?????? ?????, ?????? ?????????

സുപ്രീംകോടതി വിമർശനാതീതമല്ല

നീതിന്യായസംവിധാനം സർക്കാറിനോട്​ വിധേയത്വം കാണിക്കുന്നുവെന്ന വിമർശനം ന്യായയുക്​തമല്ലെന്നും അത്തരം വിമർശനങ്ങൾ നീതിന്യായ സംവിധാനത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്​ടപ്പെടുത്തുമെന്നും സീനിയർ അഭിഭാഷകനായ ഹരീഷ്​ സാൽവെ പ്രസ്​താവിച്ചിരിക്കുന്നു. താരമൂല്യമുള്ള ഈ അഭിഭാഷക​​​െൻറ അഭിപ്രായം വലിയ പ്രാധാന്യത്തോടെ ചില ദേശീയ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുകയും ചെയ്​തു. അടിയന്തരാവസ്​ഥക്കു ശേഷം ഇന്ത്യയിലെ സുപ്രീംകോടതി ഏറ്റവുമധികം വിമർശിക്കപ്പെടുന്നത്​ ഒരുപക്ഷേ, ഇക്കാലത്തായിരിക്കാം. വിമർശനങ്ങളിൽ ഏറിയ കൂറും ന്യായയുക്​തമായിട്ടുള്ളവ തന്നെയാണ്​. അയോധ്യ, കശ്​മീർ, കശ്​മീരിലെ ഇൻറർനെറ്റ്​ നിരോധനം, ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നടന്ന ആക്​ടിവിസ്​റ്റുകളുടെ അറസ്​റ്റും തടങ്കലിൽവെക്കലും പോലുള്ള വിവിധ വിഷയങ്ങളിൽ സുപ്രീംകോടതിക്ക്​ ഭരണഘടനയുടെ കാവൽക്കാരനായി പ്രവർത്തിക്കാൻ കഴിഞ്ഞില്ല എന്ന വിമർശനം സ്വതന്ത്ര ബുദ്ധിജീവികളിൽനിന്നും അഭിഭാഷകരിൽനിന്നും മുൻ ന്യായാധിപരിൽനിന്നുമെല്ലാം ഉണ്ടായി.

നോട്ടുനിരോധനത്തിൽ ഇടപെടാൻ വിസമ്മതിച്ച സുപ്രീംകോടതി, ഒരു ജനതയെ മുഴുവൻ കഷ്​ടപ്പെടുത്തി കേവലം നാലു മണിക്കൂറി​​​െൻറ മാത്രം സാവകാശം അനുവദിച്ചുകൊണ്ടുള്ള ലോക്​ഡൗണി​​​െൻറ കാര്യത്തിലും സമാനമായ നിഷ്​ക്രിയത്വം പുലർത്തി. അന്തർസംസ്​ഥാനത്തൊഴിലാളികളുടെ കാര്യത്തിലാക​ട്ടെ, കോടതി ഇടപെട്ടത്​ഏറെ വൈകി, പ്രശ്​നത്തി​​​െൻറ ഭവിഷ്യത്ത്​ മുഴുവൻ തൊഴിലാളികൾ അനുഭവിച്ചതിനുശേഷം മാത്രമായിരുന്നു. നിയമങ്ങൾ നിലവിലുണ്ടായിട്ടും ഭരണകൂടത്തി​​​െൻറ വീഴ്​ച കാരണം അവ നടപ്പിലാകാതെ വന്നാൽ, ജുഡീഷ്യൽ റിവ്യൂവിനുള്ള അധികാരം ഉപയോഗിച്ച്​ വിഷയത്തിൽ ഇടപെടാനുള്ള ബാധ്യത സുപ്രീംകോടതിക്കുണ്ട്​. അന്തർസംസ്​ഥാന തൊഴിലാളികളുടെ കാര്യത്തിൽ 1979ൽ തന്നെ പാർലമ​​െൻറ്​ നിയമം കൊണ്ടുവന്നതാണ്.  ന്യായയുക്​തമായ വേതനവും യാത്ര അലവൻസും മറ്റും ഈ നിയമത്തിൽ തന്നെ വ്യവസ്​ഥ ചെയ്യപ്പെട്ട കാര്യങ്ങളാണ്​. എന്നിട്ടും നിയമം നോക്കുകുത്തി മാത്രമായി തുടർന്നു.

ലോക്​ഡൗണിനു മുമ്പ്​ ആവശ്യമായ സമയം അനുവദിച്ച്​ നിയമം നടപ്പിലാക്കിയിരുന്നുവെങ്കിൽ, ഒ​ട്ടേറെ അന്തർസംസ്​ഥാന തൊഴിലാളികളുടെ മരണവും യാതനകളും തൊഴിൽനഷ്​ടവും ഒഴിവാക്കാൻ കഴിയു​മായിരുന്നു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ വീഴ്​ചവരുത്തിയെന്ന്​ കാണാൻ ദിവ്യദൃഷ്​ടിയുടെ ആവശ്യമില്ല. എന്നിട്ടും സുപ്രീംകോടതി യഥാസമയം വിഷയത്തിൽ ഇടപെടാതിരുന്നത്​ വിമർശിക്കപ്പെട്ടതിൽ എന്തുതെറ്റാണുള്ളത്​? തെറ്റുകൾ ചൂണ്ടിക്കാണിക്കാതെ വിനീത വിധേയരായി, ലഭിക്കുന്ന സൗകര്യങ്ങളിൽ തൃപ്​തിപ്പെട്ട്​ ജീവിക്കുക എന്നതുമാത്രമാണോ പൗരധർമം? അഭിപ്രായ സ്വാതന്ത്ര്യത്തി​​​െൻറ പ്രാധാന്യത്തെക്കുറിച്ച്​ സാൽവെ ഈയിടെ സുപ്രീംകോടതിയിൽ അവതരിപ്പിച്ച വാദമുഖങ്ങൾ അർണബ്​ ഗോസ്വാമിക്കുവേണ്ടിയായിരുന്നു.

