ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന കാറുകളിൽ നിന്ന്, ഇലക്ട്രിക് കാറുകളിലേക്കുള്ള 'സംക്രമണ കാല'ത്താണ് ഇന്ന് ലോകം. ഇത് തീർച്ചയായും അന്തരീക്ഷ മലിനീകരണം കുറക്കുമെന്നത് വലിയ നേട്ടം തന്നെ. എന്നാൽ ഇത് വാഹന സാന്ദ്രത കുറക്കുന്നതിൽ ഒരു സഹായവും ചെയ്യുന്നില്ല എന്നതാണ് സത്യം. ഇന്ത്യയിൽ കാർ ഉപയോഗിക്കുന്നത് പലപ്പോഴും സൗകര്യപ്രദമായ ഒരു ഗതാഗത ഉപാധി എന്നതിലുപരി സ്റ്റാറ്റസ് പ്രദർശനത്തിനായാണ്. കാറിെൻറ വലുപ്പവും, വിലയും കൂടുന്നതിനനുസരിച്ച് സമൂഹമധ്യത്തിലെ നിലയും, വിലയും കൂടുമെന്നാണ് സങ്കൽപം.
റോഡിലൂടെ പോകുന്ന ഏഴ്-എട്ട് സീറ്റുകൾ ഉള്ള കാറുകൾ ഒന്നു നോക്കുക- പലപ്പോഴും ഒരൊറ്റ യാത്രക്കാരനാവും അതിലുണ്ടാവുക. ഏറിയാൽ രണ്ടോ മൂന്നോ പേർ. മന്ത്രിമാർ മുതൽ ഉയർന്ന സർക്കാർ ഉദ്യോഗസ്ഥർ വരെയുള്ളവർ ഇത്തരം വലിയ കാറുകളാണ് ഉപയോഗിക്കുന്നത്. മേധാവിയും ഡ്രൈവറും മാത്രമാണ് അതിലുണ്ടാവുക.
ഇപ്പോൾ തന്നെ വാഹനസാന്ദ്രത സകല നിയന്ത്രണങ്ങളും കടന്ന് കാൽനടക്കാരുടെയും സൈക്കിൾ യാത്രികരുടെയും ഇടം കൂടി അപഹരിച്ചിരിക്കയാണ്. ഗോഡൗണുകളിലും, ഫാക്ടറികളിലുമായി കെട്ടിക്കിടക്കുന്ന വൻ വാഹനവ്യൂഹം മുഴുവൻ പുറത്തിറങ്ങിയാൽ നമ്മുടെ റോഡിൽ സംജാതമാകാൻ പോകുന്നത് ഭയാനകമായ ഒരവസ്ഥയായിരിക്കും. സർക്കാറും, ദേശസാത്കൃത ബാങ്കുകളും, മാധ്യമങ്ങളും ഇവ വിറ്റഴിക്കാൻ സകലവിധ പ്രോത്സാഹനങ്ങളും മുന്നോട്ടുവെക്കുന്നുണ്ട്. സഹസ്രകോടികളാണ് കേരളത്തിൽ അടുത്ത രണ്ടു വർഷത്തേക്ക് മാത്രം ഇതിനായി ചെലവിടാൻ ദേശസാത്കൃത ബാങ്കുകൾ ഒരുക്കിയിട്ടുള്ളത് . കോർപറേറ്റ് കാർ കമ്പനികളുടെ കടുത്ത സമ്മർദമാണ് ഇതിനു കാരണം.
ഇതിനിടയിലാണ് വൈദ്യുതി കാറുകളുടെ രംഗപ്രവേശനം. എന്നാൽ വാഹന നിർമാതാക്കൾ പെട്രോൾ വാഹനങ്ങളുടെ െട്രൻഡ് പിന്തുടർന്ന് വലുപ്പം കൂടിയ (5-7സീറ്റ്) ഇലക്ട്രിക് കാറുകളാണ് ഇന്ത്യയിൽ നിർമിക്കുന്നത്. ഇത് വീണ്ടും റോഡിലെ വാഹനസാന്ദ്രത വർധിപ്പിക്കുകയെയുള്ളൂ.
എന്നാൽ ചൈനയിലും, യൂറോപ്പിലും മറ്റും രണ്ട് സീറ്റുമാത്രമുള്ള ചെറിയ ഇലക്ട്രിക് കാറുകളാണ് (മൈക്രോ കാർ) അധികവും നിർമിക്കുന്നത്. ഇൗ ചെറുകാറുകൾ നഗരങ്ങളിലെ പാർക്കിങ് ഇടങ്ങളുടെ പരിമിതി മറികടക്കാനും സഹായിക്കുന്നു.
