ഏറക്കുറെ ഭദ്രമാണ് തൃണമൂൽ കോൺഗ്രസിെൻറ കോട്ടകൾ. പാർട്ടി ഇപ്പോൾ വലിയ ഭീഷണികൾ അഭിമുഖീകരിക്കുന്നില്ല. എന്നാൽ, രണ്ടാഴ്ച മുമ്പ് പാർട്ടിയിലെ ഒരു പ്രമുഖനേതാവ് ബി.ജെ.പിയിലേക്ക് ചേക്കേറിയത് രാഷ്ട്രീയകേന്ദ്രങ്ങളിൽ ആകാംക്ഷ ഉണർത്തി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വലംകൈ എന്ന് ഒരു കാലത്ത് വിശേഷിപ്പിക്കപ്പെട്ട വിശ്വസ്തനേതാവും രാജ്യസഭാംഗവുമായ മുകുൾ റോയ് ആണ് മറുകണ്ടം ചാടിയത്. പക്ഷേ, കൂറുമാറ്റം മമതയെയോ ഇതരനേതാക്കളെയോ അണികളെയോ കാര്യമായി അസ്വസ്ഥരാക്കുന്നില്ല. മമതയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായിരുന്നു ഒരുകാലത്ത് മുകുൾ റോയ്. തൃണമൂലിെൻറ തെരഞ്ഞെടുപ്പ്തന്ത്രങ്ങൾ ആ ചാണക്യധിഷണയിലായിരുന്നു രൂപം കൊണ്ടത്. മമത തൃണമൂലിെൻറ ഹൃദയമാണെങ്കിൽ മുകുൾ പാർട്ടിയുടെ മസ്തിഷ്കമാണെന്ന് നിരീക്ഷകർ വിലയിരുത്തി. പക്ഷേ, കാലവും കഥയും മാറിയിരിക്കുന്നു. സംവത്സരങ്ങളായി നടത്തിവരുന്ന രാഷ്ട്രീയപോരാട്ടങ്ങളിലൂടെ അസാമാന്യമായ വ്യക്തിപ്രഭാവം സ്വന്തമാക്കിയ മമത ബാനർജിയുടെ പ്രഭക്ക് ഇത്തരം ചെറുദീപങ്ങളുടെ അഭാവം വഴി മങ്ങലേൽക്കുന്ന പ്രശ്നമില്ലെന്നാണ് തൃണമൂൽവൃത്തങ്ങളുടെ വിലയിരുത്തൽ. ബിദ്ദനഗർ മേയർ ദേബശിഷ് ജനയുടെ നിരീക്ഷണം നോക്കുക. ‘‘മുകുൾ റോയിയുടെ പാർട്ടി മാറ്റം വോട്ടുബാങ്കിൽ വലിയ ചലനമൊന്നും സൃഷ്ടിക്കാൻ പോകുന്നില്ല. കാരണം സംസ്ഥാനത്തുടനീളം വികസനപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വികസനമാണിപ്പോൾ നിർണായകവിഷയം’’.
തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ചാണക്യനായ മുകുളിന് പകരം വെക്കാൻ ആരുണ്ട് എന്ന ചോദ്യത്തിന് ഒഴിച്ചുകൂടാത്തവരായി ഇപ്പോൾ പാർട്ടിയിൽ ഒരാളുമില്ലെന്നാണ് ദേബശിഷിന് നൽകാനുള്ള മറുപടി. വ്യക്തികൾ വരും, പോകും. എന്നാൽ, സംഘടിതശക്തിയുടെ പ്രവർത്തനശേഷിയെ ആധാരമാക്കിയാകും പാർട്ടി മുന്നേറുക. അതിനാൽ മുകുൾ മാത്രമായിരുന്നു പാർട്ടിമസ്തിഷ്കം എന്ന വാദത്തെ അതിശയോക്തിപരമായി കാണാനാണ് ഇതരനേതാക്കളുടെ ഒൗത്സുക്യം. തൃണമൂൽഭരണകൂടം പ്രഖ്യാപിച്ച വിവിധ വികസനപദ്ധതികൾ ഏറെ മതിപ്പുളവാക്കുന്നു എന്ന യാഥാർഥ്യവും വിസ്മരിക്കാനാവില്ല. നിർധനരായ പെൺകുട്ടികൾക്ക് വിവാഹസഹായം നൽകുന്ന ‘കന്യാശ്രീ’, വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകുന്ന ‘സാബുജ്സാഥി’ തുടങ്ങിയ സ്കീമുകൾ ഇതിനകം ജനങ്ങളെ ഹഠാദാകർഷിച്ച സാഹചര്യത്തിൽ ഏതെങ്കിലും ഒറ്റപ്പെട്ട വ്യക്തികളുടെ രാജിപ്രഖ്യാപനങ്ങൾ ജനഹൃദയങ്ങളെ സ്വാധീനിക്കാനിടയില്ലെന്ന് പാർട്ടി നേതാക്കൾ കരുതുന്നു. മമതയുടെ വികസനപദ്ധതികൾ ജനങ്ങൾക്കുമുന്നിൽ വിശദീകരിച്ചുപോന്ന മുകുൾ കരണംമറിഞ്ഞ് നടത്തുന്ന പുതിയ മമതാവിരുദ്ധ ഭാഷണങ്ങൾ ശ്രവിക്കാൻ ജനങ്ങളെ കിട്ടിെല്ലന്ന ശുഭാപ്തിയും നേതാക്കളിൽ പ്രകടമാണ്. മുകുൾ റോയിക്കെതിരെ മകൻ ശുഭരംഗ്സുറോയിയെ കളത്തിലിറക്കുകയാണ് തൃണമൂൽ നേതാക്കളുടെ അടുത്ത അടവ്. എം.എൽ.എ കൂടിയായ ജൂനിയർ റോയ് വിവിധ സ്ഥലങ്ങളിൽ തൃണമൂൽ സംഘടിപ്പിക്കുന്ന ബി.ജെ.പിവിരുദ്ധ പ്രചാരണയോഗങ്ങളിൽ പ്രധാന ആകർഷണകേന്ദ്രമാകും.
