2006ന്‍െറ ഒടുവിലെ ആ ബലിപെരുന്നാള്‍ ദിനത്തില്‍ കഴുമരത്തില്‍ തൂങ്ങിയാടുമ്പോഴും ആ സൈനികവീര്യം ഉയര്‍ന്നുതന്നെ നിന്നു. തൂക്കിലേറ്റാന്‍ നിയോഗിക്കപ്പെട്ട ഡോ. മുഅഫക് അല്‍ റുബായിയോട് കഴുമരം ചൂണ്ടി സദ്ദാം പറഞ്ഞതും ചരിത്രം, ‘‘ഇത് ആണുങ്ങള്‍ക്കുള്ളതാണ്’’. അന്യായമായിരുന്നു ഇറാഖ് അധിനിവേശം. അതിലേറെ അന്യായമായിരുന്നു സദ്ദാമിന്‍െറ കൊലയും. തടങ്കലില്‍പോലും സദ്ദാം യാങ്കിയുടെ ഉറക്കം കെടുത്തിയെന്നത് നേര്. പഴയ കൂട്ടുചെയ്തികള്‍ പുറംലോകം അറിയരുതെന്നുണ്ടായിരുന്നു അമേരിക്കക്ക്.

2003 ഇറാഖ് അധിനിവേശ നാളുകള്‍. ബഗ്ദാദിലെയും തിക്രീതിലെയും കിര്‍കുകിലെയും യാത്രകളില്‍ അദ്ഭുതപ്പെടുത്തിയ ഒന്നുണ്ട്. യു.എസ് സൈനിക പടയോട്ടത്തിന്‍െറ ആ തീക്ഷ്ണ ദിനങ്ങളില്‍പോലും സദ്ദാമിനെതിരെ ഇറാഖികള്‍ എന്തെങ്കിലും പറയാന്‍ മടിച്ച കാഴ്ച. തൊട്ടുമുന്നിലൂടെ നീങ്ങുന്ന യു.എസ് കവചിത വാഹനങ്ങളോടുള്ള അരിശമായിരുന്നു അവര്‍ അപ്പോഴും പ്രകടമാക്കിയത്. നഗരങ്ങളിലും നാട്ടിന്‍പുറത്തുമുള്ള സാധാരണ മനുഷ്യര്‍ സദ്ദാമില്‍ ഇത്രയേറെ വിശ്വാസം അര്‍പ്പിക്കാന്‍ എന്തായിരിക്കും കാരണം?

സത്യത്തില്‍ സ്വേച്ഛാനടപടികളുടെയും അഹന്തയുടെയും സൈനിക പ്രമത്തതയുടെയും പ്രതീകമാണ് സദ്ദാമിലൂടെ തകരുന്നത്. ഇരകളായ ജനത ആഹ്ളാദനൃത്തം ചവിട്ടേണ്ട ചരിത്ര സന്ദര്‍ഭം. എന്നിട്ടും എന്തിനിവര്‍ സദ്ദാമിനെ പ്രണയിക്കുന്നു? ഈ ചോദ്യം ഇറാഖ് യാത്രയിലുടനീളം ഉള്ളില്‍ പെരുത്തുവന്നു. സദ്ദാം ചെയ്തതൊക്കെ ശരിയായിരുന്നുവെന്ന് തെരുവും ആള്‍ക്കൂട്ടവും പറഞ്ഞതുകേട്ട് നടുങ്ങി. ബഅസ് പാര്‍ട്ടിയോടോ അധികാര കേന്ദ്രങ്ങളോടോ ഒരു ബന്ധവും ഇല്ലാതിരുന്ന മനുഷ്യരാണ് ഇതു പറയുന്നത്. അവരില്‍ സ്ത്രീകളും വിദ്യാര്‍ഥികളും വൃദ്ധരുമൊക്കെ ഉണ്ടായിരുന്നു. കൊടിയ ഉപരോധത്തിനും യുദ്ധത്തിനും രാജ്യത്തിന്‍െറ തകര്‍ച്ചക്കും വരെ ഉത്തരവാദിയെന്ന് വിലയിരുത്തുന്ന ഒരാളോടാണ് ജനങ്ങളുടെ ഈ വീരാരാധന. ബഗ്ദാദ് നിലംപതിച്ച ഘട്ടം. സദ്ദാം ഭീതി അന്യമായ ഇറാഖിന്‍െറ മണ്ണ്. എന്നിട്ടും സദ്ദാമിനെതിരെ പ്രതികരിക്കുന്നതില്‍നിന്ന് ഇവരെ തടയുന്ന വികാരമെന്ത്?

