ഇക്കഴിഞ്ഞ പതിനാലാം തീയതി വരെ സെക്രട്ടറിയറ്റിന് എതിർവശത്തെ സ്റ്റാച്ച്യു സ്റ്റാൻഡിൽ മോഹനനുണ്ടായിരുന്നു. എത്രയോ വർഷങ്ങളായി ഒരു ആേട്ടായുമായി മോഹനൻ അവിടെത്തന്നെയുണ്ടായിരുന്നു. രാത്രികാലങ്ങളിൽ ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയറ്റിനു മുന്നിലെ സ്റ്റാച്യൂ ജംഗ്ഷനിൽ ഏതു കോലത്തിൽ വന്നുപെടുന്നവർക്കും വീടെത്താൻ മോഹനൻ വേണമായിരുന്നു. രണ്ട് പതിറ്റാണ്ടായി അയാളുടെ ജോലി അതായിരുന്നു. വീടുകളിലോ എം.എൽ.എ ഹോസ്റ്റലിലോ എവിടേക്കും രാത്രിയിൽ മോഹനെൻറ ഒാേട്ടാ അണപ്പറിയാതെ ഒാടി. വെറുമൊരു ഒാേട്ടാ ഡ്രൈവർ മാത്രമായിരുന്നില്ല മേഹാനൻ; ഒരു റോൾ കോളിലും പേരില്ലാത്ത, സെക്രട്ടറിയറ്റിെൻറ കാവൽക്കാരനും കൂടിയായിരുന്നു.
രാവും പകലും ഭേദമില്ലാതെ സെക്രട്ടറിയേറ്റിനു മുന്നിൽ നടക്കുന്ന സമരങ്ങൾക്ക് ദൃക്സാക്ഷി. ബസ് സ്റ്റോപ്പിൽ വരുന്നവരും മാധവ നായരുടെ പ്രതിമക്കടുത്തുള്ള പുസ്തകശാലകളിലും, മരുന്ന് കടകളിലും വരുന്നവരിൽ ഒട്ടുമിക്കവരും മോഹനെൻറ പരിചയക്കാരായ യാത്രികരാണ്. വിപ്ലവകാരികളും, സിനിമക്കാരും, കലാകാരന്മാരും സാഹിത്യകാരന്മാരുമൊക്കെ സ്റ്റാച്യുവിന് ചുറ്റുമുള്ള അവരുടെ രാത്രികാല ചർച്ചകളും സംവാദങ്ങളും കഴിഞ്ഞ് വീടെത്തണമെങ്കിൽ മോഹനെൻറയും കൂട്ടുകാരുടെയും സഹായം വേണമായിരുന്നു.
എല്ലാ തരക്കാരും കയറിയിറങ്ങുന്ന മോഹനെൻറ ഒാേട്ടായിൽ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥർക്ക് യാത്ര ചെയ്യാൻ അവസരം കിട്ടാറില്ലായിരുന്നു. ‘‘ഉദ്യോഗസ്ഥർ പലരും പിശുക്കരും കണക്കു പറയുന്നവരുമാണ്. അവരെ ഞാൻ കയറ്റാറില്ല’’ ^ ഒരിക്കൽ മോഹനൻ തുറന്നു പറഞ്ഞു.
മോഹനൻ കൃത്യമായെ കാശു വാങ്ങൂ. കൂടുതൽ കണക്കു പറഞ്ഞു യാത്ര ചെയ്യുന്നവരോടു കൂടുതൽ കാശും വാങ്ങും. ചിലപ്പോൾ ചുറ്റി കറക്കുകയും ചെയ്യും. അതിെൻറ പേരിൽ കൻറോൺമെൻറ് പോലീസ് സ്റ്റേഷനിൽ മോഹനനെതിരെ കുറേ പരാതിയുമുണ്ട്. പോലീസുകാർ മോഹനനെനെതിരെ അങ്ങനിങ്ങനൊന്നും കേസ് എടുക്കില്ല. കാരണം, സെക്രട്ടറിയറ്റിനു ചുറ്റും നടക്കുന്ന പല വിവരങ്ങളും പൊലീസുകാർ ചോദിച്ചറിഞ്ഞിരുന്നത് അയാളിൽനിന്നായിരുന്നു. എന്ന് കരുതി മോഹനൻ ഒരിക്കലും ഒറ്റുകാരനല്ലായിരുന്നു.
