പതിനഞ്ച് വയസ്സുമാത്രമുള്ള പെൺകുട്ടി ആരോഗ്യമുള്ള ശിശുവിനെ പ്രസവിച്ചിരിക്കുന്നു എന്ന വാർത്ത ഇടക്കെങ്കിലും നാം കേൾക്കുന്നുണ്ട്. ഞെട്ടലോടെയാണ് നമ്മിൽ പലരും അത് കേൾക്കുന്നത്. സമപ്രായക്കാരായ ആൺകുട്ടികളാണ് അതിനുത്തരവാദി എന്ന് കേൾക്കുന്നതാണ് കൂടുതൽ ആശങ്കയുണ്ടാക്കുന്നത്. കൗമാരക്കാരിലെ ലൈംഗികതയും ഗർഭധാരണവും ഇന്നത്തെ സമൂഹത്തിെൻറ പൊതുധാരണയുമായി പൊരുത്തപ്പെടുന്നില്ല; കൗമാരക്കാർ ലൈംഗികകാര്യങ്ങളിൽ അറിവോ താൽപര്യമോ ഇല്ലാത്തവരാണെന്നും മുതിർന്നുകഴിയുമ്പോൾ വേണ്ട അറിവുകൾ സ്വയം ഉണ്ടായിക്കൊള്ളുമെന്നുമുള്ള ലളിതമായ ചിന്തയാവണം ഇതിനു പിറകിൽ.
നമ്മുടെതന്നെ ചരിത്രം പരിശോധിച്ചാൽ ഇത് ശരിയല്ലെന്ന് മനസ്സിലാകും. ഫാ. സാമുവേൽ മാറ്റീർ എന്ന മിഷനറി പ്രവർത്തകൻ 1883 ൽ ലഭ്യമായ രേഖകൾ പരിശോധിച്ച് പറയുന്നത്, പത്തുവയസ്സിനു മേൽ പ്രായമുള്ള വിധവകൾ തിരുവിതാംകൂറിൽ അഞ്ചുലക്ഷത്തോളമുണ്ട് എന്നാണ്. അന്നത്തെ ജീവിത സാഹചര്യങ്ങൾ നോക്കുമ്പോൾ ഇതിൽ അതിശയോക്തിയുണ്ടാവാനിടയില്ല. അക്കാലത്തെ മറ്റു രേഖകളിലും ശൈശവവിവാഹം സാമൂഹികാചാരമായി നിലനിന്നിരുന്നതായി കാണാം. കുഞ്ചൻ നമ്പ്യാരുടെ കൃതികളിൽ കൗമാരവിവാഹത്തെക്കുറിച്ചു പരാമർശമുണ്ട്. ചുണ്ടിൽ മീശവരാൻ തുടങ്ങിയ മകന് വിവാഹം താമസിക്കുന്നതിൽ കുണ്ഠിതപ്പെടുന്ന അമ്മയെ എം. മുകുന്ദെൻറ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ കാണാം.
അതു പഴയ കഥയെന്നാവും പലരും കരുതുന്നത്. കഴിഞ്ഞ സെൻസസ് (2011) പ്രകാരം കേരളത്തിൽ പതിനഞ്ചെത്തും മുമ്പേ വിവാഹിതരായ 23,183 പെൺകുട്ടികൾ ഉണ്ട്. അവരിൽ 10,175 പേർ പ്രസവിച്ചുകഴിഞ്ഞിരുന്നു. നിയമംമൂലം കൗമാരത്തിലെ വിവാഹം നിയന്ത്രിച്ചു കഴിഞ്ഞാൽ പരിഹരിക്കാനാവില്ലല്ലോ, അവരിലെ ലൈംഗികാ തൃഷ്ണ. വിവാഹം തടഞ്ഞാൽ വിവാഹേതര ബന്ധങ്ങളിലാകും എത്തുക. ഇത് രണ്ടുകാര്യങ്ങളിലേക്കു വിരൽചൂണ്ടുന്നു. ഒന്ന്, കുട്ടികളിലെ ലൈംഗിക താൽപര്യങ്ങളെക്കുറിച്ചു മുതിർന്നവർ ഏറെ അജ്ഞരാണ്. അജ്ഞത മാറ്റാനുള്ള ശ്രമമാകട്ടെ അവരിൽനിന്ന് ഉണ്ടാകുന്നുമില്ല. രണ്ട്, നമ്മുടെ നീതിന്യായവ്യവസ്ഥ കൗമാരത്തിലെ ലൈംഗിക താൽപര്യങ്ങളോടും പെരുമാറ്റരീതികളോടും നിഷേധാത്മക നിലപാടെടുക്കുന്നു. ഗൗരവമായി പഠിക്കേണ്ട ഒരു സാമൂഹികാരോഗ്യ വിഷയമാണിത്; അതിനാൽ ലഭ്യമായ അറിവുകൾ പരിഗണിക്കേണ്ടതുണ്ട്.