ഒരു വ്യാഴവട്ടത്തിന്‍െറ ഉപരോധം സദ്ദാമിന്‍െറ ഇറാഖിനുമേല്‍ അടിച്ചേല്‍പിച്ചതാണ്. ഉപരോധം കൊന്നൊടുക്കിയ മനുഷ്യര്‍ക്ക് കണക്കില്ല. ആ പ്രതികൂല നാളുകളിലും മുടങ്ങാതെ റേഷന്‍ വിഹിതം എത്തിക്കാന്‍ കഴിഞ്ഞ സദ്ദാമിനെ കുറിച്ചായിരുന്നു തിക്രീതില്‍ കണ്ടുമുട്ടിയ നാട്ടുകാര്‍ക്ക് പറയാനുണ്ടായിരുന്നത്. സൈനിക ലഹരിക്കിടയിലും കുടിവെള്ള സംഭരണികളും കുറ്റമറ്റ റേഷന്‍ സംവിധാനങ്ങളും തകരാതെ കാത്തുപോന്ന രാഷ്ട്രനേതാവില്‍ അവര്‍ ഊറ്റം കൊണ്ടു. പൊതുആഖ്യാനങ്ങള്‍ പലതും എത്രകണ്ട് ദുര്‍ബലമാണെന്ന് നേര്‍ക്കുനേരെ ബോധ്യപ്പെട്ട നാളുകള്‍ കൂടിയായിരുന്നു അത്. തന്‍െറ തന്നെ ചെയ്തികള്‍ രാഷ്ട്രത്തെ ഒന്നാകെ ശിഥിലമാക്കിയിട്ടും സദ്ദാമിന്‍െറ ജനകീയതക്ക് മാറ്റം ഉണ്ടായില്ല. ഇറാനുമായി നടന്ന ദീര്‍ഘിച്ച യുദ്ധം, ഹലാബ്ജയിലെ കൂട്ടക്കുരുതി, കുവൈത്ത് അധിനിവേശം -സദ്ദാമിനെതിരായ കുറ്റപത്രം പലത്.

മുട്ടുമടക്കാന്‍ ഒരുക്കമല്ളെന്ന സൈനിക ധാര്‍ഷ്ട്യം തന്നെയായിരുന്നു ഒടുക്കംവരെയും സദ്ദാമിന്‍െറ കൈമുതല്‍. അതുകൊണ്ട് കൂട്ടത്തില്‍ ഒരു അറബ് രാജ്യം മാത്രമായിരുന്നില്ല ഇറാഖ്. പശ്ചിമേഷ്യയിലെ ഏറ്റവും മികച്ച സൈനിക രാഷ്ട്രം. നാലു ലക്ഷത്തിലേറെ സൈനികര്‍. സൈനിക പരിശീലനം നിര്‍ബന്ധം. രാജ്യത്തെ ഏറ്റവും മികച്ച തൊഴിലാകട്ടെ, സൈനികവൃത്തി എന്നതും. 2003ലെ യു.എസ് അധിനിവേശം തകര്‍ത്തെറിഞ്ഞത് സദ്ദാമിനെ മാത്രമല്ല, ആ രാഷ്ട്രത്തിന്‍െറ അടിസ്ഥാന മുദ്രകളെ കൂടിയാണ്.

