എൺപതുകളുടെ മധ്യം. ഫാറൂഖ് കോളജിൽ വിദ്യാർഥി ആയിരിക്കെ വൈക്കം മുഹമ്മദ് ബഷീറിെൻറ വീട്ടിൽ ഇടക്കിടെ പോവുക പതിവായിരുന്നു. ഒാരോ സന്ദർശനവും നൽകിയത് പുതിയ അനുഭവം. ഒരുപാട് പുസ്തകങ്ങളുടെ ഉള്ളടക്കത്തെ മറികടക്കുന്നതായിരുന്നു ആ വലിയ ജീവിതം. പരിചിതരും അപരിചിതരുമായ മുഴുവൻ സന്ദർശകരോടും പുലർത്തിയ ആ സ്നേഹവായ്പ് മാത്രം മതി ബഷീറിെൻറ മഹത്ത്വം അടയാളപ്പെടുത്താൻ. അതുനിൽക്കെട്ട. ഇനി കാര്യത്തിലേക്ക്. ഒരു വൈകുന്നേരം. ബഷീർ ആരെയോ കുറ്റപ്പെടുത്തുന്നു. വിവരദോഷിയെന്ന് വിളിക്കുന്നു. ചോദിച്ചപ്പോൾ അറിഞ്ഞു, അന്നത്തെ വില്ലൻ അല്ലാമ മുഹമ്മദ് ഇഖ്ബാൽ ആണെന്ന്. ശരിക്കും ഞെട്ടി. ബഷീറിനെപോലെ മനസ്സിൽ വലിയ ആരാധന കൊടുത്ത അസാമാന്യ പ്രതിഭയാണ് ഇഖ്ബാൽ.
ഫാറൂഖ് കോളജിൽ അക്കാലത്ത് അല്ലാമ ഇഖ്ബാൽ അക്കാദമി സജീവമാണ്. ലോകം കണ്ട ഏറ്റവും മികച്ച കവികളിൽ ഒരാൾ. ഇരുവരും സമകാലികർ പോലുമല്ല. എന്നിട്ടും ഇഖ്ബാൽ എന്തുകൊണ്ടാകും ബഷീറിനെ ചൊടിപ്പിച്ചത്? അന്വേഷിച്ചപ്പോൾ ഇഖ്ബാൽ അല്ല, അദ്ദേഹത്തിെൻറ ഒരു കവിതയാണ് പ്രശ്നം. ‘സാരെ ജഹാം സെ അഛ..ഹിന്ദുസിതാൻ ഹമാര...എന്നു തുടങ്ങുന്ന ഏവരും നെഞ്ചേറ്റുന്ന ആ വരികൾ. അതിലെന്താണ് കുഴപ്പം? ഉടൻ വന്നു, ബഷീറിെൻറ ചോദ്യം: ഇന്ത്യ മാത്രമാണോ സുന്ദരം? അല്ല^ പിന്നെ എന്തിന് ഇങ്ങനെ ഒരു കവിത? ഒപ്പം ഇത്രയുംകൂടി: ആ കാക്ക ഇന്ത്യക്ക് വെളിയിൽ പോയിട്ടില്ല. ഉണ്ടെങ്കിൽ കണ്ടേനെ, ഇന്ത്യക്ക് വെളിയിലും നമ്മുടേതുപോലെത്തന്നെ എത്രയോ സുന്ദര പ്രദേശങ്ങൾ... ഒന്നും മിണ്ടിയില്ല. ബഷീറിനോട് തർക്കിച്ചിട്ടും കാര്യമില്ല.
