ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിൽ ലിംഗമാറ്റ ചികിത്സയുടെയും ശസ്ത്രക്രിയയുടെയും ഡിമാൻഡ് അഭൂതപൂർവമായി വർധിച്ചുവരുന്നു. ലിംഗമാറ്റ ചികിത്സാസേവനങ്ങൾ മികച്ച രീതിയിൽ ലഭ്യമായ കേന്ദ്രങ്ങളിലെല്ലാം ആവശ്യക്കാർ ക്യൂവിലാണ്. ഇന്ത്യയിൽ ഇപ്പോൾ ലിംഗമാറ്റ ചികിത്സക്കായി കാത്തുനിൽക്കുന്നവർ ഏറെയും ഇടത്തരം കുടുംബങ്ങളിൽനിന്നുള്ളവരാണ്. ഇവർക്ക് നീണ്ട കാത്തിരിപ്പും ചികിത്സയും വേണ്ടിവരുന്നു. സമൂഹത്തിെൻറ യാഥാസ്ഥിതിക സങ്കുചിത കാഴ്ചപ്പാടുകൾ ലിംഗമാറ്റത്തിനു ശേഷമുള്ള ജീവിതം സങ്കീർണമാക്കുന്നു. അതിനാൽ സർക്കാറും സാമൂഹികപ്രവർത്തകരും ഈ വിഷയത്തിൽ തുറന്ന ചർച്ചകളിൽ ഏർപ്പെടാൻ സമയമായിക്കഴിഞ്ഞു.
ലിംഗമാറ്റ ചികിത്സ പൊതുവേ അറിയപ്പെടുന്നത് ലിംഗ പുനർനിർണയ ശസ്ത്രക്രിയ (sex reassignment surgery) എന്നാണ്. ഇന്ത്യയിപ്പോൾ ഈ രംഗത്തെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നാണ്. യൂറോപ്, അമേരിക്ക, ആസ്ട്രേലിയ എന്നിവിടങ്ങളിൽനിന്ന് വർധിച്ച തോതിൽ രോഗികൾ ഇങ്ങോട്ടൊഴുകുന്നു. ഇവരുടെ സൗകര്യാർഥം നമ്മുടെ ചികിത്സകേന്ദ്രങ്ങൾ സഞ്ചാരസഹായം, വിനോദയാത്ര, ബാങ്കിങ് തുടങ്ങിയ മൂല്യവർധിത സേവനങ്ങളുടെ പാക്കേജ് വിദേശ രോഗികൾക്ക് ലഭ്യമാക്കുന്നു. ചുരുക്കത്തിൽ എന്തെങ്കിലും സാമൂഹിക നിയന്ത്രണം ഈ മേഖലയിൽ ഉണ്ടായിവന്നില്ലെങ്കിൽ നമ്മുടെ നാട്ടിലെ രോഗികൾക്ക് സേവനം ലഭിക്കാൻ വിദേശീയരുമായി മത്സരിക്കേണ്ടിവരും. കാരണം, ഇവിെടയുള്ള ഇടത്തരക്കാർക്ക് താങ്ങാവുന്നതിലും അപ്പുറത്തേക്ക് ചികിത്സച്ചെലവ് വർധിക്കാനുള്ള സാധ്യത വളരെക്കൂടുതലാണ്; ഇപ്പോൾത്തന്നെ ചെലവ് നിയന്ത്രണങ്ങളില്ല. വിദേശികൾ ഇങ്ങോട്ടുവരുന്നത് അവരുടെ നാട്ടിലേതിനേക്കാൾ തുച്ഛമായ നിരക്കുകൾ ഇവിെടയുള്ളത് കൊണ്ടാണല്ലോ. അതിനാൽ സർക്കാർ ഈ മേഖലയിൽ ഇടപെടാൻ ഇനി അമാന്തിക്കരുത്. കുറഞ്ഞത് മൂന്നുകാര്യങ്ങളിൽ സജീവ ചർച്ച ആവശ്യമാണ്.
