നാലു പതിറ്റാണ്ടായി നിലനിൽക്കുന്ന കേരളത്തിലെ ഇരുമുന്നണി സംവിധാനം പല വിഭാഗം ജനങ്ങൾക്കും വ്യക്തികൾക്കും ഗുണം ചെയ്തിട്ടുണ്ട്. മറ്റ് പലർക്കും ദോഷവും. സമകാലിക രാഷ്ട്രീയം വീതംവെക്കൽ അടിസ്ഥാനമാക്കിയുള്ളതാണ്. അംഗബലവും രാഷ്ട്രീയസ്വാധീനവുമുള്ളവർക്ക് ഭരണാധികാരികളിൽനിന്ന് അർഹിക്കുന്നതും ചിലപ്പോൾ അതിലധികവും പിടിച്ചുവാങ്ങാനാകുന്നു. അത് രണ്ടുമില്ലാത്ത ആദിവാസികൾക്കും ദലിതർക്കും അർഹിക്കുന്നതുപോലും നിഷേധിക്കപ്പെടുന്നു.
മുന്നണി രാഷ്ട്രീയം ഏറ്റവുമധികം ദ്രോഹിച്ചിട്ടുള്ളത് ആദിവാസികളെയാണ്. രാഷ്ട്രീയപ്രസ്ഥാനങ്ങളെ സ്വാധീനിക്കാനുള്ള കഴിവ് അവർക്കില്ല. പോരെങ്കിൽ അധികാരരാഷ്ട്രീയത്തിൽ വിജയിക്കാനാവശ്യമായ കാപട്യം അവർക്ക് അന്യവുമാണ്. ആദിവാസികളും ദലിതരും മറ്റ് പിന്നാക്ക വിഭാഗങ്ങളും അടിച്ചമർത്തപ്പെട്ട കഥ വളരെ നീണ്ട ഒന്നാണ്.
പ്രാചീനകാലത്തെ അതിക്രമങ്ങൾ തൽക്കാലം മാറ്റിവെച്ച്, നമ്മുടെ സംസ്ഥാനത്ത് നമ്മുടെ കാലഘട്ടത്തിൽ നടന്ന അതിക്രമങ്ങൾ പരിശോധിക്കാം. കേരളത്തിലെ ആദിവാസികളുടെ ഇന്നത്തെ അവസ്ഥ കൊളോണിയൽ- ഫ്യൂഡൽ കാലത്തേതി നേക്കാൾ ദുരിതപൂർണമാണ്. സാമൂഹികവികസനത്തിൽ കേരളം ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ്. എന്നാൽ, സെൻസസ് റിപ്പോർട്ട് കാണിക്കുന്നത് കേരളത്തിലെ ആദിവാസികളുടെ അവസ്ഥ ഝാർഖണ്ഡിലെ ആദിവാസികളുടേതിന് തുല്യമാണെന്നാണ്.
സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം സമതലങ്ങളിൽനിന്ന് കുടിയേറിയവർ ആദിവാസികളുടെ ഭൂമി തട്ടിയെടുത്തു. ചിലർ പണം കൊടുത്ത് അവരിൽനിന്ന് ഭൂമി വാങ്ങുകയായിരുന്നെന്ന് അവകാശപ്പെട്ടിട്ടുണ്ട്. ആദിവാസികൾക്ക് വനഭൂമി ഉപയോഗിച്ച് ഉപജീവനം നടത്താൻ അവകാശമുണ്ടായിരുന്നു. എന്നാൽ, ആ ഭൂമിയിൽ ഉടമസ്ഥാവകാശം ഇല്ലാതിരുന്നതുകൊണ്ട് അത് വിൽക്കാൻ കഴിയുമായിരുന്നില്ല. അതറിഞ്ഞുകൊണ്ട് അഴിമതിക്കാരായ ഉദ്യോഗസ്ഥന്മാ രും സ്വജനപക്ഷപാതികളായ രാഷ്ട്രീയ നേതാക്കളും അതിന് കൂട്ടുനിന്നു. ഭൂപരിഷ്കരണം ഭൂവുടമ പോലുമല്ലാത്ത ആദിവാസിയെ ജന്മിയും അയാൾക്ക് ചാരായമോ കഞ്ചാവോ കൊടുത്ത് കൃഷിചെയ്യാൻ അവകാശം നേടിയ കുടിയേറ്റക്കാരനെ കുടിയാനുമാക്കി.
