നാമെല്ലാം ആഗ്രഹിക്കുന്നത് ദീർഘവും ആരോഗ്യകരവുമായ ജീവിതവും യാതനയില്ലാത്ത മരണവുമാണ്. മറ്റു സൂചനകളില്ലാതെ ആകസ ്മികമായി സംഭവിക്കുന്ന മരണങ്ങളെ സുഖകരമായ മരണം എന്ന് കാണാൻ സമൂഹം ഇഷ്ടപ്പെടുന്നു. ഇത്തരം മരണസാധ്യതകളെക്കുറിച ്ച് ഇന്ത്യയിൽ വിശദമായ പഠനങ്ങൾ ലഭ്യമല്ല. സാധാരണ മരണങ്ങൾ സംഭവിക്കുന്ന രീതി, അതിൽ ഉൾക്കൊള്ളുന്ന സമയദൈർഘ്യം, ചികി ത്സരീതികൾ തുടങ്ങിയ ഘടകങ്ങൾ പഠിക്കുന്നത് ആവശ്യമാണ്. മുൻധാരണകൾ തിരുത്താനും മെച്ചപ്പെട്ട തയാറെടുപ്പുകൾ നടത്താ നും ചെലവുകൾക്ക് വകകൊള്ളിക്കാനും ഒക്കെ ഇത്തരം അറിവുകൾ സഹായിക്കുന്നു.
ലൂയിസ്, ലീൻ, നാനാവതി എന്നിവർ ഉത്തര കര ോലൈനയിൽ നടത്തിയ 2016ലെ പഠനം ചില സൂചനകൾ നൽകുന്നുണ്ട്. 64 വയസ്സുവരെയുള്ളവരിൽ നടത്തിയ പഠനത്തിൽ, ലക്ഷത്തിൽ 32.1 പേർ ആകസ്മ ികമായി മരിക്കുന്നുവെന്നു കണ്ടെത്തി. മൊത്തത്തിൽ മരണങ്ങൾ പരിഗണിച്ചാൽ 10 ശതമാനം മരണങ്ങൾ മാത്രമേ പൊടുന്നനെ സംഭവിക ്കുന്നുള്ളൂ. നമ്മുടെ സമൂഹത്തിലും മറിച്ചാവാനിടയില്ല. ഉദ്ദേശം 80 ശതമാനത്തിലധികം മരണങ്ങളും ദിവസങ്ങളോ ആഴ്ചകളോ നീള ുന്ന രോഗഗ്രസ്ഥതക്കു തുടർച്ചയായി സംഭവിക്കുന്നു.
ഈ അവസ്ഥ പഠിക്കാനും നിയന്ത്രിക്കാനും വികസിത രാജ്യങ്ങളിൽ ശ ്രമംനടക്കുന്നുണ്ട്. ഹാൾ, ലെവൻറ്റ് എന്നിവർ (2013) നടത്തിയ പഠനത്തിൽ പുതിയ അറിവുകൾ ധാരാളമുണ്ട്. പഠനം നടന്ന 2000-2010 കാലഘട് ടത്തിൽ ആശുപത്രിമരണങ്ങളിൽ കുറവുണ്ടായെങ്കിലും അണുബാധ മൂലമുണ്ടായ മരണത്തിൽ 17 ശതമാനം വർധനയുണ്ടായി. ആശുപത്രിവാസം നീണ്ടുപോകുന്നത് അണുബാധക്കുള്ള സാധ്യത വർധിപ്പിക്കുന്നു. ഉദ്ദേശം 25 ശതമാനം മരണങ്ങൾ സംഭവിച്ചത് 85നുമേൽ പ്രായമുള്ളവരിൽ ആയിരുന്നു; 65നുമേൽ പ്രായമുള്ളവർ പരിഗണിച്ചാൽ ഇത് 75 ശതമാനം ആകുന്നു. ആശുപത്രിയിൽ കഴിയുന്നവരെ പരിഗണിച്ചാൽ മരിച്ചവർ കൂടുതൽ നാൾ ആശുപത്രിയിൽ വസിച്ചുവെന്നും കാണാം. ഇത്തരം പഠനങ്ങൾ ആശുപത്രിവാസം പരിമിതപ്പെടുത്താനും ആശുപത്രിക്കുള്ളിൽ മരണനിരക്ക് നിയന്ത്രിക്കാനും വേണ്ട ശ്രമംതുടങ്ങാൻ വളരെ സഹായിക്കുന്നുണ്ട്.