ഏതു പാതിരാവിൽ ഞാൻ സ്റ്റാച്യുവിൽ എത്തിയാലും മോഹനൻ വീട്ടിൽ എത്തിക്കും. കൃത്യമായി പൈസ എടുത്തിട്ട് ബാക്കി തരും. പിന്നെ ഓണത്തിനും, പൊങ്കാലയ്ക്കും, യൂണിയൻറെ മീറ്റിങ്ങിനും രസീത് തന്നു പൈസ വാങ്ങും. അത് മോഹനന് എന്നിലുള്ള അവകാശമായിരുന്നു.
ഇത്തവണ പൊങ്കാല കഴിഞ്ഞാണ് മോഹനനെ കണ്ടത്. എെൻറ പേരിൽ ഒരു രസീത് എഴുതിവെച്ചിട്ടുണ്ടായിരുന്നു. ഞാൻ പണം കൊടുത്തു. പിറ്റേദിവസം വന്നപ്പോൾ മറ്റു ആട്ടോക്കാർ പറഞ്ഞു, ‘മോഹനൻ ഇന്നലെ സാറ് കൊടുത്ത പൊങ്കാല കാശിെൻറ രസീത് കുറ്റിയുമായി ഇവിടെ തുള്ളി ചാടുക ആയിരുന്നു’.
ആരോ മോഹനനോട് പറഞ്ഞിരുന്നു പൊങ്കാല വിരോധിയായ ഞാൻ പൊങ്കാലക്ക് പിരിവ് കൊടുക്കില്ലെന്ന്. അതിനു പന്തയം വെച്ച ആഘോഷമായിരുന്നു അത്.
എത്രയെത്ര പാതിരാത്രികളിൽ സ്റ്റാച്യുവിൽ വന്നുപെട്ട കെ.ആർ. മോഹനനെയും എന്നെയും അയാൾ വീട്ടിലെത്തിച്ചിരിക്കുന്നു. ഞാനും മോഹനേട്ടനും ഒന്നിച്ചാണ് വരുന്നതെങ്കിൽ മോഹനേട്ടനെ കൊണ്ടുവിടാനുള്ള അവകാശം അയാൾ ഏറ്റെടുക്കും. എന്നിട്ട്, എെന്ന കൊണ്ടുപോകേണ്ട ഡ്രൈവറോട് പറയും ‘സാറിനെ പട്ടത്ത് വീട്ടിൽ കൊണ്ട് വിട്ടേക്കണം. സാറിനോട് കാശു ചോദിക്കേണ്ട, സാറ് അറിഞ്ഞു തന്നോളും’’
രാത്രിയിലെ ഒത്തുകൂടലിനു ശേഷം പലപ്പോഴും ഗൗരിദാസൻ ആണ് എന്നെ സ്റ്റാച്യുവിൽ വിടുക. മോഹനനുണ്ടെങ്കിൽ എന്നെയിറക്കി യാത്രയാക്കാൻ നിൽക്കാതെ ഗൗരി പതുക്കെ വിടും. ഏറ്റവും ഒടുവിൽ മോഹനൻ എന്നെ വീട്ടിലാക്കിയത് ഈ കഴിഞ്ഞ പന്ത്രണ്ടിനായിരുന്നു.
ക്യാമറ മാൻ സണ്ണി ജോസഫിെൻറ മകളുടെ വിവാഹത്തിനും പോകുന്ന പദ്ധതി ഇട്ടു കഴിഞ്ഞു. ക്യാമറ ജയനും ഗൗരിയുമായി സ്റ്റാച്യുവിൽ എത്തുമ്പോൾ എ.ഐ.ടി.യൂ.സി യുടെ ഫ്ളക്സ് ബോർഡ് ഓട്ടോയുടെ മുകളിൽ കെട്ടി വെച്ച് മോഹനൻ നിൽക്കുന്നു. കൂടെ സി.പി.ഐ യുടെ ലോക്കൽ സെക്രട്ടറിയുമുണ്ട്.
പാർട്ടി സമ്മേളനത്തിൻറെ ബോർഡ് വികാസ് ഭവനിൽ കൊണ്ടുവെക്കാനുള്ള പുറപ്പാടാണ്.
സ്റ്റാൻഡിലെ മണികണ്ഠെൻറ തട്ടുകടയിൽനിന്ന് ദോശയും ഓംലെറ്റും കഴിച്ചു ബോർഡും കയറ്റി ഞങ്ങൾ വികാസ് ഭവനിൽ ഇറങ്ങി. ജയനും സഖാവും മോഹനനും കൂടി ബോർഡിറക്കി വെച്ച് യാത്ര തുടർന്നു. അപ്പോൾ മോഹനൻ പറഞ്ഞു ‘‘സാറിനെ ഇവിടെ ഒാേട്ടായിൽ ഇറക്കിയ ആള് സി.പി.െഎയുടെ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആണ്. പകൽ പാർട്ടിപ്രവർത്തനം രാത്രിയിൽ ജീവിക്കാൻ ആട്ടോ ഓടിക്കും. ബോർഡുവെക്കുന്നതെല്ലാം ഞങ്ങള് ചേർന്നാ. കൂലി കൊടുത്ത് ആരെക്കൊണ്ടും ചെയ്യിക്കില്ല’’.