ഒന്ന്, ഇന്ത്യക്കാരുടെ ചികിത്സയിൽ ഇളവുകളും സബ്‌സിഡികളും നൽകി മേൽത്തരം സേവനം ഉറപ്പാക്കുക. ഇതിനു ഒരുതരം റോബിൻ ഹുഡ് സ്ട്രാറ്റജി വേണ്ടിവരും. തായ്‌ലൻഡ് മുതലായ രാജ്യങ്ങളിൽ ടൂറിസം രംഗത്തുപോലും വിദേശ സന്ദർശകർ ചെലവാക്കുന്ന പണം ഉറപ്പാക്കുന്ന പദ്ധതികൾ നടപ്പിലുണ്ട്.
രണ്ട്, എല്ലാ സംസ്ഥാനത്തും ലിംഗപുനർനിർണയ സാങ്കേതികവിദ്യ ഒരുകേന്ദ്രത്തിലെങ്കിലും സർക്കാർമേഖലയിൽ ഉറപ്പാക്കേണ്ടതുണ്ട്. ഏതാനും വർഷം മുമ്പ് സാമൂഹികനീതി വിഭാഗം കേരളത്തിൽ ഇത്തരം ചികിത്സകേന്ദ്രങ്ങൾ തുറക്കുമെന്ന സൂചനയുണ്ടായിരുന്നു. എന്നാൽ, ഇതുമായി മുമ്പോട്ടുപോകാൻ ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനത്തിനു പോലും കഴിഞ്ഞില്ല എന്നറിയുന്നു. മൂന്ന്, ലിംഗ പുനർനിർണയകാംക്ഷികളുടെയും ചികിത്സ കഴിഞ്ഞവരുടേയും തുടർ സഹായങ്ങൾ, അനുബന്ധ ചികിത്സകൾ, പുനരധിവാസം എന്നിവയിൽ തുടർച്ചയായ പഠനങ്ങൾ, ഗവേഷണം എന്നിവ ഉറപ്പാക്കണം. കേരളത്തിലാണെങ്കിൽ ബിരുദാനന്തര പഠനം സാധ്യമായ മൂന്ന് പുനരധിവാസ കേന്ദ്രങ്ങൾ ഇപ്പോൾതന്നെ മെഡിക്കൽ കോളജുകളിൽ നിലവിലുണ്ട്. ലിംഗസ്വത്വബോധത്തിൽ അസ്ഥിരത ഉള്ളവരിലും ലിംഗ പുനർനിർണയത്തിനുശേഷം ഉണ്ടാകുന്ന പ്രശ്നങ്ങളിലും ഇവർക്ക് ഇന്നോളം എന്തനുഭവങ്ങളാണ് ആർജിച്ചിട്ടുള്ളതെന്ന് അന്വേഷിക്കേണ്ടതുണ്ട്.
