മലയാളി സമൂഹത്തിന് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, രഹന ഫാത്തിമ ഇന്ന് മാധ്യമങ്ങളിലൂടെ കേരളത്തിൽ വീണ്ടും നീണ്ട ചർച്ചകൾക്ക് കാരണമായിരിക്കുന്നു. ആരാണ് രഹന ഫാത്തിമ? മോഡലിങ് ചെയ്യുന്ന കലാകാരി, സ്ത്രീ അവകാശപ്രവർത്തക എന്നതാണ് അവർ സ്ഥാപിച്ചെടുത്ത പൊതുവ്യക്തിത്വം. അതിന് അവർ വലിയ വില കൊടുത്തിട്ടുണ്ട്- പൊലീസ് കേസുകളും ജയിൽവാസവും കേന്ദ്രസർക്കാർ ഉദ്യോഗം നഷ്ടപ്പെടലുമടക്കം. രഹനയെ ഞാൻ ആദ്യമായി കേൾക്കുന്നത്, ശബരിമല സ്ത്രീപ്രവേശം അനുവദിച്ച സുപ്രീംകോടതി വിധിക്കാലത്ത് മല കയറാൻ വന്നപ്പോഴാണ്. ഭസ്മക്കുറിയിട്ട്, കറുത്ത വസ്ത്രമിട്ട്, കാൽമുട്ട് കാണുംവിധം ഇരിക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്തപ്പോഴുണ്ടായ വിവാദവും ഹിന്ദുത്വസംഘടനകളുടെ ഭാഗത്തുനിന്നുണ്ടായ ആക്രമണവും മതവികാരം വ്രണപ്പെടുത്തിയെന്ന പേരിലെടുത്ത കേസും ജയിൽവാസവും എല്ലാം വലിയ വാർത്തകളായിരുന്നു. ഇപ്പോഴും രഹനക്കെതിരെ കേസെടുക്കാൻ ആദ്യം പരാതി കൊടുത്തത് ഒരു ബി.ജെ.പി നേതാവാണ്.
രഹനയെക്കുറിച്ച് ചീത്ത സ്ത്രീ എന്ന പ്രതിച്ഛായ പ്രചരിപ്പിക്കാനും ആക്രമിക്കാനുള്ള അന്തരീക്ഷമൊരുക്കാനും ഇടയാക്കിയ രാഷ്ട്രീയ സാഹചര്യങ്ങൾ, സുപ്രീംകോടതിയുടെ ശബരിമല സ്ത്രീപ്രവേശ വിധി സമയത്തുതന്നെ കേരളത്തിൽ ഉണ്ടായിട്ടുള്ളതാണ്. ചീത്ത സ്ത്രീ എന്നത് സ്ത്രീശരീരവുമായി ബന്ധപ്പെട്ട സാമൂഹിക സദാചാരനിയമത്തിനുള്ളിലെ അർഥങ്ങളിലാണ് വ്യവഹരിക്കപ്പെടുന്നത്. സാധാരണയായി, സ്ത്രീകൾ അനുശാസിക്കണമെന്നുപറയുന്ന ശരീരത്തിന്മേലുള്ള സാമൂഹികനിയന്ത്രണങ്ങളെ, വിലക്കുകളെ രഹന അവർ അനുസരിക്കാറില്ലെന്നു മാത്രമല്ല, പരസ്യമായി വെല്ലുവിളിക്കാറുമുണ്ട് എന്നതാണ് കാരണം. ഇപ്പോൾ അവരോടൊപ്പം കുടുംബവുംകൂടി പരസ്യമായി അതിൽ പങ്കെടുക്കുന്നുണ്ട് എന്നാണ് മനസ്സിലാവുന്ന കാര്യം.
