മോദിസർക്കാറിന്റെ ദേശീയ വിദ്യാഭ്യാസനയം ആദ്യമായി നടപ്പാക്കിയ സംസ്ഥാനമാണ് കർണാടക. വിദ്യാഭ്യാസരംഗത്തെ പരിഷ്കരണമെന്നൊക്കെയാണ് പറയുന്നതെങ്കിലും കാവിവത്കരണമാണ് ലക്ഷ്യമിട്ടതെന്ന് പ്രത്യേകം പറയേണ്ടതില്ല. പാഠപുസ്തകങ്ങളിലൂടെ ആർ.എസ്.എസ് സിദ്ധാന്തങ്ങൾ ഒളിച്ചുകടത്താനായിരുന്നു പണ്ട് ശ്രമമെങ്കിൽ ഇപ്പോൾ മറയേതുമില്ലാതെയാണ് ഈ വിഷംകലക്കൽ. ചരിത്രവസ്തുതകളുടെ തമസ്കരണവും സംഘ് രാഷ്ട്രീയത്തിന് പിൻബലമേകുന്നതരത്തിൽ ചരിത്രം കെട്ടിച്ചമക്കലുമെല്ലാം ഇതിന്റെ ഭാഗമാണ്. എന്നാൽ, സ്കൂൾ പാഠപുസ്തക പരിഷ്കരണവുമായി ബന്ധപ്പെട്ട് കർണാടകയിൽ ബി.ജെ.പി സർക്കാറിനേറ്റ തിരിച്ചടിയാണ് ഇപ്പോൾ ചർച്ചയാവുന്നത്. വസ്തുതാനിരാകരണവും അബദ്ധവും മറച്ചുപിടിക്കലുമൊക്കെയായി തെറ്റുകളുടെ ഘോഷയാത്രയായിരുന്നു വിദ്യാഭ്യാസവകുപ്പ് പരിഷ്കരിച്ച് പുറത്തിറക്കിയ പുതിയ അധ്യയനവർഷത്തേക്കുള്ള സാമൂഹ്യ പാഠപുസ്തകങ്ങളിൽ. 'ഭരണഘടന ശിൽപി' എന്ന ഡോ. ബി.ആർ. അംബേദ്കറിന്റെ വിശേഷണംപോലും പാഠപുസ്തകത്തിൽനിന്ന് ഒഴിവായത് വെറുമൊരു കൈപ്പിഴയായി കാണാനാവില്ല.
ഒടുവിൽ, പ്രതിഷേധം കനത്തപ്പോൾ നിലപാട് മാറ്റേണ്ടിവന്നു. തെറ്റ് തിരുത്താൻ സർക്കാർ സന്നദ്ധത അറിയിച്ചിരിക്കുന്നു. പക്ഷേ, മതേതരത്വ-ജനാധിപത്യ വിശ്വാസികളുടെയും എഴുത്തുകാരുടെയും പ്രതിഷേധത്തെ തുടർന്നുമാത്രമാണ് ആ തിരുത്തൽ നടപടിയെന്ന് വിശ്വസിക്കാനാവില്ല. അത്തരം പ്രതിഷേധങ്ങളോട് ബി.ജെ.പി സർക്കാറിന്റെ സമീപനം ഇതല്ലെന്ന് മുൻകാല അനുഭവങ്ങൾ തെളിയിക്കുന്നുണ്ട്. പിന്നെന്തുകൊണ്ടായിരിക്കും?