അക്കാദമിക് പഠനങ്ങളെക്കാൾ മാധ്യമറിപ്പോർട്ടുകളാണ് കൂടുതൽ ലഭ്യമായിട്ടുള്ളത്. ആത്മജ നായർ, സുമംഗല ദേവി എന്നിവരുടെ (2015) പഠനത്തിൽ 8.48ശതമാനം ഗർഭിണികൾ കൗമാരക്കാരായിരുന്നു- 6660 ഗർഭിണികളിൽ 565 പേർ. ഇവരിൽ രണ്ടുപേർ മാത്രമാണ് അവിവാഹിതർ. 21ാം നൂറ്റാണ്ടിലും ബാലവിവാഹം നടക്കുന്നുണ്ട്. അവിവാഹിതർ ഗർഭിണികളായാൽ പ്രസവത്തിനു ആശുപത്രിയിലെത്താനുള്ള സാധ്യതതന്നെ വിരളം. ഇതും കൂടി കണ്ടുവേണം പഠനങ്ങൾ വിലയിരുത്തേണ്ടത്. കുറച്ചുകൂടി വെളിച്ചം വീശുന്ന പഠനമാണ് ഷീല മണി, സുമംഗല, ദേവി എന്നിവരുടെ 2013 ലെ പ്രബന്ധം. ഗർഭം അലസിപ്പിക്കാനുള്ള എം .ടി.പി സേവനങ്ങൾക്ക് കേരളത്തിലെ മൂന്ന് മെഡിക്കൽ കോളജുകളിൽ വന്ന 181 അവിവാഹിതരായ യുവതികളിലാണ് പഠനം നടന്നത്. ഏറ്റവും പ്രായം കുറഞ്ഞ കുട്ടിക്ക് 13 വയസ്സായിരുന്നു; 20 പേർക്ക് 16 ൽ താഴെയും, 70 പേർക്ക് 19 ൽ താഴെയുമായിരുന്നു പ്രായം. പഠനം അവരുടെ കുടുംബപശ്ചാത്തലത്തിലേക്കു വെളിച്ചം വീശുന്നു. ഭൂരിപക്ഷം യുവതികളും പ്രശ്നബാധിതകുടുംബങ്ങളിൽ നിന്നുള്ളവരാണ്. രക്ഷകർത്താക്കളുടെ മേൽനോട്ടമില്ലായ്മയും ഇതിലേക്ക് നയിക്കും. പല വ്യക്തിഗത ഘടകങ്ങളും കൗമാര ഗർഭധാരണത്തിൽ കലാശിക്കും പഠനത്തിലെ പിന്നാക്കാവസ്ഥ, തൊഴിൽരാഹിത്യം, ലൈംഗികകാര്യങ്ങളെക്കുറിച്ചുള്ള അജ്ഞത തുടങ്ങിയവ പ്രാധാന്യമർഹിക്കുന്നു. ഈ കാരണങ്ങൾ കൗമാരഗർഭമുണ്ടാകാനുള്ള സാധ്യത 15 ഇരട്ടിയോളമാക്കും.
സാമൂഹിക സാംസ്കാരിക തലങ്ങളിൽ നിലവിലുള്ള പരാധീനത കൗമാരലൈംഗികതക്ക് കാരണമായേക്കും എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ, മറ്റ് ഘടകങ്ങൾ പരിഗണിക്കേണ്ടതായുണ്ട് എന്ന രീതിയിലും ചില റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. മുംബൈയിൽ 2015--16 ൽ 19 വയസ്സിൽ താഴെയുള്ള യുവതികളിൽ ഗർഭഛിദ്രം 67ശതമാനം വർധിക്കയുണ്ടായി. കഴിഞ്ഞ മൂന്നു വർഷങ്ങൾ പരിശോധിച്ചാൽ 15 വയസ്സിൽ താഴെയുള്ള പെൺകുട്ടികളിലെ ഗർഭഛിദ്രം 144 ശതമാനം വർധിച്ചതായി ടൈംസ് ഓഫ് ഇന്ത്യയും, ഫസ്റ്റ് പോസ്റ്റും (2016) റിപ്പോർട്ട് ചെയ്തു. െഎക്യരാഷ്ട്ര പുറത്തുവിട്ട കണക്കുകളിലും ആശങ്കക്കിടമുണ്ട്. ഇന്ത്യയിൽ 2013ൽ ഏകദേശം 40 ലക്ഷം കൗമാരക്കാർ പ്രസവിച്ചിട്ടുണ്ട്. ഏതാണ്ട് 70,000 പെൺകുട്ടികൾ ഗർഭധാരണം, പ്രസവം എന്നിവയുമായി ബന്ധപ്പെട്ട് മരണമടഞ്ഞു. ഈ കണക്കുകൾ പറയുന്നത് പാകിസ്താൻ, ശ്രീലങ്ക എന്നീ രാജ്യങ്ങൾ നമ്മെക്കാൾ മെച്ചപ്പെട്ട നിലവാരം പുലർത്തുന്നുവെന്നാണ്.