ട്രാൻസ്ജൻഡർ, ലിംഗ പുനർനിർണയം ചെയ്യുന്നവർ, സമൂഹത്തിൽ ഇല്ലെന്നോ അവർ നാമമാത്രമായ സംഖ്യയാണെന്നോ ഉള്ള ഒരു പൊതുധാരണ ശക്തമാണ്. അതിനാലാണ് ഈ വിഭാഗത്തിൽപെടുന്ന വ്യക്തികളെ തള്ളിപ്പറയാനും പാർശ്വവത്കരിക്കാനും തോന്നുന്നത്. ശരിയായ സ്ഥിതിവിവര കണക്കുകൾ ലഭ്യമല്ലാത്തതാണ് പ്രധാന കാരണം. ലിംഗസ്വത്വ വ്യതിയാനം പുറത്തുപറയണമെങ്കിൽത്തന്നെ സമൂഹം അംഗീകരിച്ചാേല സാധ്യമാകൂ. സാമൂഹിക നിലപാടും മനുഷ്യാവകാശവും അനുകൂലമായ അമേരിക്കയിൽ പതിനാലു ലക്ഷം പേരാണ് തങ്ങൾ ട്രാൻസ്ജൻഡർ ആണെന്ന് പ്രഖ്യാപിച്ചത്. അതേസമയം, 2011ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ അകെ അഞ്ച് ലക്ഷം ട്രാൻസ്ജൻഡറുകൾ മാത്രമാണുള്ളത്. വിദഗ്‌ധരുടെ അഭിപ്രായത്തിൽ ഇവിടെ അതിെൻറ ഏഴിരട്ടി എങ്കിലും ഉണ്ടാകും എന്നാണ്. അതിനർഥം അസംഖ്യം ട്രാൻസ്ജൻഡർ വ്യക്തികൾ വെളിച്ചത്തുവരാനാകാതെ മറപ്പുരയിൽ ജീവിക്കുന്നു എന്നാണ്. ഇതവരിൽ തീവ്രമായ മാനസികാരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഗൗരവതരമായ വിഷാദരോഗം, ഉത്കണ്ഠ, മയക്കുമരുന്ന്, മദ്യം, മറ്റു ലഹരിപദാർഥങ്ങൾ എന്നിവയോടുള്ള വിധേയത്വം തുടങ്ങിയ സാമൂഹികവിപത്തുകളിൽകൂടി അവർക്ക് കടന്നുപോകേണ്ടിവരുന്നു. ഒരു കണക്കിലും പെടാത്തതിനാൽ അവർ ഏൽപിക്കുന്ന സാമൂഹികാരോഗ്യ ബാധ്യത എത്രയെന്നറിയാൻ സാധ്യമല്ല. എന്നാൽ, ഒന്നുറപ്പാണ്. ട്രാൻസ്ജൻഡറുകളെ പൂർണമായും അംഗീകരിക്കാനും ചികിത്സിക്കാനും പുനരധിവസിപ്പിക്കാനും മുഖ്യധാരാസമൂഹം തയാറായാൽ അതിെൻറ സാമ്പത്തിക സാമൂഹിക നേട്ടം വലുതാണ്.
ട്രാൻസ്ജൻഡറുകളുടെ അവകാശ സംരക്ഷണ നിയമം ഇന്ത്യയിൽ 2016ൽ നിലവിൽ വന്നു. നിയമനിർമാണം കൊണ്ടുമാത്രം ജനതയുടെ മനസ്സുമാറ്റം സാധ്യമാവുകയില്ല. നിയമം സമൂഹത്തിലെ സമഗ്രമാറ്റത്തിെൻറ ചാലകശക്തിയാകേണ്ടതുണ്ട്. അവർക്ക് തൊഴിൽ, തൊഴിൽ കിട്ടിയവർക്ക് താമസിക്കാനിടം, വിദൂരനാടുകളിൽ തൊഴിൽ ചെയ്യുന്നവർക്ക് ജീവിതപങ്കാളി, വൈദ്യസഹായം, വിദ്യാഭ്യാസം, ബാങ്കിങ് മുതലായ സേവനങ്ങൾ അവരുടെ കൈയെത്തും ദൂരത്തല്ല. ഇന്ത്യയിലെ സാക്ഷരത 74 ശതമാനമാണെങ്കിൽ ട്രാൻസ് വ്യക്തികളിൽ അത് വെറും 46 ശതമാനം മാത്രം. എന്തെങ്കിലും തൊഴിൽ ചെയ്യുന്നവർ 46 ശതമാനം ഉള്ളപ്പോൾ ട്രാൻസ് വ്യക്തികളിൽ അത് 38 മാത്രം. പൊതുവെ ട്രാൻസ് വ്യക്തികൾ ശരാശരിയിലും താഴ്ന്ന ജോലികളിലും താഴ്ന്ന വരുമാനത്തിലും പണിയെടുക്കാൻ നിർബന്ധിതരാകുന്നു. ഇന്ത്യയിൽ 2000 വർഷത്തോളം പഴക്കമുള്ള ട്രാൻസ് കൾച്ചർ നിലവിലുണ്ട് എങ്കിലും സമകാലിക ജീവിത മേഖലകളിൽനിന്നൊക്കെ അവരെ പുറംതള്ളുന്നുമുണ്ട്. ട്രാൻസ് പ്രവർത്തകരിൽ പ്രമുഖയായ കൽക്കി സുബ്രമണ്യവും ഇതുതന്നെ സാക്ഷ്യപ്പെടുത്തുന്നു.