അത് പരിശോധിക്കുമ്പോഴാണ് അടുത്തവർഷം മധ്യത്തിൽ നടക്കാനിരിക്കുന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പിന്റെ ചിത്രംതെളിയുക. ലിംഗായത്തുകളും വൊക്കലിഗരുമടങ്ങുന്ന നിർണായക വോട്ടുബാങ്കിനെ പാഠപുസ്തക പരിഷ്കരണത്തിലെ വിഡ്ഢിത്തങ്ങൾ അസ്വസ്ഥമാക്കിയെന്ന തിരിച്ചറിവിലാണ് ബി.ജെ.പി സർക്കാറിന്റെ തിരുത്തൽനടപടി വരുന്നത്. ലിംഗായത്ത് ആചാര്യനായ ബസവേശ്വരയെയും വൊക്കലിഗ സമുദായാംഗമായ മഹാകവി കുവെമ്പുവിനെയും പാഠപുസ്തകത്തിൽ അവഹേളിച്ചെന്ന ആരോപണം ഇരുസമുദായ നേതാക്കളും ഉയർത്തിയിരുന്നു. മൈസൂരു മേഖലയിൽ വൊക്കലിഗരും വടക്കൻ കർണാടകയിൽ ലിംഗായത്തുകളുമാണ് കർണാടകയിൽ ഭരണകക്ഷിയെ നിർണയിക്കുന്നത്. ഭൂരിപക്ഷം ലിംഗായത്തുകളും ബി.ജെപിക്കൊപ്പമാണ്. വൊക്കലിഗരാവട്ടെ വർഷങ്ങളായി ജെ.ഡി-എസിനൊപ്പവും. ഈ സവിശേഷതയാണ് മിക്ക തെരഞ്ഞെടുപ്പുകളിലും കർണാടകയിൽ തൂക്കുമന്ത്രിസഭ രൂപപ്പെടാൻ കാരണം. 2004, 2008, 2018 തെരഞ്ഞെടുപ്പുകളിൽ ഇതായിരുന്നു ഫലം. വരുന്ന തെരഞ്ഞെടുപ്പിൽ 224ൽ 150 സീറ്റാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. അതിന് മൈസൂരു മേഖല തുണച്ചേ തീരൂ.
മഹാകവി കുവെമ്പു വൊക്കലിഗ സമുദായത്തിന്റെയും കർണാടകയുടെയും ഐക്കണായാണ് പരിഗണിക്കപ്പെടുന്നത്. മൈസൂരു മേഖലയിൽ കണ്ണുവെക്കുന്ന ബി.ജെ.പിക്ക് കുവെമ്പുവിനെതിരായ അവഹേളനം പ്രതിപക്ഷം ആയുധമാക്കിയാലുണ്ടാകുന്ന നഷ്ടം ചെറുതാവില്ല. പാഠപുസ്തക പരിഷ്കരണത്തിനെതിരെ ജൂൺ മൂന്നാം വാരത്തിൽ ബംഗളൂരുവിൽ യൂനിവേഴ്സൽ ഹ്യുമാനിറ്റി ആൻഡ് കുവെമ്പു അജറ്റേഷൻ ഫോറം സംഘടിപ്പിച്ച സമരത്തിൽ ചിരവൈരം മറന്ന് കോൺഗ്രസും ജെ.ഡി-എസും ഒന്നിച്ചിരുന്നു. വൊക്കലിഗ നേതാക്കളായ കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാറും ജെ.ഡി-എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയും ഒരേ വേദിയിലിരുന്നാൽ അത് മൈസൂരു ബെൽറ്റിലുണ്ടാക്കിയേക്കാവുന്ന തരംഗവും ബി.ജെ.പി മുന്നിൽകാണുന്നു. പാഠപുസ്തകം പിൻവലിക്കണമെന്നാവശ്യപ്പെട്ട് വൊക്കലിഗരുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ആദിചുഞ്ചനഗിരി മഠത്തിലെ അധിപതി നിർമലാനന്ദ സ്വാമിയും ലിംഗായത്ത് മഠാധിപതി സാനേഹള്ളി പണ്ഡിതാരാധ്യ ശിവാചാര്യ സ്വാമിയും സർക്കാറിന് കത്തെഴുതി. മറുപടിയായി വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷ് തന്നെ നിർമലാനന്ദ സ്വാമിയെ നേരിൽകണ്ട് കാര്യങ്ങൾ ധരിപ്പിച്ചു. കാര്യങ്ങൾ കൈവിട്ടനിലയിലേക്ക് നീങ്ങുന്നത് തിരിച്ചറിഞ്ഞാണ് പാഠപുസ്തകങ്ങളിലെ 'പരിഷ്കാരങ്ങൾ'ക്ക് തിരുത്ത് വരുത്താൻ ബൊമ്മൈ സർക്കാർ തുനിയുന്നത്.
വളരെ നാടകീയമായാണ് ബി.ജെ.പി സർക്കാർ പാഠപുസ്തക പരിഷ്കരണസമിതിയെ ഏർപ്പാടാക്കുന്നത്. 2020 ഡിസംബറിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ബി.എസ്. യെദിയൂരപ്പക്ക് മുന്നിൽ കർണാടക സംസ്ഥാന ബ്രാഹ്മണ വികസന ബോർഡിന്റെ ഒരു നിവേദനമെത്തുന്നു. ആറാം ക്ലാസിലെ സാമൂഹ്യ പാഠത്തിൽ ബ്രാഹ്മണർക്കെതിരായ ചില പരാമർശങ്ങളുണ്ടെന്നും അത് നീക്കണമെന്നുമായിരുന്നു ആവശ്യം.