ഏതെങ്കിലും സ്ത്രീ സംഘടനകളുടെ കൂടെ നിന്നല്ല, സ്വന്തംനിലയിൽ കുടുംബത്തിെൻറ കൂട്ടായ പിന്തുണയോടുകൂടി ഒറ്റക്ക് ചെയ്യാവുന്ന സ്ത്രീരാഷ്ട്രീയപ്രവർത്തനമാണ് രഹന ഫാത്തിമ ചെയ്യുന്നത്. ആണധികാര സാമൂഹിക നിയമങ്ങളെ എതിർക്കുന്ന സ്ത്രീസമരങ്ങളിൽ ഏതൊരു സ്ത്രീക്കും അത്തരം വ്യക്തിപരമായ വലിയ ഇടങ്ങൾ എല്ലായ്പ്പോഴും ഉണ്ട്. ഒരു നൂറ്റാണ്ടിനപ്പുറം, 1905ൽ കുറിയേടത്ത് താത്രി എന്ന നമ്പൂതിരിസ്ത്രീ സ്മാർത്ത വിചാരം നേരിട്ടത് നമുക്കറിയാം. ആ സ്മാർത്തവിചാര രേഖകളിൽ നിന്നാണ്, കുറിയേടത്ത് താത്രി എക്കാലവും സാമുദായിക പുരുഷാധികാരത്തിെൻറ ഇര മാത്രമായിരുന്നില്ല, പീഡനകാലങ്ങളെ ഒറ്റക്കുതന്നെ അതിജീവിച്ച് ബോധപൂർവം സ്വാതന്ത്ര്യത്തിെൻറ കലാപംകൂടി നടത്തിയ സ്ത്രീയാണ് എന്നറിയുന്നത്. കുറിയേടത്ത് താത്രി എന്ന പേരുപോലും ഉച്ചരിക്കുന്നത് അറപ്പും വെറുപ്പും ശിക്ഷയും ഉള്ള കഠിനകാലത്തുനിന്നാണ് ഇന്ന് കേരളം ഇരുപത്തൊന്നാം നൂറ്റാണ്ടിലെത്തി രണ്ടു ദശകങ്ങൾ പിന്നിടാൻ ഒരുങ്ങിനിൽക്കുന്നത്. ഇന്ന് നമ്മൾ താത്രിക്കുട്ടിയെ സ്നേഹിക്കാനും പരസ്യമായി ആദരിക്കാനും മടിയും വെറുപ്പും ഭയവുമില്ലാത്തവരായി മാറിയതിെൻറ പിറകിൽ ഒട്ടനവധി സ്ത്രീജീവിത സമരങ്ങളുടെ മൂലധനമുണ്ട്.
രഹന ശിക്ഷിക്കപ്പെടുമ്പോൾ ജയിക്കുന്നത് പൊതു ആണധികാരം മാത്രമല്ല, ഹിന്ദുത്വ പുരുഷാധികാരത്തിെൻറ ഹിംസാസക്തി കൂടിയാണ്. ഇന്ത്യയിലെ പെൺകുട്ടികൾക്ക് മതേതരമായി പ്രണയിക്കാനോ സ്ത്രീകൾക്ക് മതേതരമായും സ്വതന്ത്രമായും കുടുംബമായി ജീവിക്കാനോ സ്വന്തം കുഞ്ഞുങ്ങളെ ലിംഗനീതിബോധമുള്ള സ്വതന്ത്ര വ്യക്തികളായി വളർത്താനോ ഇഷ്ടമുള്ള വസ്ത്രം ധരിക്കാനോ തൊഴിൽ ചെയ്യാനോ സഞ്ചരിക്കാനോ ആരാധിക്കാനോ സാധിക്കാത്ത വിധം ഏറ്റവുമധികം അസ്വാതന്ത്ര്യം സ്ഥാപിക്കുന്ന ഫാഷിസത്തെ തിരിച്ചറിയാൻ മതേതര, ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്നവർക്ക് കഴിയണം.
