ഞാൻ ഈ കഴിഞ്ഞ ദിവസം വടയമ്പാടിയിലെ ദലിത് സമരഭൂമിയിൽ പോയിരുന്നു. കാരണം വടയമ്പാടിയിലെ ദലിത് ഭൂസമരം ഒട്ടനവധി മാനങ്ങൾ ഉൾക്കൊള്ളുന്ന ഒന്നാണ്. കേരളത്തിെൻറ രാഷ്ട്രീയ^സാമൂഹിക^സാമ്പത്തിക ചരിത്രത്തിൽ ശക്തമായി അടയാളപ്പെടുത്തേണ്ട സാന്നിധ്യമാണ് ആ സമരത്തിേൻറത്. ഭൂപരിഷ്കരണം മുതൽ ദലിത് പീഡനങ്ങൾക്കെതിരെയുള്ള നിയമനിർമാണങ്ങൾ വരെയുള്ള നമ്മുടെ സാമൂഹിക ചരിത്രത്തിെൻറ വിവിധങ്ങളായ മുഹൂർത്തങ്ങളെ ആ സമരം ഓർമയിലേക്ക് കൊണ്ടുവരുന്നു. തങ്ങൾക്ക് പ്രവേശനമില്ലാത്ത ക്ഷേത്രങ്ങളുമായി ഉണ്ടായിരുന്ന വഴിപാട് കഴിക്കൽ ഉൾപ്പെടെയുള്ള അനുഷ്ഠാന ബന്ധങ്ങൾ ഉപേക്ഷിച്ചു കേരളത്തിലെ ഈഴവരും ദലിതരും നടത്തിയ ക്ഷേത്രത്യാഗസമരം മുതൽക്കുള്ള സങ്കീർണമായ ചരിത്രത്തെ അത് നമ്മുടെ മുന്നിലേക്ക് കുടഞ്ഞെറിയുന്നു. ഇരുപതാം നൂറ്റാണ്ടിെൻറ രണ്ടാം ദശാബ്ദത്തിൽ നടന്ന ഈ ധീരസമരത്തിനും ശേഷമാണ് ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന കെ. കേളപ്പൻ, പി. കൃഷ്ണപിള്ള, എ.കെ. ഗോപാലൻ തുടങ്ങിയ ശൂദ്രവിമതരുടെ ഹിന്ദു പരിഷ്കരണ സമരങ്ങൾ ഉണ്ടാവുന്നത്. പ്രധാനമായും ബ്രാഹ്മണ്യത്തിനെതിരെയുള്ള ശൂദ്രാഭിമാന സമരത്തിെൻറ ഭാഗമായിരുന്നു അമ്പലത്തിലെ മണിയടിയും മറ്റു സമരങ്ങളും.
ദലിതരെ സംബന്ധിച്ചിടത്തോളം ക്ഷേത്രം ഒരു സാമ്പത്തിക സ്ഥാപനമായിരുന്നു. ആ അർഥത്തിലേ അതുമായുള്ള ബന്ധത്തെ അവർ കണ്ടിരുന്നുള്ളൂ. ശൂദ്രവിമതരുടെ അജണ്ട അവരുടെ സ്വന്തം അജണ്ടയായിരുന്നു ഒരു വലിയ പരിധിവരെ. എന്നാൽ, ഈ സാമ്പത്തിക സ്ഥാപനം തങ്ങളുടെ അൽപ വിഭവങ്ങൾപോലും പിടിച്ചുവാങ്ങുകയും ക്ഷേത്രത്തിനടുത്തുകൂടി വഴിനടക്കാൻപോലും സമ്മതിക്കാതിരിക്കുകയും ചെയ്യുന്ന സാമാന്യനീതിയുടെ നിഷേധമായിരുന്നു ദലിത് സമരങ്ങളുടെ അടിസ്ഥാനം. ഇക്കാര്യത്തിൽ ശൂദ്രവിമതരുമായുണ്ടായ ഐക്യം യഥാർഥത്തിൽ ഇന്ന് വ്യാഖ്യാനിക്കപ്പെടുന്നതുപോലെ ഒരു ഹിന്ദുനവോത്ഥാന ഐക്യമായിരുന്നു എന്നു കരുതുന്നത് ശരിയാവണമെന്നില്ല. മാത്രമല്ല, ശൂദ്രവിമതരെ സംബന്ധിച്ചിടത്തോളം മരുമക്കത്തായ സമ്പ്രദായത്തോടുള്ള രാഷ്ട്രീയമായ കലഹവും ഈ ഐക്യം വളർത്തിയെടുക്കുന്നതിനു േപ്രരക ഘടകമായിരുന്നു. അല്ലെങ്കിൽ അവർ അന്ന് ഒറ്റപ്പെട്ടുപോവുമായിരുന്നു എന്നതാണ് പരമാർഥം.
