ദേശീയഗാനത്തോട് ആദരവില്ലായ്മയുണ്ടോ എന്ന് കണ്ടുപിടിച്ചുകൊണ്ടാവാം അതാരംഭിച്ചത്. അല്ലെങ്കില്‍ ബീഫ് കൈവശം െവക്കുന്നുണ്ടോ എന്ന് അന്വേഷിച്ചാവാം. അതുമല്ലെങ്കില്‍ പശുവി നെ കൊന്ന് തോലുരിച്ചുവോ എന്ന് തിരക്കിയാവാം. അല്ലെങ്കില്‍ സവർണെൻറ കിണറ്റിൽനിന്ന് വെ ള്ളമെടുക്കാന് ദലിതര്‍ ആരെങ്കിലും വന്നോ എന്ന് നോക്കിയാവാം. ജാതിയോ മതമോ മാറി ആരെങ്കി ലും പരസ്പരം പ്രേമിക്കുകയോ വിവാഹം കഴിക്കുകയോ ചെയ്തോ എന്ന് ക്രുദ്ധരായിട്ടാവാം.
എങ് ങനെ തുടങ്ങിയതാണെങ്കിലും മതത്തിെൻറ പേരില്‍, ജാതിയുടെ പേരില്‍, രാഷ്ട്രീയവിശ്വാസ ത്തിെൻറ പേരില്‍ അപരവത്കരിക്കപ്പെട്ട ഒരു വ്യക്തിയേയോ കുടുംബത്തെയോ മർദനത്തിെൻ റ, മരണത്തിെൻറ ഭീകരതയുമായി നേരിടുന്ന ആൾക്കൂട്ടങ്ങള്‍ പൊടുന്നനെയാണ് എമ്പാടും ഉയ ർന്നുവന്നത്. നിസ്സാരമായ സംശയങ്ങളുടെ പേരില്‍ ആരുടേയും പൗരത്വത്തിെൻറ അടിസ്ഥാനാ വകാശങ്ങള്‍ ചോദ്യം ചെയ്യപ്പെടാമെന്നും അവര്‍ ഭേദ്യത്തിനോ കൊലക്കോ ഇരയാവുകയോ ചെയ് യാം എന്നുമുള്ള അവസ്ഥ എത്ര പെട്ടെന്നാണ് സംജാതമായത്. കപടപ്രതിയോഗികളെ സൃഷ്ടിക്കുന ്ന, അവരെ അപരവത്കരിക്കുന്ന, വേട്ടയാടുന്ന, അതിനുള്ള പൊതുസമ്മതി അനായാസമായി നിർമിച്ചെടുക്കുന്ന, ആൾക്കൂട്ട മനഃശാസ്ത്രത്തിെൻറ സമകാല ചരിത്രാനുഭവത്തെ സൂക്ഷ്മമായി വിചാരണ ചെയ്യുന്ന കൃതിയാണ് ഉണ്ണി ആര്. എഴുതിയ ‘പ്രതി പൂവൻ കോഴി’ എന്ന നോവല്‍.