തെൻറ അനുഭവം കൽക്കി മറ്റുള്ളവർക്കായി പങ്കുെവച്ചിട്ടുണ്ട്. സാധാരണയായി നമ്മുടെ നാട്ടിൽ ട്രാൻസ് വ്യക്തി കൗമാരപ്രായത്തിൽതന്നെ ഒറ്റപ്പെട്ടുപോകുന്നു. ട്രാൻസ് സ്വഭാവം അംഗീകരിക്കപ്പെടാത്തതിനാൽ സ്‌കൂളിൽനിന്നൊളിച്ചോടുകയും വിദ്യാഭ്യാസത്തിൽനിന്ന് പിന്തള്ളപ്പെടുകയും സാധാരണയാണ്. പുനരധിവസിക്കപ്പെട്ടാൽ സന്തോഷകരമായ ജീവിതം നയിക്കാനാകും; അല്ലെങ്കിൽ പലരും ആത്മഹത്യയിൽ ഒടുങ്ങും. മറ്റു മാരകരോഗങ്ങൾപോലെ സ്വത്വ സംഘർഷം മരണകാരണമാണ്. ദക്ഷിണേന്ത്യയിലെ ട്രാൻസ് സ്ത്രീകളുടെ കൂട്ടായ്‌മ കർശന നിയമങ്ങളാൽ ബന്ധിതമാണ്. ‘തിരുനംഗായ് കൂട്ടം’ എന്ന കുടുംബത്തിൽ സ്ത്രീകൾ മാത്രം; അവിടെ അമ്മ, ചെറിയമ്മ, അമ്മൂമ്മ, ചേച്ചി ഒക്കെയുണ്ട്. ഗുരു - ചേല എന്ന ബന്ധമാണ് ഏറ്റവും ശക്തം. ഗുരു അമ്മയുടെ പദവിയും, ചേല മകളുടെ പദവിയും സൂചിപ്പിക്കുന്നു. ഇങ്ങനെയാണെങ്കിലും തിരുനംഗായ് എന്ന ട്രാൻസ് കുടുംബവ്യവസ്ഥ ഉള്ളതായിപ്പോലും സമൂഹത്തിലെ മുഖ്യധാരയിലുള്ളവർക്ക് അജ്ഞാതമാണ്.
