പൊങ്ങിനാൻ വൈശാഖത്തിൻ പൗർണമിച്ചന്ദ്രൻ
സർവസന്താപ തമോപഹൻ…
(സഹോദരനയ്യപ്പൻ, "വൈശാഖ പൗർണമി)
ഇന്ന് സവർക്കറുടേയും മന്നത്തിെൻറയും അടക്കമുള്ള പടമടിച്ച വർണക്കുടകൾ കേരള സാംസ്കാരിക തലസ്ഥാനങ്ങളിൽ നിവരുകയാണ്. ഈ സവർണശോഭായാത്രയുടെ കുലീനമായ കുടകളും പൂരം പടയണികളും പടവെടിക്കെട്ടുകളും മറയ്ക്കുന്ന മഹാനരകം ജാതിഹിന്ദുത്വത്തിൻറേതും കൂടിയാണ്. ഇന്ത്യൻ റിപ്പബ്ലിക്ക് ദിന പരേഡിൽ നിന്നെന്ന വണ്ണം മലയാള കുലീനതയുടെ പൂരപ്പറമ്പിൽ നിന്നും ഗുരുവും അയ്യൻകാളിയും അവർ സാധ്യമാക്കിയ ആധുനിക പൗരസമൂഹവും പുറത്താക്കപ്പെടുകയാണ്.
ജാതിക്കൊലകളും ജാതിദുരഭിമാന ഹിംസകളും മർദ്ദനങ്ങളും അനുദിനം ഏറുകയും കാലുകഴുകിച്ചൂട്ടും ബ്രാഹ്മണരുടെ എച്ചിൽ അമൃതാക്കിയുള്ള ഭോജനവും യാഗയജ്ഞഹവനങ്ങളുമെല്ലാം നിരന്തരം നടമാടുകയുമാണ്. പരമോന്നത നീതിപീഠത്തിലെ ഭരണഘടനാ ബഞ്ചിൻ ലിംഗനീതിക്കായുള്ള വിധികളും ഭരണഘടനയുടെ തന്നെ ആധാരമായ സാമൂഹിക നീതിയും ഈ പഥസഞ്ചലനങ്ങളുടെ മറവിൽ അട്ടിമറിക്കപ്പെടുന്നു.
അമിത പ്രാതിനിധ്യ സമഗ്രാധിപത്യ സവർണ കുത്തക പെരുകുന്നു. ഗുരു ഒരിക്കൽ ബ്രാഹ്മണ പൂജയെ നിരാകരിച്ചു പറഞ്ഞ പോലെ പോയതെല്ലാം തിരിച്ചു വരികയായി. സാഹോദര്യവും സാമൂഹിക ജനായത്തവുമില്ലാതെ രാഷ്ട്രീയ ജനായത്തം പ്രതിസന്ധിയിലേക്കു നീങ്ങുമെന്ന ഭരണഘടനാ ശില്പിയുടെ മുന്നറിയിപ്പും യാഥാർഥ്യമാകുന്നു. ഇറ്റലിയിലെ ക്ലാസിക്കൽ ഫാഷിസ മുഹൂർത്തത്തിൽ ഗ്രാംഷി മുന്നറിയിപ്പു തന്ന പോലെ സാമൂഹിക സാംസ്കാരിക ഘടനകളിലൂടെ അധീശത്തം രൂഢമൂലമാകവേ ഇരകളും ഏജൻറുമാരായി മാറുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിൽ തുടങ്ങുകയും ഇരുപതാം നൂറ്റാണ്ടിലൂടെ വികസിക്കുകയും ചെയ്ത തമിഴകത്തേയും കേരളത്തിലേയും ആധുനികമായ നവോത്ഥാന സംസ്കാരം പ്രാചീനമായ പ്രബുദ്ധ ആധാരങ്ങളുള്ളതാണ്. ആധുനിക പാശ്ചാത്യ ഇടപെടലും അധിനിവേശ ആധുനികതയും അത്തരം വീണ്ടെടുപ്പുകളുടെ ഭരണപരവും രാഷ്ട്രീയവുമായ പ്രതലമൊരുക്കി. ഇന്ത്യയുടെ ആധുനിക ജനായത്ത നിർമാണ ഘടനയുടെ നിർമിതിയിലും ജനായത്ത റിപ്പബ്ലിക്കിെൻറ രൂപീകരണത്തിലും യൂറോപ്പിെൻറയും ഏഷ്യയുടേയും ജ്ഞാനോദയ, പ്രബുദ്ധ പാരമ്പര്യങ്ങളുടെ തുടർച്ചകളും കലർപ്പുകളും മേളനങ്ങളും കാണാം.
