ദുബൈയിൽ നിന്ന് ചില സാമൂഹിക പാഠങ്ങൾ

ചിലരുണ്ട്, അവർക്ക് എല്ലാം കുട്ടിക്കളിയാണ്. താൽക്കാലിക രസം, അതിനുവേണ്ടി എന്തും ചെയ്യും. ചെയ്യുന്ന കാര്യങ്ങൾ നാലു പേരെ അറിയിക്കുകയും വേണം. എങ്കിലേ അവർക്ക് സമാധാനമാകൂ. അത്തരക്കാർ തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ കയറി നിരങ്ങുന്നതും. മാടമ്പി സംസ്കാരത്തി​െൻറ നെറികേടുകൾ ആവിഷ്കരിക്കാൻ സമൂഹ മാധ്യമങ്ങളെ അവർ ദുരുപയോഗം ചെയ്യുന്നു. മൊബൈൽ കാമറയിൽ പകർത്തുന്ന ഏതൊരു ദൃശ്യവും നേരെ ഫേസ്ബുക്കിലേക്കും യൂട്യൂബിലേക്കും വിക്ഷേപിക്കുകയാണ്. ഔചിത്യവും വിവേകവുമൊന്നും ഇവർക്ക് പറഞ്ഞതല്ല.

ദുബൈ വാക്കിൽ വണ്ടിയിൽ അഭ്യാസം നടത്തി ആളുകളിൽ ഭീതി പടർത്തിയ സ്വദേശി പൗരൻ ചെയ്തതും മറ്റൊന്നല്ല. അഭ്യാസം അപ്പടി സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്യാനും അയാൾ മറന്നില്ല. പുള്ളിക്ക് ഇതൊരു ഒരു ത്രില്ലൻ അനുഭവം. എന്നാൽ, അഭ്യാസം കണ്ടു വിരണ്ട കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവർ വഴിമാറി ഓടുകയായിരുന്നു. മറ്റൊരു സ്വദേശി പൗരൻ കുറേക്കൂടി മുന്നോട്ടുപോയി. ആളുകളോടല്ല, ഒരു പൂച്ചയോടായിരുന്നു അയാളുടെ ക്രൂരത. ജീവനോടെ പൂച്ചയെ നായ്ക്കൾക്ക് ഭക്ഷണമായി നൽകി. ഫാമിലെ കോഴികളെയും പ്രാവിനെയും പിടിച്ച പൂച്ചക്കുള്ള ശിക്ഷയായിരുന്നു, അതിനെ ജീവനോടെ നായ്ക്കുട്ടിക്ക് എറിഞ്ഞുകൊടുക്കൽ. രണ്ടും സംഭവിച്ചത് ദുബൈയിൽ അടുത്തിടെ. ഒറ്റനോട്ടത്തിൽ അത്ര വലിയ കുറ്റമൊന്നുമല്ല ഇവ രണ്ടും. മാത്രവുമല്ല, സമൂഹ മാധ്യമങ്ങളിൽ ആ രണ്ട് ദൃശ്യങ്ങൾക്കു താഴെ ലൈക്ക് ചെയ്യാൻ നിരവധി പേരാണ് വന്നതും.

