത്താൻ ലഭിച്ച ജനപിന്തുണയായി മാത്രമേ വ്യാഖ്യാനിക്കുകയുള്ളൂ എന്നത് അവിതര്‍ക്കിതമാണ്. അതാണിപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതും. ഇതിനെ തടയാൻ കഴിയുന്ന സാമൂഹികശക്തി പ്രതിപക്ഷമോ സിവിൽ സമൂഹമോ ഇപ്പോൾ ആർജിച്ചിട്ടില്ല എന്നത് ദൗര്‍ഭാഗ്യകരമായ കാര്യമാണ്.
ഇന്ത്യയിലെ ലിബറൽ ജനാധിപത്യം അടിയന്തരാവസ്ഥയെക്കാൾ സൂക്ഷ്മവും ഭീതിതവുമായ വെല്ലുവിളി നേരിടുന്ന സന്ദര്‍ഭമാണ് സംജാതമായിട്ടുള്ളത്. അധികാരസ്ഥാപനങ്ങൾ ഒന്നാകെ ഹിന്ദുരാഷ്ട്ര നിർമിതിയുടെ ഉപകരണങ്ങൾ മാത്രമായി മാറ്റപ്പെടുന്ന അഭൂതപൂര്‍വമായ ഒരു സ്ഥിതിവിശേഷം ഉണ്ടായിരിക്കുന്നു. ഇതാണ് സുപ്രീംകോടതിയിലെ നാലു ജഡ്ജിമാർ ജനങ്ങളോട് നേരിട്ട് ചില കാര്യങ്ങൾ പറയാം എന്ന് തീരുമാനിച്ചതിനു പിന്നിലെ രാഷ്ട്രീയ പ്രാധാന്യം വർധിപ്പിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് എതിരെ നാല് സഹ ജഡ്ജിമാർ ഉയര്‍ത്തിയ ആരോപണങ്ങൾ കേവലം ഔദ്യോഗിക കൃത്യനിര്‍വഹണവുമായി മാത്രം ബന്ധപ്പെട്ടതല്ല. അവക്ക് കൃത്യമായ രാഷ്ട്രീയ മുനയുണ്ട്. രാഷ്ട്രത്തിന് ഉള്‍ക്കൊള്ളാൻ കഴിയാത്ത ഒരു പ്രത്യേക ദിശയിലേക്ക് നീതിന്യായ സംവിധാനത്തെ ആരോ അപഹരിച്ചുകൊണ്ടുപോകുന്നുവെന്ന ശക്തമായ ധ്വനിയാണ് സുപ്രീംകോടതിയിലെ ന്യായാധിപന്മാർ തങ്ങളുടെ പ്രസ്താവനയിൽ നല്‍കിയിട്ടുള്ളത്. മോദിയും ആർ.എസ്.എസും ഉണ്ടെന്നു വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന അധികാര-ആധികാരിക സമന്വയം അവര്‍ക്കില്ല എന്നതിെൻറ ശക്തമായ ആദിസൂചനയാണ് ജുഡീഷ്യറിയിലെ ഈ കലാപം കാട്ടിത്തരുന്നത്. ഇത് മുന്നോട്ടു കൊണ്ടുപോകാനുള്ള ബാധ്യത എല്ലാവര്‍ക്കുമുണ്ട്.
ഇതിനെക്കാൾ അധികമായ രീതിയിൽ മറ്റു ഭരണസംവിധാനങ്ങളിലും സ്ഥാപനങ്ങളിലും നടന്നുകൊണ്ടിരിക്കുന്നത് ഇപ്പോൾ സുപ്രീംകോടതി ജഡ്ജിമാർ ചൂണ്ടിക്കാട്ടിയ പ്രവണതകൾ തന്നെയാണെന്ന വസ്തുത പൂര്‍ണമായും വിസ്മരിച്ചുകൊണ്ട് ഈ പ്രശ്നത്തെ ഒറ്റപ്പെടുത്തി കാണാൻ കഴിയില്ല. രാഷ്ട്രത്തെ ആസകലം ഗ്രസിച്ചിരിക്കുന്ന ഒരു ഭൂതത്തിെൻറ വായിലാണ് ജുഡീഷ്യറിയും അകപ്പെടുന്നത് എന്ന സൂചനയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ പ്രശ്നം പലരും സൂചിപ്പിക്കുന്നതുപോലെ പൗരസമൂഹത്തിനു താൽപര്യം ആവശ്യമില്ലാത്ത, നീതിപാലന സംവിധാനത്തിനുള്ളിലെ ഒരു ആഭ്യന്തരപ്രശ്നമല്ല. മറിച്ച്, ഇന്ത്യൻ ജനാധിപത്യം നേരിടുന്ന ഒരു കനത്ത വെല്ലുവിളിയുടെ സമൂര്‍ത്തമായ ഉദാഹരണം മാത്രമാണ്. ഇപ്പോൾ നടക്കുന്ന അകമുറി ചര്‍ച്ചകള്‍ക്കുശേഷം ഈ സമരത്തില്‍നിന്ന് ജഡ്ജിമാർ പിന്‍വാങ്ങിയേക്കാം. പക്ഷേ, ഇതില്‍നിന്ന് ലഭിച്ച രാഷ്ട്രീയ ജാഗ്രത അണയാതെ നിലനിര്‍ത്തുകയെന്നത് സിവിൽ സമൂഹത്തിെൻറ പരമമായ കര്‍ത്തവ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.