അടിമത്തം വരിക്കുന്ന മാധ്യമങ്ങള്‍

ഇന്ന് മേയ് 3, ലോക സ്വാതന്ത്ര്യ ദിനം. സാര്‍വലൗകിക മനുഷ്യാവകാശ പ്രഖ്യാപനത്തില്‍ ഉല്ലേഖനം ചെയ്തിട്ടുള്ള അഭിപ്രായ-ആവിഷ്കാര സ്വാതന്ത്ര്യങ്ങള്‍ മാനിക്കാനുള്ള കടമയെക്കുറിച്ച് ഭരണകൂടങ്ങളെ ഓർമിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 26 കൊല്ലം മുമ്പ് യു.എന്‍ ജനറല്‍ അസംബ്ലി ഈ ദിവസം പത്രസ്വാതന്ത്യ്ര ദിനമായി ആഘോഷിക്കാന്‍ നിർദേശിച്ചത്. ആഫ്രിക്കന്‍ പത്രപ്രവര്‍ത്തകര്‍ 1991ല്‍ നമീബിയയുടെ തലസ്ഥാനമായ വിന്‍ഡ്ഹോക്കില്‍ പത്രസ്വാതന്ത്ര്യ തത്ത്വങ്ങള്‍ അടങ്ങുന്ന ഒരു പ്രഖ്യാപനം നടത്തിയതി​​െൻറ വാര്‍ഷികമെന്ന നിലയിലാണ് ഈ ദിവസം അതിനായി തിരഞ്ഞെടുത്തത്.
‘ജനാധിപത്യത്തിന്​ മാധ്യമങ്ങള്‍: വ്യാജവാര്‍ത്തയുടെ കാലത്ത് പത്രപ്രവര്‍ത്തനവും തെരഞ്ഞെടുപ്പുകളും’ ആണ് ഇക്കൊല്ലത്തെ ആഘോഷങ്ങള്‍ക്ക് യു.എന്‍ നിർദേശിച്ചിട്ടുള്ള വിഷയം. ഇന്ത്യയിലെ ഇന്നത്തെ സാഹചര്യങ്ങളില്‍ ഈ വിഷയത്തിന്​ ഏറെ പ്രസക്തിയുണ്ട്. പത്രപ്രവര്‍ത്തനത്തെ സംരക്ഷിക്കേണ്ടതി​​െൻറ ആവശ്യകതയെക്കുറിച്ച് അവബോധം സൃഷ്​ടിക്കാന്‍ ഈ ആഘോഷവേള ഉപയോഗപ്പെടുത്താന്‍ യുനെസ്കോയും ആഹ്വാനം ചെയ്തിട്ടുണ്ട്. നമ്മുടെ മാധ്യമ സംഘടനകളും സ്ഥാപനങ്ങളും ഇതൊക്കെ ഗൗരവത്തോടെ കാണുന്നുണ്ടോ എന്ന് സംശയമാണ്.

‘റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ്’ എന്ന അന്താരാഷ്‌ട്ര സംഘടനയുടെ ലോക പത്രസ്വാതന്ത്യ സൂചികയില്‍ 2018ല്‍ ഇന്ത്യ 180 രാജ്യങ്ങളുടെ പട്ടികയില്‍ 138ാം സ്ഥാനത്തായിരുന്നു. ഇക്കൊല്ലം രണ്ടു പടി താണ് 140ാം സ്ഥാനത്തായെന്നുള്ളത് നമ്മുടെ രാജ്യത്ത് പത്രസ്വാതന്ത്ര്യം ചുരുങ്ങുകയാണെന്നു കാണിക്കുന്നു. ലോകമൊട്ടുക്ക് റിപ്പോര്‍ട്ടര്‍മാര്‍ക്കെതിരെ ആക്രമണങ്ങള്‍ നടക്കുന്നതായും പത്രപ്രവര്‍ത്തകര്‍ക്ക് ഭീതി കൂടാതെ, പൂർണ സുരക്ഷിതത്വത്തോടെ പ്രവർത്തിക്കാനാകുന്ന രാജ്യങ്ങളുടെ എണ്ണം താഴുന്നതായും സംഘടന വിലയിരുത്തുന്നു. ഇന്ത്യയില്‍ പത്രപ്രവർത്തകര്‍ക്കെതിരെ അക്രമം കാട്ടുന്നവരില്‍ പൊലീസും മാവോവാദികളും ക്രിമിനല്‍ സംഘങ്ങളും അഴിമതിക്കാരായ രാഷ്​ട്രീയക്കാരും ഉള്‍പ്പെടുന്നതായി അത് ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ വർഷം ഇന്ത്യയില്‍ ആറു പത്രപ്രവർത്തകരെങ്കിലും തൊഴിലുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ കൊല്ലപ്പെട്ടു. ഭാഷാ മാധ്യമങ്ങള്‍ക്കുവേണ്ടി ഗ്രാമീണ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണ് സാധാരണയായി കൊല്ലപ്പെടുന്നത്. കാരണം, അവരാണ് നഗരങ്ങളിലെ വലിയ ഇംഗ്ലീഷ് പത്രങ്ങളേക്കാള്‍ സ്ഥാപിത താല്‍പര്യങ്ങളെ അലോസരപ്പെടുത്തുന്നത്.

