ഇരുപത്തൊന്നാം നൂറ്റാണ്ടിെൻറ തുടക്കംമുതല്‍ ലോകമെമ്പാടും ഭരണകൂടങ്ങള്‍ കൂടുതല്‍ കൃത്യതയോടെ പൗരത്വത്തിെൻറ അതിരുകള്‍ കര്‍ക്കശമായി നിര്‍വചിക്കാന്‍ ശ്രമിക്കുന്ന ഒരു സാഹചര്യം ഉയര്‍ന്നുവന്നിട്ടുണ്ട്. പുതിയ നൂറ്റാണ്ടിെൻറ തുടക്കം എന്ന് ഒരു പക്ഷേ, പറയേണ്ടതില്ല, ഇരുപതാം നൂറ്റാണ്ടിെൻറ അവസാന ദശകത്തില്‍ തന്നെ ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി ദേശരാഷ്ട്രങ്ങൾ തങ്ങളുടെ ഭരണ മനോഭാവത്തില്‍ (Governmentality) അടിസ്ഥാനപരമായ ചില മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. ഇമെയിലും മറ്റു വ്യക്തിഗത കോർപറേറ്റ് ഡിജിറ്റല്‍ സംവിധാനങ്ങളും ആളുകള്‍ അധികമായി ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ ഇതുകൂടി അംഗീകൃത പൗരവിനിമയ സങ്കേതമാക്കി മാറ്റാനുള്ള നീക്കമാണ് ഭരണകൂടങ്ങള്‍ നടത്തിയത്.
ആദ്യകാലത്ത് സമ്പന്നരാജ്യങ്ങളില്‍ മാത്രമാണ് ഇത് വ്യാപകമായതെങ്കില്‍ അധികം താമസിയാതെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലും ഈ സാങ്കേതികവിദ്യക്ക് ഭരണകൂട സ്വീകാര്യത ലഭിച്ചുതുടങ്ങി. അതിെൻറ ഭാഗമായി ദേശരാഷ്ട്രതലത്തിലും അന്താരാഷ്ട്രതലത്തിലും സമ്പന്ന മുതലാളിത്തരാജ്യങ്ങള്‍ക്കും കോർപറേറ്റുകള്‍ക്കും മേല്‍ക്കൈയുള്ള മാര്‍ഗനിർദേശക സംഘടനകളും ആഗോള മേല്‍നോട്ട സംവിധാനങ്ങളും നിലവില്‍വന്നു. ഇൻറര്‍നെറ്റ് അടിസ്ഥാനപ്പെടുത്തിയുള്ള സേവനങ്ങളുടെയും നിയമപാലനത്തിെൻറയും പുതിയ ഭരണക്രമം ഒരു ആഗോള യാഥാർഥ്യമായി മാറുകയായിരുന്നു. അവികസിതം എന്ന് വിളിക്കാവുന്ന ഗ്രാമ^നഗര മേഖലകളില്‍ കോടിക്കണക്കിനു മനുഷ്യര്‍ ജീവിക്കുന്ന ഇന്ത്യപോലെയുള്ള പ്രദേശങ്ങളില്‍ ഇത്തരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക എളുപ്പമായിരുന്നില്ല. ഇപ്പോഴും എളുപ്പമല്ല. അതിനെ മറികടക്കുന്നതിനാണ് സിവില്‍സമൂഹ സംഘടനകളുടെ കൂട്ടുപിടിച്ചു കോർപറേറ്റ് മധ്യസ്ഥതയിൽ ഗ്രാമീണമേഖലകളിൽ ടെലികിയോസ്ക്കുകളും മറ്റും ആരംഭിക്കുന്നതിനും ഭരണകൂടസേവനങ്ങള്‍ കൂടുതല്‍ കൂടുതല്‍ ഇൻറര്‍നെറ്റ് സംവിധാനത്തിലൂടെ പ്രദാനംചെയ്യുന്ന പ്രക്രിയ ഇ^ഭരണം എന്നപേരിൽ വ്യാപകമാക്കുന്നതിനും ശ്രമംതുടങ്ങിയത്.