വടയമ്പാടിയിലെ സമരം ഈ ചരിത്രസന്ദർഭങ്ങളെയെല്ലാം കേരളീയ സമൂഹത്തിെൻറ മുന്നിലേക്ക് കൊണ്ടുവരുന്നു. ദലിത് കൈവശാവകാശത്തിൽ വർഷങ്ങളായി ഇരുന്ന പുറേമ്പാക്കുഭൂമി എൻ.എസ്.എസ് കരയോഗം അനധികൃതമായി സ്വന്തമാക്കിയതിനെതിരെ ഒരു വർഷമായി നടന്നുവരുന്നതാണ് വടയമ്പാടി ഭൂസമരം. അതിപ്പോൾ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. പുറമ്പോക്കുഭൂമി ഇത്തരത്തിൽ എൻ.എസ്.എസിന് പതിച്ചുനൽകിയിട്ടുണ്ടെന്നും എന്നാൽ, അതുസംബന്ധിച്ച് ഒരു രേഖയും വില്ലേജ് ഒാഫിസിൽ ലഭ്യമല്ലെന്നും ബേസിക് ടാക്സ് രജിസ്റ്റർ പ്രകാരം ആ ഭൂമി സർക്കാർ പുറമ്പോക്ക് എന്നുതന്നെയാണ് ഇപ്പോഴും കാണുന്നതെന്നും വിവരാവകാശ നിയമപ്രകാരം നടത്തിയ അന്വേഷണത്തിൽ വില്ലേജ് ഒാഫിസർ സമ്മതിച്ചിട്ടുണ്ട്. കേരളത്തിലെ ദലിത് വിഭാഗങ്ങൾക്ക് കൃഷിഭൂമി നൽകില്ല എന്ന സവർണ^കമ്യൂണിസ്റ്റ് പിടിവാശിയുടെ ഇരകളായി കോളനികളിലേക്ക് പുറന്തള്ളപ്പെട്ട ദലിത് കർഷകത്തൊഴിലാളി വിഭാഗങ്ങൾ അത്തരം കോളനികളോടു ചേർന്ന പുറമ്പോക്കുഭൂമികളാണ് തങ്ങളുടെ സാംസ്കാരികവും വിനോദപരവുമായ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നത്. ഭജനമഠം എന്നറിയപ്പെടുന്ന ഈ സ്ഥലവും അത്തരത്തിൽ വർഷങ്ങളായി ദലിത്സമൂഹം ഉപയോഗിച്ചിരുന്നതാണ്. എൻ.എസ്.എസ് ഈ ഭൂമി അതിരഹസ്യമായി കൈവശപ്പെടുത്തുകയും ആ വിവരം വർഷങ്ങളോളം ഗൂഢമാക്കി വെക്കുകയും ചെയ്തിരുന്നു. ഈ അടുത്തകാലത്ത് ഭൂമിയുടെ ഉപയോഗവുമായി ബന്ധപ്പെട്ട ഒരു തർക്കമുണ്ടാവുകയും എൻ.എസ്.എസ് കരയോഗം ദലിതരെ അവിടെ പ്രവേശിക്കുന്നതിൽനിന്ന് വിലക്കുകയും ചെയ്തപ്പോഴാണ് ഈ ഭൂമി എൻ.എസ്.എസ് കരയോഗം 1981ൽ, 14 വർഷങ്ങൾക്കുശേഷം ആദ്യമായുണ്ടായ നായനാരുടെ സി.പി.എം മന്ത്രിസഭയുടെ കാലത്ത്, തങ്ങളുടെ പേർക്ക് സർക്കാറിൽനിന്ന് രഹസ്യമായി എഴുതിവാങ്ങിയിരുന്നു എന്ന അവകാശവാദം ഉന്നയിക്കുന്നത്.