ബഗ്ദാദ് ഫലസ്തീന്‍ ചത്വരത്തിലെ സദ്ദാം പ്രതിമ നിലംപതിച്ച വാര്‍ത്ത കേട്ട് വാവിട്ടു കരയുന്ന മനുഷ്യരെ കണ്ടതും ഇറാഖ് യാത്രക്കിടയില്‍. ഇനിയും ഉത്തരം കിട്ടാത്ത പ്രഹേളിക. പതിറ്റാണ്ടുകളുടെ ദുര്‍ഭരണം കടപുഴകുമ്പോള്‍ ആഹ്ളാദനൃത്തം ചവിട്ടേണ്ട ജനതക്ക് ഇതെന്തു പറ്റി? മനസ്സ് ചോദിച്ചു. അല്ളെങ്കിലും അമേരിക്കയും വന്‍ശക്തികളും മാധ്യമങ്ങളും പൊതുബോധവും സദ്ദാമിനെ മാത്രം പ്രതിയാക്കുകയായിരുന്നല്ളോ.

കൂട്ടുത്തരവാദിത്തം ചര്‍ച്ചചെയ്യാന്‍ മടിച്ചു, എല്ലാവരും. ഇല്ളെങ്കില്‍ നോക്കൂ, എട്ടു വര്‍ഷം നീണ്ട ഇറാഖ്-ഇറാന്‍ യുദ്ധം സദ്ദാമിന്‍െറ മാത്രം സംഭാവന ആയിരുന്നോ? ഖുമൈനിയുടെ ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണി അമര്‍ച്ച ചെയ്യേണ്ടത് യാങ്കിയുടെ താല്‍പര്യം. തെഹ്റാന്‍ വിപ്ളവം ആ മണ്ണിനപ്പുറം കടക്കരുതെന്ന് കൊതിച്ചവര്‍ അറബ് മണ്ണിലും ധാരാളം. പിന്തുണ മാത്രമല്ല, ആയുധങ്ങളും സമ്പത്തും രാസവസ്തുക്കളും ആവോളം നല്‍കി സദ്ദാമിന്. സൈനിക പരിശീലനവും ഉപഗ്രഹ വിവരകൈമാറ്റവും ആവോളം നല്‍കി. സദ്ദാം ഒരു കൂട്ടുപ്രതി മാത്രം. പക്ഷേ, ഒടുവില്‍ കഴുമരത്തിലേക്ക് കൊണ്ടുപോയത് അന്ന് കൂടെനിന്ന അതേ കൂട്ടര്‍.

1991ല്‍ സദ്ദാം നടത്തിയ കുവൈത്ത് അധിനിവേശമാണ് ഗള്‍ഫിന്‍െറ ചരിത്രം തന്നെ മാറ്റിയെഴുതിയത്. റുമൈല എണ്ണപ്പാടത്തുനിന്ന് കുവൈത്ത് എണ്ണ കവരുന്നു എന്നു പറഞ്ഞായിരുന്നു അധിനിവേശം. അതോടെ ജോര്‍ഡന്‍ മുതല്‍ ബഹ്റൈന്‍ വരെ സഖ്യരാജ്യങ്ങളായിമാറി എല്ലാം അമേരിക്കയുടെ നേട്ടം. ഗള്‍ഫില്‍ യു.എസിന്‍െറ ആദ്യ സൈനിക താവളം ബഹ്റൈനില്‍ തുറന്നു. ആയുധങ്ങളുടെ വന്‍ വ്യാപാരത്തിന് വഴിയൊരുങ്ങി. തടിച്ചുകൊഴുത്തത് യു.എസ് ആയുധ നിര്‍മാണ കമ്പനികള്‍.