തെരഞ്ഞെടുപ്പിനു മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്താങ്ങുന്നവരില്‍നിന്നുള്ള ആക്രമണങ്ങള്‍ വർധിച്ചതായി റിപ്പോർ​േട്ടഴ്​സ്​ വിത്തൗട്ട് ബോർഡേഴ്സ് വെളിപ്പെടുത്തുന്നു. അവരു​െട ആശയങ്ങളെ എതിര്‍ക്കുന്നവര്‍ സമൂഹ മാധ്യമങ്ങളില്‍ സംഘടിത ആക്രമണങ്ങള്‍ക്ക് വിധേയരാവുകയും വധഭീഷണി നേരിടുകയും ചെയ്യുന്നു. സ്ത്രീകളെ ലക്ഷ്യമിടുമ്പോള്‍ ആക്രമണം കൂടുതല്‍ രൂക്ഷമാകുന്നു. ചിലപ്പോള്‍ പത്രപ്രവര്‍ത്തകരെ നിശ്ശബ്​ദരാക്കാനായി അവര്‍ക്കെതിരെ ജീവപര്യന്തം തടവ്‌ നല്‍കാവുന്ന രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കുന്നു. ഇത്തരത്തിലുള്ള നടപടിയുണ്ടാകുമെന്ന ഭയംമൂലം പത്രപ്രവർത്തകര്‍ സ്വയം നിയന്ത്രിക്കുന്നു.

പത്രസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ നാം സാധാരണയായി കേള്‍ക്കുന്നത് ഭരണകൂടങ്ങളില്‍നിന്നും മറ്റു സംഘടിത വിഭാഗങ്ങളില്‍നിന്നുമുള്ള ആക്രമണങ്ങളെയും ഭീഷണികളെയും കുറിച്ചാണ്. എന്നാല്‍, മാധ്യമ സ്വാതന്ത്ര്യത്തെ അപകടപ്പെടുത്തുന്നത് പുറത്തുള്ളവര്‍ മാത്രമല്ല. മാധ്യമങ്ങള്‍ക്കുള്ളില്‍നിന്നും സ്വാതന്ത്ര്യത്തെ അപകടപ്പെടുത്തുന്ന പ്രവർത്തനങ്ങളുണ്ടാകാം. ഇത് ആദ്യമായി ചൂണ്ടിക്കാണിച്ചത് 60ല്‍പരം കൊല്ലം മുമ്പ് അമേരിക്കന്‍ സാഹചര്യങ്ങളില്‍ ഈ വിഷയം പഠിച്ച ഹച്ചിന്‍സ് കമീഷനാണ്‌. ഇന്ത്യയിലെ മാധ്യമങ്ങള്‍, പ്രത്യേകിച്ച് ദൃശ്യമാധ്യമങ്ങള്‍, ആ നിരീക്ഷണം നിത്യവും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഭയപ്പാടുകൊണ്ടോ പ്രലോഭനങ്ങള്‍ക്ക് വശംവദരായോ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള തങ്ങളുടെ അവകാശം പണയപ്പെടുത്തുന്ന ഓരോ മാധ്യമ ഉടമയും ഓരോ മാധ്യമ പ്രവർത്തകനും മാധ്യമ സ്വാതന്ത്ര്യത്തെ അപകടപ്പെടുത്തുകയാണ്.

അടിയന്തരാവസ്ഥ പോലുള്ള അസാധാരണ നടപടികള്‍ കൂടാതെത്തന്നെ മുഖ്യധാരാ മാധ്യമങ്ങളിലേറെയും അടിമത്തം വരിക്കുകയും മാധ്യമ പ്രവര്‍ത്തകര്‍ തങ്ങളുടെ ചങ്ങലയെ സ്നേഹിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടമാണിത്. എന്നിട്ടും ഒരു പ്രസ് കോൺഫറന്‍സ് നടത്താനുള്ള ധൈര്യം ഭരണാധികാരിക്കില്ലെന്നത് ശ്രദ്ധ അര്‍ഹിക്കുന്നു. മാധ്യമങ്ങള്‍ സ്വാതന്ത്ര്യം ഉപയോഗിക്കാന്‍ അശക്തരാകുമ്പോഴും അധികാരകേന്ദ്രങ്ങള്‍ മാധ്യമ സ്വാതന്ത്ര്യം എന്ന ആശയത്തെ ഭയപ്പെടുന്നു എന്നാണ്​ ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത്.

മാധ്യമ സ്വാതന്ത്ര്യം, അറിയാനുള്ള ജനങ്ങളുടെ അവകാശത്തി​​െൻറ ഭാഗമാണ്. അതിനാല്‍, മാധ്യമങ്ങളുടെ പ്രവര്‍ത്തനം സമൂഹ താൽപര്യങ്ങള്‍ക്ക് വിരുദ്ധമാകുമ്പോള്‍ ഇടപെട്ട് തിരുത്താനുള്ള അവകാശം വായനക്കാരും പ്രേക്ഷകരുമായ ജനങ്ങള്‍ക്കുണ്ട്. മാധ്യമ സ്വാതന്ത്ര്യം അപകടത്തിലാകുമ്പോള്‍ അത് സംരക്ഷിക്കാനുള്ള ചുമതലയും പൊതുസമൂഹത്തിനുണ്ട്. ജനങ്ങള്‍ മാധ്യമങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തുന്നെങ്കില്‍ തങ്ങളുടെ താൽപര്യങ്ങള്‍ക്ക് അനുസൃതമായല്ല അവ പ്രവര്‍ത്തിക്കുന്നതെന്ന് അവര്‍ വിശ്വസിക്കുന്നു എന്നാണർഥം.

Tags:    
News Summary - Slavery In Media - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.