ഇന്ത്യയിലെ പട്ടണങ്ങളിൽനിന്നുള്ള റിപ്പോർട്ടുകൾ വേറൊരു ചിത്രമാണ് കാട്ടുന്നത്. ഇവിടെ കൗമാരക്കാർ ഒരു സാംസ്കാരിക വിപ്ലവം തുടങ്ങിെവച്ചിരിക്കുന്നു. നവമാധ്യമങ്ങൾ, ലഹരിമരുന്നുകൾ, പാർട്ടിയിങ്, പോണോഗ്രഫി, സെക്സ് എന്നിവയുടെ മിശ്രിതമാണ് ആധുനിക ജീവിതം. സമപ്രായക്കാരുടെ സമ്മർദം, പോണോഗ്രഫിയുടെ സ്വാധീനം എന്നിവ ലൈംഗികതയിലെ പരീക്ഷണങ്ങളിലേക്കു അവരെ നയിക്കുന്നുണ്ടാവണം. പട്ടണങ്ങളിൽ സമ്പന്നത പ്രതിഫലിക്കുന്നത് ഉദാരവത്കരിക്കപ്പെട്ട ഇത്തരം ജീവിതരീതിയായാണ്. അതിനു യുക്തമായ പുതിയ ഭാഷാപ്രയോഗങ്ങളും പെരുമാറ്റരീതികളും വ്യാപകമായിക്കഴിഞ്ഞു. വളരെയധികം െചറുപ്പക്കാർ വിവാഹപൂർവ ലൈംഗികബന്ധങ്ങൾ തെറ്റല്ലെന്ന് കാണുന്നു. അപ്പോൾ ദാരിദ്ര്യവും വിദ്യാഭ്യാസക്കുറവും മൂലം മാത്രമല്ല കൗമാരലൈംഗികതയുടെ പ്രേരകശക്തി.
ഒരു ബംഗളൂരു പഠനമനുസരിച്ചു കുട്ടികൾ ഒമ്പതാം ക്ലാസ് എത്തുമ്പോഴേക്കും പോണോഗ്രഫി കണ്ടുതുടങ്ങും. ഫേസ്ബുക് അക്കൗണ്ട് മിക്കവാറും എല്ലാർക്കുമുണ്ട്. ശരാശരി 130 ഫേസ്ബുക് സുഹൃത്തുക്കളാണ് ഒരു കുട്ടിക്കുള്ളത്. ഇവരുമായി ആശയവിനിമയം ചെയ്യാൻ രണ്ടോ അതിലധികമോ മണിക്കൂറുകൾ വേണം ഇത് പലപ്പോഴായി കണ്ടെത്തേണ്ട സമയമായതിനാൽ സ്കൂൾ പ്രവർത്തനത്തെയും പഠനത്തെയും ബാധിക്കാം. ആൺകുട്ടികൾ അവരുടെ മാംസപേശികളും (6 -പാക്ക് അബ്ഡൊമെൻ), പെൺകുട്ടികൾ ശരീരവടിവും തത്സമയ അപ്ഡേറ്റ് ആയി ഫേസ്ബുക്കിലെത്തിക്കും. ബോംബെ ഐ.ഐ.ടി 2016 പുറത്തുവിട്ട പഠനവും ശ്രദ്ധ ആവശ്യപ്പെടുന്നു. പുതുതായി ചേർന്ന വിദ്യാർഥികളിൽ നടത്തിയ സർവേയിൽ കണ്ടത് 95 ശതമാനം പേരും അതുവരെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലെന്നാണ്. 30 ശതമാനം പേർക്ക് പ്രണയബന്ധമുണ്ടായിരുന്നു. എന്നാൽ, 875 പുതിയ വിദ്യാർഥികളിൽ 254 പേർ മാത്രമേ സർവേയിൽ പങ്കെടുത്തുള്ളൂ. അത് പഠനഫലത്തെ സ്വാധീനിച്ചിരിക്കാമോ എന്ന ചോദ്യം നിലനിൽക്കുന്നു.
