മാധ്യമ പ്രവർത്തകരെ സംബന്ധിച്ച് ഏറ്റവും ദുരിതം നിറഞ്ഞ വർഷമായിരുന്നു 2023. കോവിഡ് മഹാമാരി തീർത്ത വെല്ലുവിളികളെ അതിജീവിക്കുമെന്ന പ്രതീക്ഷയോടെയാണ് മാധ്യമ ലോകം 2023നെ വരവേറ്റത്. എന്നാൽ, ലോകത്ത് മാധ്യമ പ്രവർത്തനം അത്യന്തം ദുഷ്കരമാകുന്ന കാഴ്ചകൾക്കാണ് കടന്നുപോകുന്ന വർഷം സാക്ഷ്യം വഹിച്ചത്. രണ്ടാം വർഷത്തിലേക്ക് കടന്ന റഷ്യ- യുക്രെയ്ൻ യുദ്ധവും ഇസ്രായേൽ- ഗസ്സ സംഘർഷവും ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെ പ്രതിസന്ധികളും ഏഷ്യൻ രാജ്യങ്ങളിലെ മാധ്യമ നിയന്ത്രണങ്ങളും സ്വതന്ത്ര ജേണലിസത്തിന് വിലങ്ങണിയിക്കുന്ന കാഴ്ചയാണിപ്പോൾ.
ആഗോള തലത്തിലും ദേശീയ സാഹചര്യത്തിലും കേരള പശ്ചാത്തലത്തിലും മാധ്യമ പ്രവർത്തനം അത്യന്തം ദുഷ്കരമായ ജോലിയായി മാറുന്നതിനും 2023 സാക്ഷ്യം വഹിച്ചു. ജോലിക്കിടെ കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകരുടെ എണ്ണം സർവകാല റെക്കോഡിലെത്തി. മാധ്യമപ്രവർത്തകർക്കൊപ്പം അവരുടെ ബന്ധുക്കളെ കൂടി ഇല്ലാതാക്കുന്ന ഇസ്രായേലിന്‍റെ ക്രൂരതക്കും ലോകം സാക്ഷ്യം വഹിച്ചു. പരമ്പരാഗത മാധ്യമങ്ങൾക്ക് ബദലെന്ന രീതിയിൽ ഉയർന്നുവന്ന സമൂഹമാധ്യമങ്ങൾ കൃത്യമായി പക്ഷം ചേരുന്നതിനും അഭിപ്രായങ്ങൾ നിയന്ത്രിക്കുന്നതിനും 2023 സാക്ഷിയായി. രാഷ്ട്രീയ കാമ്പയിനുകൾക്കും നുണ വാർത്ത പ്രചാരണത്തിനും എല്ലാത്തരം മാധ്യമങ്ങളെയും വ്യാപകമായി ഉപയോഗിച്ചു. നിർമിത ബുദ്ധി (എ.ഐ) അടക്കമുള്ള നവീന സാങ്കേതിക വിദ്യകൾ കൃത്രിമ വാർത്ത സൃഷ്ടിയെയും പ്രചരിപ്പിക്കലിനെയും കൂടുതൽ എളുപ്പമാക്കി. വ്യാജ വാർത്തകളും ദൃശ്യങ്ങളും ചിത്രങ്ങളും കണ്ടെത്തുകയും ജനങ്ങൾക്കിടയിലേക്ക് എത്തിക്കുകയും ചെയ്യുന്ന ഫാക്ട് ചെക്കിങ് സംവിധാനം വ്യാപകമായ രീതിയിൽ ഉപയോഗപ്പെടുത്തി തുടങ്ങിയെന്നതാണ് 2023ന് പ്രതീക്ഷ നൽകുന്നത്.