എന്നാൽ, ജനങ്ങളോടും മൃഗങ്ങളോടും അലിവ് സൂക്ഷിക്കുന്ന ഭരണസംവിധാനം ഉണർന്നു. അവർക്ക് ഇവ രണ്ടും അത്ര ചെറിയ പാതകമായി തോന്നിയില്ല. പൊതുസ്ഥലത്ത് വാഹനത്തിൽ അഭ്യാസം കാണിക്കുന്നവനും പൂച്ചയെ ജീവനോടെ നായ്ക്കൾക്ക് നൽകിയവനും വലിയ അപരാധം തന്നെയാണ് ചെയ്തതെന്ന് ദുബൈ ഭരണാധികാരി വിധിയെഴുതി. ഒരുകൂട്ടം നല്ല മനുഷ്യർ എതിർപ്പുമായി രംഗത്തുവന്നപ്പോൾ അതംഗീകരിക്കുകയായിരുന്നു ദുബൈ ഭരണാധികാരി. ശിക്ഷ വിധിയിലും ഉണ്ടായിരുന്നു വ്യത്യസ്തത. ആദ്യത്തെ സംഭവത്തിൽ വാഹനം ഓടിച്ചയാളും കൂടെയുണ്ടായിരുന്നവരും നിശ്ചിത കാലം റോഡ് വൃത്തിയാക്കണം. പൂച്ചയോട് ക്രൂരത പ്രവർത്തിച്ച ആളാകട്ടെ, മൂന്ന് മാസം ദുബൈയിലെ മൃഗശാലകൾ വൃത്തിയാക്കണം. യു.എ.ഇ സ്വദേശിയും ഏഷ്യക്കാരായ രണ്ട് സഹായികളുമാണ് ഈ കേസിലെ പ്രതികൾ. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമി​െൻറതാണ് ഈ വേറിട്ട ഉത്തരവ്. രാജ്യത്തെ നിയമപ്രകാരം തടവ് ഉൾപ്പെടെയുള്ള ശിക്ഷക്കു പുറമെയാണിത്.

ദിവസം നാലുമണിക്കൂർ വീതമാണ് ഇവർ ശുചീകരണ ജോലിയിൽ ഏർപ്പെടേണ്ടത്. രണ്ടിലും സംഭവിച്ചത് തീർത്തും നിരുത്തരവാദപരമായ പെരുമാറ്റം. അതിന് സാമൂഹിക സേവനത്തിലൂടെ ശിക്ഷ ഉറപ്പാക്കുകയായിരുന്നു ദുബൈ ഭരണകൂടം. മനുഷ്യരോട് മാത്രമല്ല, മൃഗങ്ങളോടും കരുണയോടെ പെരുമാറണമെന്ന ഇസ്ലാമിക അധ്യാപനങ്ങൾക്ക് വിരുദ്ധമായ കാര്യമാണ് പ്രതികൾ ചെയ്തതെന്നു കൂടി ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. ക്രൂരത നടത്തുക മാത്രമല്ല, സമൂഹ മാധ്യമങ്ങളിലൂടെ അത് കൂടുതൽ പേരിൽ എത്തിക്കുക കൂടിയായിരുന്നു പ്രതികൾ. ഉള്ളിലെ കെട്ട മനസ്സി​െൻറ വികലമായ ഇത്തരം ആവിഷ്കാര പ്രവണതകൾ വർധിക്കുകയാണ്. മലയാളി ഉടമസ്ഥതയിലുള്ള ഒരു ജ്വല്ലറി ഗ്രൂപ്പിനെതിരെ തെറ്റായ പ്രചാരണം നടത്തിയ മലയാളിക്കെതിരെ ദുബൈ കോടതി ശിക്ഷ വിധിച്ചതും പോയ വാരം.
45 ലക്ഷത്തോളം രൂപ പിഴയും നാടുകടത്തലുമാണ് ശിക്ഷ. കൃത്യമായ വർഗീയ, രാഷ്ട്രീയ ദുഷ്ടലാക്ക് തന്നെയാകണം പ്രതിയെ അതിനു േപ്രരിപ്പിച്ചത്. യു.എ.ഇയിലെ മറ്റൊരു സ്ഥാപനത്തിൽ നടന്ന പാക് ദിനാഘോഷ ചിത്രം ഇവ്വിധം ദുരുപയോഗം ചെയ്യേണ്ടത് ആരുടെ താൽപര്യമായിരുന്നു? ജ്വല്ലറിയിലെ മുൻ ജീവനക്കാരൻ കൂടിയായ പ്രതി മാപ്പഭ്യർഥിച്ചതിനെ തുടർന്ന് ജ്വല്ലറി ഗ്രൂപ് കേസ് പിൻവലിച്ചു. എന്നാൽ, ദുബൈ പബ്ലിക് േപ്രാസിക്യൂഷൻ വിട്ടില്ല. സൈബർ കുറ്റകൃത്യമെന്ന നിലയിൽ അവർ കേസുമായി മുന്നോട്ടു പോയി. ദുബൈ കോടതിയിൽ പ്രതിക്കെതിരെ അവർ ശക്തമായി വാദിക്കുകയും ചെയ്തു. ഇത് മറ്റു പലർക്കുമുള്ള മുന്നറിയിപ്പാണെന്നും കോടതി വിധി വ്യക്തമാക്കുന്നു. ഒന്നും രണ്ടുമല്ല. ഇത്തരം കേസുകളുുടെ ആധിക്യം പല ഗൾഫ് രാജ്യങ്ങളിലുമുണ്ട്. അറിഞ്ഞോ, അറിയാതെയോ പ്രതികളാകുന്നവരിൽ മലയാളികളുടെ എണ്ണവും ഉയരുകയാണ്. സ്ഥാപിത താൽപര്യത്തിനു പുറത്ത് പച്ചക്കള്ളം പ്രചരിപ്പിക്കാൻ സമൂഹ മാധ്യമങ്ങളെ കൂട്ടുപിടിക്കുകയാണ് പലരും.