ആൾക്കൂട്ടങ്ങളുടെ ജയാരവമായി ജനാധിപത്യം മാറുന്നത് നമ്മുടെ കൺമുന്നില് സംഭവിച്ചാലും ആ ഭൂരിപക്ഷത്തില്പെടുന്നുവെങ്കില് നമ്മള് ഉദാസീനരായിരിക്കും. ആ ഉദാസീനതയുടെ പാരമ്യത്തില്‍ വീണ്ടും വീണ്ടും ആ ആൾക്കൂട്ടങ്ങള്‍ പരനിന്ദയുടെയും നിഗ്രഹോത്സുകതയുടെയും വെറുപ്പിെൻറയും രാഷ്ട്രീയത്തിന് അടിത്തറ പണിതുകൊണ്ടിരിക്കും. മുന്‍പൊരിക്കല്‍ ഇങ്ങനെ സംഭവിക്കുന്നതിനെക്കുറിച്ച് ‘ആൾക്കൂട്ടങ്ങള്‍ പിരിഞ്ഞുപോവുമ്പോള്‍’ (മാതൃഭൂമി ആഴ്ചപ്പതിപ്പ്) എന്ന ഒരു ലേഖനത്തില്‍ ഞാന്‍ സൂചിപ്പിച്ചിരുന്നു. ഫാഷിസത്തിെൻറ വരവ് മുന്നില്‍ കണ്ടുകൊണ്ട് എഴുതിയ നിരവധി കുറിപ്പുകളില്‍ ഒന്നായിരുന്നു അത്. പക്ഷേ “കഥയാല്‍ തടുക്കാമോ കാലത്തെ” എന്ന് ബാലചന്ദ്രന് ചുള്ളിക്കാട് ചോദിച്ചതുപോലെ ഒറ്റപ്പെട്ട കുറിപ്പുകളില്‍ ഒരു രാഷ്ട്രീയ ദുർസ്വരൂപത്തിെൻറ മുഴുവന്‍ ആഴങ്ങളും പരപ്പുകളും നാം കണ്ടുതീർക്കുന്നില്ല. ചെറുത്തുതീരുന്നില്ല. പക്ഷേ, അടങ്ങാത്ത പ്രതിബദ്ധതയോടെ നാം അതിനെക്കുറിച്ച് പിന്നെയും പിന്നെയും വ്യാകുലപ്പെടുകയും അതിെൻറ അടയാളങ്ങളെ തുറന്നുകാട്ടുകയും വേണം.
അത്തരം സാർഥകമായ ഒരു പരീക്ഷണമാണ് ഉണ്ണിയുടെ പ്രഥമ നോവല്‍. നമ്മുടെ പുതിയ ഫാഷിസ്റ്റ് സാമൂഹികതയുടെ രാഷ്ട്രീയ അബോധത്തിൽനിന്ന്, അതിെൻറ ഏറ്റവും നിലീനമായ ദുഷ്പ്രവണതകളെപ്പോലും അനാവരണം ചെയ്തുകൊണ്ടാണ് അദ്ദേഹം ഈ നോവല്‍ എഴുതിയിട്ടുള്ളത്. ഒരു പൊളിറ്റിക്കൽ അലിഗറി എന്ന നിലയിൽ വളരെ ശ്രദ്ധേയമായ നോവലാണ് ‘പ്രതി പൂവൻ കോഴി’. ഇത്തരം രാഷ്ട്രീയമായ അന്യാപദേശകഥകള് രാഷ്ട്രത്തിന് സംഭവിക്കുന്ന മനുഷ്യവിരുദ്ധമായ മാറ്റങ്ങളോട് ശക്തമായി പ്രതികരിക്കുന്നു. രാഷ്ട്രത്തെ ഗ്രസിക്കുന്ന ഭയത്തിെൻറ ജീവിതാവസ്ഥയോട് മുഖാമുഖം നിൽക്കാനും അതിനെതിരെ പൊരുതാനും ഉദ്ദീപനമാവുന്നു.
ഒരു രാഷ്ട്രത്തിന് അതിനെത്തന്നെ സ്വന്തം ജനതക്കിടയില്‍ നഷ്ടപ്പെടുത്തുന്നു എന്നതാണ് ഭൂരിപക്ഷവത്കൃതമായ ജനാധിപത്യത്തിെൻറ അടിസ്ഥാന സ്വഭാവം. അപരരക്തത്തിന് ദാഹിക്കുന്ന ദുഷ്ടമൂർത്തിയായി രാഷ്ട്രത്തെ മാറ്റിത്തീർക്കുന്ന ഒരു ആഭിചാരമാണ് ഭൂരിപക്ഷവത്കരണം. അത് ജനാധിപത്യത്തിെൻറ ഏറ്റവും പ്രാഥമികമായ സമത്വസങ്കൽപനങ്ങളെ, അത് വർഗപരമാവട്ടെ, മതപരമാവട്ടെ, ജാതിപരമാവട്ടെ, ലിംഗപരമാവട്ടെ, അട്ടിമറിക്കുന്നു.
