കോഴിക്കോട്​ സംഘടിപ്പിച്ച പൗരാവകാശ സംഗമത്തിൽ അലനും താഹയും

ഈ വിധി സമരായുധമാകണം!

യു.എ.പി.എ ചുമത്തപ്പെട്ട്​ 570 ദിവസമായി ഇരുമ്പഴിക്കുള്ളിൽ കഴിഞ്ഞ താഹ ഫസലിന്​ ജാമ്യം അനുവദിച്ചും അലൻ ഷുഹൈബിന്​ അനുവദിച്ച ജാമ്യം റദ്ദാക്കണം എന്ന കേന്ദ്ര സർക്കാറി​െൻറ ആവശ്യം തള്ളിക്കൊണ്ടും സുപ്രീംകോടതി ജസ്​റ്റിസുമാരായ അജയ്​ രസ്​തോഗി, അഭയ്​ എസ്.​ ഓക്ക എന്നിവർ അടങ്ങിയ ബെഞ്ച്​ ഒക്​ടോബർ 28ന്​ പുറപ്പെടുവിച്ച വിധി വിപ്ലവകരമാണ്​. പൗര ജനങ്ങളെ, വിചാരണ കൂടാതെ തടങ്കലിലാക്കുന്ന മോദി- -പിണറായി സർക്കാറുകൾക്ക്​ കനത്ത തിരിച്ചടി നൽകിയ ഈ വിധി, യു.എ.പി.എ എന്ന കഠോരനിയമത്തിനെതിരെ പോരാടുന്നവർ സമരായുധമാകണം.

മാധ്യമങ്ങളിൽ പന്തീരാങ്കാവ് കേസ്​ എന്നറിയപ്പെടുന്ന ഈ കേസിൽ സമർപ്പിക്കപ്പെട്ട കുറ്റപത്രപ്രകാരം ഒന്നാം പ്രതിക്കെതിരെ 1967ലെ യു.എ.പി.എ നിയമത്തിലെ സെക്​ഷൻ 38, 39ഉം ഐ.പി.സി 120-ബി എന്ന വകുപ്പുമാണ്​ ചുമത്തപ്പെട്ടത്​. രണ്ടാം പ്രതിക്കെതിരെ ഇതേ വകുപ്പുകൾക്ക്​ പുറമെ 1967ലെ നിയമത്തിലെ സെക്​ഷൻ 13 കൂടി അധികമായി ചുമത്തിയിരുന്നു. 2019 നവംബർ ഒന്നിനാണ്​ കോഴിക്കോട്​ നഗരത്തിൽനിന്ന്​ ഒന്നും രണ്ടും പ്രതികളെ പന്തീരാങ്കാവ്​ പൊലീസ്​ സ്​റ്റേഷനിലെ സബ്​ഇൻസ്​പെക്​ടർ സംശയകരമായ സാഹചര്യത്തിൽ അറസ്​റ്റ്​ ചെയ്യുന്നത്​.