'വേദകാലഘട്ടത്തിൽ യാഗങ്ങൾക്കും യജ്ഞങ്ങൾക്കും മൃഗബലി ആവശ്യമായിരുന്നു. ഇത് ഭക്ഷ്യോൽപാദനത്തെ ബാധിച്ചു. ഇതിനുപുറമെ, ഭക്ഷ്യധാന്യങ്ങളും പാലും നെയ്യും ഇത്തരം യജ്ഞങ്ങൾക്കായി നൽകിയിരുന്നത് ഭക്ഷ്യക്ഷാമത്തിന് കാരണമായി. ഇത്തരം യജ്ഞങ്ങളിലൂടെയാണ് യഥാർഥ മോക്ഷം ലഭിക്കുകയെന്ന് ജനങ്ങൾ വിശ്വസിച്ചു. എന്നാൽ, ഈ യജ്ഞങ്ങൾ അരങ്ങേറിയിരുന്നത് സംസ്കൃത ശ്ലോകങ്ങൾ ഉരുവിട്ടായിരുന്നു. പുരോഹിതരുടെ ഭാഷയായിരുന്ന സംസ്കൃതം സാധാരണജനങ്ങൾക്ക് മനസ്സിലാവുമായിരുന്നില്ല. അവരുടെ തന്നെ ഭാഷയിൽ മോക്ഷത്തിലേക്ക് വഴിതെളിക്കണമെന്ന് അവർ പ്രതീക്ഷിച്ചു...' -ഇതായിരുന്നു പാഠപുസ്തകത്തിലെ പരാമർശം.
ഇത് തങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും പുസ്തകത്തിൽനിന്ന് നീക്കണമെന്നുമുള്ള ബ്രാഹ്മണസഭയുടെ ആവശ്യത്തെ തുടർന്നാണ് രോഹിത് ചക്രതീർഥയെ അധ്യക്ഷനാക്കി ബി.ജെ.പി സർക്കാർ 16 അംഗ പാഠപുസ്തക പരിഷ്കരണസമിതി രൂപവത്കരിക്കുന്നത്. നരേന്ദ്ര മോദിയുടെ 'എക്സാം വാരിയേഴ്സ്' എന്ന കൃതി പരിഭാഷപ്പെടുത്തിയയാളാണ് രോഹിത് ചക്രതീർഥ. കവി കുവെമ്പു രചിച്ച 'ജയഭാരത ജനനിയ തനുജാതെ' കർണാടക സംസ്ഥാനത്തിന്റെ ഔദ്യോഗിക ഗീതത്തെ കളിയാക്കുംവിധമുള്ള കുറിപ്പ് സമൂഹമാധ്യമത്തിൽ ഷെയർ ചെയ്തതിന് 2017ൽ വിവാദത്തിൽപെട്ടെന്ന പൂർവചരിത്രംകുടിയുണ്ട് ഇദ്ദേഹത്തിന്. ഈ സംഭവം പാഠപുസ്തക വിവാദത്തിന് പിന്നാലെ വീണ്ടും ചർച്ചയായിരുന്നു.
2021 സെപ്റ്റംബറിൽ രൂപവത്കരിച്ച സമിതി 2022 മാർച്ചിൽ റിപ്പോർട്ട് സമർപ്പിക്കുമ്പോൾ, ബ്രാഹ്മണസഭയെ വേദനിപ്പിച്ചെന്ന് പറയപ്പെട്ട 'വേദകാലഘട്ടത്തിലെ സംസ്കാരം', 'പുതിയ മതങ്ങളുടെ ഉത്ഭവം', ക്രൈസ്തവതയും ഇസ്ലാമും' എന്നീ പാഠങ്ങൾ ഒഴിവാക്കി. ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള സാമൂഹ്യശാസ്ത്രത്തിലും ഒന്നാം ക്ലാസ് മുതൽ പത്താംക്ലാസ് വരെയുള്ള കന്നഡ ഭാഷ പുസ്തകത്തിലുമുള്ള 534 അധ്യായങ്ങളിൽനിന്ന് 83 എണ്ണമാണ് പരിഷ്കരിച്ചത്. പരിഷ്കരിച്ച പാഠപുസ്തകങ്ങളുടെ പകർപ്പ് കഴിഞ്ഞ മേയ് 23ന് ഓൺലൈനിൽ പ്രസിദ്ധീകരിച്ചു.