പുതിയ ഡിജിറ്റൽ സാേങ്കതികവിദ്യകളുടെ സാകല്യത്തെ സൗകര്യപൂർവം വ്യക്തികളുടെ അടിസ്ഥാനവിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള അവസരമായി എല്ലായിടത്തും ഉപയോഗിക്കുന്നതിനു മുന്നില്‍നിന്നത് കോർപറേറ്റുകള്‍ തന്നെ ആയിരുന്നു. തൊണ്ണൂറുകളുടെ അവസാനം ഡിജിറ്റല്‍ കമ്പനികള്‍ക്ക് ചില തിരിച്ചടികള്‍ നേരിട്ടെങ്കിലും ആ സാമ്പത്തിക കുഴപ്പം അധികകാലം നീണ്ടുനിന്നില്ല എന്നുമാത്രമല്ല, ലോകമാകെ തന്നെ കമ്പ്യൂട്ടര്‍ അധിഷ്ഠിതമായ സംവിധാനങ്ങളിലൂടെ ആദാന-പ്രദാനങ്ങൾ വ്യാപകമായതോടെ സ്വകാര്യവ്യക്തികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനും സൂക്ഷിക്കുന്നതിനും കഴിയുന്ന സാഹചര്യം സാര്‍വത്രികമാവുകയാണ് ഉണ്ടായത്. ഇത് കമ്പോളത്തിെൻറ സവിശേഷമായ ആവശ്യങ്ങള്‍ക്ക് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്നും വിപണിയിലെ വ്യക്തിതാൽപര്യങ്ങളുടെ അടിസ്ഥാനത്തില്‍ പരസ്യങ്ങള്‍ നല്‍കാനും ഉൽപന്നങ്ങള്‍ വിറ്റഴിക്കാനും കഴിയുമെന്ന തിരിച്ചറിവില്‍ അതിശ്രദ്ധയോടെ സൂക്ഷ്മമായി വിവരശേഖരണവും വ്യക്തിഗത വിവരങ്ങളുടെ ശേഖരം സൃഷ്ടിക്കലും സാധാരണ സംഭവമാവുകയായിരുന്നു. ഇന്ന് ബിഗ് ഡാറ്റ- ഇത്തരത്തില്‍ ശേഖരിച്ചുകൂട്ടിയിരിക്കുന്ന സൂക്ഷ്മവിവരങ്ങളുടെ അനുസ്യൂതം വികസിക്കുന്ന ആഗോളനിധി- ലോകം നിയന്ത്രിക്കാന്‍തന്നെ കഴിയുന്ന സാമ്രാജ്യത്വ ഉപകരണമായി മാറുകയാണ്.
എന്നാല്‍, അപ്പോഴും ഓരോ വ്യക്തിയും കൃത്യമായി തിരിച്ചറിയാന്‍ കഴിയുന്ന ഒരു സംവിധാനമായി അതിന് സ്വയം മാറാന്‍ കഴിയുമായിരുന്നില്ല എന്ന പ്രശ്നമുണ്ട്. കാരണം, ഇമെയിലും ഫേസ്ബുക്കും ഒക്കെ പല പേരുകളില്‍ സ്വന്തം അഭിജ്ഞാനം വെളിപ്പെടുത്താതെ ഉപയോഗിക്കാൻ സ്വകാര്യവ്യക്തികള്‍ക്ക് സാധ്യതകളുണ്ടായിരുന്നു. ജിമെയിലും ഫേസ്ബുക്കുമൊക്കെ ഈ സാധ്യത ഇല്ലാതാക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ഭരണകൂടത്തിെൻറ ഇടപെടല്‍ ഉണ്ടെങ്കില്‍ ഇത് ക്ഷിപ്രസാധ്യമാണ് എന്നൊരു ബോധമാണ് കോർപറേറ്റുകളെ ആദ്യം മുതല്‍ തന്നെ അത്തരം സഹകരണങ്ങള്‍ ദേശരാഷ്ട്രങ്ങളുടെ തലത്തില്‍ തേടുന്നതിന് എക്കാലത്തും പ്രേരിപ്പിച്ചിട്ടുള്ളത്.