ആശുപത്രിയിൽ പ്രവേശിപ്പിക്കാനുള്ള കാരണങ്ങൾ, രോഗവിവരങ്ങൾ, ആശുപത്രിവാസത്തിെൻറ കാലദൈർഘ്യം, മരണകാരണങ്ങൾ എന്നിവ രജിസ്ട്രി സംവിധാനത്തിലൂടെ തുടർച്ചയായി രേഖപ്പെടുത്തുകയാണ് വേണ്ടത്. ഇത്തരം സംവിധാനം മാത്രമേ രോഗങ്ങളും ആശുപത്രി മരണങ്ങളും തമ്മിൽ നിലനിൽക്കുന്ന സങ്കീർണമായ ബന്ധങ്ങളുടെ ചുരുളഴിക്കാൻ സഹായിക്കൂ. സർക്കാർ, സ്വകാര്യ മേഖല എന്ന വ്യത്യാസമില്ലാതെ രജിസ്ട്രി സ്ഥാപിക്കേണ്ടതും ആവശ്യമായിരിക്കുന്നു. അനിയന്ത്രിതമായി കുതിക്കുന്ന മരണപൂർവ ചികിത്സയുടെ ചെലവ് നിയന്ത്രിക്കാൻ സുതാര്യമായ മറ്റു മാർഗങ്ങൾ ഇപ്പോഴില്ല.
ആശുപത്രി മരണങ്ങളുമായി ബന്ധപ്പെട്ടു കേൾക്കുന്ന വ്യാപകമായ പരാതി ബില്ലിനെ കുറിച്ചുതന്നെ. മരണപ്പെട്ട വ്യക്തിക്കായി ചെലവാക്കേണ്ടിവന്ന തുക കൂടുതലായി പലരും കരുതുന്നുണ്ട് എന്നു വ്യക്തം. കൃത്യമായ കണക്കുകളില്ലാതെ ഇതേക്കുറിച്ചു പറയുക പ്രയാസമാണ്. ഇത് പഠിക്കേണ്ട ആവശ്യകത സൂചിപ്പിക്കുന്ന വിവരങ്ങൾ നമുക്ക് ലഭിക്കുന്നുമുണ്ട്. പണം ചെലവാക്കേണ്ടിവരുകയും ചികിത്സ തുടങ്ങി ദിവസങ്ങൾക്കുശേഷം രോഗി മരിക്കുകയും ചെയ്താൽ ബിൽ തുക അധികമാണെന്ന തോന്നലുണ്ടാകാം. അമ്മാതിരി പരിഗണനകൾ ഇല്ലാതെതന്നെ ബിൽ തുക വലുതാകുമ്പോൾ, രോഗവിവരങ്ങളും ചികിത്സച്ചെലവുകളും രോഗിയുടെ ഉത്തരവാദപ്പെട്ട ബന്ധുക്കളുമായി മുൻകൂട്ടി ചർച്ചചെയ്ത് മുന്നോട്ടുപോകേണ്ടതാണ്. ഇതിനു വ്യക്തമായ കാരണമുണ്ട്. നാം പണം ചെലവാക്കുന്നത് ചില പൊതുധാരണകളെ അടിസ്ഥാനപ്പെടുത്തിയാണ്. വാങ്ങാനുള്ള സന്നദ്ധത (Willingness To Pay) എന്ന സങ്കൽപമാണ് ഇതിെൻറ അടിത്തറ. ഒരു വസ്തുവോ സേവനമോ കരസ്ഥമാക്കാൻ എത്രയധികം പണം കൊടുക്കാൻ നാം തയാറാകുന്നു എന്നതാണ് കണ്ടെത്താൻ ശ്രമിക്കുന്നത്. കൊടുക്കാൻ തയാറാകുന്നതിൽ അൽപമെങ്കിലും അധികമായാൽ നാം ആ വസ്‌തുവോ സേവനമോ വേണ്ടെന്നുവെക്കും. നാം വാങ്ങാനുദ്ദേശിക്കുന്ന സേവനത്തിെൻറ പരിണതഫലം നന്നെങ്കിൽ വില അൽപം അധികമായാലും നമുക്ക് താൽപര്യമേറും. പാക്കേജ് ചെയ്ത വെള്ളം, ജ്യൂസ് എന്നിവ ചെറിയ കടകളിൽ കൊടുക്കുന്ന വിലയെക്കാളധികം നൽകി മുന്തിയ ഹോട്ടലിൽനിന്ന് വാങ്ങുന്നതിൽ അസ്വാഭാവികത കാണാത്തത് അതിനാലാണ്. ആശുപത്രികളിലും തീവ്രപരിചരണ വിഭാഗങ്ങളിലും പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ ബില്ലിങ് പ്രക്രിയയിൽ അവരുടെ വാങ്ങാനുള്ള സന്നദ്ധത എന്ന ഘടകമാണ് പ്രശ്നത്തിലേക്ക് നയിക്കുന്നത്.
