ചാരക്കേസ് എന്ന ദ്രോഹ പരമ്പര

കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കപ്പെട്ട ആദ്യ വ്യക്തിയല്ല നമ്പി നാരായണന്‍. അങ്ങനെ കുടുക്കപ്പെട്ടവര്‍ ശിക്ഷിക്കപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. നമ്പി നാരായണനെപ്പോലെ നിരപരാധിയെന്നുകണ്ട് വിട്ടയക്കപ്പെട്ടവര്‍ ആ അനുഭവം ഒരു ദുഃസ്വപ്നംപോലെ മറന്ന്​ ജീവിതം മുന്നോട്ടു തള്ളിനീക്കുകയാണ് പതിവ്. കാരണം, സാധാരണഗതിയില്‍ അതേൽപിച്ച ശാരീരികവും മാനസികവും സാമ്പത്തികവും സാമൂഹികവുമായ ആഘാതം ദ്രോഹിച്ചവരെ പിന്തുടരാന്‍ അവരെ അനുവദിക്കില്ല. എന്നാല്‍ ചാര​ക്കേസില്‍ പ്രതിയാക്കി തന്നെ തുറുങ്കിലടച്ച പൊലീസ്​ ഉദ്യോഗസ്ഥന്മാരെ നിയമത്തി​നു മുന്നില്‍ കൊണ്ടുവരാന്‍ നമ്പി നാരായണന്‍ ശ്രമിച്ചു. ഇത്തരം ദുരനുഭവം ഇനിയൊരാള്‍ക്കും ഉണ്ടാകാത്ത സാഹചര്യം സൃഷ്​ടിക്കണമെന്ന ചിന്തയാണ്‌ അദ്ദേഹത്തെ നയിച്ചത്. ആ ലക്ഷ്യം നിറവേറ്റപ്പെടുമോയെന്ന് സംശയമാണ്.

വിട്ടയച്ച സമയത്ത് എല്ലാ പ്രതികള്‍ക്കും ഒരു ലക്ഷം രൂപ വീതം നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. നമ്പി നാരായണന്‍ നിയമനടപടി എടുത്തതിനെ തുടര്‍ന്ന് താല്‍ക്കാലിക ആശ്വാസമെന്ന നിലയില്‍ അദ്ദേഹത്തിന്​ 10 ലക്ഷം രൂപ അനുവദിച്ചു. ഇപ്പോള്‍ അദ്ദേഹത്തി​​​​െൻറ നഷ്​ടപരിഹാരം 50 ലക്ഷം രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. തുക തന്നെ ദ്രോഹിച്ച പൊലീസ് ഉദ്യോഗസ്ഥരില്‍നിന്ന് ഈടാക്കണമെന്ന അദ്ദേഹത്തി​​​​െൻറ ആവശ്യത്തിന്മേല്‍ കോടതി വ്യക്തമായ നിർദേശം നല്‍കിയില്ല. ആ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുമെന്ന്​ സര്‍ക്കാര്‍ പറഞ്ഞുകഴിഞ്ഞു. അങ്ങനെ വ്യക്തിപരമായ ബാധ്യതയില്‍നിന്ന് ഉദ്യോഗസ്ഥര്‍ ഒഴിവായി.

ഐ.എസ്.ആര്‍.ഒ ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന്​ നേരത്തേ കണ്ടെത്തിയിരുന്ന സുപ്രീംകോടതി, അതില്‍ മൂന്നു ആദ്യഘട്ട അന്വേഷണ ഉദ്യോഗസ്ഥരുടെ പങ്ക് പരിശോധിക്കാന്‍ ഇപ്പോള്‍ ഒരു മുന്‍ ജഡ്ജിയുടെ അധ്യക്ഷതയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ അടങ്ങുന്ന ഒരു സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മൂന്ന്​ ഉദ്യോഗസ്ഥരും റിട്ടയര്‍ ചെയ്തവരാണ്. ജുഡീഷല്‍ കമ്മിറ്റിക്ക്​ ആരെങ്കിലും കുറ്റം ചെയ്തതായി കണ്ടെത്തിയാല്‍തന്നെ പ്രോസിക്യൂട്ട്‌ ചെയ്ത് ശിക്ഷിക്കാനുള്ള സാധ്യത കുറവാണ്. നക്സല്‍ നേതാവ് എ. വര്‍ഗീസി​​​​െൻറ വ്യാജ ഏറ്റുമുട്ടല്‍ കൊല സംബന്ധിച്ച കേസില്‍ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന് കോടതി ജീവപര്യന്തം ജയില്‍ശിക്ഷ നൽകി. പ്രായാധിക്യം പരിഗണിച്ച് ഗവര്‍ണര്‍ മോചന ഉത്തരവ് നല്‍കിയതുകൊണ്ട് കുറച്ചുകാലമേ ജയിലില്‍ കഴിയേണ്ടി വന്നുള്ളൂ.