ഇന്ത്യയില്‍ 2009ൽ തുടക്കമിട്ട ആധാര്‍ പദ്ധതി ഇത്തരത്തില്‍ കൃത്യമായ വ്യക്തിഗതവിവരങ്ങള്‍ ശേഖരിക്കുന്നതിനും സൂക്ഷിച്ചുവെക്കുന്നതിനും വേണ്ടിയുള്ള ഒന്നാണ്. ഓരോ വ്യക്തിയെയും അവരുടെ ഏറ്റവും സ്വകാര്യമായ ശാരീരിക സവിശേഷതകളില്‍ തിരിച്ചറിയുക എന്ന ജൈവരാഷ്ട്രീയ സമീപനമാണ് ആധാറിെൻറ അടിസ്ഥാനം. വിരലടയാളം കൂടാതെ ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കുന്ന കണ്ണിെൻറ ഐറിസ് എന്ന സവിശേഷ അടയാളവുംകൂടി ഉള്‍പ്പെടുത്തിയാണ് ആധാര്‍ കാര്‍ഡുകള്‍ നിർമിക്കുന്നത്. ജനസംഖ്യാപരമായ വിവരങ്ങള്‍ പേരും ജനനത്തീയതിയും മേല്‍വിലാസവും വിരലടയാളവും കൂടാതെ വ്യക്തികളെ ഏതുഘട്ടത്തിലും ^അവരുടെ കൊടുക്കൽ വാങ്ങലുകളുടെയോ സ്വകാര്യ ഇടപെടലുകളുടെയോ ഏതൊരു സന്ദര്‍ഭത്തിലും^ തിരിച്ചറിയാന്‍ കഴിയുന്ന സൂക്ഷ്മനോട്ടമാണ് ആധാര്‍ കാര്‍ഡിലൂടെ സാധ്യമാവുന്നത്. ഇതിെൻറ നിയമപരമായ സാധുത കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടിട്ടുണ്ട്.അതിെൻറ അടിസ്ഥാനത്തിൽ ആധാർ നിയമപരമാണോ, ഭരണഘടനാനുസൃതമാണോ എന്നൊക്കെ പരിശോധിക്കുകയാണ് കോടതി. ഇക്കാര്യത്തിൽ അന്തിമവിധി പ്രഖ്യാപിക്കുന്നതിനുമുമ്പ് തിടുക്കപ്പെട്ട് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള ഭരണകൂടത്തിെൻറ ശ്രമം കോടതി ഇടപെട്ട് കര്‍ക്കശമായി തടഞ്ഞിട്ടുണ്ട്. യു.പി.എ സര്‍ക്കാറിെൻറ കാലത്ത് ആധാറിെൻറ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാവുകയും അതിെൻറ ഉപയോഗം വ്യക്തികളുടെ സ്വന്തം ഇഷ്ടപ്രകാരം മാത്രം സ്വീകരിക്കാവുന്നതാണെന്ന സമീപനം ഭരണകൂടം അർധമനസ്സോടെ അംഗീകരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, യു.പി.എയുടെ കാലത്ത് ആധാറിനെ ശക്തമായി എതിര്‍ത്തിരുന്ന ബി.ജെ.പി അധികാരത്തില്‍വന്നതോടെ കോടതി ഇടപെടലിെൻറ ഫലമായി ഭരണകൂടം സ്വീകരിച്ച സംയമനത്തെ കാറ്റില്‍ പറത്തിയിരിക്കുകയാണ്. കോടതിയുടെ ഇടക്കാല വിലക്ക് അവഗണിച്ച് സര്‍ക്കാര്‍വകുപ്പുകളും കോർപറേറ്റുകളും ആധാറിനെ അടിസ്ഥാന അടയാളരേഖയായി നിര്‍ബന്ധപൂർവം അടിച്ചേൽപിക്കാന്‍ ശ്രമിക്കുകയാണ്. കോർപറേറ്റുകള്‍ ഇക്കാര്യത്തില്‍ ചെലുത്തുന്ന അമിത സ്വാധീനം ഇപ്പോള്‍ പരസ്യമായ രഹസ്യമാണ്. മൊബൈല്‍ സേവനങ്ങള്‍ മുതല്‍ സ്കൂള്‍ കുട്ടികളുടെ ഉച്ചക്കഞ്ഞിക്ക് വരെ ആധാര്‍ നിര്‍ബന്ധമാക്കുന്ന സമീപനം കോടതിയലക്ഷ്യമാെണന്ന് ചൂണ്ടിക്കാട്ടിയിട്ടും ഈ പ്രവണത അവസാനിപ്പിക്കാന്‍ തയാറാവുന്നില്ല എന്നതാണ് നാം ഇപ്പോള്‍ കാണുന്നത്.