ഉത്തരേന്ത്യൻ നവോത്ഥാനം ആര്യ, ബ്രഹ്മ, പ്രാർഥനാ സമാജങ്ങളിലും വംഗദേശത്തെ അപരവൽക്കരണപരമായ അതി ഹൈന്ദവ ദേശീയതയിലും തുടങ്ങുകയും ഒടുങ്ങുകയും ചെയ്യുമ്പോൾ തമിഴക നവോത്ഥാനം അയ്യോതി ദാസരിലും കേരള നവോത്ഥാനം നാരായണഗുരുവിലും തികച്ചും വ്യത്യസ്തവും വ്യതിരിക്തവുമായ പ്രബുദ്ധ സംഘ സംസ്കാരത്തെ വീണ്ടെടുക്കുന്നതും മതേതരവും മാനവികവും ആധുനികവും ജനായത്തപരവുമായി മാറുന്നതും കാണാം.
ആര്യസമാജവും ബ്രഹ്മസമാജവും പ്രാർഥനാസമാജവും ജാതിപരിഷ്കരണത്തിലൂടെ ആഭ്യന്തരമായി ഹിന്ദുമതത്തിലെ തൊട്ടുകൂടായ്മയ്ക്കെതിരായ ശുദ്ധീകരണമായിരുന്നു നടത്തിയത്. ജാതിയുടേയും തൊട്ടുകൂടായ്മയുടേയും മതസാധൂകരണ ആധാരമായ വൈദിക വർണാശ്രമധർമത്തെ അവ ചോദ്യം ചെയ്തേയില്ല. ബ്രാഹ്മണ മേൽത്തട്ടിൽ നിന്ന് നടത്തിയ ഉദ്ധാരക ഭാവമുള്ള ജാതിഹിന്ദു പരിഷ്കരണമായി അവയൊടുങ്ങി. ഗാന്ധിജി പോലും തൊട്ടുകൂടായ്മയേയും തീണ്ടലിനേയും ഹിന്ദുക്കളുടെ ഒരു സ്വകാര്യ പ്രശ്നവും പാപവുമായാി കരുതി. വർണാശ്രമത്തേയും കൊല്ലുന്ന ദൈവങ്ങളേയും കുറിച്ച് ഗുരുവും സഹോദരനും ഉയർത്തിയ ചോദ്യങ്ങൾക്ക് ഗാന്ധിക്ക് ഉത്തരമുണ്ടായിരുന്നില്ല.
കേരളത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ ജാതിഹിന്ദുത്വത്തേയും ബ്രാഹ്മണിക മൂല്യമണ്ഡലത്തേയും ജാതിയേയും ലംഘിച്ച പ്രവർത്തനങ്ങൾ തെക്കൻ തിരുവിതാംകൂറിലെ നാഞ്ചിനാട്ടിലാണ് തുടങ്ങുന്നത്. 1810 കാലത്തു തന്നെ പ്രൊട്ടസ്റ്റൻറ് ക്രൈസ്തവ മിഷനറി ഇടപെടലുണ്ടായ നാഞ്ചിനാട്ടിലാണ് നാടാർ സ്ത്രീകളുടെ മാറുമറയ്ക്കൽ പ്രക്ഷോഭം അരങ്ങേറിയത്. 1830 കളിൽ സമത്വ സമാജം സ്ഥാപിച്ചു കൊണ്ട് അയ്യാ വൈകുണ്ഠ സാമി തമിഴ് സിദ്ധപാരമ്പര്യത്തെ വൈഷ്ണവഛായയോടെ അഖിലത്തിരട്ട്, ഉച്ചിപഠിപ്പ്, അരുൾനൂൽ രചനകളിലൂടെ വികസിപ്പിച്ചു. തമിഴ് ചിത്ത, ഹഠയോഗ വജ്രയാന ചികിൽസാ ധാരകളിൽ ഊന്നിയായിരുന്നു തൈക്കാടയ്യാ സാമിയുടെ തിരുവനന്തപുരത്തെ ബ്രിട്ടീഷ് റസിഡൻസിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും.