സ്വാതന്ത്ര്യസമര സേനാനി ഭഗത് സിങ്, മൈസൂരു രാജാവായിരുന്ന ടിപ്പു സുൽത്താൻ, ദ്രാവിഡ മുന്നേറ്റത്തിന് ചുക്കാൻപിടിച്ച പെരിയാർ, സാമൂഹിക പരിഷ്കർത്താക്കളായ ശ്രീനാരായണ ഗുരു, സ്വാമി വിവേകാനന്ദൻ തുടങ്ങിയവരെക്കുറിച്ചുള്ള പാഠങ്ങൾ ഒഴിവാക്കുകയോ വക്രീകരിക്കുകയോ ചെയ്തു. 'ഭരണഘടനാശിൽപി' എന്ന വിശേഷണം അംബേദ്കറിൽനിന്നൊഴിവാക്കി. ഒമ്പതാം ക്ലാസിലെ സാമൂഹ്യ പാഠത്തിൽ 'നമ്മുടെ ഭരണഘടന' എന്ന അധ്യായത്തിൽ, ഭരണഘടന രൂപവത്കരണത്തിന് അദ്ദേഹം (അംബേദ്കർ) നൽകിയ സംഭാവനകളെ പരിഗണിച്ച് അദ്ദേഹത്തെ ഭരണഘടനാശിൽപി എന്ന് വിളിച്ചു..' എന്നഭാഗം പരിഷ്കരിച്ചപ്പോൾ '... പ്രധാന കമ്മിറ്റികളിലൊന്നായ ഭരണഘടന രൂപവത്കരണത്തിന്റെ കരട് കമ്മിറ്റിയുടെ ചെയർമാനായിരുന്നു ഡോ. ബി.ആർ. അംബേദ്കർ' എന്നായി. അയിത്തോച്ഛാടനത്തിനായി അദ്ദേഹം നൽകിയ സംഭാവനകൾ മറ്റൊരു അധ്യായത്തിൽനിന്ന് ഒഴിവാക്കി. ഇതോടെ അംബേദ്കറെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ദലിത് സംഘടനകൾ പ്രതിഷേധത്തിനിറങ്ങി.
പന്ത്രണ്ടാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കർത്താവായ ബസവേശ്വരയുടെ വിപ്ലവജീവിതത്തിലെ പ്രധാനഭാഗംതന്നെ പാഠപുസ്തകത്തിൽ മായ്ച്ചുകളഞ്ഞതാണ് മറ്റൊന്ന്. 'ജാതീയതയുടെ കടുത്ത വിമർശകനായിരുന്നു ബസവണ്ണ. ഉപനയനത്തിന് (പൂണൂൽ ധരിക്കുന്ന ചടങ്ങ്) ശേഷം തന്റെ പൂണൂൽ വലിച്ചെറിഞ്ഞ് അദ്ദേഹം കുടലസംഗമയിലേക്ക് പോയി...' എന്നാണ് ഒമ്പതാം ക്ലാസിലെ ആദ്യ സാമൂഹ്യ പാഠപുസ്തകത്തിലുണ്ടായിരുന്നത്. ഇത് പരിഷ്കരിച്ചപ്പോൾ, 'ഉപനയനത്തിന് ശേഷം അദ്ദേഹം കുടലസംഗമയിലേക്ക് പോയി' എന്നായി ചുരുക്കി.