വര്‍ഗീസ്‌ കേസോ ചാരക്കേസോ രാജ്യത്തെ പൊലീസി​​​​െൻറ സമീപനത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. സുപ്രീംകോടതി വരെ പോയിട്ടും ജാമ്യവും പരോളും കിട്ടാതെ സ്ഫോടനക്കേസ് പ്രതിയായി 10 കൊല്ലത്തോളം തമിഴ്നാട് ജയിലില്‍ കഴിഞ്ഞശേഷമാണ് അബ്​ദുന്നാസിര്‍ മഅ്​ദനി നിരപരാധിയെന്നു കണ്ടെത്തി മോചിപ്പിക്കപ്പെട്ടത്. ഏറെ താമസിയാതെ കർണാടക പൊലീസെത്തി മറ്റൊരു സ്ഫോടനക്കേസില്‍ അദ്ദേഹത്തെ അറസ്​റ്റ്​ ചെയ്തു. ആ കേസ് തുടങ്ങിയിട്ട് എട്ടു കൊല്ലമായി. അതില്‍ മോചിതനായാല്‍ ചുമത്താന്‍ കൂടുതല്‍ കേസുകള്‍ അണിയറയില്‍ തയാറായിട്ടുണ്ട്.

ഇത്തരം കേസുകളില്‍ കേന്ദ്രത്തിലെയും വിവിധ സംസ്ഥാനങ്ങളിലെയും സംവിധാനങ്ങള്‍ തമ്മിലുള്ള അവിഹിത കൂട്ടുകെട്ട് പ്രകടമാണ്. കേരളത്തില്‍ അത് ആദ്യമായി കണ്ടത് ചാരക്കേസിലാണ്. കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ കൂടാതെ പ്രതികളെ ചോദ്യംചെയ്ത ഐ.ബി, റോ ഉദ്യോഗസ്ഥരും പൊടിപ്പും തൊങ്ങലും ചേര്‍ത്ത കഥകള്‍ ലേഖകന്മാര്‍ക്ക് നല്‍കുകയും പത്രങ്ങള്‍ അവ വിവേചനബുദ്ധി ഉപയോഗിക്കാതെ പ്രസിദ്ധീകരിക്കുകയും ചെയ്‌തു.

രണ്ട് ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞര്‍ മാത്രമല്ല ഈ കേസില്‍ ദ്രോഹിക്കപ്പെട്ടത്. ഒരു മുതിര്‍ന്ന പൊലീസ്​ ഉദ്യോഗസ്ഥനെ ഈ കേസില്‍ കുടുക്കാന്‍ സഹപ്രവര്‍ത്തകര്‍ ശ്രമിച്ചു. അവര്‍ കൊടുത്ത വിവരവും പത്രങ്ങള്‍ ചോദ്യംചെയ്യാതെ സ്വീകരിച്ചു. അതിനുശേഷം ആ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്നെന്ന ആരോപണമുയർത്തി മുഖ്യമന്ത്രി കെ. കരുണാകരനെ പുറത്താക്കാന്‍ എ.കെ. ആൻറണിയുടെ ശിഷ്യന്മാര്‍ പണിതുടങ്ങി. അവര്‍ മെനഞ്ഞ കഥകളും പത്രങ്ങളില്‍ ഇടംപിടിച്ചു.