ചട്ടമ്പിസാമിയേയും നാണുഗുരുസാമിയേയും പല സിദ്ധ, ഹഠയോഗ രീതികളും പഠിപ്പിച്ചതും അയ്യൻകാളിയുമായി പന്തിഭോജനങ്ങൾ നടത്തിയതും തൈക്കാടയ്യാ സാമിയാണ്. പത്തൊമ്പതാം നൂറ്റാണ്ടിനു തുടക്കത്തിൽ 1803 ൽമുലക്കരത്തിനെതിരായി നങ്ങേലി നടത്തിയ ആത്മബലിയും 1806 ൽ സഞ്ചാര, ആരാധനാ സ്വാതന്ത്ര്യങ്ങൾക്കായി വൈക്കത്തെ ഈഴവ യുവാക്കൾ നടത്തിയ സമാധാന റാലിയും തുടർന്നു നടന്ന ദളവാക്കുളം കൂട്ടക്കൊലയും 1840 – 1874 കാലത്ത് ആറാട്ടുപുഴ വേലായുധ ചേകവർ കാർത്തികപ്പള്ളി, കരുനാഗപ്പള്ളി താലൂക്കുകളിൽ നടത്തിയ ജാതിവിരുദ്ധ പോരാട്ടങ്ങളുമാണ് ഗുരുവിൻറെ 1888 ലെ അരുവിപ്പുറം പ്രതിഷ്ഠയ്ക്കും പ്രബുദ്ധ രചനകൾക്കും മുമ്പുണ്ടായ നിർണായക ജാതിവിരുദ്ധ നവോത്ഥാന സമര ചരിത്ര സന്ദർഭങ്ങൾ.
ഗുരുവിൻ അനുകമ്പാപൂർണമായ ഇടപെടലുകളാണ് ജാതി ലഹളകളുടേയും കൊടിയ വംശഹത്യകളുടേയും വംശീയ ഹിംസകളുടേയും കെണിയിൽ നിന്നും പടുകുഴിയിൽ നിന്നും ഇരുപതാം നൂറ്റാണ്ടിനു തുടക്കത്തിൽ കേരളത്തെ രക്ഷിച്ചത്. അരുളൻപനുകമ്പ മൂന്നിനും പൊരുളൊന്നാണെന്ന് അനുകമ്പാപൂർണമായ അപരോന്മുഖമായ അറിവായ അരുളിനെ കുറിച്ച്, അഥവാ വിശ്വസാഹോദര്യമെന്ന മൈത്രിയെ കുറിച്ചു അനുകമ്പാദശകത്തിലും ജീവകാരുണ്യപഞ്ചകത്തിലും എഴുതിയാണ് ഗുരു കേരളത്തെ മാതൃകാസ്ഥാനമാക്കി മാറ്റാനുള്ള പണി തുടങ്ങിയത്.
ഗുരുചിന്തയിലെ ബൗദ്ധവും ശ്രമണവും ആധുനികവും യുക്തിയുക്തവുമായ വിമർശാവബോധവും ഭാവിയിലേക്കുള്ള മൈത്രീഭാവനയെന്ന സാഹോദര്യസമുദായ സങ്കൽപ്പങ്ങളും കൂടുതൽ പഠന ഗവേഷണങ്ങളുടെ ഭാഗമാകണം.
ചരിത്രത്തെ മറച്ചും മായിച്ചും മായികവൽക്കരിച്ചും കാമനാഖ്യാനങ്ങളിലൂടെ ഹിംസാഭോഗകാമങ്ങളെ പെരുപ്പിച്ച് അപരവൽക്കരണവും അസുരവൽക്കരണവും പ്രതിനിധാന ഹിംസകളും വംശഹത്യയും പെരുക്കുന്ന ഹൈന്ദവാധീശ പാഠങ്ങളും പുരാണ പട്ടത്താനങ്ങളും അരങ്ങുതകർക്കവെ പ്രബുദ്ധമായ അശോകൻ ബൗദ്ധപാരമ്പര്യത്തെ കുറിച്ചുള്ള അക്കാദമിക, മാധ്യമ ചർച്ചകളും സംവാദങ്ങളും ശാസ്ത്രീയ ഗവേഷണങ്ങളുമാകാം ഹൈന്ദവ സംസ്കാര ദേശീയവാദകാലത്ത് ജനങ്ങളേയും രാഷ്ട്രത്തേയും തെന്നിന്ത്യയെ പ്രത്യേകിച്ചും രക്ഷിക്കുക. സഹോദരൻ ഒരു നൂറ്റാണ്ടു മുമ്പ് എഴുതിയ പോലെ പീയൂഷകിരണങ്ങൾ തൂവുമാക്കലാനിധിയുടെ തിരുനാൾ മംഗളങ്ങൾ...
( കാലടി സർവകലാശാല ഇംഗ്ലീഷ് വിഭാഗം അസിസ്റ്റൻറ് പ്രഫസറാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.