അമിതമെന്ന തോന്നലുളവാക്കുന്ന ബിൽ അടച്ചുതീർക്കേണ്ടി വരുന്നത് രോഗി മരിച്ചുകഴിഞ്ഞാൽ സംഘർഷത്തിന് വഴിയൊരുക്കും. അതിനാലാണ് ഈ വിഷയത്തിൽ പഠനങ്ങളും മേൽനോട്ടവും അത്യാവശ്യമായി മാറുന്നത്. സാമാന്യം ഭേദപ്പെട്ട ഒരു പഠനം 2016ൽ പീറ്റർ, തോമസ്, ജയശീലൻ എന്നിവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തീവ്രപരിചരണത്തിെൻറ വിലയും വാങ്ങാനുള്ള സന്നദ്ധതയും ഉൾെപ്പടെചില ഘടകങ്ങളാണ് പഠനം ലക്ഷ്യമിട്ടത്. സ്വകാര്യ മേഖലയിൽ തൃതീയതലത്തിൽ പ്രവർത്തിക്കുന്ന സ്പെഷലിസ്റ്റ് ആശുപത്രിയിലെ ചെലവുകളാണ് പഠനവിഷയം. തീവ്രപരിചരണത്തിനെത്തിയ രോഗികളിൽ 26 ശതമാനം പേരും അണുബാധയുള്ളവരായിരുന്നു. 86 ശതമാനം പേർക്കും വെൻറിലേറ്റർ ചികിത്സ ആവശ്യമായിവന്നു. ശരാശരി ഐ.സി.യു വാസം 7.8 ദിവസവും. 1,97,260 രൂപയായിരുന്നു ശരാശരി ചികിത്സച്ചെലവ്. കോർപറേറ്റ് ആശുപത്രികളിൽ ബിൽ തുക ഇതിലുമധികം ആയിരിക്കും. വാങ്ങാനുള്ള സന്നദ്ധത ബിൽ തുകയുടെ 53 ശതമാനം മാത്രമായിരുന്നു എന്നത് ശ്രദ്ധേയമാണ്. എങ്കിലും രോഗികൾ ബിൽ തുകയുടെ 67.7 ശതമാനം വരെ അടച്ചുതീർക്കാൻ തയാറായി. ഇതിനർഥം പലപ്പോഴും 33 ശതമാനം വരെ ഏതെങ്കിലും രീതിയിൽ സബ്‌സിഡി ലഭിച്ചാൽ മാത്രമേ ബിൽ അടക്കൽ നടക്കൂവെന്നാണ്. ഐ.സി.യു രോഗികളിൽ മൂന്നിലൊന്നോളം പേർ മരിക്കുന്നു എന്നതും, സ്വകാര്യ ആശുപത്രി ബില്ല് സാധാരണക്കാരുടെ കഴിവിനപ്പുറം പോകുന്നുവെന്നതും ഇതോടൊപ്പം ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾതന്നെ.