എന്നാൽ, സൈബർ നിയമങ്ങൾ കർശനമായി നടപ്പാക്കാൻ തന്നെയാണ് മിക്ക ഗൾഫ് രാജ്യങ്ങളുടെയും നീക്കമെന്ന കാര്യം ഇവർ അറിയുന്നില്ല. അയച്ചുകിട്ടുന്നതെന്തും ലൈക്കുകയും ഷെയർ ചെയ്യുകയും ചെയ്യുന്ന പ്രവണതയുള്ളവർക്കു കൂടി ഇതൊരു മുന്നറിയിപ്പാണ്. നേരിട്ട് പോസ്റ്റ് ചെയ്യുന്നവർ മാത്രമല്ല, തെറ്റായ കാര്യങ്ങൾ ഷെയർ ചെയ്യുന്നവരും സൈബർ കുറ്റകൃത്യത്തി​െൻറ പരിധിയിൽ വരും. വ്യക്തികളുടെ സ്വകാര്യതക്ക് വലിയ പ്രാധാന്യം നൽകുന്ന സവിശേഷ നിയമവ്യവസ്ഥയാണ് ഗൾഫിലേത്. ശിക്ഷ വിധിക്കുന്നതു വരെ ആരും പ്രതികളാകുന്നില്ല എന്നതാണ് ഈ നിലപാടി​െൻറ കാതൽ. അതുകൊണ്ടു തന്നെ അറസ്റ്റിലാകുന്ന വ്യക്തിയുടെ പേരുവിവരം പോലും പ്രസിദ്ധീകരിക്കുന്നതിന് ഗൾഫിൽ വിലക്കുണ്ട്. ഏഷ്യൻ വംശജൻ, അറബ് പൗരൻ, യൂറോപ്യൻ വംശജൻ എന്നൊക്കെയുള്ള പൊതു വ്യവഹാരങ്ങളിലാണ് മാധ്യമങ്ങൾ പോലും പ്രതിയെ കുറിച്ച സൂചന കൈമാറുന്നത്. അത്രയൊക്കെ ധാരാളം എന്നാണ് നിയമം. എന്നിട്ടാണ് അന്യ​െൻറ സ്വകാര്യതക്കും സ്വാതന്ത്ര്യത്തിനും നേരെയുള്ള നമ്മിൽ പലരുടെയും ചുരമാന്തൽ. സാമൂഹിക സാക്ഷരത അതി​െൻറ കുറവ് തന്നെയാണ് യഥാർഥ പ്രശ്നം. റോഡും കാഴ്ചബംഗ്ലാവും ശുചിയാക്കിയതു കൊണ്ട് ഇതിനു പരിഹാരമാകുമോ? ഇല്ല. പക്ഷേ, അതുവഴി മനസ്സ് ശുചിയാക്കാൻ അവർ തയാറായെങ്കിലോ?

Tags:    
News Summary - social medias in dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.