കേന്ദ്രസർക്കാർ നിയമിച്ച ഒരു കമീഷൻ ശിപാർശ ചെയ്തതനുസരിച്ച് 1975ൽ കേരള നിയമസഭ അന്യാധീനപ്പെട്ട ആദിവാസിഭൂമി പിടിച്ചെടുത്ത് തിരിച്ചു നൽകാൻ നിയമമുണ്ടാക്കി. ഇടതും വലതും ഭരിച്ച കാൽ നൂറ്റാണ്ടു കാലം അത് നടപ്പാക്കപ്പെട്ടില്ല. നടപ്പാക്കാൻ ഹൈകോടതി നിർേദശിച്ചപ്പോൾ രണ്ടു മുന്നണികളും കൈകോർത്ത് ഒരു ഭേദഗതിയിലൂടെ നിയമം ഇല്ലാതാക്കി. ആദിവാസികളെ ദ്രോഹിക്കുന്നിടത്ത് ഒന്നിക്കുന്ന വലതും ഇടതും തമ്മിൽ അടിസ്ഥാനപരമായി എന്ത് വ്യത്യാസമാണുള്ളത്?
ഭൂമി പിടിച്ചെടുത്ത് തിരിച്ചുനൽകാനുള്ള നിയമം ഇല്ലാതാക്കുന്നതിന് ഇ.എം.എസ് നമ്പൂതിരിപ്പാട് നൽകിയ ന്യായീകരണം അത് അടിയന്തരാവസ്ഥക്കാലത്ത് ഉണ്ടാക്കിയതാണെന്നായിരുന്നു. ശരിയാണ്, അടിയന്തരാവസ്ഥ നിലനിൽക്കുന്നുണ്ടായിരുന്നു. പക്ഷേ, ഇ.എം.എസ് ഉൾപ്പെടെയുള്ള വലിയ നേതാക്കൾ പുറത്തുണ്ടായിരുന്നു. അവർ നിയമസഭസമ്മേളനത്തിൽ പങ്കെടുത്തു. അവരും ആ നിയമത്തിനു അനുകൂലമായി വോട്ടു ചെയ്തു. ഇതെല്ലാം സൗകര്യപൂർവം മറന്നുകൊണ്ടാണ് ഇ.എം.എസ് ആ നിയമം അട്ടിമറിച്ചതിനെ ന്യായീകരിച്ചത്. ബൗദ്ധിക സത്യസന്ധത അദ്ദേഹത്തിെൻറ സവിശേഷഗുണങ്ങളിൽ ഒന്നായിരുന്നില്ല. ആ കഥയും നമുക്ക് തൽക്കാലത്തേക്ക് മാറ്റിവെക്കാം.
പട്ടിണി, പോഷകാഹാരക്കുറവ്, ലഹരിവസ്തുക്കളുടെ ഉപയോഗം, ലൈംഗിക ചൂഷണം തുടങ്ങി ഗുരുതരമായ പല പ്രശ്നങ്ങളും ആദിവാസികൾ നേരിടുന്നുണ്ട്. ഈ കാര്യങ്ങളിൽ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കാനെങ്കിലും സർക്കാർ സന്നദ്ധമാകണം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സി.പി.എം സംസ്ഥാന കമ്മിറ്റി ആദിവാസികളുടെ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണം എന്നാവശ്യപ്പെട്ടു ഒരു പ്രസ്താവന ഇറക്കുകയുണ്ടായി. രണ്ടു വർഷത്തിൽ 36 കുട്ടികൾ പോഷകാഹാരക്കുറവുമൂലം മരിച്ചതായി അതിൽ പറഞ്ഞിരുന്നു. യു.ഡി.എഫ് അധികാരത്തിൽ വന്നശേഷം എൽ.ഡി.എഫ് സർക്കാർ നടപ്പിലാക്കിയ ആരോഗ്യ സുരക്ഷ പദ്ധതികൾ അട്ടിമടിച്ചതിെൻറ ഫലമായാണ് ഇത് സംഭവിച്ചതെന്ന് പാർട്ടി അവകാശപ്പെട്ടു.
തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്ന എൽ.ഡി.എഫ് സർക്കാർ കാലാവധി പൂർത്തിയാക്കാൻ പോവുകയാണ്. എൽ.ഡി.എഫ് ഭരണത്തിൽ ആദിവാസി ഊരുകളി ൽ ശിശുമരണങ്ങൾ കുറഞ്ഞുവോ? സംസ്ഥാന കമ്മിറ്റി ഇപ്പോൾ കണക്കുകൾ പരിശോധിച്ചാൽ യു.ഡി.എഫ് സർക്കാറിെൻറ അവസാനകാലത്ത് ഒരു ചെറിയ കുറവുണ്ടായെങ്കിലും ഈ സർക്കാറിെൻറ കാലത്ത് വീണ്ടും ഉയർന്നതായി കണ്ടെത്താനാകും.
ആദിവാസി പ്രശ്നങ്ങൾ മനുഷ്യാവകാശ പ്രശ്നങ്ങളാണ്. ജീവിക്കാനുള്ള അവരുടെ അവകാശമാണ് അവയിൽ അടങ്ങിയിരിക്കുന്നത്. ഈ വിഷയത്തിൽ രാഷ്ട്രീ യം കളിക്കാതെ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കാൻ രണ്ട് മുന്നണികളും തയാറാകണം. മാറിമാറി വരുന്ന സർക്കാറുകളെ നയിച്ചവർക്കെല്ലാം ഫണ്ട് അനുവദിച്ച കഥ പറയാനുണ്ട്. പക്ഷേ, അത് ഉദ്ദേശിച്ച ഫലം നൽകാത്തതെന്തെന്ന ചോദ്യം അവശേഷിക്കുന്നു. ഇടനിലക്കാർ പണം തട്ടിയെടുക്കുന്നെന്ന ആരോപണം തള്ളിക്കളയാനാവില്ല. പക്ഷേ, അതിനപ്പുറം ആദിവാസി മേഖലയിലെ സാമൂഹിക പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ ഒരു സർക്കാറും ശ്രമിച്ചിട്ടില്ലെന്ന വസ്തുതയും കണക്കിലെടുക്കേണ്ടതുണ്ട്.
പറമ്പിക്കുളം പ്രദേശത്തെ ആറ് ആദിവാസിഗ്രാമങ്ങൾ അടിയന്തരാവശ്യങ്ങൾക്കു പുറംലോകവുമായി ബന്ധപ്പെടാൻ ഒരു റോഡ് ആവശ്യപ്പെടാൻ തുടങ്ങിയിട്ട് ആറ് പതിറ്റാണ്ടായി. സർക്കാറും നേതാക്കളും നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ല. സഹികെട്ട ജനങ്ങൾ ഇക്കൊല്ലം ഗാന്ധിജയന്തി ദിനത്തിൽ സർക്കാർ സഹായം കൂടാതെ റോഡ് വെട്ടാൻ തീരുമാനിച്ചു. ഉടനെ പൊലീസെത്തി നൂറിലധികം ആദിവാസികൾക്കെതിരെ കേസെടുത്തു. ഇപ്പോൾ തമിഴ്നാട്ടിലൂടെ യാത്രചെയ്തേ കേരളത്തിനകത്തുള്ള ഒരാശുപതിയിൽ എത്താനാകൂ. അവർ ആവശ്യപ്പെടുന്ന വഴി വെട്ടിയാൽ അവരുടെ ദുരിതം കുറയും. അവരുടെ ആവശ്യം അനുവദിച്ചു കൊടുത്തുകൊണ്ട് മനുഷ്യത്വപരമായ സമീപനത്തിന് സർക്കാറിന് തുടക്കം കുറിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.