ഗുരുതര രോഗങ്ങളുമായി തീവ്രപരിചരണ വിഭാഗത്തിൽ എത്തപ്പെടുന്നവരിൽ മരണനിരക്ക് ഏറിയിരിക്കും എന്നതിൽ സംശയം വേണ്ട. അതിൽ ഗണ്യമായ ഭാഗം രോഗികളും അണുബാധ മൂലമാണ് മരിക്കുന്നത്. വെൻറിലേറ്ററിൽ ഉള്ളവർ, വിവിധ ശസ്ത്രക്രിയക്ക് വിധേയരായവർ എന്നിവർക്കൊക്കെ അധികം റിസ്ക് ഉണ്ടാവും. എന്നാൽ, ഈ നൂറ്റാണ്ടിൽ ഉണ്ടായിരിക്കുന്ന പ്രശ്നം വ്യത്യസ്തമായ അണുബാധയാണ്. ചില ബാക്ടീരിയകൾ ഇന്നുപയോഗിക്കുന്ന മരുന്നുകൾ ചെറുക്കാൻ ശക്തിയാർജിച്ചിട്ടുണ്ട്. ഇതിനു കാരണമായി പറഞ്ഞിരുന്നത് രോഗികൾ ഐ.സി.യുവിൽ കൊണ്ടെത്തിക്കുന്ന രോഗാണുക്കൾ അവിടെ തങ്ങിനിൽക്കുന്നുവെന്നതും അതിവ്യാപ്തിയുള്ള ആൻറിബയോട്ടിക്കുകൾ എല്ലാ രോഗികൾക്കും നൽകിയിരുന്നു എന്നതുമാണ്. ഇങ്ങനെ സംഭവിച്ചാൽ ചികിത്സച്ചെലവ് ഗണ്യമായി വർധിക്കും. കഴിഞ്ഞ ദശകത്തിലെ കണക്കനുസരിച്ചു വികസിത രാജ്യങ്ങളിലിത് 5000 മുതൽ 30,000 ഡോളർ വരെ അധിക ഭാരം ഏൽപിക്കുന്നു.
ഇത് ഇന്ത്യയിലും കേരളത്തിലും പ്രശ്നമുണ്ടാക്കുന്ന കാര്യമാണെന്നതിൽ തർക്കമില്ല. ബാനർജി, മിശ്ര, എന്നിവർ (2018) പ്രസിദ്ധീകരിച്ച പ്രബന്ധം ഐ.സി യൂനിറ്റുകളിൽ തങ്ങിനിൽക്കുന്ന അസിനെറ്റോബാക്ടർ എന്ന രോഗാണു പഠനവിഷയമാക്കി. ഈ ബാക്ടീരിയ നാം ഇന്നുപയോഗിക്കുന്ന മിക്കവാറും വീര്യമേറിയ എല്ലാ രോഗാണുവിനെയും ചെറുക്കാൻ ത്രാണി നേടിക്കഴിഞ്ഞു. ആശുപത്രി മുഖാന്തരം ശരീരത്തിൽ എത്തപ്പെടുന്ന അണുബാധ സൃഷ്ടിക്കുന്ന അവസ്ഥ ആശങ്കയുളവാക്കുന്നു എന്നാണ് ഗവേഷകർ പറയുന്നത്. പ്രത്യേക ശ്രദ്ധയും നിരന്തര ശുഷ്കാന്തിയും ഫലപ്രദമല്ലെങ്കിൽ ആൻറിബയോട്ടിക്കുകളെ ചെറുക്കുന്ന മാരകമായ ബാക്ടീരിയകൾ ഐ.സി യൂനിറ്റിൽ പെരുകുകയും ക്രമേണ രോഗികളുടെ മരണനിരക്ക് കൂടുതലാകുകയും ചെയ്യും.
അപ്പോൾ ചോദ്യമിതാണ്. ഇത്തരം ബാക്ടീരിയ മൂലം ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് അണുബാധയുണ്ടാവുകയും ചികിത്സച്ചെലവ് വർധിക്കുകയും ചെയ്താൽ ആ അധികച്ചെലവ് വഹിക്കാനുള്ള ഉത്തരവാദിത്തം ആർക്കൊക്കെയുണ്ടാവണം? ആശുപത്രിയിൽനിന്ന് ലഭിച്ച രോഗാണു സൃഷ്ടിക്കുന്ന ശാരീരികപ്രശ്നങ്ങൾക്ക് പൂർണ ഉത്തരവാദി രോഗിയാണോ? മറ്റു ഏജൻസികൾ കൂടി ഉത്തരവാദിത്തം പങ്കിടുന്നില്ലേ? അവിടെയാണ് ഐ.സി.യു ചികിത്സയുടെ ബില്ലിങ് ചട്ടങ്ങൾ സുതാര്യമാകേണ്ടതും കൂടുതൽ നിഷ്പക്ഷ ഏജൻസികൾ മേൽനോട്ടം നൽകേണ്ടതും.
ഗുരുതര രോഗങ്ങളുമായി ആശുപത്രിയിലും ഐ.സി.യുവിലും കഴിഞ്ഞു മരണപ്പെടുന്ന രോഗികളുടെ ചികിത്സയും ബില്ലിങ്ങും സുതാര്യമാക്കുന്നതിനു മാർഗനിർദേശങ്ങൾ ഉണ്ടാവേണ്ട സമയം എത്തിയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.