വിധിന്യായത്തിലെ 11, 12, 13 ഖണ്ഡികകളിൽ സുപ്രീംകോടതി യു.എ.പി.എ നിയമത്തിലെ സെക്​ഷൻ 38, 39ൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വിശദമായി വിശകലനം ചെയ്യുന്നുണ്ട്​. ഖണ്ഡിക 11ൽ കോടതി ഇപ്രകാരം പറയുന്നു: 'ഒന്നാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന തീ​വ്രവാദ സംഘടനയുടെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോവുക എന്ന ഉദ്ദേശ്യത്തോടെ പ്രതി പ്രവർത്തിച്ചാൽ മാത്രമേ തീവ്രവാദ സംഘടനയുമായി ബന്ധപ്പെടുന്നതുമായി ബന്ധപ്പെട്ട സെക്​ഷൻ 38 പ്രകാരമുള്ള കുറ്റങ്ങൾ ചുമത്താനാവൂ എന്ന്​ ഈ സെക്​ഷൻ വായിച്ചാൽ ബോധ്യമാകും. സെക്​ഷൻ 38ൽ പറയുന്ന കുറ്റം ചെയ്യുന്ന വ്യക്തി ഒരു തീവ്രവാദ സംഘടനയുടെ അംഗം ആവുകയോ ആവാതിരിക്കുകയോ ചെയ്യാം. പ്രതിക്ക്​ തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെങ്കിൽ, ആ തീവ്രവാദ സംഘടനയുടെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോവുക എന്ന ഉദ്ദേശ്യത്തോടെ ആ സംഘടനയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെടുകയോ സംഘടനയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെടുന്നു എന്ന്​ പരസ്യമായി പ്രഖ്യാപിക്കുകയോ ചെയ്​താൽ മാത്രമേ, പ്രതി സെക്​ഷൻ 38 പ്രകാരമുള്ള കുറ്റം ചെയ്​തതായി കണക്കാക്കാനാകൂ. ബന്ധം തീവ്രവാദി സംഘടനയുടെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോവുക എന്ന ഉദ്ദേശ്യത്തോടെ ആയിരിക്കണം. പ്രവർത്തനം സെക്​ഷൻ 15ൽ നിർവചിച്ചിട്ടുള്ള തീവ്രവാദ പ്രവർത്തനവുമായി ബന്ധപ്പെട്ടിട്ടുള്ളതാവുകയും വേണം. സെക്​ഷൻ 38ലെ 1 (ബി) ഉപവകുപ്പ്​ വ്യക്തമാക്കുന്നത്​, ഒന്നാം​ ഷെഡ്യൂളിൽ ഉൾപ്പെട്ടിട്ടുള്ള സംഘടനയുടെ, ആ സംഘടന ഒന്നാം ഷെഡ്യൂളിൽ ഉൾപ്പെട്ട കാലത്ത്​, ആ സംഘടനയുടെ പ്രവർത്തനങ്ങളിൽ പങ്കാളിയായില്ല എന്ന്​ തെളിയിക്കാനായാൽ, ആ വ്യക്തിക്കുമേൽ സെക്​ഷൻ 38(1) പ്രകാരമുള്ള കുറ്റം ചുമത്താനാവില്ല എന്നാണ്​. (പേജ്​ 21).

സെക്​ഷൻ 39 വിശകലനം ചെയ്യുന്നത്​ വിധിന്യായത്തിലെ 12ാം ഖണ്ഡികയിൽ തീവ്രവാദ സംഘടനയുടെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോവുക എന്ന ഉദ്ദേശ്യത്തോടെയുള്ള പ്രവർത്തനങ്ങൾ നടത്തിയാൽ മാത്രമേ, (എ), (ബി), (സി) എന്നീ ഉപവകുപ്പുകൾ ചുമത്താനാകൂ.' എന്ന്​ വ്യക്​തമാക്കുന്നു (പേജ്​ 22).

ഖണ്ഡിക 13ൽ പറയുന്നത്​ ഇങ്ങനെ: 'അതായത്​, സെക്​ഷൻ 38(1)ൽ പറയുന്ന തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ടത്​ സംബന്ധിച്ച കുറ്റവും സെക്​ഷൻ 39ൽ പറയുന്ന തീവ്രവാദ സംഘടനയെ പിന്തുണക്കുന്നതുമായി ബന്ധപ്പെട്ട കുറ്റവും ചുമത്തപ്പെടണമെങ്കിൽ ഈ രണ്ട്​ സെക്​ഷനുകളിലും വ്യക്തമാക്കിയിട്ടുള്ള പ്രവർത്തനങ്ങൾ, തീവ്രവാദ സംഘടനയുടെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോവുക എന്ന ഉദ്ദേശ്യത്തോടെ നടപ്പാക്കിയിട്ടുള്ളതാവണം. ആ അർഥത്തിൽ മാനസികമായ പങ്കാളിത്തം (mens rea) ഉണ്ടാകണം.' അതായത്​ ഒരു തീവ്രവാദ സംഘടനയുടെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാനുള്ള ഉദ്ദേശ്യം, 1967ലെ ആക്​ടിലെ സെക്​ഷൻ 38, 39 പ്രകാരമുള്ള കുറ്റങ്ങൾ ശിക്ഷിക്കപ്പെടാനുള്ള ഒരു അവശ്യ ഘടകമാണ്​.' (പേജ്​ 22-23).