ഗസ്സ, യുക്രെയ്ൻ
അധിനിവേശങ്ങളും
ഇരട്ടത്താപ്പും
പാശ്ചാത്യ മാധ്യമങ്ങളുടെയടക്കം ഇരട്ടത്താപ്പ് പുറത്തുകൊണ്ടുവന്ന യുദ്ധങ്ങളായിരുന്നു റഷ്യയുടെ യുക്രെയ്ൻ അധിനിവേശവും ഇസ്രായേലിന്‍റെ ഗസ്സ ആക്രമണവും. 2022ൽ ആരംഭിച്ച റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മാധ്യമങ്ങളെല്ലാം സ്വതന്ത്ര രാജ്യമായ യുക്രെയ്നിലേക്ക് റഷ്യ നടത്തിയ ആക്രമണത്തെ എതിർക്കുകയായിരുന്നു. യുക്രെയ്നിന്റെ പരമാധികാരത്തെയും ജനങ്ങളുടെ പ്രയാസങ്ങളെയും നിരന്തരമായി പുറംലോകത്തെത്തിച്ചുകൊണ്ടിരുന്നു. റഷ്യ നേരിടുന്ന ചെറിയ തിരിച്ചടികൾ പോലും വലിയ വാർത്തകളായി. ലോകത്താകമാനം റഷ്യൻ വിരുദ്ധ വികാരം ഉയർത്താൻ മാധ്യമങ്ങൾ ശ്രമിച്ചു. എന്നാൽ, നേർവിപരീതമായിരുന്നു ഇസ്രായേലിനോടുള്ള പാശ്ചാത്യ മാധ്യമങ്ങളുടെ സമീപനം. ഫലസ്ത്രീനിലെ ഗസ്സയിലും വെസ്റ്റ് ബാങ്കിലും അടക്കം ഇസ്രായേൽ നിരന്തരം നടത്തിയ ആക്രമണങ്ങളോട് കണ്ണടച്ച മാധ്യമ ലോകം, 2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രമണങ്ങളെ തുടർന്ന് പൂർണമായും ഇസ്രായേൽ പക്ഷം ചേർന്ന് വാർത്തകൾ നൽകി. അവാസ്തവ പ്രചാരണങ്ങൾ വരെ പ്രമുഖ മാധ്യമങ്ങൾ നടത്തി. അതേസമയം, ഇസ്രായേൽ ഗസ്സയിലെ ആശുപത്രികളിൽ അടക്കം ബോംബിടുന്നത് വാർത്ത പോലും അല്ലാതായി.
സമൂഹമാധ്യമങ്ങൾ
സ്വതന്ത്രം എന്ന കാപട്യം
സ്ഥാപന ഉടമകൾ, സർക്കാറുകൾ, പരസ്യ ദാതാക്കൾ തുടങ്ങി ആരുടെയും ഇടപെടലില്ലാതെ അഭിപ്രായങ്ങളും നിലപാടുകളും തുറന്നുപറയാനുള്ള ഇടം എന്ന പദവിയായിരുന്നു സമൂഹമാധ്യമങ്ങൾക്ക് പൊതു സമൂഹം കൽപിച്ചുനൽകിയിരുന്നത്. സ്വകാര്യതയിലെ ഇടപെടൽ, സ്വകാര്യ വിവരങ്ങൾ കൈമാറൽ, വിദ്വേഷ പ്രചാരണത്തിന് കൂട്ടുനിൽക്കൽ, വ്യാജ കാമ്പയിനുകൾക്ക് ഇടംകൊടുക്കൽ തുടങ്ങി നിരവധി പരാതികൾ സാമൂഹിക മാധ്യമങ്ങൾക്കെതിരെയുണ്ടായിരുന്നുവെങ്കിലും സ്വതന്ത്രമാണ് എന്ന വിശ്വാസമുണ്ടായിരുന്നു. എന്നാൽ, ഇസ്രായേലിന്‍റെ ഗസ്സ ആക്രമണത്തോടെ ഈ വിശ്വാസവും തകർന്നു. ഇസ്രായേലിനെ എതിർക്കുന്നതോ ഫലസ്തീനിനെ അനുകൂലിക്കുന്നതോ ആയ പോസ്റ്റുകൾക്ക് റീച്ച് പരമാവധി കുറക്കാൻ മെറ്റയുടെ കീഴിലുള്ള ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ശ്രമിച്ചു. ഗൂഗ്ളും ഇതേവഴി പിന്തുടർന്നു. ഫലസ്തീൻ അനുകൂല പോസ്റ്റിന് ലൈക്ക് നൽകി എന്നതിന്‍റെ പേരിൽ എക്സ് (പഴയ ട്വിറ്റർ) ഉടമ ഇലോൺ മസ്കിനെതിരെ രൂക്ഷ വിമർശനമുയർന്നു. ഈ പ്രതിസന്ധി പരിഹരിക്കാൻ ഇസ്രായേൽ സന്ദർശിച്ച് പിന്തുണ പ്രഖ്യാപിക്കേണ്ട ഗതികേട് വരെ മസ്കിനുണ്ടായി. റഷ്യ- യുക്രെയ്ൻ യുദ്ധ വേളയിൽ യുക്രെയ്ൻ ജനതക്ക് സൗജന്യ ഇന്‍റർനെറ്റ് സേവനം നൽകിയ ഇലോൺ മസ്ക്, ഗസ്സയിലെ ഇന്‍റർനെറ്റ് തകർക്കലിനെ പറ്റി മിണ്ടിയത് പോലുമില്ല.