ഭൂരിപക്ഷത്തിെൻറ മസ്തിഷ്കപ്രക്ഷാളനത്തിലൂടെ അത് അവരെയും അവരിലൂടെ അപരവത്കരിക്കപ്പെട്ടവരെയും നിയന്ത്രിക്കുന്നു. അതിെൻറ നിയന്ത്രണ സംവിധാനങ്ങള്‍ നിരന്തരം വ്യവസ്ഥയുടെ രക്ഷകരും വ്യവസ്ഥയുടെ ശത്രുക്കളും എന്ന ഒരു ദ്വന്ദ്വത്തിലേക്ക് വൈരുധ്യങ്ങളെ ചുരുക്കിയെടുക്കുന്നു. അപകടകരമായ ഈ സാമൂഹിക പ്രക്രിയയെ അതിെൻറ നടുക്കുന്ന എല്ലാ പ്രവചനാത്മകതകളോടുംകൂടി മനസ്സിലാക്കുകയും പിടിച്ചെടുക്കുകയുമാണ് ഈ നോവലില്‍ ഉണ്ണി ആര്. ചെയ്യുന്നത്. ഒരു പൊളിറ്റിക്കല്‍ അലിഗറി നിർവഹിക്കേണ്ട വ്യാവഹാരികമായ ഉത്തരവാദിത്തം അതിെൻറ പൂർണമായ പ്രതിബദ്ധതയോടെ ഉണ്ണി ഈ നോവലിലൂടെ ഏറ്റെടുക്കുകയും പൂർത്തിയാക്കുകയും ചെയ്യുന്നു. ഈ നോവലില്‍ വിവരിക്കപ്പെടുന്ന കേരളത്തിലെ ഒരു ചെറിയ ഗ്രാമം അതിെൻറ സാമൂഹിക മനസ്സില്‍ രൂപംകൂടിയ ഛിദ്രതയുടെ വിനാശകരമായ രാഷ്ട്രീയത്തിലൂടെ രാഷ്ട്രത്തിെൻറതന്നെ പരിച്ഛേദമാകുന്നു എന്നതാണ് ഈ പൊളിറ്റിക്കല്‍ അലിഗറിയുടെ മർമം.
പട്ടാളത്തിൽനിന്ന് പിരിഞ്ഞുവന്നു എന്ന് അവകാശപ്പെടുന്ന ചാക്കു എന്ന ചന്ദ്രസേനന് നായര്‍ താന്‍ സുഹൃത്തുക്കളോടൊപ്പം സ്വന്തം വീട്ടുമുറ്റത്ത് തീവ്രവാദികൾ ഉയർത്തുന്ന ഭീഷണികള്‍ ചർച്ചചെയ്യാനും യുദ്ധത്തില്‍ രക്തസാക്ഷികളായവരെ ഓർക്കാനും കൂടിയ യോഗത്തിെൻറ പ്രാർഥനാസമയത്ത് നാണിയമ്മ എന്ന ബധിരയായ അയൽക്കാരിയുടെ പൂവന്‍കോഴി കൃത്യമായി കൂവിയതില്‍ അസ്വാഭാവികത കണ്ടെത്തുകയും അത് രാജ്യദ്രോഹമാണ് എന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. അയാള്‍ അതിനെതിരെ പൊലീസ് സ്റ്റേഷനില്‍ നൽകിയ പരാതി അന്വേഷിക്കാന്‍ അവര്‍ നാണിയമ്മയുടെ വീട്ടില്‍ എത്തുന്നതോടെയാണ് നോവല്‍ ആരംഭിക്കുന്നത്. രാജ്യത്തിന് വെളിയില്‍ ജോലി തേടിപ്പോകാന്‍ വിസയും കാത്തിരിക്കുന്ന കൊച്ചുകുട്ടന് എന്ന യുവാവ്, നാണിയമ്മയെ പോലെ ഒരു വയോധികയെ പീഡിപ്പിക്കുന്ന ഈ സമീപനത്തെ എതിർക്കുന്നു. എന്നാല്‍, അയാൾക്കല്ലാതെ ആ ഗ്രാമത്തില്‍ മറ്റാർക്കും അവരോട് സഹഭാവം തോന്നുന്നില്ല എന്ന് മാത്രമല്ല, ക്രമേണ അവര്‍ ഓരോരുത്തരായി നാട്ടില്‍ ശുഭനിമിഷങ്ങളില് കൂവി പൂവന്കോഴികള് നടത്തുന്ന രാജ്യദ്രോഹത്തെക്കുറിച്ച് വാചാലരാവുകയും അവയുടെ കൂട്ടക്കുരുതി എന്ന ആശയത്തോട് ചേർന്നുനിൽക്കുകയുമാണ്. അസത്യത്തിെൻറയും അപരവത്കരണത്തിെൻറയും രാഷ്ട്രീയം എപ്പോഴും ഒരു പ്രതിയോഗിയെ തേടിക്കൊണ്ടിരിക്കും.