ഈ നിരീക്ഷണങ്ങളുടെ അടിസ്​ഥാനത്തിലാണ്​ കോടതി, പ്രതികളുടെ ജാമ്യവുമായി ബന്ധപ്പെട്ട വിഷയത്തിലേക്ക്​ കടന്നത്​. : 'കുറ്റപത്രം ശരിയാണെന്ന്​ കരുതിയാൽ പ്രതികൾക്ക്​ തീവ്രവാദ സംഘടനയായ സി.പി.ഐ (മാവോയിസ്​റ്റ്​)യുമായി ബന്ധമുണ്ടായിരുന്നു എന്നും ആ സംഘടനക്ക്​ അവരുടെ പിന്തുണ ഉണ്ടായിരുന്നു എന്നും പ്രഥമദൃഷ്​ട്യാ കരുതാം' (പേജ്​ 39). ഖണ്ഡിക 33ൽ കോടതി ഇപ്രകാരം തുടർന്നു: 'ഒന്നാം പ്രതിയെ സംബന്ധിച്ചിടത്തോളം അയാളുടെ കൈയിൽ സി.പി.ഐ (മാവോയിസ്​റ്റ്​) യുമായി ബന്ധപ്പെട്ട്​ വിവിധ രേഖകളുടെ സോഫ്​റ്റ്​-ഹാർഡ്​ കോപ്പികൾ ഉണ്ടായിരുന്നു. സി.പി.ഐ (മാവോയിസ്​റ്റ്​)യുമായി ബന്ധമുണ്ട്​ എന്ന്​ ആരോപിക്കപ്പെടുന്ന ഒരു സംഘടന നടത്തിയ പ്രതിഷേധത്തിൽ അയാൾ പ​ങ്കെടുത്തിരുന്നു. രണ്ടാം പ്രതിയുടെ കൈവശം സി.പി.ഐ (മാവോയിസ്​റ്റ്​)​െൻറ വിവിധ കമ്മിറ്റി യോഗങ്ങളുടെ മീറ്റിങ്ങുകളുടെ മിനിറ്റ്​സുകൾ ഉണ്ടായിരുന്നു. രണ്ടാം പ്രതിയുടെ കസ്​​റ്റഡിയിൽ ചില ബാനറുകളും പോസ്​റ്ററുകളും ഉണ്ടായിരുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു എന്ന കാരണം പറഞ്ഞ്​ അയാളുടെമേൽ സെക്​ഷൻ 13 ചുമത്തിയിരുന്നു.' (പേജ്​ 40).

ഈ കണ്ടെത്തലുകളുടെ അടിസ്​ഥാനത്തിൽ പ്രതികൾക്കെതിരെ ചുമത്തപ്പെട്ട കുറ്റങ്ങൾ (കുറ്റപത്ര പ്രകാരം) പ്രതികൾ കുറ്റം ചെയ്​തുവോ എന്ന്​ കണക്കാക്കാനുള്ള ന്യായമായ കാരണങ്ങൾ ആകുന്നുണ്ടോ എന്ന അന്വേഷണത്തിലേക്ക്​, കോടതി 34ാം ഖണ്ഡികയിൽ കിടക്കുകയാണ്​. ഇതി​െൻറ ഭാഗമായി കോടതി ഇങ്ങനെ പറഞ്ഞു: 'നേരത്തേ വ്യക്തമാക്കിയതുപോലെ, ഒരു തീവ്രവാദ സംഘടനയുമായി വെറുതെ ബന്ധം സ്​ഥാപിച്ചു എന്നതുകൊണ്ട്​ മാത്രം സെക്​ഷൻ 38 ചുമത്താനാവില്ല. ഒരു തീവ്രവാദ സംഘടനയെ പിന്തുണച്ചു എന്നതുകൊണ്ട്​ മാത്രം സെക്​ഷൻ 39 ചുമത്താനാവില്ല. ആ ബന്ധവും പിന്തുണയും ഒരു തീവ്രവാദ സംഘടനയുടെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോവുക എന്ന ഉദ്ദേശ്യത്തോടെ ഉള്ളതായിരിക്കണം. ഒരു പ്രത്യേക കേസിൽ, ആ ഉദ്ദേശ്യം വ്യക്തമാകുന്നത്, കുറ്റപത്രത്തി​െൻറ ഭാഗമായി സമർപ്പിക്കപ്പെട്ടിട്ടുള്ള വസ്​തുതകളിൽനിന്ന്​ തെളിയുന്ന, പുറമേക്ക്​ കാണാൻ കഴിയുന്ന പ്രവർത്തനങ്ങളിലൂടെയോ അല്ലെങ്കിൽ ഒരു തീവ്രവാദ സംഘടനയുടെ പ്രവർത്തനങ്ങളിൽ പ്രതി സജീവമായി പ​ങ്കെടുത്തതി​െൻറ തെളിവുകളിലൂടെയോ ആയിരിക്കണം.' (പേജ്​ 40- 41).