താഴേക്ക് പതിക്കുന്ന
ഇന്ത്യൻ മാധ്യമ ലോകം
സ്വാതന്ത്ര്യ സമരത്തിലും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും നിർണായക പങ്ക് വഹിച്ച ഇന്ത്യൻ മാധ്യമ സമൂഹം ഇരുണ്ട കാലത്തിലൂടെയാണ് കടന്നുപോകുന്നത്. ഭരണകൂടത്തിനും വൻകിട മുതലാളിമാർക്കും ഒപ്പം നിൽക്കുന്നതാണ് സുരക്ഷിതമെന്ന് മനസ്സിലാക്കി വലിയൊരു വിഭാഗം മാധ്യമങ്ങളും അങ്ങോട്ട് ചായ്ഞ്ഞുകഴിഞ്ഞു. ഗോദി മീഡിയ (മടിത്തട്ട് മാധ്യമങ്ങൾ) എന്ന പേരും അവർക്ക് വീണു. ചെറിയ രീതിയിലെങ്കിലും എതിർത്തുനിൽക്കുന്ന മാധ്യമങ്ങളെ സ്വന്തമാക്കാനോ ഇല്ലാതാക്കാനോ ആണ് അധികൃതരുടെ ശ്രമം.
ഇന്ത്യൻ മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ കടയ്ക്കൽ കത്തിവെക്കുന്ന പത്ര- ആനുകാലിക രജിസ്ട്രേഷൻ ബിൽ പാർലമെന്റ് പാസാക്കിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. നിയന്ത്രണാധികാരികൾക്ക് ഇഷ്ടാനുസരണം മാധ്യമങ്ങളിൽ ഇടപെടാനും പൂട്ടിക്കാനും അധികാരം നൽകുന്നതാണ് ബിൽ.
ഇംഗ്ലീഷ് വാർത്താ ചാനലുകളിൽ അൽപമെങ്കിലും സർക്കാറിനെ എതിർത്തിരുന്ന എൻ.ഡി.ടി.വിയെ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള സ്ഥാപനം ഏറ്റെടുത്തു. വ്യാജ വാർത്തകളുടെ നിജസ്ഥിതി അടക്കം പുറത്തുകൊണ്ടുവന്നിരുന്ന ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ 2023ലും പൊലീസിന്‍റെയും അധികൃതരുടെയും ഭാഗത്തുനിന്ന് കേസുകളും ഭീഷണികളും തുടർന്നു. 2023 ജൂലൈയിൽ മുസാഫർ നഗറിലെ സ്കൂളിൽ കുട്ടികളെ കൊണ്ട് മുസ്ലിം വിദ്യാർഥിയെ അധ്യാപിക തല്ലിക്കുന്നതിനെ വിഡിയോ നിരവധി മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചുവെങ്കിലും സുബൈറിനെതിരെ മാത്രം കേസെടുത്ത സംഭവമുണ്ടായി. സ്വതന്ത്ര വാർത്ത വെബ്സൈറ്റായ ‘ന്യൂസ് ക്ലിക്കി’ൽ റെയ്ഡ് നടത്തുകയും യു.എ.പി.എ നിയമപ്രകാരം സ്ഥാപകൻ പ്രബീർ പുർകായസ്ഥ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യുകയും ചെയ്തത് ഒക്ടോബർ മൂന്നിനാണ്. 2020 മുതൽ 2023 വരെ 16 മാധ്യമപ്രവർത്തകരുടെ പേരിലാണ് യു.എ.പി.എ നിയമം ചുമത്തപ്പെട്ടത്. ഇതിൽ ആറ് പേരോളം ഇപ്പോഴും ജയിലിലാണ്. എട്ട് പേരാണ് ജാമ്യത്തിലുള്ളത്. 2023 മേയിൽ ആരംഭിക്കുകയും മാസങ്ങൾ നീളുകയും ചെയ്ത മണിപ്പൂർ കലാപവേളയിലും മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാക്കപ്പെടുന്നതിന് സമാന സാഹചര്യമുണ്ടായി. വലിയൊരു വിഭാഗം മാധ്യമങ്ങളും സർക്കാറിനും വൻകിട മുതലാളിമാർക്കും ഒപ്പം നിലകൊള്ളുമ്പോഴും അറസ്റ്റും റെയ്ഡും പീഡനവും ഭയക്കാതെ സത്യം പുറത്തെത്തിക്കാൻ പ്രവർത്തിക്കുന്ന ബദൽ-ചെറുകിട മാധ്യമങ്ങളാണ് ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യത്തെ ഉയർത്തിപ്പിടിക്കുന്നത്.