കോടതിയെ ഇക്കാര്യത്തില്‍ സമ്മർദത്തിലാഴ്ത്തുക എന്നൊരു തന്ത്രമാണ് ഭരണകൂടം പ്രയോഗിക്കുന്നത്. ഇപ്പോള്‍തന്നെ മൊബൈല്‍ ഫോണിെൻറ ഉപയോഗവുമായി ബന്ധപ്പെട്ട് വ്യക്തികളെ തിരിച്ചറിയുന്നതിന് ആധാര്‍ മാത്രമാണ് ഒരേയൊരു സാധ്യത എന്ന നിലപാട് കോടതിയെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ ശ്രമംനടത്തിയിരിക്കുന്നു. ആദായനികുതി, ബാങ്ക് അക്കൗണ്ടുകള്‍, ആരോഗ്യവിവരങ്ങള്‍ എല്ലാം ആധാർ അ ധിഷ്ഠിതമാവുന്നതോടെ പൗരന്മാര്‍ക്ക് ഒരുവിധ സ്വകാര്യതക്കും അവകാശമില്ലാതാവുകയാണ്. ആര്‍ക്കും എപ്പോഴും ഭരണകൂടത്തിെൻറ ഒത്താശയോടെ ഈ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ കഴിയുന്ന ഒരു നിയമ സംവിധാനമാണ് ആധാര്‍ ആക്ടിെൻറ ഭാഗമായി ഇപ്പോള്‍ നിലവിലുള്ളത്. പൗരാവകാശത്തിനുമേലുള്ള ഏറ്റവും വലിയ വെല്ലുവിളിയായി ആധാര്‍ മാറുകയാണ് എന്നത് നിസ്സാരമായ കാര്യമല്ല.
പുതിയ മുതലാളിത്ത മുദ്രാവാക്യംതന്നെ വ്യക്തികള്‍ക്ക് സ്വകാര്യത ആവശ്യമില്ല എന്നതാണ്. സ്വകാര്യത ആവശ്യപ്പെടുന്നത് നിങ്ങള്‍ക്ക് അനധികൃതമായി എന്തോ ഒളിപ്പിക്കാനാണ് എന്ന പുതിയ നൈതിക മാനദണ്ഡം പ്രചരിപ്പിക്കപ്പെടുന്നു. സ്വകാര്യത കുറ്റമാകുന്നു, പാപമാകുന്നു പുതിയ കോർപറേറ്റ് വ്യവസ്ഥയില്‍. ലോകം മുഴുവന്‍ മുതലാളിത്തത്തിന് കാണാനുള്ള, ഉപയോഗിക്കാനുള്ള ദൃശ്യവിരുന്നാവുകയാണ്. റോഡുകളിലും പൊതുസ്ഥലങ്ങളിലും മാളുകളിലും സ്വകാര്യ സ്ഥാപനങ്ങളിലുമുള്ള സി.സി.ടി.വികളും മുഖങ്ങള്‍ തിരിച്ചറിയുന്നതിനുള്ള പുതിയ സാങ്കേതികവിദ്യകളും ആധാറിൽ രേഖപ്പെടുത്തുന്ന ഏറ്റവും സൂക്ഷ്മമായ ശാരീരികവിവരങ്ങളും ചേർത്തുെവച്ച് വ്യക്തികളുടെ നിത്യജീവിതം ഭരണകൂടവും അതിെൻറ ഒത്താശയോടെ കോർപറേറ്റുകളും സ്വന്തം മേല്‍നോട്ട-വിപണി താൽപര്യങ്ങള്‍ക്കായി അനവരതം കാണുന്നൊരു ചലച്ചിത്രമാവുക എന്ന അവസ്ഥയിലേക്ക് നാം അതിവേഗം കുതിക്കുകയാണ്. ഇത് കേവലം ഭാവനയല്ല. ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യത്തിെൻറ വികാസ സാധ്യതയാണ്.
നമ്മള്‍ ആരാണ് എന്ന് ഫേസ്ബുക്കിനും ഗൂഗ്ളിനും അറിയണം. ഇപ്പോള്‍ തന്നെ അല്‍ഗോരിതം എന്ന സാങ്കേതികവിദ്യ നമ്മുടെ സ്വകാര്യതയെ ഏതാണ്ട് പൂർണമായും തന്നെ വിഴുങ്ങിയിരിക്കുകയാണ്. ഡിജിറ്റല്‍ ലോകത്തെ നഗ്നരായ പ്രജകളാണ് നാമെല്ലാം. ഇതിനു കൂടുതൽ കരുത്തേകാനാണ് ഇന്ത്യന്‍ ഭരണകൂടവും ആധാറിലൂടെ ശ്രമിക്കുന്നത്. ഒപ്പംതന്നെ, സമസ്ത മേഖലകളിലും ആധാര്‍ അനിവാര്യമാെണന്നു വരുത്തിത്തീർത്ത് കോടതിയെ സമ്മർദത്തിലാക്കി ഇക്കാര്യത്തിലുള്ള അന്തിമവിധി തങ്ങള്‍ക്കനുകൂലമാക്കാന്‍ കഴിയുമോ എന്ന് ഭരണകൂടം നോക്കുകയാണെന്ന് സംശയിക്കാനും തീര്‍ച്ചയായും കാരണങ്ങളുമുണ്ട്. l
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.