തെരഞ്ഞെടുപ്പ് പ്രവചനത്തിൽ മോഹനൻ കിറു കൃത്യമായിരുന്നു. ‘‘ഇത്തവണ നമ്മുടെ കമ്യുണിസ്റ്റ് പാർട്ടി മൂന്നിൽ രണ്ടു സീറ്റു പിടിക്കും എന്ന്’’ അവൻ കട്ടായം പറഞ്ഞു. മുമ്പത്തെ തെരരഞ്ഞെടുപ്പിന് മുേമ്പ പറഞ്ഞു ‘‘ആ കള്ളൻ മാർ വരും സാറേ’’ എന്ന്.
കഴിഞ്ഞ ദിവസങ്ങളിൽ സെൻകുമാർ മഹിജ വിഷയങ്ങൾ കത്തിക്കയറിയപ്പോൾ മോഹനൻ പറഞ്ഞു ‘‘എന്താ സാറേ ഇവര് കാട്ടുന്നത്. നശിപ്പിക്കുമോ?’’
രണ്ടു വർഷം മുമ്പുവരെ മോഹനൻ മദ്യപിക്കുമായിരുന്നു. മദ്യപിച്ചോടിച്ചു മൂന്നാലു അപകടവും പറ്റി. പിന്നീട് മദ്യംനിറുത്തി. പാൻ പരാഗായി. അതും കഴിച്ചു മയങ്ങി ഓടിച്ചപ്പോൾ ഞാൻ പറഞ്ഞു ‘‘മോഹനാ, മദ്യത്തെക്കാൾ അപകടമാണിത്. കാൻസറുണ്ടാക്കും’’
അടുത്ത ദിവസം അയാൾ പറഞ്ഞു ‘‘ഞാൻ എല്ലാം നിറുത്തി സാറേ. രണ്ടു പിള്ളേരെ വളർത്തണം’’.
എനിക്ക് പലപ്പോഴും കുറിപ്പുകൾ എഴുതാൻ പ്രചോദനമായതും എഴുതാനുള്ള വിവരം നൽകിയിരുന്നതും മോഹനൻ ആയിരുന്നു. ഇന്നലെ വൈകിട്ട് മണികണ്ഠൻറെ തട്ടുകടയിൽ വന്നപ്പോൾ അയാൾ ആ പോസ്റ്റർ ചൂണ്ടിക്കാണിച്ചു. പോസ്റ്ററിൽ മോഹനന്റെ മുഖം.
ഞാൻ നിശബ്ദനായി. മണികണ്ഠൻ നായർ കണ്ണുകൾ തിരുമി പറഞ്ഞു
‘ഇന്നലെ (ഞായർ ) അവൻ ഉപ്പിടാമൂട് പാലത്തിനു\നടുവിൽവണ്ടി നിറുത്തികിടന്നു. പോലീസ് വന്നപ്പോൾ ചെറിയൊരു അനക്കം മാത്രമേ ഉണ്ടായിരുന്നുള്ളു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കഴിഞ്ഞിരുന്നു. അറ്റാക്കായിരുന്നു’’
വഴിയിൽ അവശരായി വീണവർ, പരിക്കേറ്റു വീണവർ, അപകടത്തിൽപെട്ടവർ... അങ്ങനെ ഒത്തിരിയൊത്തിരി പേരെയും കൊണ്ട് ആശുപത്രികളിൽ കൊണ്ടുചെന്നാക്കിയ അതേ ഒാേട്ടായിൽ മോഹനൻ മരിച്ചുകിടന്നു. ഒാേട്ടാ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. േമാഹനെൻറ ശരീരം അവർ പോസ്റ്റുമോർട്ടം ചെയ്തു. ഒാേട്ടാറിക്ഷ പോസ്റ്റ്മോർട്ടം ചെയ്യാൻ കഴിയാത്തതിനാൽ സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിട്ടുണ്ട്. അങ്ങനെ മൂന്നാലു കേസുകളും, രണ്ടു കുട്ടികളും ഭാര്യയും പൂർത്തിയാകാത്ത വീടും ബാക്കിയാക്കി സ്റ്റാച്യുവിലെ സാക്ഷി മോഹനൻ യാത്ര ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.