ഭരണഘടനയോടുള്ള പ്രതിബദ്ധതയുടെ പേരിൽ കോടതികളെ വിമർശിക്കുന്ന മറ്റ്​ സാധാരണക്കാർക്കും അവ ബാധകമല്ലേ? രാഷ്​ട്രീയപ്രാധാന്യമുള്ള കേസുകളിൽ മാത്രമല്ല, ഭരണസംബന്ധമായ കേസുകളിലും ഹൈകോടതികൾക്കും സുപ്രീംകോടതിക്കും ഇടപെടേണ്ടിവരും. അത്തരം ഇടപെടലുകളാണ്​ ജനാധിപത്യത്തിൽ ജനങ്ങളുടെ വിശ്വാസം നിലനിർത്തുന്നത്​. ജസ്​റ്റിസ്​ മുരളീധറി​​​െൻറ സ്​ഥലംമാറ്റം, രഞ്​ജൻ​ ഗൊഗോയിയുടെ രാജ്യസഭാ ​പ്രവേശം, ചിദംബരത്തി​​​െൻറ ജാമ്യഹരജി നിരസിച്ച ഹൈകോടതി ന്യായാധിപന്​ റിട്ടയർമ​​െൻറ്​ കഴിഞ്ഞയുടനെ നൽകപ്പെട്ട നിയമനം, കോവിഡുമായി ബന്ധപ്പെട്ട ഭരണപരാജയങ്ങൾ ചൂണ്ടിക്കാണിച്ച കേസുകൾ കേൾക്കുന്ന ​െബഞ്ചുകളിൽ ഉണ്ടായ മാറ്റങ്ങൾ എന്നിങ്ങനെ ​ഒ​ട്ടേറെ വിഷയങ്ങളിൽ നമ്മുടെ സംവിധാനങ്ങൾ വിമർശിക്കപ്പെടുകയുണ്ടായി. ഇത്തരം വിമർശനങ്ങൾ കൂടി ഇല്ലാതായിക്കഴിഞ്ഞാൽ പിന്നെ എന്തടിസ്​ഥാനത്തിലാണ്​ നമുക്ക്​ ഒരു ഭരണഘടനാ ജനാധിപത്യസംവിധാനമായി തുടരാൻ കഴിയുക?

നിഷ്​കളങ്കമായ മുദ്രാവാക്യങ്ങളുടെ പേരിൽ കലാലയ വിദ്യാർഥി വിദ്യാർഥിനികളെ​​േപ്പാലും രാജ്യദ്രോഹക്കുറ്റം ആരോപിച്ച്​ അറസ്​റ്റ്​ ചെയ്യുന്ന ഭരണകൂടം മറുവശത്ത്​ പച്ചയായിത്തന്നെ വർഗീയവിഷം വമിപ്പിച്ചു ജനങ്ങളെ ഭിന്നിപ്പിക്കുകയും പൊതുസ്വത്തുക്കൾ വ്യാപകമായി തോന്നിയപോലെ വിറ്റുതുലക്കുകയും ചെയ്യുന്നു. ഭരണഘടനയുടെ പീഠികയിൽ (preamble) തന്നെ സൂചിപ്പിക്കപ്പെട്ട രാഷ്​ട്രത്തി​​​െൻറ ആശയാദർശങ്ങൾ നിരന്തരം തോൽപിക്കപ്പെടുന്ന ഒരു കാലത്ത്​, ബീഭത്സമായ ഈ മാറ്റത്തെ തടയാ​ൻ കഴിയാതെ നിൽക്കുന്ന സുപ്രീംകോടതിയെ മാന്യമായും ശരിയായും വിമർശിക്കുക എന്നത്​ പൗര​​​െൻറ അവകാശവും കടമയും മാത്രമാണ്​.

‘സാമൂഹികവും സാമ്പത്തികവും രാഷ്​ട്രീയവുമായ നീതി’ വാഗ്​ദാനം ചെയ്യുന്ന പീഠികയിൽ, ചിന്തയുടെയും ആവിഷ്​കാരത്തി​​​െൻറയും വിശ്വാസത്തി​​​െൻറയും ആരാധനയുടെയും സ്വാതന്ത്ര്യത്തെക്കുറിച്ചു പറയുന്നു; സമത്വത്തെക്കുറിച്ചും സാഹോദര്യത്തെക്കുറിച്ചും പറയുന്നു. ഭരണഘടനയുടെ അടിസ്​ഥാനത്തിൽ നമ്മുടെ കോടതികളെ- വിശേഷിച്ച്​ സുപ്രീംകോടതിയെ- തുടർവിദ്യാഭ്യാസം ചെയ്യിക്കേണ്ടതുണ്ട്​. ഹരീഷ്​ സാൽവെയുടെ അഭിപ്രായം നമ്മുടെ ജനാധിപത്യത്തെ മുന്നോട്ടുനയിക്കുന്ന ഒന്നാണെന്ന്​ കരുതുക വയ്യ. 

(ലേഖകൻ സു​പ്രീംകോടതിയിലും കേരള ഹൈ​കോടതിയിലും അഭിഭാഷകനാണ്​)

Tags:    
News Summary - supreme court Harish Salve-Arnab Goswami -Malayalam Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.