ഇലക്ട്രിക് കാറുകൾക്ക് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു പ്രധാനപ്രശ്നം ഇവക്ക് ശബ്ദമില്ലാത്തതുകൊണ്ട് കാൽനടക്കാർ, സൈക്കിൾ യാത്രികർ, ഇരുചക്രവാഹനങ്ങൾ എന്നിവക്ക് ഉയർത്തുന്ന ഭീഷണിയാണ്. ചില ജർമൻ അമേരിക്കൻ ഇലക്ട്രിക് കാർ നിർമാതാക്കൾ ഈ പ്രശ്നം പരിഹരിച്ചത് ഡീസൽ എൻജിേൻറതിനു സമാനമായ ശബ്ദം ഉണ്ടാക്കുന്ന ഉപകരണം ഈ കാറുകളിൽ ഘടിപ്പിച്ചു കൊണ്ടാണ്. അങ്ങനെ വരുേമ്പാൾ ശബ്ദ മലിനീകരണത്തിൽ നിന്ന് ആശ്വാസം ലഭിക്കുമെന്ന ആശയും പൊലിയുന്നു.
ഈ കാറുകൾക്ക് മുഴുവൻ സഞ്ചരിക്കാനും സൗകര്യപ്രദമായി പാർക്ക് ചെയ്യാനും എവിടെയാണ് സ്ഥലമിരിക്കുന്നത് നമ്മുടെ നാട്ടിൽ? ഈ ചോദ്യമുയർത്തിയാൽ അതിനായി പുതിയ റോഡുകളും പാർക്കിങ് സമുച്ചയങ്ങളും നിർമിക്കുന്നതിനെക്കുറിച്ച് വാചാലമാവും അധികാരികളും നയരൂപവത്കരണ വിദഗ്ധരുമെല്ലാം. എന്നാൽ
വീണ്ടും വീണ്ടും വീടുകളും കെട്ടിടങ്ങളും, വയലും, വനവും, കുന്നും നശിപ്പിച്ച് റോഡിന് വീതി കൂട്ടുന്നത് വികസനമല്ല, വിനാശമാണ് സൃഷ്ടിക്കുക. വ്യക്തികളെ സ്വകാര്യ വാഹനങ്ങൾ, അത് തന്നെ വലിയ വാഹനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്ന ബോധവത്കരണവും, സമാന്തരമായി ശക്തമായ നിയമനിർമാണവുമാണുണ്ടാവേണ്ടത്. നിയമ നിർമാണത്തെക്കുറിച്ച് പറയേണ്ടി വരുന്നത് ബോധവത്കരണം കൊണ്ട് ഫലം കാണാതെ പോയ പ്ലാസ്റ്റിക് ഉപഭോഗത്തിെൻറ അനുഭവത്തിൽ നിന്നാണ്. വൻകിട രാജ്യങ്ങളേറെയും പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുകയും അവ ഉപയോഗിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്യുന്നത്.
ഇതോടൊപ്പം തന്നെ രണ്ടുസീറ്റ് മാത്രമുള്ള ചെറുകാറുകൾ നിർമിക്കാൻ കമ്പനികളെ നിർബന്ധിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ട ധാർമിക-പാരിസ്ഥിതിക-ജനാധി പത്യ മര്യാദ സർക്കാറിനുമുണ്ട്. നമ്മുടെ ദേശീയ ബാങ്കുകൾക്കും, മാധ്യമങ്ങൾക്കും ഇതിൽ വലിയ പങ്കുതന്നെ വഹിക്കാനുണ്ട്. ഇനി ബാങ്കുകൾ കാർ ലോൺ അനുവദിക്കുമ്പോൾ മേൽപറഞ്ഞ സാമൂഹിക-പാരിസ്ഥിതിക-ഗതാഗത പ്രശ്നങ്ങളെക്കുറിച്ച് കൂടി ഒരു 'ഇവാല്വേഷൻ' നടത്തുന്നത് നന്നായിരിക്കും. എന്തെന്നാൽ പറവകളെപ്പോലെ "ഇടം'' തേടി പറക്കാൻ മനുഷ്യനാകില്ലല്ലോ!
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.