ഏതു രോഷവും സ്വതഃസിദ്ധമായ ‘കിറുക്കി’െൻറ പട്ടികയിൽപെടുത്തി എല്ലാവരും അപ്പോൾ ചിരിച്ചതേയുള്ളൂ. സത്യത്തിൽ ഇന്നായിരുന്നു ആ അഭിപ്രായപ്രകടനമെങ്കിൽ കുഴങ്ങിയതുതന്നെ. അതിെൻറ പേരിൽ ബഷീർ അകത്തു കിടന്നേനെ. ജാമ്യം കിട്ടാത്ത കുറ്റങ്ങൾ എഴുത്തുകാരനു മേൽ ചുമത്തിയേനെ. ബഷീർ പറഞ്ഞതിൽ കാര്യമുണ്ട്. രാജ്യത്തോടും അതിെൻറ മുദ്രകളോടും അനുരാഗമാകാം. പുറത്തുള്ള മറ്റു മനോഹാരിതകൾകൂടി ഉൾക്കൊള്ളാൻ കഴിയണമെന്നു മാത്രം. ഏതായാലും ഇഖ്ബാലിന് തെറ്റിയിട്ടില്ല; ബഷീറിനും. അല്ലെങ്കിൽതന്നെ ദേശീയത, അതിരുകൾ എന്നതു പോലും ആപേക്ഷികം മാത്രമല്ലേ? വാഗ അതിർത്തിയിൽ പലകുറി പോയിരുന്നു. ഒന്നായിനിന്ന രാജ്യം.
പിന്നീട് ഇടക്ക് മുൾവേലി ഉയരുന്നു. ഇരുഭാഗത്തുമായി സൈനികർ സദാ റോന്തു ചുറ്റുന്നു. അപ്പുറത്തും ഇപ്പുറത്തുമായി രണ്ട് ജനതകൾ, രണ്ട് വികാരങ്ങൾ, രണ്ട് ദേശീയതകൾ, അതിെൻറ ചുരമാന്തലുകൾ... 2003 മാർച്ചിൽ നടന്ന ഇറാഖ് അധിനിവേശ വേളയിലും കണ്ടു, അതിർത്തിയുടെ സങ്കൽപയാഥാർഥ്യം. കുവൈത്തിനും ഇറാഖിനും ഇടയിൽ കനത്ത അതിർത്തിയും കാവലും വൈദ്യുതി പ്രവഹിക്കുന്ന കമ്പികളും ഉണ്ടായിരുന്നു. യു.എസ് ആക്രമണം തുടങ്ങിയതോടെ അവയെല്ലാം ധൂളിയായി. ആദ്യം തോറ്റോടിയത് അതിർത്തി സൈന്യം. പിന്നെ കണ്ടത് അന്യെൻറ പറമ്പിന് സമാനമായ ദൃശ്യം. ആർക്കും എപ്പോഴും കടന്നുകയറാവുന്ന ഇടം. പാസ്പോർട്ടിൽ ഒരു സീൽ പോലും പതിക്കാതെ ഇറാഖിലേക്കും തിരിച്ചും വരാൻ കഴിഞ്ഞ നാളുകൾ. സത്യത്തിൽ അതിരുകൾ ഇല്ലാത്ത ഒരു ലോകം -അതായിരിക്കും സമാധാനപ്രേമികൾ സ്വപ്നം കാണുന്നതും.
എന്നാൽ, അതിർത്തികൾ എല്ലാവർക്കു മുന്നിലും കൊട്ടിയടക്കാനുള്ള വെമ്പലിലാണ് അമേരിക്ക മുതൽ എല്ലാ രാജ്യങ്ങളും. അതിർത്തി തർക്കങ്ങൾ അറബ് ലോകത്തും രൂക്ഷം. തങ്ങൾക്ക് ലഭിക്കേണ്ട മണ്ണിൽ മറ്റുള്ളവൻ സുഖിച്ചു ജീവിക്കുന്നതു ചൂണ്ടിയാണ് ചിലരുടെ പടയൊരുക്കം. ഭൂമിയുെട അതിരുകൾ. അത് പിന്നെയും നിർണയിക്കാൻ എളുപ്പം. എന്നാൽ, സമുദ്രാതിർത്തിയുടെ കാര്യമോ? മണ്ണിൽ വരക്കാം. വേലി കെട്ടാം. വൈദ്യുതി ഘടിപ്പിക്കാം. വെള്ളത്തിൽ വരച്ചിട്ട് വല്ല കാര്യവും ഉണ്ടോ? സമുദ്രാതിർത്തി എപ്പോഴും ഒരു പ്രശ്നമാകുന്നത് അതുകൊണ്ടാണ്. ആധുനിക സാേങ്കതിക സംവിധാനങ്ങൾ ഉപയോഗിക്കുന്നവർക്ക് സമുദ്രാതിർത്തി എളുപ്പം തിരിച്ചറിയാം.