ഈ പുതിയ കാലത്ത് ഇനി കോടതിയാണ് ഈ കേസിൽ അശ്ലീലമെന്തെന്നും പോക്സോ ഘടകമെന്തെന്നും വിശകലനം നടത്തുകയും തീർപ്പുകൽപ്പിക്കുകയും ചെയ്യുക. എന്നാൽ, പോക്സോ രജിസ്റ്റർ ചെയ്തതിനെതിരെ നടക്കുന്ന മാധ്യമചർച്ചകൾ കണ്ടില്ലെന്നു നടിക്കുന്നത് ജനാധിപത്യ സമൂഹത്തിന് നല്ലതല്ല. ലൈംഗികതയും നഗ്നതയും ലൈംഗികചൂഷണവും ശരീരരാഷ്ട്രീയവും തമ്മിൽ വ്യത്യാസമുണ്ടെന്നു പറയുന്ന വാദങ്ങളെ ഗൗരവത്തോടെ പരിഗണിക്കേണ്ടതുണ്ട്. കാരണം, ഈ വാദങ്ങളാണ് സമൂഹത്തിൽ ലിംഗനീതിയും ജനാധിപത്യവും മതേതരത്വവും മുന്നോട്ടുകൊണ്ടുപോകാൻ സഹായകമായിട്ടുള്ളത്.
ബുദ്ധിശക്തിയും സ്വാതന്ത്ര്യബോധവുമുള്ള പെൺകുട്ടികൾ ഇന്ത്യയിൽ ജീവിക്കാനാഗ്രഹിക്കാത്ത കാലമാണിത്. കേരളത്തിലെ കുെറ പെൺകുട്ടികൾ, സ്ത്രീകളും ഇന്ത്യക്കു പുറത്തുപോയി പഠിക്കാനും തൊഴിൽചെയ്യാനും അവിടെത്തന്നെ ജീവിക്കാനും ആഗ്രഹിക്കുന്നു എന്ന് നിരാശയോടെ പറയുന്നത് കേട്ടിട്ടുണ്ട്. ശരീരത്തിന്മേലുള്ള നിയന്ത്രണങ്ങളും വസ്ത്രധാരണ ശാസനങ്ങളും അസ്വാതന്ത്ര്യവും കൂടിക്കൂടി വരുംതോറും അവർ ശ്വാസംമുട്ടി പിടയുകയാണ്. എന്നാൽ ലോകമാകെ പടരുന്ന മഹാമാരികളുടെ കാലത്ത്, സമീപ വർഷങ്ങളിലെങ്കിലും നമ്മൾ കുട്ടികൾ കേരളത്തിൽതന്നെ പഠിക്കണമെന്നാണ് മാതാപിതാക്കൾ ആഗ്രഹിക്കുക. അവർ ജീവനോടെയിരിക്കാൻ സുരക്ഷിതമായ സ്ഥലം കേരളമാണെന്ന് സമാധാനിക്കുന്നതോടൊപ്പം അവർ സ്വാതന്ത്ര്യത്തോടുകൂടി വളരണം എന്നുകൂടി ആഗ്രഹിക്കാൻ രക്ഷിതാക്കൾക്ക് അവകാശമുണ്ട്. ജനാധിപത്യബോധവും വ്യക്തിസ്വാതന്ത്ര്യവും സംസ്കാരവുമുള്ള സമൂഹങ്ങളിൽ പരസ്യമായ നഗ്നതയും സ്വകാര്യതയാണ്. ആരും തുറിച്ചുനോക്കി നിൽക്കുകയില്ല. സ്ത്രീശരീരം പുറത്തുകാണിക്കുന്നതല്ല, അത് തുറിച്ചുനോക്കുന്നതാണ് കുറ്റകൃത്യം. വരുംവർഷങ്ങളിൽ ലോകത്തിെൻറ പല ഭാഗത്തുനിന്നുമുള്ള വിദ്യാർഥികളെ സർക്കാർ കേരളത്തിലേക്കും പ്രതീക്ഷിക്കുകയാണ്. ആ പെൺകുട്ടികൾ അവർക്കിഷ്ടമുള്ള വസ്ത്രം ധരിക്കട്ടെ. അവരും ആക്രമിക്കപ്പെടാൻ ഇടവരരുത്. അല്ലെങ്കിൽത്തന്നെ പൊതു പുരുഷലോകം എന്തിനാണ് സ്ത്രീശരീരത്തിലേക്ക് നോക്കി ബഹളം വെക്കുകയും വിധിക്കുകയും ആക്രമിക്കുകയും ചെയ്യുന്നത്? ഇങ്ങനെ അക്രമാസക്തരാകുന്നവർ രഹസ്യമായി കുട്ടികളുടെ പോൺസൈറ്റുകളിൽ കയറുന്നവരല്ലെന്ന് എങ്ങനെ വിശ്വസിക്കും? കാരണം, കേരളത്തിലാണ് കുട്ടികളുടെ പോൺ സൈറ്റുകളിൽ കയറുന്ന പുരുഷന്മാർ അധികമുള്ളത് എന്ന് റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്നു.