നാണിയമ്മക്ക് അനുകൂലമായി സംസാരിച്ച കൊച്ചുകുട്ടന് അറസ്റ്റ് ചെയ്യപ്പെടുകയും കസ്റ്റഡിയില്‍ പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നു. അയാളുടെ പാസ്പോർട്ട് അപേക്ഷ തള്ളിക്കളയപ്പെടുന്നു. അയാളുടെ അടുത്ത രണ്ട് കൂട്ടുകാര്‍ മുസ്ലിംകളാണ് എന്നത് സുരക്ഷ അന്വേഷകര്‍ ചോദ്യംചെയ്യലിലൂടെ കണ്ടുപിടിക്കുന്നു. ഒടുവില്‍ അയാളാണ് പൂവന്‍കോഴിയായി കൂവുന്നതെന്ന് വിധി കൽപിക്കപ്പെടുന്നു.
സ്വാതന്ത്ര്യത്തിെൻറ, ജനാധിപത്യത്തിെൻറ, സന്ദേശം മറന്നുകൊണ്ടിരിക്കുന്ന ഒരു ജനതയുടെ നിസ്സഹായമായ പാതിരാത്രിയില്നിന്നാണ് ഉണ്ണിയുടെ നോവലില്‍ പൂവന്‍കോഴിയുടെ കൂവല്‍ പ്രതിഷേധിച്ചുയരുന്നത്. അത് ഭീതിയുടെയും അരക്ഷിതത്വത്തിെൻറയും ജീവിതാവസ്ഥയെ സ്വാഭാവികവത്കരിക്കുന്ന രാഷ്ട്രീയസംവിധാനത്തിന് അസഹ്യമാവുന്നു. പക്ഷേ, ഈ സംവിധാനത്തിന് ഒരു സവിശേഷതയുണ്ട്. ഇവിടെ ഭരണകൂട ഇടപെടലുകളുടെയും പൗര നിരീക്ഷണ സംവിധാനങ്ങളുടെയും ഉത്തരവാദിത്തം പ്രജകള്‍തന്നെ ഏറ്റെടുക്കുകയാണ്. ഭരണകൂടത്തിെൻറ കപടപ്രതിയോഗികളെ അവർതന്നെ സൃഷ്ടിച്ചുനൽകുന്നു. അവർതന്നെ രാജ്യദ്രോഹികളെ കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്യുന്നു. ഒരു ഫാഷിസ്റ്റ് സമൂഹം അതിെൻറ സ്വാതന്ത്ര്യനിഷേധത്തെയും ജനാധിപത്യ ധ്വംസനത്തെയും ആന്തരികവത്കരിക്കുമ്പോള് ഉണ്ടാകുന്ന ചരിത്രവിനാശമാണ്, രാഷ്ട്രീയ വിപര്യയമാണ് ഉണ്ണിയുടെ നോവലിെൻറ ഇതിവൃത്തം. പൂവന്‍കോഴിയുടെ കൂവല്‍ ഇവിടെ ചെറുത്തുനിൽപിെൻറ പ്രതീകമാവുന്നു.