2023 ഏപ്രിൽ അഞ്ച് അത്തരത്തിൽ ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തിനുള്ള സുവർണ ദിവസമാണ്. പുറത്തുപറയാനാകാത്ത സുരക്ഷാ കാരണങ്ങളുടെ പേരിൽ മലയാളം വാർത്ത ചാനൽ ‘മീഡിയ വണി’ന്‍റെ ലൈസൻസ് പുതുക്കില്ലെന്ന കേന്ദ്ര സർക്കാറിന്‍റെ നടപടി സുപ്രീംകോടതി റദ്ദാക്കിയത് അന്നാണ്. കേന്ദ്ര സർക്കാറിന്‍റെ മാധ്യമ സ്വാതന്ത്ര്യ വിലക്കിനെതിരെ മാസങ്ങൾ നീണ്ട നിയമ പോരാട്ടം നടത്തിയാണ് ‘മീഡിയ വൺ’ ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ കരുത്ത് പ്രകടമാക്കിയത്. ഹത്രാസ് പീഡന കേസ് റിപ്പോർട്ട് ചെയ്യാനുള്ള യാത്രക്കിടെ പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ 28 മാസത്തെ ജയിൽ വാസത്തിന് ശേഷം ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത് 2023 ഫെബ്രുവരി രണ്ടിനാണ്. സർക്കാർ ജയിലറക്കുള്ളിൽ തളയ്ക്കാൻ നിരന്തര ശ്രമം നടത്തിയിട്ടും നീണ്ടുനിന്ന നിയമ പോരാട്ടത്തിലൂടെയാണ് ജാമ്യം നേടാൻ സാധിച്ചത്.
കേരളം: പ്രതീക്ഷയുടെ
ഒറ്റത്തുരുത്തിലും
വെല്ലുവിളികൾ
മാധ്യമ സാക്ഷരതയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന കേരളത്തിൽ സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിനു ഇപ്പോഴും സാധ്യതകളുണ്ടെങ്കിലും വെല്ലുവിളികളും തുടരുകയാണ്. കേരളത്തിലും വാർത്ത റിപ്പോർട്ട് ചെയ്തതിന്‍റെ പേരിൽ മാധ്യമ പ്രവർത്തകർക്കെതിരെ കേസുകളുണ്ടായി. അട്ടപ്പാടിയിലെ ആദിവാസി ഭൂമി തട്ടിയെടുക്കലിനെതിരെ നിരന്തരം വാർത്ത ചെയ്യുന്ന ‘മാധ്യമം’ റിപ്പോർട്ടർ ആർ. സുനിൽ, മഹാരാജാസ് കോളജിൽ പരീക്ഷാ തട്ടിപ്പ് റിപ്പോർട്ട് ചെയ്ത ഏഷ്യനെറ്റ് ന്യൂസിലെ അഖില നന്ദകുമാർ എന്നിവർക്കെതിരായ കേസുകൾ ഇതിനുദാഹരണമാണ്. ട്രെയിൻ കത്തിക്കൽ കേസ് പ്രതിയെ അറസ്റ്റ് ചെയ്ത് കൊണ്ടുവരുന്നത് റിപ്പോർട്ട് ചെയ്ത മാതൃഭൂമി ന്യൂസ് സംഘത്തിനെതിരെയും പൊലീസ് നടപടിയുണ്ടായി. ഇതോടൊപ്പം സർക്കാർ തന്നെ വാർത്തയുടെ ഫാക്ട് ചെക്കിങ് എന്ന പേരിൽ സർക്കാർ വിരുദ്ധ വാർത്തകളെ ‘വ്യാജ വാർത്ത’ എന്ന് ചാപ്പ കുത്തുന്ന സംവിധാനം ഏർപ്പെടുത്താനും ശ്രമിച്ചു.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.