സ്വന്തം ശരീരത്തിന്മേൽ നിയന്ത്രണാവകാശങ്ങളില്ലാത്ത ഒരു സമൂഹത്തിൽ ശരീരത്തിെൻറ നിയന്ത്രണവും സ്വാതന്ത്ര്യവും ഉത്തരവാദിത്തവും സ്ത്രീകൾ സ്വന്തമാക്കുന്നതിെൻറ ഭാഗമായിട്ടാണ് സ്ത്രീകൾ ശരീരത്തിെൻറ രാഷ്ട്രീയം കണ്ടെത്താനും ആവിഷ്കരിക്കാനുമുള്ള ശ്രമങ്ങൾ നടത്തുന്നത്. സ്ത്രീകൾ ഏറ്റവും കൂടുതൽ അറിയുന്നതാണ് തങ്ങളുടെ ശരീരം. സ്ത്രീയുടെ ചിന്തയിലും മാനസികതലത്തിലുമുണ്ടാകുന്ന വൈകാരികാനുഭവങ്ങളെ പ്രകടിപ്പിക്കാൻ സാധ്യമായ ഏറ്റവും വലിയ ഉപാധിയും മാധ്യമവുമാണ് ശരീരം. കാഴ്ചയിൽത്തന്നെ ഒരു ശരീരം അതിെൻറ ലിംഗപദവിയും ജാതിയും വംശവുമൊക്കെ പ്രതിനിധാനംചെയ്യുന്നുണ്ട്. അടിച്ചമർത്തപ്പെട്ടവർ ഫലപ്രദവും സർഗാത്മകവുമായ വിധത്തിൽ ശരീരത്തെ ഉപയോഗിച്ചാൽ അത് വ്യവസ്ഥാപിതമായ, അധികാരവിഭജിതമായ സാമൂഹിക ഘടനക്ക് ഭീഷണിയുയർത്തും. അതിനാൽ അടിച്ചമർത്തപ്പെട്ടവർക്ക് ശരീരം പ്രതിരോധത്തിെൻറ ഏറ്റവും വലിയ മേഖലയാണ്.
അതിനാൽ, സ്ത്രീശരീരവും നഗ്നതയും സംബന്ധിച്ച് പൊതുസമൂഹത്തിെൻറ നൂറ്റാണ്ടുകൾ പഴക്കമുള്ള സ്ത്രീ വിവേചനപരമായ നിയന്ത്രണങ്ങളുടെ അലിഖിത സദാചാരനിയമങ്ങളെ പ്രബലപ്പെടുത്തുന്നതാവരുത് ആധുനിക ഔപചാരിക നിയമ സംഹിതകൾ. സ്വന്തം ശരീരത്തിൽ സ്ത്രീക്ക് സ്വയം നിയന്ത്രണാധികാരം ഉണ്ടെന്ന് സ്ഥാപിക്കുന്ന നിയമങ്ങളാണ് ഇനി ഇവിടെ പ്രബലമാകേണ്ടത്. അതിനുള്ള അറിവും കാഴ്ചപ്പാടും നമ്മുടെ പുതിയകാല നിയമജ്ഞർക്കും ന്യായാധിപർക്കും ഉണ്ടാവണം.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.