അതിനുപുറമെ, 'ബസവേശ്വരയും അദ്ദേഹത്തിന്റെ ശിഷ്യരും ലളിതമായ മനുഷ്യമൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള വീരശൈവ തത്ത്വചിന്തയുടെ വക്താക്കളായിരുന്നു. വേദമതത്തിൽ ആഴ്ന്നുകിടന്നിരുന്ന അനവധി ആചാരങ്ങളെ അവർ തള്ളിക്കളഞ്ഞു' എന്ന മുൻ പുസ്തകത്തിലെ പരാമർശം 'വീരശൈവിസം അദ്ദേഹം പരിഷ്കരിച്ചു' എന്ന ഒറ്റവാക്കിലൊതുക്കി. ഇത് വീരശൈവലിംഗായത്തുകളെ ചൊടിപ്പിച്ചു. യഥാർഥ ചരിത്രത്തെ പാഠപുസ്തകത്തിൽ അവതരിപ്പിക്കണമെന്ന ആവശ്യമുയർത്തി ലിംഗായത്ത് നേതൃത്വം രംഗത്തുവന്നു. കർണാടകയിൽ ലിംഗായത്തുകളിൽ നല്ലൊരു ഭാഗവും ബി.ജെ.പിയുടെ വോട്ടുബാങ്കായിരിക്കുമ്പോഴും ഈ വെട്ടിച്ചുരുക്കലിന് സംഘ്പരിവാറിനെ പ്രേരിപ്പിക്കുന്നത് ചരിത്രത്തെ മറച്ചുവെക്കാനുള്ള വ്യഗ്രതയാണ്. ബ്രാഹ്മണിസത്തിനും ജാതീയതക്കുമെതിരെ ബസവേശ്വര നയിച്ച മുന്നേറ്റങ്ങളെ വീണ്ടും ഏതുരീതിയിൽ കത്രികവെക്കുമെന്നതാണ് ചോദ്യം. ആരുടെയും വിശ്വാസപരമായ വികാരങ്ങളെ ഹനിക്കാത്തതരത്തിൽ ആ ഭാഗം എഡിറ്റ് ചെയ്യുമെന്നാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞത്. അയിത്തത്തെ കുറിച്ചും ജാതീയതയെ കുറിച്ചും അത് ഇന്ത്യൻ സാമൂഹിക വ്യവസ്ഥിതിയെ എങ്ങനെ നയിച്ചിരുന്നു എന്നതിനെ കുറിച്ചും വിദ്യാർഥികളെ പഠിപ്പിക്കുമ്പോൾ ആർക്കാണ് വേദനിക്കുന്നത്? ആചാരങ്ങളുടെ വേലിക്കെട്ടുകൾ തകർത്ത് പൂണൂൽ പൊട്ടിച്ചെറിഞ്ഞ് ബസവണ്ണ വിപ്ലവം തീർത്തത് കുട്ടികൾ ചൊല്ലിപ്പഠിക്കുമ്പോൾ ആരുടെ മാനമാണ് ഇടിഞ്ഞുവീഴുന്നത്?
പത്താം ക്ലാസിലെ കന്നഡ ഭാഷ പാഠപുസ്തകത്തിലാണ് ആർ.എസ്.എസിന്റെ സ്ഥാപകനായ കേശവ ബലിറാം ഹെഡ്ഗേവാറിനെ അണിയിച്ചൊരുക്കി കുടിയിരുത്തിയിരിക്കുന്നത്. 'ആരായിരിക്കണം യഥാർഥ ആദർശ മാതൃക?' എന്ന അദ്ദേഹത്തിന്റെ പ്രസംഗത്തിന് പുറമെ, വലതുപക്ഷ എഴുത്തുകാരനും യുവ ബ്രിഗേഡ് സ്ഥാപകനുമായ ചക്രവർത്തി സുള്ളിബലെ, സംസ്കൃത പണ്ഡിതരായ ബന്നാജെ ഗോവിന്ദാചാര്യ, ശതവദനി ഗണേഷ് എന്നിവരുടെ രചനകൾക്കായി സാറ അബൂബക്കറിന്റെ 'യുദ്ധ', പി. ലങ്കേഷിന്റെ 'മൃഗ മട്ടു സുന്ദരി', എ.എൻ. മൂർത്തി റാവുവിന്റെ 'വ്യാഗ്ര ഗീതെ' എന്നീ കൃതികൾ ഒഴിവാക്കി. ആർ.എസ്.എസ് അജണ്ട പാഠപുസ്തകത്തിൽ തിരുകിക്കയറ്റുന്നെന്ന് വിമർശനമുയർന്നപ്പോൾ രാം സ്വരൂപ്, സീതാറാം ഗോയൽ, ധർമപാൽ, കെ.ബി. ഹെഡ്ഗേവാർ, എം.എസ്. ഗോൾവാൾക്കർ, ദത്തോപന്ദ് തെങ്കടി, വി.