ഇന്ത്യയിൽ കൗമാരപ്രായത്തിൽത്തന്നെ കുട്ടികൾ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ സാധ്യതയുണ്ട് എന്നതിൽ തർക്കമില്ല. പരക്കെ വിശ്വസിക്കുമ്പോലെ കൗമാര വിവാഹവുമായി മാത്രമല്ല ലൈംഗികത ബന്ധപ്പെട്ടിരിക്കുന്നത്. പട്ടണങ്ങളിലെ ഭൗതിക സാഹചര്യങ്ങൾ വേറിട്ട പരീക്ഷണങ്ങൾക്കും, അടുത്തിടപെടലിനും സാധ്യതയൊരുക്കുന്നതിനാൽ വ്യത്യസ്തമായ ആൺ-പെൺ ബന്ധങ്ങൾ വളർന്നുവരുന്നു. സാമൂഹികാരോഗ്യത്തെ ബാധിക്കുന്ന പ്രശ്നമായിട്ടും, ഗവേഷകർ ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ പതിപ്പിച്ചിട്ടില്ല. ഗവേഷകർ അവരുടെ വ്യക്തിഗത നിലപാടുകൾക്കൊത്താണ് പ്രശ്നത്തെ കാണാൻ ശ്രമിച്ചിട്ടുള്ളത്. തന്മൂലം പട്ടണങ്ങളിലെ സാമൂഹിക മാറ്റം പലരും കാണാതെപോയി. പലപ്പോഴും കൗമാരഗർഭധാരണം കുട്ടികളെ പീഡിപ്പിക്കുന്നതിെൻറ തെളിവായി സങ്കൽപിക്കപ്പെടുന്നു. പലപ്പോഴുമിത് പരസ്പരസമ്മതത്തോടെ നടക്കുന്നതാണ്; പ്രത്യേകിച്ച്, പങ്കാളികൾ സമാനപ്രായക്കാർ ആകുമ്പോൾ. പെൺകുട്ടി പങ്കാളിയായ ആൺ്കുട്ടിയുമായി പ്രണയത്തിലാണെങ്കിൽ ജനിക്കുന്ന ശിശുവിനെ ദത്തുകൊടുക്കുന്നതും, ശ്രദ്ധിക്കാതിരിക്കുന്നതും മാതാവിെൻറ മാനസിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.
കൗമാരക്കാരിലെ ഗർഭാവസ്ഥ ഗൗരവതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കും. ഗർഭം തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ തന്നെ വളരെ വൈകും. അതിനാൽ, സുരക്ഷിതമായ ഗർഭഛിദ്രം സാധ്യമാകാതെ വരും. ഇത് പെൺകുട്ടിക്ക് ശാരീരികവും മാനസികവുമായ വ്യഥ ഉണ്ടാക്കാൻ പോന്നതാണ്. പ്രസവിക്കേണ്ടിവന്നാൽ കുട്ടിയെ അനാഥാലയത്തിലോ ദത്തെടുക്കലിനോ നൽകാം എന്ന് നിസ്സാരമായി തീരുമാനിക്കുകയാണ് മാതാപിതാക്കൾ ചെയ്യുന്നത്. ഈ തീരുമാനം കൗമാരക്കാരിയായ മാതാവിൽ സൃഷ്ടിക്കുന്ന മാനസിക സമ്മർദം കാണാതെപോകരുത്.
കൗമാരക്കാരിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന് ലോകാേരാഗ്യസംഘടനയുടെ 2011ലെ റിപ്പോർട്ട് ആഹ്വാനം ചെയ്യുന്നു. ഒന്ന്, ബാല്യകാലം മുതൽ അവരുടെ മാനസികാരോഗ്യം നിർണയിക്കുകയും പോരായ്മകൾ പരിഹരിക്കുകയും അതുവഴി ആരോഗ്യമുള്ള കൗമാരക്കാരെ വാർത്തെടുക്കുകയും ചെയ്യുക. രണ്ട്, എല്ലാ കൗമാരക്കാർക്കും ലൈംഗികത, ലൈംഗികാരോഗ്യം എന്നിവയെ കുറിച്ചു വേണ്ടത്ര അറിവ് പകരുക മൂന്ന്, കൗമാര ഗർഭധാരണത്തിൽ അടങ്ങിയ വിവിധ ഘടകങ്ങൾ കണ്ടെത്തുകയും സാമൂഹികവുംസാമ്പത്തികവും നിയമപരവുമായ എല്ലാ ചുവടുകളും ആരംഭിക്കുക. ചുരുക്കത്തിൽ, കൗമാര ലൈംഗികത മറ്റുപല സാമൂഹിക സാംസ്കാരിക പെരുമാറ്റ രീതികളുമായി ബന്ധപ്പെട്ടുകിടക്കുന്നു. നാട്ടിലെ പ്രശ്നത്തിൻെറ വ്യാപ്തി അറിയാൻ തന്നെ കൂടുതൽ പഠനങ്ങൾ ആവശ്യമായി വന്നിരിക്കുന്നു. വിവിധ വിഷയങ്ങളിലെ വിദഗ്ധർ ഒത്തുചേർന്നാലേ പ്രശ്നപരിഹാരത്തിന് സാധ്യത തെളിയൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.