മാലദ്വീപ്​ പൊലീസുകാരി മറിയം റഷീദയുടെ അറസ്​റ്റോടെയാണ് കേസി​​​​െൻറ തുടക്കം. അവര്‍ വന്നത് ചാരപ്പണിക്കായിരുന്നു എന്ന അറിവി​​​​െൻറ പുറത്താണ് നമ്മുടെ പൊലീസ് കേസ് കെട്ടിപ്പൊക്കിയത്. തിരുവനന്തപുരത്ത് താമസിക്കുന്ന മാലദ്വീപുകാരെ നിരീക്ഷിക്കാനും അവർക്കിടയില്‍ സര്‍ക്കാര്‍വിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടെത്താനുമാണ് മറിയം റഷീദയെ മാലദ്വീപ് സര്‍ക്കാര്‍ നിയോഗിച്ചത്. പാകിസ്താനോ അമേരിക്കയോ ബഹിരാകാശ രഹസ്യങ്ങള്‍ ചോര്‍ത്താൻ ക്രയോജനിക് എൻജിന്‍ എന്നാല്‍ ചുക്കോ ചുണ്ണാ​േമ്പാ എന്നറിയാത്ത ഒരു മാലദ്വീപുകാരിയെ അയക്കാനിടയില്ലെന്ന്​ സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്. പക്ഷേ, നമ്മുടെ പൊലീസി​​​​െൻറ ഭാഷ്യത്തില്‍ പത്രക്കാര്‍ വീണു.

ആദ്യമായാണ്‌ മലയാള പത്രങ്ങള്‍ക്ക് ഒരു ചാരക്കേസ് റിപ്പോര്‍ട്ട്‌ ചെയ്യാന്‍ അവസരം കിട്ടുന്നത്. പ്രതിയാണെങ്കില്‍ ഒരു യുവതി. പിന്നെ അത് രണ്ട് സ്ത്രീകളായി. പിന്നെ രണ്ടു ശാസ്ത്രജ്ഞര്‍, ഒരു ബിസിനസുകാരന്‍, ഒരു ഐ.പി.എസ് ഉദ്യോഗസ്ഥന്‍... അങ്ങനെ പ്രതിപ്പട്ടിക നീണ്ടു. ആൻറണിയും കരുണാകരനും കൂടി കടന്നുവന്നപ്പോള്‍ തലക്കുപിടിക്കുന്ന ഒരു മിശ്രിതമായി.

പത്രങ്ങളുടെ അന്നത്തെ വഴിപിഴച്ച പോക്കിനെ പൂർണമായും മത്സരത്തി​​​​െൻറ പേരില്‍ എഴുതിത്തള്ളാനാകില്ല. അത്​ പ്രഫഷനൽ ദൗര്‍ബല്യം വെളിപ്പെടുത്തി. ഏഷ്യാനെറ്റ് വിവിധ പരിപാടികളിലൂടെ പൊലീസ് കഥ ചോദ്യംചെയ്തു. അതി​​​​െൻറ ഫലമായി ചില പത്രങ്ങള്‍ പിന്‍വാങ്ങി. താന്‍ പ്രചരിപ്പിച്ച കള്ളക്കഥകളില്‍ വിശ്വസിച്ച ഒരു ലേഖകന്‍ ചാരപ്പണിയിലൂടെ സമ്പാദിച്ച കോടികള്‍ ഉപയോഗിച്ച് മറിയം റഷീദ വെച്ച മണിമാളികയുടെ പടമെടുക്കാന്‍ മാലദ്വീപിലേക്ക് പോയി. അവരുടെ ജീവിതസാഹചര്യം അദ്ദേഹത്തെ നിരാശനാക്കി. ഭാഗ്യവശാല്‍ അക്കാലത്ത് സ്വകാര്യ ചാനല്‍ രംഗത്ത് മത്സരം തുടങ്ങിയിരുന്നില്ല.