ഇക്കഴിഞ്ഞ ആഗസ്റ്റ് വരെയും ബി.ജെ.പിക്കെതിരെ നിശിത വിമർശനങ്ങളുന്നയിച്ച ഒരാൾക്ക് അതേ ശ്വാസത്തിൽ അതേ പാർട്ടിയെ വാഴ്ത്തിപ്പാടാൻ സാധിക്കുമോ എന്ന ചോദ്യത്തോടെയാണ് തൃണമൂൽ നേതാക്കൾ മുകുളിെൻറ ആക്രമണശരങ്ങളുടെ മുനയൊടിക്കുന്നത്. അതേസമയം, തൃണമൂലിെൻറ നഷ്ടത്തിൽനിന്ന് ലാഭം കൊയ്യാനുള്ള ശ്രമങ്ങൾ ബി.ജെ.പി ഉൗർജിതപ്പെടുത്താതിരിക്കില്ല. ഇപ്പോൾ പാർട്ടിയിൽ വേണ്ടത്ര ഇലക്ഷൻ സ്ട്രാറ്റജിസ്റ്റുകൾ ഇല്ല. റോയിയുടെ സാന്നിധ്യം ആ അപര്യാപ്തതക്ക് പരിഹാരമാകും. രബീന്ദ്ര ഭാരതി സർവകലാശാലയിലെ രാഷ്ട്രതന്ത്ര പ്രഫസർ ബിശ്വനാഥ് ചക്രബർത്തിയുടേതാണ് ഇൗ നിരീക്ഷണം. അതിനാൽ അദ്ദേഹം ഒരുപരിധിവരെ ഒരു മുതൽക്കൂട്ടായി ബി.ജെ.പി നേതൃനിരയിൽ അംഗീകാരം നേടിയേക്കും. പുതിയ പാർട്ടിയിലെ ആദ്യദിനങ്ങൾ അദ്ദേഹത്തിന് നിർണായകമാകും. പാർട്ടിനിലപാടുകൾ സ്വാംശീകരിക്കുന്നതിലുള്ള പാടവം, ഇതരനേതാക്കളിൽനിന്ന് ആർജിച്ചെടുക്കേണ്ട സ്വീകാര്യത തുടങ്ങിയവയാകും അദ്ദേഹത്തിെൻറ പ്രസക്തി നിശ്ചയിക്കുന്ന ഘടകങ്ങൾ. ‘ഇത്തരം ഡസൻകണക്കിന് മുകുൾ റോയിമാരെ കൈപിടിച്ചുയർത്താൻ മമതക്ക് അനായാസം സാധിക്കും. എന്നാൽ റോയ് എത്രതന്നെ പണിപ്പെട്ടാലും ഒരു മമത ബാനർജിയെ സൃഷ്ടിക്കാൻ പറ്റില്ല.’ രാഷ്ട്രീയവിശകലന വിദഗ്ധനായ ബിജൻ സർക്കാറിേൻറതാണ് ഇൗ നിരീക്ഷണം. രാഷ്ട്രീയമാറ്റങ്ങൾക്ക് പിന്നിലെ യഥാർഥ ചാലകശക്തി വോട്ടർമാരായതിനാൽ ഒറ്റപ്പെട്ട വ്യക്തികളുടെ പാർട്ടിമാറ്റം വഴി വംഗദേശത്ത് വിശേഷിച്ച് സംഭവവികാസമൊന്നും അരങ്ങേറാൻ പോകുന്നില്ലെന്ന നിഗമനമാണ് ബിജൻ സർക്കാർ പങ്കുവെച്ചത്.
പാർട്ടിമാറ്റംവഴി പ്രതീക്ഷിക്കുന്ന കൊച്ചുനേട്ടങ്ങളെ നിഷ്പ്രഭമാക്കുന്ന ഗ്രൂപ്പുവഴക്കും അന്തശ്ഛിദ്രവും ഹിന്ദുത്വപാർട്ടിയിൽ അവിരാമം തുടരുന്ന അലോസരങ്ങൾ തന്നെ. രാഹുൽ സിൻഹ ഗ്രൂപ്, ദിലീപ് സർക്കാർ ഗ്രൂപ് തുടങ്ങിയ പാർട്ടിയിലെ അസംതൃപ്തവിഭാഗങ്ങൾക്കുമുന്നിൽ കവാടങ്ങൾ തുറന്ന് കാത്തിരിക്കുകയാണ് ഭരണകക്ഷി.‘ചട്ണി’ എന്നായിരുന്നു ബി.ജെ.പി അധ്യക്ഷൻ ദിലീപ് ഘോഷ് കഴിഞ്ഞദിവസം മുകുൾറോയിക്ക് നൽകിയ വിശേഷണം. പാർട്ടി അയാൾക്ക് വലിയ സ്ഥാനം നൽകില്ലെന്നാണ് ഇത് നൽകുന്ന സൂചനയെന്നായിരുന്നു വിമതനേതാക്കളിലൊരാളായ സർക്കാറിെൻറ പരിഹാസം. മുഖ്യാഹാരത്തിെൻറ പരിഗണന അർഹിക്കാത്ത ചെറുവിഭവമായി മുകുൾ ഒടുങ്ങുമെന്നാണ് പ്രതിയോഗികൾ നൽകുന്ന സൂചനകളും.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.