ലിംഗ പുനർനിർണയ ചികിത്സ എന്തുകൊണ്ടും നിസ്സാരമല്ല; ചുരുങ്ങിയകാലം കൊണ്ട് പൂർത്തിയാക്കാനാവണം എന്നുമില്ല. തുടക്കത്തിൽ തന്നെ ചികിത്സക്കൊരുങ്ങുന്ന വ്യക്തി അസ്ഥിരമായ ലിംഗബോധമുള്ള ആളാണെന്നും, തെൻറ നിലവിലുള്ള ലിംഗത്തിെൻറ എതിർ ലിംഗബോധവുമായി പൊരുത്തപ്പെട്ടിട്ടുണ്ടെന്നും ഉറപ്പാക്കേണ്ടതുണ്ട്. ഇത് മനഃശാസ്ത്രജ്ഞർ, മനോരോഗവിദഗ്ധർ എന്നിവർ ചേർന്ന് സമയമെടുത്ത് തീരുമാനിക്കേണ്ട കാര്യമാണ്. ഇന്ത്യയിൽ പലേടങ്ങളിലും ഡോക്ടർമാർക്കും മനഃശാസ്ത്രജ്ഞർക്കും മൂന്നാം ലിംഗത്തെക്കുറിച്ചോ, ട്രാൻസ് വ്യക്തിത്വത്തെക്കുറിച്ചോ സമഗ്രവിജ്ഞാനമോ നിഷ്പക്ഷ നിലപാടോ ഇല്ല. ഇതുകൊണ്ടുതന്നെ, ശരിയായ ചികിത്സയും ഉപദേശങ്ങളും ലഭിക്കുന്ന ഇടങ്ങൾ തേടി പോകേണ്ടതുണ്ട്. ഈ ഘട്ടം കഴിഞ്ഞാൽ ഏകദേശം ഒരുവർഷത്തോളം ഹോർമോൺ ചികിത്സയിൽ കഴിയണം. പുതുതായി കൈവരിക്കേണ്ട ലിംഗബോധം ഉറപ്പിക്കാൻ ഇതാവശ്യമാണ്. ഇതിനും ശേഷമാണ് ജനനേന്ദ്രിയ പുനർക്രമീകരണം, മുഖത്തിലും താടിയെല്ലിലും ആവശ്യമുള്ള ഓപറേഷൻ, സ്തനങ്ങൾ, നിതംബം എന്നിവയുടെ മാറ്റം തുടങ്ങി നിരവധി ശസ്ത്രക്രിയകൾ ചെയ്തുതീർക്കേണ്ടതുണ്ട്. ഈ കാലഘട്ടത്തിലും തുടർന്നുവരുന്ന ഏതാനും വർഷത്തിലും ട്രാൻസ് വ്യക്തികൾക്ക് മാനസിക പിന്തുണയും തെറപ്പിയും അനിവാര്യമാണ്. നിലവിലുള്ള അറിവുകൾപ്രകാരം വ്യക്തമായ ധാരണയോടെ കൗൺസലിങ്, ചികിത്സ എന്നിവ ചെയ്യുന്നവർ പുതുതായി കണ്ടെത്തിയ സ്വത്വബോധവുമായി പൊരുത്തപ്പെടുന്നുണ്ട്.
ഇന്ത്യൻ പാർലമെൻറ് നിയമനിർമാണം വഴി അംഗീകരിച്ച ന്യൂനപക്ഷമാണ് ട്രാൻസ് സമൂഹം. ട്രാൻസ് സമൂഹത്തിൽ പല ഉപവിഭാഗങ്ങളുണ്ടെങ്കിലും സാമൂഹികവും സാംസ്കാരികവുമായ ബാഹ്യവത്കരണം, തീണ്ടിക്കൂടായ്മ എന്നീ നിയമനിഷേധങ്ങൾ എല്ലാരേയും ഏറക്കുറെ തുല്യമായി ബാധിക്കുന്നു. സാമൂഹികമായി ബഹിഷ്‌കൃതമാകുന്ന സമൂഹം വികസനത്തിൽനിന്നും അവർതന്നെ അറിയാതെ പിന്തള്ളപ്പെടുന്നു. യഥാർഥത്തിൽ ട്രാൻസ് ന്യൂനപക്ഷത്തിെൻറ പ്രശ്നം ദേശീയ മുഖ്യധാരയിൽ അവരുടെ സാന്നിധ്യം വളരെ നിസ്സാരമാണ് എന്നതാണ്. നിയമപരിരക്ഷയിലൂടെ പ്രത്യേക ശ്രദ്ധ ലഭിച്ചാൽ മാത്രമേ എന്തെങ്കിലും മാറ്റം സാധ്യമാകൂ. കേരളം പോലുള്ള സംസ്ഥാനം ഇനിയും ഇതിൽ അമാന്തിച്ചുകൂടാ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.