മാധ്യമങ്ങള്‍ സൃഷ്​ടിച്ച വിദ്വേഷജനകമായ അന്തരീക്ഷത്തില്‍ പ്രതിചേര്‍ക്കപ്പെട്ട ശാസ്ത്രജ്ഞർക്കൊപ്പം നില്‍ക്കാൻ അവരുടെ സഹപ്രവര്‍ത്തകര്‍പോലും മടിച്ചു. ജനങ്ങള്‍ പ്രതികള്‍ക്കെതിരെ മാത്രമല്ല, അവരുടെ സ്ഥാപനത്തിനെതിരെയും തിരിഞ്ഞു. ചില രാജ്യസ്നേഹികള്‍ ഐ.എസ്.ആര്‍.ഒ ബസുകളില്‍ കാര്‍ക്കിച്ചു തുപ്പി രോഷം ശമിപ്പിച്ചു. നിയമസഭയില്‍ അക്കാലത്ത് ചെയ്ത പ്രസംഗം ഇപ്പോള്‍ വായിച്ചാല്‍ പിണറായി വിജയനും ലജ്ജിച്ചു തലതാഴ്ത്തേണ്ടി വരും.

സുപ്രീംകോടതിയുടെ വിധി സ്വാഗതാർഹമാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍, അതിനെ നീതിയുടെ വിജയമായി പ്രകീർത്തിക്കുമ്പോള്‍ നീതി വൈകുമ്പോള്‍ നീതി നിഷേധിക്കപ്പെടുന്നുവെന്ന ചൊല്ലുകൂടി ഓര്‍ക്കേണ്ടതുണ്ട്. ഒപ്പം കേസി​​​​െൻറ വിവിധ ഘട്ടങ്ങളില്‍ നീതിന്യായ സംവിധാനങ്ങളും സര്‍ക്കാറും എടുത്ത ചില നിലപാടുകളും.
മറിയം റഷീദ അറസ്​റ്റിലായത് 1994 ഒക്ടോബറിലാണ്. കേരള സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം രാജ്യാന്തര മാനമുള്ളതുകൊണ്ട് കേസ് സി.ബി.ഐക്ക് കൈമാറണമെന്ന് നിർദേശിച്ചു. ചാരവൃത്തിക്ക് തെളിവില്ലെന്നും കേസ് കേട്ടിച്ചമച്ചതാണെന്നും സി.ബി.ഐ വിചാരണക്കോടതിയെ അറിയിക്കുകയും അതി​​​​െൻറ അടിസ്ഥാനത്തില്‍ 1996 മേയില്‍ കോടതി പ്രതികളെ വെറുതെവിടുകയും ചെയ്തു. അങ്ങനെ 19 മാസത്തില്‍ കേസില്‍ തീർപ്പുണ്ടായി. പ​േക്ഷ, കേരള സര്‍ക്കാര്‍ കേസ് ഉപേക്ഷിക്കാന്‍ തയാറായില്ല.
സി.ബി.ഐ അന്വേഷിച്ച കേസ് വീണ്ടും അന്വേഷിക്കാന്‍ നായനാര്‍ സര്‍ക്കാര്‍ സംസ്ഥാന പൊലീസിനോട് ആവശ്യപ്പെട്ടു. കേരള ഹൈകോടതി ആ തീരുമാനത്തിനു പച്ചക്കൊടി കാട്ടി. എന്നാല്‍, സുപ്രീംകോടതി ഹൈകോടതി വിധി തള്ളിക്കളഞ്ഞു.

ദേശീയ മനുഷ്യാവകാശ കമീഷന്‍ 2001 മാര്‍ച്ചില്‍ നമ്പി നാരായണന് 10 ലക്ഷം രൂപ നഷ്​ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടു. നായനാരോ രണ്ടു മാസത്തില്‍ സ്ഥാനമേറ്റ എ.കെ. ആൻറണിയോ അത് നടപ്പാക്കിയില്ല. ഇതെല്ലാം കാണിക്കുന്നത് നമ്പി നാരായണനും മറ്റ് പ്രതികള്‍ക്കുമെതിരെ ഉണ്ടായ നടപടികളുടെ ഉത്തരവാദിത്തം മൂന്നു പൊലീസ് ഉദ്യോഗസ്ഥരുടെ തലയില്‍ മാത്രം കേട്ടിവെക്കാവുന്നതല്ല എന്നാണ്. നീതിബോധമില്ലാത്ത മനസ്സുകള്‍ പല തലങ്ങളിലും വിഹരിക്കുന്നെന്ന യാഥാര്‍ഥ്യം കേരള സമൂഹം തിരിച്ചറിയണം.

Tags:    
News Summary - Spy Case - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.