അധികാര രാഷ്ട്രീയത്തിന്‍െറ ദുഷിച്ച ചേരുവകള്‍ സദ്ദാമിനെയും ഭ്രമിപ്പിച്ചു എന്നത് ചരിത്രം. ബെര്‍ലുസ്കോണി, മുസോളിനി, സ്റ്റാലിന്‍ ആ പരമ്പരയിലേക്ക് അറബ് ലോകത്തിന്‍െറ സംഭാവനയായിരുന്നു സദ്ദാം. ആ പരമ്പരയില്‍ വേറെയും ചിലര്‍ കൂടിയുണ്ട്. ഇറാനിലെ ഷാ, തുനീഷ്യയിലെ ബെന്‍ അലി, ഈജിപ്തിലെ ഹുസ്നി മുബാറക്, ലിബിയയിലെ കേണല്‍ മുഹമ്മദ് ഗദ്ദാഫി. ഇവരൊക്കെയും യു.എസ് വിധേയരായി നിന്നാണ് സ്വന്തം ജനതക്കെതിരെ പ്രവര്‍ത്തിച്ചത്. ജൂതരാഷ്ട്രത്തിനെതിരെ നിലകൊണ്ടപ്പോള്‍ ഭീകരവാദി പട്ടം ചാര്‍ത്തിക്കിട്ടിയ ആളാണ് കേണല്‍ മുഹമ്മദ് ഗദ്ദാഫി. ഒടുവില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി യിത്ഷാക് റബീന് കൈകൊടുത്തപ്പോള്‍ മികച്ച രാഷ്ട്രതന്ത്രജ്ഞനായി വാഴ്ത്തപ്പെട്ടു. അസംബന്ധത്തിന്‍െറ നവലോകക്രമം!

ഒരു കാര്യം എല്ലാവരും ഇപ്പോള്‍ സമ്മതിക്കുന്നു, സദ്ദാമിന്‍െറ കാലത്തെ ഇറാഖ് ജീവിതം ഇപ്പോഴുള്ളതിനെക്കാള്‍ എത്രയോ മികച്ചതായിരുന്നു. എങ്കില്‍പിന്നെ എന്തിനായിരുന്നു ഇത്രയും വലിയ കുരുതികള്‍? ഒരു നാടിനെ ഒന്നാകെ വേട്ടയാടി നശിപ്പിക്കല്‍? സുന്നികളും ശിയാക്കളും കുര്‍ദുകളും സദ്ദാമിന്‍െറ കാലത്തും ഉണ്ടായിരുന്നല്ളോ ഇറാഖില്‍. സദ്ദാമില്ലാത്ത ഇറാഖിനെ വംശീയ വിദ്വേഷത്തിന്‍െറ അപകടകരമായ സംഘര്‍ഷവ്യാപ്തിയിലേക്ക് തള്ളിവിട്ടതാര്? സ്വന്തം ജനതക്കെതിരെ മാത്രമല്ല, ബന്ധുക്കളെയും വകവരുത്താന്‍ മടിച്ചില്ല സദ്ദാം ഹുസൈന്‍.

എന്നിട്ടും ഇറാഖികള്‍ സദ്ദാമിനെ പ്രണയിച്ചു. ആ ‘ചുവപ്പന്‍ വിപ്ളവ’ത്തിന് ലോക കമ്യൂണിസ്റ്റുകളുടെ പിന്‍ബലം ഉണ്ടായിരുന്നു അവസാനകാലത്തും. കൊളോണിയല്‍ വിരുദ്ധപക്ഷത്താണ് താനെന്ന് തെളിയിക്കാനുള്ള അവസരം സദ്ദാമും കൈവിട്ടില്ല. സ്വയം പര്യപ്തതയുള്ള ഒരു ഇറാഖ്, സദ്ദാമിന്‍െറ സ്വപ്നത്തില്‍ അതും ഉണ്ടായിരുന്നു. പക്ഷേ, എവിടെയൊക്കെയോ പിഴച്ചു. ആ പിഴവ് പലരും മുതലെടുത്തു. ഒരര്‍ഥത്തില്‍ ഇറാഖും ജനതയും അതിനുള്ള വില തന്നെയല്ളേ ഇന്നും നല്‍കുന്നത്?

Tags:    
News Summary - ten years of after saddam hussein

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.