ഇത് തികച്ചും നിരുത്തരവാദപരമായ ഒരു തീരുമാനമായിരുന്നു. എൻ.എസ്.എസ് കരയോഗത്തിന് പൊതു ഉടമസ്ഥതയിലുള്ള ഭൂമി പതിച്ചുനൽകുന്നത് എന്തടിസ്ഥാനത്തിലായിരുന്നു എന്ന ചോദ്യം ഇപ്പോൾ ശക്തമായി ഉയരുകയാണ്. അന്താരാഷ്ട്രതലത്തിൽത്തന്നെ പൊതു ഉടമസ്ഥതയിലുള്ള, വിശേഷിച്ചും പാർശ്വവത്കൃത സമൂഹങ്ങൾ ചരിത്രപരമായി ഉപയോഗിച്ചുവരുന്ന ഭൂമിക്കുമേൽ അവർക്കുള്ള പരമ്പരാഗതമായ അവകാശങ്ങൾ ചോദ്യംചെയ്യുന്നതിനെ അംഗീകരിക്കുന്ന സമീപനമല്ല സിവിൽ സമൂഹത്തിനുള്ളത്. മറിച്ച്, ആ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണ് എന്ന തീർപ്പാണ് അവർക്ക് സ്വീകാര്യം. ഇത്തരം ഭൂമിയിൽ സ്വകാര്യ സ്വത്തവകാശമുറപ്പിക്കണം എന്നാവശ്യപ്പെടുന്ന അധീശബൂർഷ്വ ധനശാസ്ത്രത്തിെൻറ (ഗീത ഗോപിനാഥിെൻറയും മറ്റും) സമീപനത്തെ ചെറുക്കുകയാണ് പാർശ്വവത്കൃത സമൂഹങ്ങൾ ചെയ്യുന്നത്. നവ സിവിൽ സമൂഹരാഷ്ട്രീയവും നവ ഇടതുപക്ഷവും അവരോടൊപ്പമാണ്, അല്ലാതെ ബൂർഷ്വ ധനശാസ്ത്രത്തിെൻറ ഒപ്പമല്ല ലോകത്തെവിടെയും നിലകൊ
ള്ളുന്നത്. അത്തരത്തിൽ സ്വകാര്യവത്കരിച്ചില്ലെങ്കിൽ പൊതുഭൂമി അമിതോപയോഗത്തിലൂടെ വളരെവേഗം നശിച്ചുപോകുമെന്ന, ഹാർദിൻസ് ട്രാജഡി എന്നറിയപ്പെടുന്ന സിദ്ധാന്തത്തെ അവരാരും ഗൗരവമായി കാണാറില്ല. സാമൂഹിക പരിപാലനമാണ് തണ്ണീർത്തടങ്ങളും വനങ്ങളും അടക്കമുള്ള പൊതുവിഭവങ്ങൾക്ക് നല്ലത് എന്ന നിഗമനത്തിനാണ് ഇക്കാര്യത്തിൽ മുൻതൂക്കം. മുതലാളിത്ത സർക്കാറുകൾ ഇത് വകവെക്കാറില്ലെങ്കിൽപോലും.