എന്നിട്ട്​ കോടതി ഇപ്രകാരം തുടർന്നു: 'വളർന്നു വരുന്ന പ്രായത്തിൽ ഒന്നും രണ്ടും പ്രതികൾ സി.പി.ഐ (മാവോയിസ്​റ്റ്​)​െൻറ പ്രചാരണങ്ങളിൽ ആകൃഷ്​ടരായിട്ടുണ്ടാകാം. അതുകൊണ്ട്​ അവരുടെ കൈവശം, സി.പി.ഐ (മാവോയിസ്​റ്റ്​)യുമായി ബന്ധപ്പെട്ട രേഖകളും പുസ്​തകങ്ങളും ഉണ്ടായിരുന്നിരിക്കാം. സി.പി.ഐ (മാവോയിസ്​റ്റ്​)യുമായി ബന്ധമുണ്ട്​ എന്ന്​ ആ​േരാപിക്കപ്പെടുന്ന ഒരു സംഘടന സംഘടിപ്പിച്ച പ്രതിഷേധത്തിൽ പ്രതികൾ പ​ങ്കെടുത്തതി​​െൻറ ചില ഫോ​ട്ടോഗ്രാഫുകൾ ഉണ്ട്​ എന്നതൊഴിച്ചാൽ. ഒരു തീവ്രവാദ സംഘടനയുടെ തീവ്രവാദ പ്രവർത്തനങ്ങളോ മറ്റു പ്രവർത്തനങ്ങളോ മുന്നോട്ടു കൊണ്ടുപോവുക എന്ന ലക്ഷ്യത്തോടു കൂടി ഒന്നും രണ്ടും പ്രതികൾ സി.പി.ഐ (മാവോയിസ്​റ്റ്​)​െൻറ പ്രവർത്തനങ്ങളിൽ സജീവമായി പ​ങ്കെടുത്തു എന്നത്​ തെളിയിക്കുന്നതിനുള്ള ഒരു വസ്​തുതകളും പ്രഥമദൃഷ്​ട്യാ കുറ്റപത്രത്തിലില്ല. മാനസികമായ പങ്കാളിത്തമോ ആവശ്യമായ ഉദ്ദേശ്യം വ്യക്തമാക്കുന്ന പരസ്യ നടപടികളോ പ്രതികളുടെ ഭാഗത്തുനിന്ന്​ ഉണ്ടായി എന്ന്​ തെളിയിക്കുന്ന ഒരു വസ്​തുതയും കുറ്റപത്രത്തിൽ ഇല്ല എന്ന്​ മാത്രമല്ല, ദീർഘകാലം സംഘടനയുമായി ബന്ധപ്പെട്ടതി​​െൻറയോ സംഘടനക്ക്​ പിന്തുണ നൽകിയതി​​െൻറയോ ഒരു തെളിവും പ്രഥമദൃഷ്​ട്യാ കുറ്റപത്രത്തിലില്ല' (പേജ്​ 41).