എസ്. വാകൻകർ തുടങ്ങി നാടുകടത്തപ്പെട്ട നിരവധി പേരുണ്ടെന്നും കഴിഞ്ഞ 75 വർഷമായി ഇർഫാൻ ഹബീബും റൊമീല ഥാപ്പറും പറയുന്ന ചരിത്രം മാത്രമാണ് സ്വീകരിക്കപ്പെട്ടതെന്നും അക്കാലം മാറിക്കൊണ്ടിരിക്കുകയാണെന്നുമായിരുന്നു പാഠപുസ്തക പരിഷ്കരണസമിതി അധ്യക്ഷൻ രോഹിത് ചക്രതീർഥ പ്രതികരിച്ചത്. പാഠപുസ്തകത്തിലെ കാവിവത്കരണത്തിന് കൂട്ടുനിൽക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയ ദലിത് സാഹിത്യകാരൻ ദേവനൂർ മഹാദേവപ്പയും ഇടതുപക്ഷ എഴുത്തുകാരൻ ഡോ. ജി. രാമകൃഷ്ണയും തങ്ങളുടെ രചനകൾ പാഠപുസ്തകത്തിൽനിന്ന് നീക്കാൻ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
ശിരോവസ്ത്ര വിഷയമായാലും പാഠപുസ്തക പരിഷ്കരണമായാലും ശരി, വിവാദങ്ങൾക്ക് തുടർച്ചയായി വഴിയൊരുക്കി കർണാടകയിലെ വിദ്യാഭ്യാസരംഗം കലുഷിതമാക്കുകയാണ് ബി.ജെ.പി സർക്കാർ. പ്രതിഷേധങ്ങളെ തുടർന്ന് സർക്കാർ തിരുത്തുമായി രംഗത്തുവരുമ്പോഴും അത് പൂർണമല്ലെന്ന വിമർശനമുയർന്നുകഴിഞ്ഞു. സമുദായ പ്രീണനങ്ങൾക്കായുള്ള ഏതാനും തിരുത്തുകൾകൊണ്ട് പാഠപുസ്തകങ്ങളിലെ കാവിവത്കരണ അജണ്ടക്ക് മാറ്റമൊന്നും വരുത്തുന്നില്ല. നൂറുകണക്കിന് തെറ്റുകളാണ് കർണാടകയിലെ പുതിയ പാഠപുസ്തകങ്ങളിൽ ചൂണ്ടിക്കാണിക്കപ്പെട്ടത്. തിരുത്തുന്നതാകട്ടെ എട്ടെണ്ണവും.
ഭരണഘടനാശിൽപിയെന്ന അംബേദ്കറിന്റെ വിശേഷണവും പ്രമുഖ ലിംഗായത്ത് മഠമായ സിദ്ധഗംഗ മഠത്തിന്റെയും വൊക്കലിഗ മഠമായ ആദി ചുഞ്ചനഗിരി മഠത്തിന്റെയും സാമൂഹിക സംഭാവനകൾ സംബന്ധിച്ച ഭാഗം പിൻവലിച്ചതും ഭക്തിപ്രസ്ഥാനത്തെയും സൂഫി സന്യാസത്തെയും കുറിച്ച ഭാഗങ്ങളും പാഠപുസ്തകത്തിൽ വീണ്ടും ഉൾപ്പെടുത്താനാണ് തീരുമാനം. അതേസമയം, പത്താം ക്ലാസിലെ സാമൂഹ്യ പാഠപുസ്തകത്തിൽനിന്ന് ഒഴിവാക്കപ്പെട്ട ശ്രീനാരായണ ഗുരു ഇപ്പോഴും പുറത്താണ്.
ഇത് കന്നഡ ഓപ്ഷനൽ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. ഗുരുദേവനെ ഒഴിവാക്കി എങ്ങനെയാണ് ദക്ഷിണേന്ത്യയിലെ നവോത്ഥാന നായകരെ കുറിച്ച് ബി.ജെ.പി സർക്കാർ വിദ്യാർഥികൾക്ക് വിദ്യ പകർന്നുനൽകുന്നത്? പുസ്തകങ്ങളെല്ലാം അച്ചടി പൂർത്തിയായി വിദ്യാർഥികളുടെ കൈയിൽ എത്തിയ സ്ഥിതിക്ക് മാറ്റംവരുത്തിയ ഭാഗങ്ങൾ പ്രത്യേക ബുക്ക് ലെറ്റായി എല്ലാ സ്കൂളുകളിലും വൈകാതെ വിതരണം ചെയ്യുമെന്നാണ് കർണാടക സർക്കാർ അറിയിച്ചിരിക്കുന്നത്. ഇത് എത്രകണ്ട് ഫലംകാണുമെന്നത് വേറെ കാര്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.