ശൂദ്രവിഭാഗങ്ങളും അവരോടൊപ്പം കണക്കാക്കപ്പെടുന്ന മധ്യവർഗ മുസ്ലിം^ക്രിസ്ത്യൻ കർഷകരും കുറെയൊക്കെ ഈഴവവിഭാഗങ്ങളും ഭൂപരിഷ്കരണത്തിെൻറ ചട്ടക്കൂടിൽ ഭൂമി പങ്കിട്ടെടുത്തപ്പോൾ കൃഷിഭൂമി നിഷേധിക്കപ്പെട്ട കർഷകത്തൊഴിലാളികളായ ദലിത് വിഭാഗങ്ങളെ കോളനിവത്കരിക്കാനും അങ്ങനെ ഈ സമൂഹത്തിെൻറ എക്കാലത്തെയും അപരരാക്കാനുമുള്ള കമ്യൂണിസ്റ്റ് തീരുമാനം ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കിയ ഒന്നായിരുന്നു. ഒരുവശത്ത് ഭൂമിവിപണി ഉൗഹക്കച്ചവട മേഖലയായി വികസിക്കുകയും പൊതു ഭൂമികൾക്കുമേൽ അവകാശവാദങ്ങളുമായി മാഫിയ രംഗത്തുവരുകയും ചെയ്തപ്പോൾ അത്തരം ഭൂമികൾ മാത്രം തങ്ങളുടെ പൊതു ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുണ്ടായിരുന്ന ദലിത് കോളനിവാസികൾക്ക് കൂടുതൽ കൂടുതൽ അരികുവത്കരണത്തെയാണ് നേരിടേണ്ടിവന്നത്. ഈ ചരിത്രത്തിെൻറ തുടർച്ചകൂടിയാണ് വടയമ്പാടിയിലെ ഭൂസമരം.
ഇപ്പോൾ ഈ സമരം ആളിക്കത്താനുള്ള കാരണം പിണറായി വിജയെൻറ പൊലീസ് സ്വീകരിച്ച അത്യന്തം ദലിത് വിരുദ്ധമായ നിലപാടുകളാണ്. കോടതിയിൽ നടക്കുന്ന ഈ സിവിൽ വ്യവഹാരത്തിെൻറ കാര്യത്തിൽ, ബാബരി മസ്ജിദ് പ്രശ്നത്തിലെ മൃദു ഹിന്ദുത്വ നിലപാടുപോലെ ദലിതർക്ക് പാരമ്പര്യാവകാശമുള്ള ഈ പൊതുഭൂമി തർക്കഭൂമിയായി കാണാനാണ് പൊലീസ് തയാറായത്. മാത്രമല്ല, അതിെൻറ അടിസ്ഥാനത്തിൽ ആരോടൊപ്പം നിൽക്കണമെന്നതിലും വിജയൻ െപാലീസിന് സംശയമുണ്ടായിരുന്നില്ല. തങ്ങളുടെ ഭൂമി, ഒരു വ്യാജരേഖയെന്ന് സംശയിക്കാവുന്നതും നീതിരഹിതമായി പതിച്ചുനൽകപ്പെട്ടത് എന്ന് നിസ്സംശയം പറയാവുന്നതുമായ ഒരു പട്ടയത്തിെൻറ അടിസ്ഥാനത്തിൽ ജാതിമതിൽ കെട്ടി തിരിക്കാനും അതിനുള്ളിൽ സഞ്ചാരസ്വാതന്ത്ര്യംപോലും നിഷേധിക്കാനും ശ്രമിച്ച ക്ഷേത്രത്തിെൻറ സമീപനത്തിനെതിരെ സമരംചെയ്ത ദലിത്പ്രവർത്തകരെ ആക്രമിക്കുന്ന സമീപനമാണ് പൊലീസിേൻറത്. സമരപ്പന്തൽ പൊളിച്ചുമാറ്റുകയും അന്യായമായി ആ സ്ഥലത്ത് കവാടംകെട്ടുന്നതിനു ക്ഷേത്രത്തെ അനുവദിക്കുകയും ചെയ്തു പൊലീസ്. അവിടെ സമരം റിപ്പോർട്ട് ചെയ്യാനെത്തിയ യുവ പത്രപ്രവർത്തകരായ അനന്തുവിനെയും അഭിലാഷിനെയും മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ്ചെയ്തു.