ഇതി​​െൻറ തുടർച്ച എന്നോണം കോടതി ഖണ്ഡിക 38ൽ ഒരു സുപ്രധാന പരാമർശം നടത്തി. അത്​ ഇപ്രകാരമായിരുന്നു: 'അതുകൊണ്ട്​ രേഖകളിലുള്ള തെളിവുകളുടെ അടിസ്​ഥാനത്തിലും പ്രസക്തമായ ഘടകങ്ങളുടെ പരിഗണനയുടെ അടിസ്​ഥാനത്തിലും പ്രതികളെ പിഴയൊടുക്കി വിട്ടയക്കാവുന്നതാണ്​' (പേജ്​ 44). അതായത്​ യു.എ.പി.എ ചുമത്തി പിണറായി സർക്കാർ ഒരു വർഷത്തിലധികം തടങ്കലിലാക്കിയ അലൻ ഷുഹൈബിനെയും 570 ദിവസം കൽത്തുറുങ്കിലടച്ച താഹ ഫസലിനെയും പിഴയൊടുക്കി വിട്ടയക്കാവുന്നതേയുള്ളൂ എന്ന്​ ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീംകോടതി പറയുന്നു!

രാജ്യ​ത്ത്​ യു.എ.പി.എ കേസുകളിൽ കുറ്റം ചുമത്തപ്പെട്ട്​ ജയിലിൽ കഴിയുന്നവരിൽ എല്ലാം ചുമത്തപ്പെട്ടിരിക്കുന്നത്​, തീവ്രവാദ സംഘടനകളുമായുള്ള ബന്ധം പിന്തുണ എന്നിവ വ്യക്തമാക്കുന്ന യു.എ.പി.എ നിയമത്തിലെ 38, 39 സെക്​ഷനുകളാണല്ലോ. ഇനിമേൽ ഈ വകുപ്പുകൾ ചുമത്തണം എങ്കിൽ തീവ്രവാദ സംഘടനയുടെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ പ്രതികൾക്ക്​ ഉദ്ദേശ്യം ഉണ്ടായിരുന്നു എന്ന്​ കണക്കാക്കാൻ കഴിയുന്ന പരസ്യമായ പ്രവർത്തനം നടത്തി എന്ന്​ കുറ്റപത്രത്തിൽ പ്രഥമദൃഷ്​ട്യാ തെളിയിക്കേണ്ടി വരും! മറ്റൊരു അർഥത്തിൽ പറഞ്ഞാൽ ഗൂഢാലോചന സംബന്ധിച്ച വ്യക്തതയില്ലാത്ത ആരോപണങ്ങളോ പ്രതികളുടെ പൊതു പെരുമാറ്റമോ അല്ലെങ്കിൽ അവരിൽനിന്ന്​ പിടിച്ചെടുക്കുന്ന രേഖകളോ അടിസ്​ഥാനമാക്കി സെക്​ഷൻ 38, 39ഉം ചുമത്താനാവില്ല എന്നർഥം. ഈ വിധിയുടെ പശ്ചാത്തലത്തിൽ അലൻ ഷുഹൈബി​െൻറയും താഹ ഫസലി​െൻറയും കേസിൽ വിചാരണയുടെ പ്രസക്തിപോലും നഷ്​ടപ്പെട്ടിരിക്കുകയാണ്​. ഇവർ തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ടതിനും പിന്തുണ നൽകിയതിനും ഒരു തെളിവും ഇല്ല എന്ന്​ രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീംകോടതി കേസിലെ കുറ്റപത്രം പരിശോധിച്ച്​ പറഞ്ഞുകഴിഞ്ഞിരിക്കുന്നു. സിദ്ദീഖ്​ കാപ്പ​െൻറ കേസിലും ഈ വിധി വലിയ വഴിത്തിരിവുണ്ടാക്കുമെന്ന്​ പ്രത്യാശിക്കാം.

Tags:    
News Summary - thaha fazal in alan thaha uapa case This verdict must be a weapon of war says km shajahan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.