മേത്തരം യാനങ്ങൾക്ക് ഒരിക്കലും വഴിതെറ്റില്ല; അതിർത്തിയും. കൃത്യമായ അതിരുകൾക്കുള്ളിൽതന്നെയായിരിക്കും അവയുടെ സഞ്ചാരപഥം. എന്നാൽ, കൊച്ചുവള്ളങ്ങളിലും മറ്റും മീൻ പിടിക്കാൻ പോകുന്ന പാവപ്പെട്ട മത്സ്യത്തൊഴിലാളികൾ അവർക്ക് പലപ്പോഴും അറിയില്ല, കടലിനു മേൽ നാം വരച്ചിട്ട നമ്മുടെതായ അതിരുകൾ. അതുകൊണ്ടുതന്നെ പാവങ്ങൾ ചെന്നുപെടും. കുറ്റപത്രം ഒട്ടും ചെറുതാവില്ല. അനുമതി കൂടാതെയുള്ള സമുദ്രാതിർത്തി ലംഘനം! ഒന്നും രണ്ടുമല്ല, ഗൾഫ് കടലിൽ അനുഭവങ്ങൾ നിരവധി. മേഖലയിൽ അടുത്തിടെയായി കടലും രാഷ്ട്രീയമായി പ്രക്ഷുബ്ധമാണ്. ഇറാനാണ് കടലിൽ കണ്ണയച്ച് ‘അതിർത്തി’ കാത്തുപോരുന്ന രാജ്യം.
അടുത്തിടെ, ഇറാൻ പിടിയിലായ ഗൾഫ് മത്സ്യത്തൊഴിലാളികളുടെ എണ്ണം വരും നൂറിലേറെ. 15 ഇന്ത്യക്കാർ ഉൾപ്പെടെ 19 പേർ ഇറാനിൽ കുടുങ്ങിയത് നീണ്ട അഞ്ചര മാസക്കാലം. അവർ രക്ഷപ്പെട്ട് നാട്ടിലെത്തിയിരിക്കില്ല. ഇതാ, പുതിയ വാർത്ത വന്നിരിക്കുന്നു-തമിഴ്നാട്ടിൽ നിന്നുള്ള 25 മത്സ്യത്തൊഴിലാളികൾ ഒരു മാസത്തിലേറെയായി ഇറാൻ തടവിലാണെന്ന്. എല്ലാം പാവങ്ങൾ. ജീവിതം കരുപ്പിടിപ്പിക്കാൻ കഠിനാധ്വാനം നടത്തിവന്ന കടൽമനുഷ്യർ. അറിയായ്മയുടെ പേരിലുള്ള അവിവേക നടപടി. അതിെന ആ നിലക്കുകണ്ടാൽ മതി.
പക്ഷേ, അവരെ വിട്ടയക്കാനൊന്നും ഇറാൻ തയാറല്ല. ഇറാനുമേൽ രാഷ്ട്രീയ സ്വാധീനം ചെലുത്തി മോചനം ഉറപ്പാക്കേണ്ടത് ഇന്ത്യ. പലപ്പോഴും പാവം കടൽമനുഷ്യരുടെ കാര്യത്തിൽ അതും ഉണ്ടാകുന്നില്ല. സത്യത്തിൽ മനുഷ്യരായതാണോ കുറ്റം? മത്സ്യങ്ങളാവുകയായിരുന്നു ഭേദം. എങ്കിൽ പിന്നെ, സമുദ്രാതിർത്തിയുടെ ബേജാറ് വേണ്ട. ഏതു കടലിലും പാസ്പോർട്ടില്ലാതെ നീന്തിത്തുടിക്കാം. ബഷീറും ഇഖ്ബാലും അവിടെ തോളിൽ കൈയിട്ട് ചിരിക്കുന്നുണ്ടാകുമോ?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.