സമരത്തിനു നേതൃത്വം നൽകുന്ന ജോയിയെ കള്ളപ്പരാതിയുടെ പേരിൽ ഇപ്പോൾ ജയിലിലടച്ചിരിക്കുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അദ്ദേഹത്തെ എച്ചിൽ കൈയോടെ വാനിലേക്ക് വലിച്ചിഴച്ച് എറിയുകയായിരുന്നുവേത്ര. ഞാൻ അവിടെ കണ്ടത് കടുത്ത പൊലീസ് ഭീകരതയായിരുന്നു. നാലഞ്ചു വാഹനങ്ങൾ നിറയെ പൊലീസുകാർ, സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരടക്കം നിരവധി ഉയർന്ന പൊലീസ് ഒാഫിസർമാർ തുടങ്ങിയവർ ചേർന്ന് അവിടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നു. അതിലെല്ലാമുപരി പിണറായി വിജയൻ, പൊലീസുകാർ സഭ്യമായി സംസാരിക്കണം എന്നു പറഞ്ഞതിന് അദ്ദേഹത്തെ രാജൻ സേവ്യർ എന്ന പൊലീസ് ഉദ്യോഗസ്ഥൻ കണക്കിന് ഇവിടെ പരിഹസിക്കുകയുമുണ്ടായി എന്നാണു സമരസമിതിയുടെ പരാതിയിൽനിന്ന് മനസ്സിലാവുന്നത്. പിണറായി വിജയൻ പൊലീസിെൻറ മനോവീര്യം കെടുത്തുന്നതൊന്നും ചെയ്യില്ല എന്ന് അദ്ദേഹത്തിന് ഉറപ്പുള്ളതുകൊണ്ടാവാം പിണറായിയുടെ പൊലീസുകാരോടുള്ള ഈ അഭ്യർഥനയുണ്ടായ സമയത്ത് ഈ ഉദ്യോഗസ്ഥൻ ഒരു മണിക്കൂറോളം അമ്മമാരും കുഞ്ഞുങ്ങളും യുവതികളും വയോധികരുമടങ്ങുന്ന ദലിത് സമരപ്രവർത്തകരെ കേട്ടാലറക്കുന്ന അസഭ്യം പറഞ്ഞുവെന്ന പരാതിയാണ് ഉയർന്നിരിക്കുന്നത്. ഈ സമരം ദേശീയശ്രദ്ധ ആകർഷിക്കാൻ തുടങ്ങുന്നുവെന്ന് മനസ്സിലായപ്പോൾ ഇതുവരെ അനങ്ങാതിരുന്ന സി.പി.എം സ്വന്തംനിലയിൽ എന്തെങ്കിലും ചെയ്യണമെന്ന തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. എന്നാൽ, ഈ സർക്കാറിനും പാർട്ടിക്കും എന്തെങ്കിലും ആത്മാർഥത ഈ പ്രശ്നത്തിൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും അവർ ആദ്യം ചെയ്യേണ്ടത് ആ പട്ടയം റദ്ദാക്കുകയും ഇതുമായി ബന്ധപ്പെട്ട് പൊലീസ് എടുത്ത എല്ലാ കേസുകളും ഉടനടി പിൻവലിക്കുകയും അക്രമം കാട്ടിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും ജാതിമതിൽ കെട്ടാൻ ഇപ്പോൾ അനുമതി കൊടുത്തവർക്കെതിരെയും നടപടി സ്വീകരിക്കുകയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.