എല്ലാത്തരം പ്രതിശബ്ദങ്ങളും പ്രതിഷേധങ്ങളും രാഷ്ട്രം എന്ന അമൂർത്ത സത്തയുടെ നേർക്കുള്ള ആക്രമണങ്ങളായി വ്യാഖ്യാനിക്കുകയും അതിനുണ്ടാക്കിയെടുക്കുന്ന ജനസമ്മതികള് കൂടുതല്‍ അവകാശധ്വംസനങ്ങൾക്കുള്ള മറയാക്കുകയും ചെയ്യുന്ന രാഷ്ട്രീയത്തിെൻറ കാപട്യങ്ങളെ ഉണ്ണിയുടെ നോവല്‍ ആഴത്തില്‍ വിമർശിക്കുന്നു. അത്തരം ചരിത്രാവസ്ഥകള്‍ രൂപംകൊള്ളുകയും, അവ സ്വയം നിലനിർത്തുകയും ചെയ്യുന്ന സാമൂഹിക പരിണാമത്തെ ഈ നോവല്‍ സൂക്ഷ്മമായി പരിശോധിക്കുന്നു. ഈ ചരിത്രാനുഭവത്തെ ഒറ്റപ്പെടുന്ന വ്യക്തിയുടെ ജീവിതാനുഭവമാക്കി പ്രതിനിധാനം ചെയ്തുകൊണ്ട് അതിെൻറ ശക്തമായ മാനുഷികമാനങ്ങള്‍ വിശകലനം ചെയ്യുന്നു.
നമുക്കുവേണ്ടി ശബ്ദിക്കുന്നവരെ നാംതന്നെ ശത്രുക്കളായി കാണുകയും അവരെ രാഷ്ട്രത്തിെൻറ പേരില്‍ വേട്ടയാടുകയും ചെയ്യുന്ന നിന്ദ്യമായ ഒരു കാലത്തിലൂടെ കടന്നുപോവുക എന്നത് എത്ര അപമാനകരമായ അനുഭവമാണ് എന്ന കൊച്ചുകുട്ടന് എന്ന നിഷേധിയുടെ ജീവിതത്തിെൻറ അവ്യവസ്ഥകളിലൂടെ ഉണ്ണി കാട്ടിത്തരുന്നു. കൂവുന്ന കോഴി രാജ്യദ്രോഹത്തിന് പ്രതിയാകുന്ന അന്യാപദേശത്തിലൂടെ രാഷ്ട്രവിരുദ്ധത എന്ന ഒരു ചൂണ്ടുവിരല്‍ നമ്മുടെ ഏതു പ്രവൃത്തിക്കുനേരെയും ഏതുസമയത്തും ഉയരാമെന്നും അത്രമാത്രം ദുർബലമാണ് രാഷ്ട്രം എന്ന സത്തക്കു മുന്നില്‍ നമ്മുടെ കേളികേട്ട പൗരത്വാവകാശങ്ങള്‍ എന്നും ഉണ്ണി ഓർമിപ്പിക്കുന്നു. രാഷ്ട്രം കടന്നുപോകുന്ന ആപൽസന്ധിയില് പ്രതിരോധത്തിെൻറ വാങ്മയങ്ങള്‍ ശക്തമായി ഉയർന്നുവരേണ്ടതുണ്ട് എന്ന് ഉണ്ണിയുടെ നോവല്‍ ഓർമിപ്പിക്കുകയാണ്. അതുകൊണ്ടുതന്നെ, രാഷ്ട്രം ഭീതിയില്‍ മുങ്ങിത്താഴുമ്പോള്‍ ഉദാസീനരായിരിക്കാന്‍ നമുക്ക് അവകാശമില്ല എന്ന താക്കീതായി ഈ അന്യാപദേശകഥ വായിക്കപ്പെടുകയും വേണം.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.